Coverstory

ആണ്‍കുട്ടികള്‍ പടിയിറങ്ങുന്ന കലാലയങ്ങള്‍

പ്രൊഫ. ഡോ. ഡൊമിനിക് ജെ. കാട്ടൂര്‍
  • പ്രൊഫ. ഡോ. ഡൊമിനിക് ജെ. കാട്ടൂര്‍

ഉയര്‍ന്ന ജനാധിപത്യബോധമുള്ള ഒരു സമൂഹം പൂര്‍ണ്ണമായ ലിംഗസമത്വം (Gender Equality) വിഭാവനം ചെയ്യുകയും അതു പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. സാമൂഹ്യനീതിയെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചുമുള്ള ചിന്തകള്‍ സ്വരൂപിക്കപ്പെടുകയും വിദ്യാഭ്യാസം, തൊഴില്‍ എന്നീ മണ്ഡലങ്ങളിലെല്ലാം അതു പ്രയുക്ത മാവുകയും വേണം. ആണ്‍-പെണ്‍ ശരീരസവിശേഷതകളെ അതു മാത്രമായി കാണാനും വ്യക്തി എന്ന നിലയില്‍ ആണും പെണ്ണും ലോകത്തില്‍

ഒരേ അവകാശങ്ങള്‍ അനുഭവിക്കാന്‍ യോഗ്യരാണ് എന്ന കാഴ്ചപ്പാട് രൂപപ്പെടുത്താനും കഴിയണം. അതിനുവേണ്ടിയാണ് നാം ഇടപെടുന്ന മണ്ഡലങ്ങളിലെല്ലാം ആണ്‍-പെണ്‍ അനുപാതം പാലിക്കപ്പെടണം എന്നുപറയുന്നത്. അവിടെ മനുഷ്യകുലത്തെ നിലനിര്‍ത്താനുള്ള അനുപാതം മാത്രമല്ല, പരിഷ്‌കൃതവും ജ്ഞാനസമ്പന്നവുമായ ഒരു മാനവലോകത്തെ നിര്‍മ്മിക്കാനുള്ള വഴി കൂടിയാണ് വിഭാവനം ചെയ്യപ്പെടേണ്ടത്.

നമ്മുടെ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഗതിയും ഗതികേടുകളും സവിശേഷ ചര്‍ച്ചയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ പഠനത്തിനെത്തുന്നവരിലെ ആണ്‍-പെണ്‍ അനുപാതത്തെക്കുറിച്ചു ചിന്തിക്കുന്നതില്‍ പ്രസക്തിയുണ്ട്. ഔദ്യോഗികമേഖലയിലും ഭരണതലത്തിലും അധ്യാപനത്തിലും അടക്കം സമസ്തമണ്ഡലങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വീക്ഷണരാഹിത്യവും ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളും സര്‍വകലാശാലാ വിദ്യാഭ്യാസത്തെ പുറകോട്ടടിക്കുന്നുണ്ട് എന്ന് തീര്‍ച്ച. ഹയര്‍ സെക്കണ്ടറി പഠനത്തിനുശേഷം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ എഞ്ചിനീയറിംഗ് അടക്കമുള്ള കോളേജുകള്‍ എന്നീ മേഖലകളിലേക്ക് നമ്മുടെ കുട്ടികള്‍ ചേക്കേറുന്നു. വിദ്യാഭ്യാസം പൂര്‍ണ്ണമായും അവസാനിപ്പിച്ച് വിവിധ തൊഴിലുകള്‍ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ഹയര്‍ സെക്കന്ററി തലം വരെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പരിശോധിച്ചാല്‍ ആണ്‍-പെണ്‍ അനുപാതം ഏകദേശം തുല്യമാണെന്നു കാണാം. 2023-24-ലെ കേരള സര്‍ക്കാര്‍ കണക്കനുസരിച്ച് ഹയര്‍ സെക്കന്ററി (സ്റ്റേറ്റ് സിലബസ്) പങ്കെടുത്ത ആണ്‍കുട്ടികളുടെ എണ്ണം 213703 ഉം പെണ്‍കുട്ടികളുടെ എണ്ണം 205505 ഉം ആണ്.

ഒരു ക്ലാസില്‍ പ്രവേശനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരിക്കും. 25 പേര്‍ ഉള്ള ക്ലാസില്‍ രണ്ടോ, മൂന്നോ പേരായിരിക്കും പലപ്പോഴും ആണ്‍കുട്ടികള്‍. ആദ്യകാലത്ത് കൃത്യമായി ക്ലാസില്‍ എത്തുമെങ്കിലും ക്രമേണ മുടങ്ങുകയും പഠനകാലയളവ് അവസാനിക്കുന്ന ഘട്ടമാവുമ്പോഴേക്കും പരീക്ഷകളില്‍ പങ്കെടുക്കാതെ മിക്കവരും പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നു.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേക്ക് ഉപരിപഠനത്തിനായി പ്രവേശിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് ആണ്‍-പെണ്‍ വിദ്യാര്‍ഥികളുടെ അനുപാതത്തില്‍ സംഭവിക്കുന്ന അത്ഭുതപ്പെടുത്തുന്ന അന്തരം നമുക്ക് ബോധ്യമാവുന്നത്. നൂറ് പെണ്‍കുട്ടികള്‍ കോളേജ് തലത്തില്‍ ബിരുദപഠനത്തിനായി പ്രവേശിക്കുമ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 30-നും 40-നും ഇടയ്ക്കാണ് എന്നു കാണാം. പോസ്റ്റ് ഗ്രാജ്വേഷന്‍ തലത്തിലേക്കു വരുമ്പോള്‍ അത് 20-നും 25-നും ഇടയിലേക്കു ചുരുങ്ങുന്നു. ചിലപ്പോള്‍ അതിലും താഴേക്ക് പോകുന്നു. ബി എഡ്, ഗവേഷണം എന്നീ മേഖലകളിലേക്ക് കടക്കുമ്പോള്‍ ചില ഘട്ടങ്ങളില്‍ ആണ്‍കുട്ടികളുടെ സാന്നിധ്യം തന്നെ ഇല്ലാതാവുന്നു. കഴിഞ്ഞ 15 ഓളം വര്‍ഷമായി ഇതാണ് കേരളത്തിലെ സ്ഥിതി.

സ്ത്രീവിദ്യാഭ്യാസം നാട്ടില്‍ നടപ്പാക്കാനും അസമത്വങ്ങള്‍ ദൂരീകരിക്കാനുമായി കേരളത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ആ സമരങ്ങളുടെ ലക്ഷ്യം ഏറെക്കുറെ നടപ്പിലാക്കുകയും സര്‍വകലാശാലാ തലത്തില്‍ അവരുടെ പ്രാതിനിധ്യം ഏറുകയും ചെയ്തു. ഇത് നമ്മുടെ സാമൂഹികപുരോഗതിയിലെ പ്രധാനപ്പെട്ട ഒരു കാര്യമായി നമുക്ക് സ്വീകരിക്കാമെങ്കിലും ആണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസ കാര്യത്തിലും സമകാലിക ലോകത്തോട് അവര്‍ നടത്തേണ്ട അനിവാര്യമായ സംവാദങ്ങള്‍ നടക്കാതെ പോകുന്നതിലും നാം ഉല്‍ക്കണ്ഠപ്പെടുക തന്നെ വേണം.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ അനിവാര്യത എന്ത് എന്ന് നാം പ്രാഥമികമായി ചിന്തിക്കണം. മുന്‍കാലത്ത് പ്രീഡിഗ്രി/ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷവും ബി എ /ബി എസ് സി /ബി കോം പഠനമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇന്ന് ഹയര്‍ സെക്കണ്ടറി പഠനത്തിനുശേഷം നിരവധി വഴികള്‍ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ തുറന്നിട്ടുകൊണ്ട് മറ്റു സംസ്ഥാന ങ്ങളിലെയും വിദേശങ്ങളിലെയും സ്ഥാപനങ്ങളും ഏജന്‍സികളും കാത്തുനില്‍ക്കുന്നു. പണച്ചെലവ് ഏറെയുള്ള ഇത്തരം കോഴ്‌സുകള്‍ ബുദ്ധിമുട്ട് സഹിച്ചും നമ്മുടെ കുട്ടികള്‍ തിരഞ്ഞെടുക്കുന്നു. മാതാപിതാക്കള്‍ അതിനോടൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.

പഠനശേഷം തൊഴില്‍/വരുമാനം എന്ന തിരഞ്ഞെടുപ്പുമാത്രം കണക്കുകൂട്ടുമ്പോള്‍ പരമ്പരാഗതമായി നാം തുടര്‍ന്നുപോന്ന പഠനരീതിയും കോഴ്‌സുകളും ഉപേക്ഷിക്കാന്‍ നമ്മുടെ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ബി എ, ബി എസ് സി കോഴ്‌സുകള്‍ പഠിക്കാന്‍ കുട്ടികള്‍ കുറഞ്ഞുതുടങ്ങുന്നു. തൊഴില്‍ ലക്ഷ്യം വയ്ക്കുന്നതും വരുമാനം പ്രധാനമായി എണ്ണുന്നതും കൂടുതലും ആണ്‍കുട്ടികളായതിനാല്‍ നമ്മുടെ കോളേജ് വിദ്യാഭ്യാസമേഖലയില്‍ നിന്നും അവര്‍ അകന്നുപോകുന്നു.

നമ്മുടെ എക്‌സിക്യൂട്ടീവിനെ ചലിപ്പിക്കുന്നതും സ്‌കൂള്‍, കോളേജ് അധ്യാപകരാകുന്നതും നമ്മുടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്നു പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവരാണ്. ഈ രണ്ടു മേഖലകളില്‍ ആണ്‍ പ്രാതിനിധ്യം വളരെയധികം കുറഞ്ഞുവരുന്നു. ഒരു കാലത്ത് നമ്മുടെ ഔദ്യോഗികമണ്ഡലത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറവായിരുന്നതുപോലെ അവിടെ പുരുഷ സാന്നിധ്യമില്ലാതാകുന്ന കാലവും വിദൂരമല്ല.

ഏറെക്കാലം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായിരുന്ന എനിക്ക് നേരിട്ട് അനുഭവപ്പെട്ട ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. സര്‍വകലാശാല വിദ്യാഭ്യാസത്തില്‍ നിന്ന് നമ്മുടെ ആണ്‍കുട്ടികള്‍ ഓടിമാറുന്നതിന്റെ ചില പ്രധാന കാരണങ്ങള്‍ ഇവയാണ്:

1. ബിരുദമെടുത്താലും എളുപ്പത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവ് മറ്റു പഠനമാര്‍ഗങ്ങളിലേക്കു തിരിയാന്‍ നമ്മുടെ ആണ്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.

2. ഒരു ക്ലാസില്‍ പ്രവേശനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളായിരിക്കും. 25 പേര്‍ ഉള്ള ക്ലാസില്‍ രണ്ടോ, മൂന്നോ പേരായിരിക്കും പലപ്പോഴും ആണ്‍കുട്ടികള്‍. ആദ്യകാലത്ത് കൃത്യമായി ക്ലാസില്‍ എത്തുമെങ്കിലും ക്രമേണ മുടങ്ങുകയും പഠനകാലയളവ് അവസാനിക്കുന്ന ഘട്ടമാവുമ്പോഴേക്കും പരീക്ഷകളില്‍ പങ്കെടുക്കാതെ മിക്കവരും പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നു.

3. കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ ആധിപത്യം പുലര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ പഠനലക്ഷ്യത്തോടെ എത്തുന്ന ആണ്‍കുട്ടികളെ തങ്ങളുടെ സംഘടനകളിലേക്ക് ബലമായി ചേര്‍ക്കുകയും സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ആധിപത്യമുള്ള സംഘടനയില്‍ അംഗമല്ലാത്ത ഒരു വിദ്യാര്‍ഥിക്കും നിലനില്‍ക്കാനോ പഠിക്കാനോ സാധ്യമല്ലാത്ത തരത്തില്‍ അപകടകരമായ അവസ്ഥ നിലനില്‍ക്കുന്ന കാമ്പസുകള്‍ കേരളത്തിലുണ്ട്. പഠനലക്ഷ്യത്തോടെ എത്തുന്നവരും വിദ്യാര്‍ഥിരാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാത്തവരുമായ ആണ്‍കുട്ടികള്‍ പതുക്കെ പഠനം അവസാനിപ്പിക്കുന്നു. ഇത്തരം പ്രതിലോമരാഷ്ട്രീയം സാധാരണ വിദ്യാര്‍ഥികളില്‍ ജനാധിപത്യ വ്യവസ്ഥിതിയോടു തന്നെ അറപ്പും വെറുപ്പും സൃഷ്ടിക്കുന്നു.

4. രാഷ്ട്രീയപ്രസ്ഥാന ങ്ങളുടെ കൊടിപിടിക്കുന്നു എന്നല്ലാതെ നമ്മുടെ കാമ്പസുകളിലെ വിദ്യാര്‍ഥി സമൂഹം ഉയര്‍ന്ന രാഷ്ട്രീയ ബോധ്യമുള്ളവരാണെന്നു കരുതരുത്. നമ്മുടെ കാമ്പസുകളില്‍ ബഹുഭൂരിപക്ഷവും അരാജകത്വവും അരാഷ്ട്രീയചിന്തകള്‍ കൊണ്ടു നിറഞ്ഞതുമാണ്. സമകാലിക രാഷ്ട്രീയ സാംസ്‌കാരിക ചിന്തകളോ സംഭവങ്ങളോ അവിടെ ചര്‍ച്ചയാവുന്നില്ല. മാനവികതയോടു ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വാധീനമാവുന്നില്ല. ആഗോളരാഷ്ട്രീയമോ ഇന്ത്യന്‍ രാഷ്ട്രീയമോ എന്തിന് കേരളത്തിലെ രാഷ്ട്രീയം പോലുമോ ഒരു കാമ്പസിലും ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ വഴിതുറക്കുന്നില്ല. സെന്‍സേഷണലായ ചില വിഷയങ്ങള്‍ സംഘടനാനേതാക്കള്‍ ആഗ്രഹിക്കുന്നതനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരാറുണ്ട്. പക്ഷേ, അവയുടെ വിശദാംശങ്ങള്‍ ഗ്രഹിക്കാന്‍ വിദ്യാര്‍ഥിസമൂഹം പലപ്പോഴും പ്രാപ്തമായിരിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ബഹളങ്ങളില്‍ അഭിരമിക്കുന്ന, ചിന്താശേഷിയില്ലാത്ത ഒരു തലമുറയെയാണ് പലപ്പോഴും നേതാക്കന്മാര്‍ കാമ്പസുകളില്‍ സൃഷ്ടിച്ചെടുക്കുന്നത്. ഇതിന് ഇരയായിത്തീരുന്നവരില്‍ ബഹുഭൂരിപക്ഷവും ആണ്‍കുട്ടികളായിരിക്കും.

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യ അവസരങ്ങളും തുല്യമായ പരിഗണനകളും ലഭ്യമാവുന്ന ഒരു സാഹചര്യത്തിലാണ് കാമ്പസുകള്‍ സജീവമാക്കുകയും ഭാവിലോകത്തേക്കുള്ള സുരക്ഷിതമായ വാതില്‍ തുറക്കപ്പെടുകയും ചെയ്യുന്നത്. അപ്പോഴാണ് ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അവകാശങ്ങള്‍ അവര്‍ക്കുമുമ്പില്‍ അനാവൃതമാകുന്നത്.

മുന്‍കാലങ്ങളില്‍ കാമ്പസുകള്‍ സജീവമായിരുന്നത് സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം ഊര്‍ജമായിത്തീര്‍ന്ന ശക്തമായ രാഷ്ട്രീയബോധ്യങ്ങള്‍കൊണ്ടാണ്. ആ മുന്നേറ്റങ്ങള്‍ക്ക് മിക്കപ്പോഴും നേതൃത്വം നല്‍കിയിരിക്കുന്നത് ആണ്‍കുട്ടികളായിരുന്നു. അത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തിയുള്ള ആണ്‍കുട്ടികള്‍ ഇപ്പോള്‍ നമ്മുടെ കാമ്പസുകളില്‍ വിരളമായിരിക്കുന്നു.

ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അസഹിഷ്ണുതയുടെ പ്രചാരകരായിത്തീര്‍ന്നിരിക്കുന്നു. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആദരവോടെ പെരുമാറുക എന്ന കാഴ്ചപ്പാട് കാമ്പസില്‍നിന്നു അകന്നുപോയിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ ഉയര്‍ന്ന മൂല്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ കാമ്പസില്‍ നിന്നും അകറ്റുന്നു.

5. മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കാമ്പസുകളെ നശിപ്പിക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ നമ്മുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. നിര്‍ഭാഗ്യവശാല്‍ ചില ബോധവല്‍ക്കരണങ്ങളില്‍ മാത്രം അത് ഒതുങ്ങിപ്പോകുന്നു. മയക്കുമരുന്നു സംഘങ്ങള്‍ക്ക് നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ പിന്തുണ എല്ലാ കാര്യങ്ങളിലും ലഭ്യമാകുന്നുണ്ടാകണം. അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്കപ്പുറം അവ പ്രവൃത്തിപഥത്തിലേക്ക് കടക്കാത്തതിനു കാരണമെന്ത്? മയക്കുമരുന്നു സംഘങ്ങള്‍ കാമ്പസുകളില്‍ പ്രധാനമായും നോട്ടമിടുന്നത് ആണ്‍കുട്ടികളെയാണ്. ഇതിന്റെ ഭാഗമാകുന്നവര്‍ പഠനത്തില്‍ പിന്നോക്കം പോവുന്നു. ക്രമേണ കോളേജില്‍ നിന്നും അകന്നുമാറുന്നു. ഈ സംഘങ്ങളെ ഭയമുള്ള ചില കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നു.

6. പെണ്‍കുട്ടികളുടെ പഠനനിലവാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആരോഗ്യകാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നതിനും കൗണ്‍സിലിംഗ് നല്‍കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഓരോ കോളേജുകളിലും ഒരുക്കാറുണ്ട്. അക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധാലുക്കളുമാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ കൗമാരത്തെയോ യൗവനാരംഭകാലങ്ങളിലെ മാനസിക-ശാരീരിക പ്രശ്‌നങ്ങളെയോ അഭിസംബോധന ചെയ്യാനോ പ്രശ്‌നങ്ങളെക്കുറിച്ചു സംവദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ഒരു സ്ഥാപനത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. പഠനമാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കുമ്പോഴോ മയക്കുമരുന്നുപോലെയുള്ള അധമമാര്‍ഗത്തിലേക്കു വീണുപോകുമ്പോഴോ ലൈംഗിക കുറ്റകൃത്യത്തിലും മറ്റും അകപ്പെടുമ്പോഴോ അവര്‍ക്ക് കൃത്യമായി പെണ്‍കുട്ടികള്‍ക്കെന്നപോലെ മാര്‍ഗദര്‍ശനം നല്‍കാനുള്ള സൗകര്യങ്ങള്‍ കോളേജുകളില്‍ ഒരുക്കാന്‍ അധികൃതര്‍ ശ്രമിക്കാറില്ല. കോളേജുകളില്‍ നിന്ന് 'പഠനം' കഴിഞ്ഞിറങ്ങുന്ന പല കുട്ടികളും പരാജിതരായി മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യ അവസരങ്ങളും തുല്യമായ പരിഗണനകളും ലഭ്യമാവുന്ന ഒരു സാഹചര്യത്തിലാണ് കാമ്പസുകള്‍ സജീവമാക്കുകയും ഭാവിലോകത്തേക്കുള്ള സുരക്ഷിതമായ വാതില്‍ തുറക്കപ്പെടുകയും ചെയ്യുന്നത്. അപ്പോഴാണ് ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ അവകാശങ്ങള്‍ അവര്‍ക്കുമുമ്പില്‍ അനാവൃതമാകുന്നത്. അതില്‍ ഒരു വിഭാഗം ഏതെങ്കിലും കാരണത്താല്‍ പിന്തള്ളപ്പെടുമ്പോള്‍ രാഷ്ട്രത്തിന്റെ തന്നെ ഭാവി അപകടത്തിലേക്ക് നീങ്ങും. ഭാവിയെ നിയന്ത്രിക്കേണ്ടതും ലോകത്തെ കരുപ്പിടിപ്പിക്കേണ്ടതും യുവതലമുറയാണ്. അവരില്‍ നിന്നാണ് പുതിയ രാഷ്ട്രീയപ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകരും മൂല്യബോധമുള്ള ഒരു തലമുറയും ഉയര്‍ന്നുവരേണ്ടത്. അവിടെ ശക്തമായ ആദര്‍ശവും മനോബലവുമുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ടാവണം. മസില്‍പവറിലോ, മൊബൈല്‍ സ്‌ക്രീനിലോ അഭിരമിക്കലല്ല നാളെയുടെ കരുത്താണ് തങ്ങളെന്നുള്ള തിരിച്ചറിവ് ഓരോ ആണ്‍കുട്ടിക്കും പകര്‍ന്നുകൊടുക്കാനുള്ള സംവിധാനങ്ങള്‍ നമ്മുടെ കാമ്പസുകളില്‍ ഉണ്ടാവണം. അല്ലെങ്കില്‍ നമ്മുടെ കാമ്പസുകള്‍ വീണ്ടും വീണ്ടും അരാജകത്വത്തിലേക്കു നിപതിക്കുകയും മാനവികതയില്‍ നിന്ന് അകന്നുപോവുകയും ചെയ്യും.

  • (തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് അധ്യാപകനായി വിരമിച്ചയാളാണ് ലേഖകന്‍.)

സഭാസമൂഹത്തെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠൻ

വിശുദ്ധ ഫിലിപ്പ് (61) & വിശുദ്ധ ചെറിയ യാക്കോബ് (62) : മെയ് 3

ആധികാരികതയും കൃപയും നിറഞ്ഞ ആശയവിനിമയക്കാരൻ

ആശ്രമത്തിൽ നിന്നു പരിശ്രമത്തിലൂടെ ആശ്രമത്തിലേക്ക്

വി. യോഹന്നാൻ - Chap.7 [2of3]