Coverstory

താവളമില്ലാത്തവർ

തവിട്ടുപാത - ഇരുപത്

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ
എണ്‍പതോളം ട്രെയിനുകള്‍ ഒരു വാരത്തില്‍ കേരളത്തിലേക്കെത്തുമ്പോള്‍ അതില്‍ നിന്ന് അര ലക്ഷത്തോളം പേരാണ് അമ്പരപ്പോടെ അപരിചിത ദേശങ്ങളില്‍ നിന്ന് ഇറങ്ങിയെത്തുന്നത്. ഇതിനെക്കാൾ വലിയ സംഖ്യകളിലായിരുന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ് മലയാളി, ബോംബെ സെൻട്രലിൽ എത്തിയത്. നമ്മളതും മറന്നു.

നമ്മുടെ കാലത്ത്‌ ഏറ്റവും നന്നായി ഫ്രാൻസിസിനെ പിടുത്തം കിട്ടിയൊരാൾ കടന്നുപോയ പാപ്പ തന്നെയായിരിക്കും. അലയുന്നവരോട് അസാധാരണമായ അനുഭാവം പുലർത്തിയൊരാൾ എന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പ കാലിക പ്രസക്തനാകുന്നത്.‌ അലയുന്ന ചില മനുഷ്യരിൽ നിന്നാണ് അയാളും തളിർത്തത്.

ജീവിത സായന്തനത്തിൽ പാപ്പ ഓർമ്മിച്ചെടുക്കുന്ന ഒരു കപ്പൽച്ചേതത്തിൽ അതിന്റെ വേരും വിത്തുമുണ്ട്. അദ്ദേഹത്തിന്റെ ആത്മരേഖയായ hope-ൽ നമ്മൾ ഇങ്ങനെ വായിച്ചെടുക്കും:

1927, ഒക്ടോബറിൽ ഇറ്റാലിയൻ ടൈറ്റാനിക്ക് എന്നറിയപ്പെടുന്ന ഒരു കപ്പലപകടമുണ്ടായി.ജനോവായിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് പോകുന്ന ഒരു കപ്പൽ ബ്രസീലിയൻ തീരത്തിനടുത്ത് മുങ്ങിപ്പോയി.നൂറുകണക്കിന് കുടിയേറ്റക്കാർ അതിലുണ്ടായിരുന്നു. സങ്കല്പത്തിലെ മെച്ചപ്പെട്ട ദേശത്ത് അവരാരും നീന്തിയെത്തിയില്ല.

അതിൽ സഞ്ചരിക്കേണ്ട ഒരു കുടംബം ഉണ്ടായിരുന്നു- ജിയോവാനി ബർഗോളിയായും ഭാര്യ റോസായും. ഫ്രാൻസിസ് പാപ്പായുടെ മുത്തച്ഛനും മുത്തശ്ശിയുമാണത്. യാത്രയ്ക്ക് കരുതിയ നേരത്ത് തങ്ങൾക്കുള്ള സ്വത്തുക്കൾ കൊടുത്തു തീർക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് യാത്ര നീട്ടി വയ്ക്കേണ്ടതായി വന്നു. നേരത്തെയെടുത്ത ടിക്കറ്റ് വേറൊരു കുടുംബത്തിന് കൈമാറി. ആ പകരക്കാരും കടലിൽ മാഞ്ഞുപോയി.

വൈകാതെ അവർ അർജന്റീനയിലെത്തും.അവിടെയവർ ചെറുത്തു നില്പിന്റെയും ആത്മബലിയുടെയും പ്രാഥമികപാഠങ്ങൾ അഭ്യസിക്കും. ജനിതകത്തിലൂടെ അതിന് കൈമാറ്റവും തുടർച്ചയുമുണ്ടാവും.

അതിജീവനത്തിനായി അതിസാഹസിക യാത്രകളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്ന ചുഴികളെക്കുറിച്ച് അയാളോട് ഇനി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അത്തരം ഓർമ്മകളെ രാകി രാകി അന്ത്യയാമത്തോളം നിലനിർത്തി എന്നതിലാണ് അയാളുടെ അഴക്.

എന്തു കൊണ്ടായിരിക്കാം ഹോർഹെ മാരിയോ ബർഗോളിയാ, ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. പല കാരണങ്ങളുണ്ടാവും. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ആ പുണ്യവാന്റെ പേര് ഒരാളും ഇതിന് മുമ്പ് സ്വീകരിച്ചു കണ്ടിട്ടില്ല.

ഇതിനിടയിൽ ആറു ഫ്രാൻസിസ്ക്കൻസ് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. അവരു പോലും ആ പേരടുക്കാൻ ധൈര്യപ്പെട്ടില്ല. ആ പേര് വലിയൊരു ബാധ്യതയാണ്. ആ പേരാണ് ഈ ജസ്യൂട്ട് കാർഡിനൽ സ്വീകരിച്ചത്. പേരിനെക്കുറിച്ച് കാര്യമായ ആലോചന ഒന്നുമില്ലായിരുന്നു.

പുതിയ പാപ്പയെ അഭിനന്ദിക്കുമ്പോൾ ബ്രസീലിൽനിന്നുള്ള ഫ്രാൻസിസ്കൻ കാർഡിനൽ ക്ലോഡിയോ ഹുമസ്സ് ചെവിയിൽ മന്ത്രിച്ചത് അതാണ്: don’t forget the poor! ദരിദ്രരെ മറക്കരുത്. സഭയുടെ ഗലീലിയൻ പ്രഭവം എന്നൊക്കെ പിന്നീട് നമ്മൾ കേൾക്കും. അപ്പോൾ തെളിഞ്ഞ പേരാണ് ഫ്രാൻസിസ്.

ബി ബി സിയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ആ പേര് ആശയക്കുഴപ്പമുണ്ടാക്കി.ആദ്യത്തെ ജസ്യൂട്ട് പോപ്പെന്ന നിലയിൽ ഫ്രാൻസിസ് സേവ്യറിന്റെ ഓർമ്മയ്ക്ക് വേണ്ടിയാണ് ആ നാമം സ്വീകരിച്ചതെന്ന് സ്വാഭാവികമായി എല്ലാവരും കരുതി.

വൈകാതെ വത്തിക്കാന്റെ വിശദീകരണമെത്തി. അത് അസീസ്സിയിലെ ഫ്രാൻസിസാണ്!

പോപ്പത് പത്രക്കാരോട് ആവർത്തിച്ചു: the man of poverty, the man of peace, the man who loves and protects creation എന്ന വിശേഷണത്തോടെ.

ഒരു ഞൊടിയിടയിൽ തെളിഞ്ഞ പേരല്ലത് എന്ന് സാരം. കാലങ്ങളായി അതയാളുടെ ഉള്ളിൽ മയക്കത്തിലുണ്ട്. മധ്യകാലഘട്ടത്തിന്റെ ഒടുവിൽ അസീസ്സിയിൽ ജീവിച്ച ആ താപസൻ സ്വന്തം കൈപ്പടയിൽ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്: ഞങ്ങൾ വെറുതെ തീർത്ഥാടകരും പരദേശികളും(pilgrims and strangers) മാത്രമാണ്.

പതിനഞ്ചു വർഷം നീണ്ട തന്റെ പരിശീലന കാലത്തിൽ പല തവണ ആ വരികളിൽ തട്ടി നിന്നിട്ടുണ്ടാവും. അലയുന്നവർ എന്നായിരുന്നു സഭാ ചരിത്രത്തിൽ അവരെ വിളിച്ചിരുന്നത്. നന്നായി അലഞ്ഞവർ എന്ന നിലയിൽ ആതിഥേയത്വം അവർക്ക് മറ്റൊരു വ്രതം തന്നെയായി. ബോധത്തിൽ കൊട്ടിയടക്കപ്പെട്ട അനവധി വാതിലുകളുടെ സ്‌മൃതി ഉള്ളതു കൊണ്ട് അവർ ലോകത്തോട് ഏറ്റവും മധുരമായി ഇടപെടാൻ നിശ്ചയിച്ചു. തീർത്ഥാടകരും പരദേശികളും പലർക്കുമൊരു ആത്മീയ രൂപകമായിരിക്കാം.

എന്നാൽ മാരിയോ ബർഗോളിന് അത്‌ തന്റെ കുടുംബവൃക്ഷത്തിന്റെ ചുരുക്കെഴുത്തായി. ഫ്രാൻസിസ്‌ എന്ന പേര് സ്വീകരിക്കുക വഴി അയാൾ നിന്ദിതരും ക്ലേശിതരുമായ തന്റെ വംശത്തിലേക്കുള്ള മടക്കം ഉറപ്പിക്കുകയായിരുന്നു.

പഴയ നിയമത്തിൽ മോശയ്ക്ക് കിട്ടിയ അരുളിന്റെ പ്രതിധ്വനിയതിലുണ്ട് : നിന്റെ ചെരുപ്പുകൾ അഴിച്ചു മാറ്റുക. അടിമകൾക്ക് ചെരുപ്പ് പാടില്ലാതിരുന്ന കാലമായിരുന്നു അത്. അടിമ വംശത്തിൽ പിറന്നുവെങ്കിലും അയാളെ എടുത്തു വളർത്തിയത് കൊട്ടാരമാണ്. സ്വാഭാവികമായി വില പിടിപ്പുള്ള പാദുകങ്ങളുമായി അയാൾ ചെറുപ്പം തൊട്ടേ പരിചയത്തിലാണ്.ഇപ്പോൾ അയാൾക്ക് സ്വന്തം വംശത്തിന്റെ വിധിയിലേക്ക് മടങ്ങണമെന്നുണ്ട്. അതിന് മുമ്പേ അവർക്കിണങ്ങാത്ത ചെരുപ്പുകൾ അഴിച്ചു കളഞ്ഞേ പറ്റൂ.

ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുന്നതിലൂടെ മാരിയോ ബർഗോളിയോ ചെയ്തതാണ്. അനവധിയായ പാദുകങ്ങളാണ് അതു വഴി അയാൾ വേണ്ടെന്ന് വയ്ക്കുന്നത്. നമുക്ക് ഗലീലിയിലേക്ക് മടങ്ങാം എന്നയാൾ വിളിച്ചു പറഞ്ഞത്. ഗലീലി ഭൂമിയുടെ വിളുമ്പാണ്. ഒക്കെ തുടർച്ചയാണ്. എപ്പോൾ വേണമെങ്കിലും നിലച്ചുപോകാവുന്ന തുടർച്ച.

ഞാൻ പരദേശിയായിരുന്നു നിങ്ങളെന്നെ ഭവനത്തിൽ സ്വീകരിച്ചു എന്ന് അരുൾ ചെയ്ത ഒരാളിലേക്ക് ഫ്രാൻസിസ് പാപ്പ അലിഞ്ഞു പോകുമ്പോൾ അതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.

പ്രിയങ്കരങ്ങളായ ഇടങ്ങളെ വിട്ട് യാത്രചെയ്യാന്‍ ആരും അഭിലഷിക്കുന്നില്ല. സാഹചര്യങ്ങള്‍ അവരെ അതിലേക്ക് തള്ളിവിടുന്നതാണ്. എണ്‍പതോളം ട്രെയിനുകള്‍ ഒരു വാരത്തില്‍ കേരളത്തിലേക്കെത്തുമ്പോള്‍ അതില്‍ നിന്ന് അര ലക്ഷത്തോളം പേരാണ് അമ്പരപ്പോടെ അപരിചിത ദേശങ്ങളില്‍ നിന്ന് ഇറങ്ങിയെത്തുന്നത്. ഇതിനെക്കാൾ വലിയ സംഖ്യകളിലായിരുന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ് മലയാളി ബോംബെ സെൻട്രലിൽ എത്തിയത്. നമ്മളതും മറന്നു.

ഷെവ. പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ ആദരിച്ചു

ക്രിസ്ത്യാനിയുടെ വചനാഭിമുഖ്യം

പ്രഥമസ്ഥാനം മനുഷ്യർക്ക്

നാം ദൈവത്തിന്റെ അടിമകളല്ല, പ്രിയപ്പെട്ട മക്കള്‍

യു എസ് മെത്രാന്മാര്‍ ക്യൂബന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചു