

എഴുത്തിലും പ്രസംഗത്തിലും കാണാറുള്ള തിരുത്തേണ്ട ചില പ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടാം.
ആദ്യം ഓര്‍മ്മയില്‍ വരുന്നത് നന്മ പ്രവര്‍ത്തിയും തിന്മപ്രവര്‍ത്തിയുമാണ്. നന്മയും തിന്മയും നാമപദങ്ങളാണ്. പ്രവര്‍ത്തി (പ്രവൃത്തി) എന്ന നാമത്തെ വിശേഷിപ്പിക്കാന്‍ നല്ല, ചീത്ത, സത്, ദുഷ് എന്നീ വിശേഷങ്ങള്‍ യഥോചിതം ചേര്‍ക്കണം. സത്കൃത്യം, ദുഷ്പ്രവൃത്തി, ചീത്തകാര്യം, നല്ല കാര്യം തുടങ്ങിയവ ഉദാഹരണം. പ്രസംഗങ്ങളിലാണ് നന്മപ്രവര്‍ത്തി അധികം കേള്‍ക്കാറുള്ളത്. പ്രവര്‍ത്തിയല്ല, പ്രവൃത്തിയാണു ശരിയെന്നും പറയണം. പക്ഷേ, പ്രവര്‍ത്തിക്ക് പ്രയോഗസാധുത്വം കൈവന്നതുപോലെയുണ്ട്!
എന്നോടുകൂടെ വരുന്നോ എന്നു ചോദിക്കുന്നതു കേട്ടിട്ടുണ്ട്. എന്റെ കൂടെ, എന്നോടുകൂടി, അവന്റെ കൂടെ, അവനോടുകൂടി, അവളുടെ കൂടെ, അവളോടുകൂടി, അവരുടെ കൂടെ, അവരോടു കൂടി എന്നൊക്കെയാണു വേണ്ടത്.
''Imitation of Christ'' എന്ന പ്രശസ്ത കൃതിക്ക് ക്രിസ്തുദേവാനുകരണം, ക്രിസ്ത്വനുകരണം, ക്രിസ്താനുകരണം, എന്നീ തര്‍ജമകള്‍ കണ്ടിട്ടുണ്ട്. ക്രിസ്തു + അനുകരണം: ക്രിസ്ത്വനുകരണം ഇതാണു ശരി. പ്രൊഫ. കെ വി തമ്പിയുടെ തര്‍ജമയില്‍ ഈ ശരിയായ രൂപം കാണാം. എം പി പോളിന്റെയും മുണ്ടശ്ശേരിയുടെയും തര്‍ജമകള്‍ ഞാന്‍ കണ്ടിട്ടില്ല. അവരുടേതില്‍ തെറ്റുണ്ടായിരുന്നിരിക്കാനുള്ള സാധ്യത കാണുന്നില്ല. രണ്ടു പേരും ചേര്‍ന്ന് ഒരു തര്‍ജമയാണോ ഇറക്കിയതെന്നറിയില്ല. ക്രിസ്ത്വനുകരണം എന്നാവാം പേര്. കോപ്പി കൈയിലുള്ളവര്‍ വെളിപ്പെടുത്തിയാല്‍ നന്ന്.
ഒഴിച്ചു കൂടാനാവാത്തത് എന്നൊരു പ്രയോഗം കണ്ടിട്ടുണ്ട്. ഒഴിവാക്കാനാവാത്തതാണ് ഒഴിച്ചുകൂടുന്നതിലും ഭേദം!
'ഉക' ചേര്‍ത്ത് ദുസ്സഹമായ പ്രയോഗങ്ങള്‍ കാണാറുണ്ട്. ഉദാ: യേശു 2000 വര്‍ഷം മുമ്പാണു പിറക്കുക. 'മുമ്പാണ് പിറന്നത്' എന്നു മതി. ഞാന്‍ നടന്നാണു വരുക, അയാള്‍ ചരിഞ്ഞാണു നടക്കുക... ഇവിടങ്ങളില്‍ വരുന്നത് / വന്നത്; നടക്കുന്നത് / നടന്നത് എന്നിങ്ങനെ പ്രയോഗിക്കുന്നതാകും ഭംഗി.
'കുറിച്ച്' എന്നൊരു പ്രയോഗം പാതിരി മലയാളത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ഉദാ: ദൈവം നല്കിയ അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് ദൈവത്തെ സ്തുതിക്കാം... അനുഗ്രഹങ്ങളെ പ്രതി അല്ലെങ്കില്‍ അനുഗ്രഹങ്ങള്‍ ഓര്‍ത്ത് എന്നായാല്‍ നന്ന്. അനുഗ്രഹങ്ങളെക്കുറിച്ച് ഒരു ഉപന്യാസം എഴുതാന്‍ പറയാം! 'കുറിച്ചി'ന് പറ്റി (അതേപറ്റി) സംബന്ധിച്ച് എന്നൊക്കെയാണ് അര്‍ഥം.
പ്രസംഗകന്മാര്‍ ഉപയോഗിച്ചു വഷളാക്കുന്ന ഒരു പ്രയോഗമാണു 'വിരോധാഭാസം.' വിരോധത്തിനു വൈരുധ്യം എന്നാണര്‍ഥം. വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും എന്ന് ആ അലങ്കാരത്തിന് ഭാഷാ ഭൂഷണത്തില്‍ ലക്ഷണം (നിര്‍വചനം). കേള്‍ക്കുമ്പോള്‍ വൈരുധ്യം തോന്നുകയും ആലോചിക്കുമ്പോള്‍ വൈരുധ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്യും! ഉദാ: ഹന്ത! ചന്ദ്രമുഖിക്കിന്നു ചെന്തീയായതു ചന്ദനം! സുന്ദരിക്കു ചന്ദനം കുളിര്‍മ നല്കുകയാണു സ്വാഭാവികം. പക്ഷേ, അവളിന്നു വിരഹാര്‍ത്തയാകയാല്‍ ചെന്തീപോലെ അനുഭവപ്പെടുന്നു! ഇതൊന്നും പ്രസംഗക്കാര്‍ക്കു പ്രശ്‌നമല്ല. മിക്കപ്പോഴും അര്‍ഥചിന്ത കൂടാതെ, വിരോധാഭാസം എന്നു തട്ടിവിടും. മലയാളിക്കു പ്രിയപ്പെട്ട വാക്കുകളാണ് വിരോധവും ഭയങ്കരവും. ഭയങ്കര വിരോധമെന്നും ഭയങ്കര സന്തോഷമെന്നും അവര്‍ പറയും! വിരോധത്തിന്റെ കൂടെ ആഭാസം ചേര്‍ന്നാല്‍ ഗംഭീരമായി!
മറ്റൊരു വിചിത്ര പ്രയോഗം കാണാന്‍ വേണ്ടി കഴിയും, കേള്‍ക്കാന്‍ വേണ്ടി കഴിയും എന്നീ വേണ്ടാത്ത 'വേണ്ടി' ചേര്‍ക്കലാണ്. കാണാന്‍ / കേള്‍ക്കാന്‍ കഴിയും എന്നു മതിയല്ലോ!
വരാതിരിക്കാന്‍ കാരണം സുഖമില്ലാത്തതുകൊണ്ടാണ് - ചിലര്‍ ഇങ്ങനെ പറയും. കാരണം, കൊണ്ട് ഇവയിലൊന്നു മതി. വരാതിരിക്കാന്‍ കാരണം സുഖമില്ലാത്തതാണ് എന്നോ, വരാതിരുന്നത് സുഖമില്ലാത്തതുകൊണ്ടാണ് എന്നോ മതി. ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത് എന്നാണ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത എന്നു വേണ്ട. ഞെട്ടിക്കുന്ന വാര്‍ത്ത മതി.
വാഗ്ദാനം, വാഗ്ദത്തം ഇവയില്‍ ആദ്യത്തേത് നാമവും രണ്ടാമത്തേത് വിശേഷണവും. വാഗ്ദാനം ചെയ്യപ്പെട്ടത് വാഗ്ദത്തം. ഉദാ: വാഗ്ദത്തഭൂമി. ഇവിടെ ഭൂപ്രദേശം എന്നര്‍ഥം. നിഷ്പ്രയോജനപരമായ എന്നു പറഞ്ഞു കേട്ടു. 'പരം' വേണ്ട നിഷ്പ്രയോജനമായ എന്നു മതി. ചിലര്‍ പാലായനം എന്ന് ഉപയോഗിക്കാറുണ്ട് അത് തെറ്റാണ്. പലായനം എന്നാണ് ഉപയോഗിക്കേണ്ടത്.
തല്‍ക്കാലം ഇവിടെ നിര്‍ത്താം.