
ഗലീലിയില്‍, ജനേസറത്ത് തടാകത്തിന്റെ കരയില്‍ ബത്‌സയിദാ എന്ന സ്ഥലമാണ് വി. ഫിലിപ്പിന്റെ ജന്മദേശം. ക്രിസ്തുവിന്റെ ആദ്യത്തെ ശ്ലീഹന്മാരില്‍ ഒരാളായിരുന്നു. നഥാനിയേലിന് ആദ്യം ഈ സുവിശേഷം പകര്‍ന്നുകൊടുത്തതും ഫിലിപ്പാണ്.
നഥാനിയേല്‍ ഫിലിപ്പിന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. ഈശോ, മെസ്സയായാണെന്നു കണ്ടെത്തിയയുടന്‍ ഫിലിപ്പ് നഥാനിയേലിന്റെ അടുത്തേക്ക് ഓടി, ഈ സന്തോഷവാര്‍ത്ത അറിയിക്കാന്‍. ഫിലിപ്പ് പറഞ്ഞു: "മോശയുടെ നിയമത്തിലും പ്രവാചകന്മാരുടെ രചനകളിലും പറഞ്ഞിരിക്കുന്ന നസറായനായ ഈശോയെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു."
അത്ഭുതത്തോടെ നഥാനിയേല്‍ ചോദിച്ചു:
"നസറത്തില്‍നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ?" ഫിലിപ്പ് പറഞ്ഞു:
"വന്നുകാണുക"
നഥാനിയേല്‍ തന്റെ അടുത്തേക്കു വരുന്നതുകണ്ട് യേശുപറഞ്ഞു:
"ഇതാ, നിഷ്‌കളങ്കനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍"
അപ്പോള്‍ നഥാനിയേല്‍ ചോദിച്ചു:
"നീ എന്നെ എങ്ങനെ അറിയുന്നു?"
യേശു പറഞ്ഞു:
"ഫിലിപ്പ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍, ഞാന്‍ നിന്നെ കണ്ടു."
നഥാനിയേല്‍ പറഞ്ഞു:
"റബ്ബീ, അങ്ങു ദൈവപുത്രനാണ്;
ഇസ്രായേലിന്റെ രാജാവാണ്." (യോഹ. 1:45-49)
തിയഡോറും എവുസേബിയസും ഒരു കാര്യം ഉറപ്പിച്ചുപറയുന്നുണ്ട്; പരിശുദ്ധാരൂപി വന്നതിനുശേഷം ഫിലിപ്പ് ഏഷ്യാമൈനറില്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയെന്ന്. അന്ന് അദ്ദേഹത്തിന്റെ കന്യകളായ സഹോദരിമാരും കൂടെയുണ്ടായിരുന്നു. ഫ്രീജിയായില്‍ ഹെരാപ്പോളിസില്‍ വച്ച് ശത്രുക്കള്‍ ഫിലിപ്പിനെ കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു എന്നാണു വിശ്വസിക്കുന്നത്.
വി. യൂദാതദേവൂസിന്റെ അനുജനായിരുന്നു ചെറിയ യാക്കോബ്. ഈശോയുടെ കസിന്‍ സഹോദരനുമായിരുന്നു. കാരണം, യാക്കോബിന്റെ അമ്മ മേരി ക്ലോപ്പാസ് പരിശുദ്ധ കന്യകാമറിയത്തിന്റെ സഹോദരിയായി രുന്നു. വളരെ ഭക്തനും സ്‌നേഹസമ്പന്നനുമായിരുന്ന യാക്കോബ് "നീതിമാന്‍" എന്നായിരുന്നു അറിയപ്പെട്ടിരുന്നതുതന്നെ. ജറൂസലത്തിന്റെ പ്രഥമ ബിഷപ്പായി അദ്ദേഹം നിയമിതനായി.
എ.ഡി. 47-ല്‍ സിറിയയിലെ സഭയെ അഭിസംബോധന ചെയ്ത് എഴുതിയതെന്ന് കരുതപ്പെടുന്ന ലേഖനമാണ് യാക്കോബിന്റേതായി നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യനിധി. അന്ന് പുതിയ വിശ്വാസം സ്വീകരിച്ചവരെല്ലാം സിറിയയില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.
സെബദിയുടെ പുത്രനായ യാക്കോബ് ശ്ലീഹായില്‍നിന്നു വേര്‍തിരിച്ചറിയാനാണ് ചെറിയ യാക്കോബ് എന്നു സംബോധന ചെയ്തിരിക്കുന്നത്. ചെറിയ യാക്കോബിനെ ദേവാലയത്തിന്റെ വരാന്തയില്‍നിന്ന് താഴേക്ക് തള്ളിയിട്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നുവത്രേ!