ആധികാരികതയും കൃപയും നിറഞ്ഞ ആശയവിനിമയക്കാരൻ

ആധികാരികതയും കൃപയും നിറഞ്ഞ ആശയവിനിമയക്കാരൻ
Published on

2026 ഏപ്രിൽ 24-ന് നിര്യാതനായ പ്രശസ്ത സാമൂഹികശാസ്ത്രജ്ഞനും വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ റവ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ., കേരളസഭയിലെ ശ്രദ്ധേയനും ശക്തനുമായ ഒരു ആശയവിനിമയക്കാരനായിരുന്നു. ആധികാരികതയും കൃത്യതയും നിറഞ്ഞ ആശയവിനിമയത്തിലൂടെ അദ്ദേഹം സഭയെയും സമൂഹത്തേയും പ്രബുദ്ധമാക്കി.

കേരള സർവകലാശാലയിൽ നിന്നും സാമൂഹികശാസ്ത്രത്തിൽ പി.എച്ച്.ഡിയും ബെൽജിയത്തിലെ ലൂവൻ കത്തോലിക്ക സർവകലാശാലയിൽ പോസ്റ്റ്-ഡോക്ടറൽ ഗവേഷണവും, ന്യൂയോർക്കിലെ ഫോർഡ്ഹാം സർവകലാശാലയിൽ വിസിറ്റിംഗ് ഫെല്ലോഷിപ്പും നേടിയ കുറിയേടത്തച്ചൻ, ജ്ഞാനത്തിനുള്ള അശാന്തമായ ദാഹവും സത്യത്തോടുള്ള ആഴമുള്ള ആസക്തിയും നിറഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ആശയസമൃദ്ധനായ ചിന്തകനും എഴുത്തുകാരനുമായ അദ്ദേഹം പതിനൊന്ന് ഗ്രന്ഥങ്ങൾ രചിച്ചു; അമ്പതിലധികം ഗവേഷണ ലേഖനങ്ങളും 120 ഓളം മറ്റു ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. അധ്യാപനത്തിനും അക്കാദമിക് നേതൃത്വത്തിനും സഭാനേതൃശുശ്രൂഷയ്ക്കുമായി അദ്ദേഹം ഏറെ വർഷങ്ങൾ സമർപ്പിച്ചു. മനസ്സുകളെ രൂപപ്പെടുത്തുകയും സമൂഹത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന തന്റെ ദൗത്യം അവസാന നിമിഷംവരെ തുടരുകയായിരുന്നു.

ജോസ് കുറിയേടത്ത് എന്ന ആശയവിനിമയക്കാരൻ സംസാരഭാഷയിലൂടെയും എഴുത്തുഭാഷയിലൂടെയും ശരീരഭാഷയിലൂടെയും ആശയവിനിമയം നടത്തി. കാലത്തിന്റെ അടയാളങ്ങൾ വിവേചനശക്തിയോടും പ്രവാചകദർശനത്തോടും കൂടി വായിക്കാൻ അദ്ദേഹത്തിന് അപൂർവമായ കഴിവുണ്ടായിരുന്നു. സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, സഭാചരിത്രം, ദൈവശാസ്ത്രം, ആരാധനാക്രമം എന്നീ വിഷയങ്ങളിലെല്ലാം ആധികാരികത നിറഞ്ഞ അറിവും തെളിമയാർന്ന എഴുത്തും സംസാരവും കുറിയേടത്തച്ചന്റെ കരുത്തായിരുന്നു.

ഔന്നത്യത്തിൽ നിൽക്കുമ്പോഴും താഴെക്കിറങ്ങി വരാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും വിയോജിപ്പുകളും, ബോധ്യങ്ങളും അദ്ദേഹം മുഖം നോക്കാതെ തുറന്നു പറഞ്ഞിരുന്നു.

സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ സുവിശേഷ മൂല്യങ്ങളിൽ ആഴമായി പതിഞ്ഞ നിലയിൽ, സമകാലിക യാഥാർത്ഥ്യങ്ങളെ അദ്ദേഹം വ്യക്തതയോടും ആഴത്തോടും കൂടി വ്യാഖ്യാനിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വാസ്യത നിറഞ്ഞതും, ഉൾക്കാഴ്ചകൾ അനേകരെ പ്രചോദിപ്പിച്ചതുമായിരുന്നു; വിശ്വാസവും യുക്തിയും തമ്മിൽ ഒരു പാലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിമർശനാത്മകമായി ചിന്തിക്കാനും, സത്യത്തിൽ ഉറച്ചു നിൽക്കാനും, വൈവിധ്യത്തിലെ ഏകത്വം സ്വീകരിക്കാനും, മാറുന്ന ലോകത്തിൽ ആത്മാവിന്റെ പ്രേരണകൾക്കായി തുറവി കാണിക്കാനും അദ്ദേഹം നമ്മെ സ്ഥിരമായി ആഹ്വാനം ചെയ്തു.

കുറിയേടത്തച്ചന്റെ ഉറച്ച നിലപാടുകളും അതെ സമയം ആർദ്രമായ സമീപനങ്ങളും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ ദൃശ്യമായിരുന്നു. സത്യത്തിനുവേണ്ടി സുദൃഢമായ നിലപാടുകൾ എടുക്കാനും അതിനായി സധൈര്യം നിലകൊള്ളാനും സത്യം മുഖം നോക്കാതെ പറയാനും ജോസച്ചൻ എക്കാലവും ശ്രദ്ധ ചെലുത്തി. നുണയെ സുന്ദരമാക്കി അവതരിപ്പിക്കുന്ന ലോകത്ത് നിലപാടിന്റെ ധീരത തന്റെ ശരീരഭാഷയിലൂടെ അദ്ദേഹം സംവദിച്ചു. സമന്വയമാണ് പല പ്രതിസന്ധികൾക്കും പരിഹാരമെന്ന ബോധ്യമുണ്ടായിരുന്ന അദ്ദേഹം വസ്തുതകളിൽ ഊന്നിയ സമവായ സമീപനങ്ങളുടെ വക്താവായി. ദൈവശാസ്ത്ര വിഷയങ്ങളിലും, ആരാധനക്രമചർച്ചകളിലും ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഔന്നത്യത്തിൽ നിൽക്കുമ്പോഴും താഴെക്കിറങ്ങി വരാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. നിലപാടുകളും വിയോജിപ്പുകളും, ബോധ്യങ്ങളും അദ്ദേഹം മുഖം നോക്കാതെ തുറന്നു പറഞ്ഞിരുന്നു. കാരണം അദ്ദേഹത്തിന്റെ ഓരോ കാര്യത്തിലുമുള്ള യുക്തി വ്യക്തത വീഴ്ചയില്ലാത്തതും നീതിനിഷ്ഠവുമായിരുന്നു. ചുരുക്കം അവസരങ്ങളിൽ അതിന് ന്യൂനത സംഭവിച്ചെന്നോ തന്നോടൊപ്പമുള്ളവരെ അതു വേദനിപ്പിച്ചുവെന്നോ മനസ്സിലാക്കിയാൽ അവരിലേക്ക് ഇറങ്ങിച്ചെന്നു സോറി എന്നു പറയാതെ തന്നെ തന്റെ ശരീരഭാഷയിലൂടെ വീണ്ടും ചേർത്തുനിർത്താനുള്ള നൈപുണ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

മനോഹരമായ ഒരു സമർപ്പിത ഭാഷയായിരുന്നു, കുറിയേടത്തച്ചന്റേത്. സന്യാസജീവിതത്തിന്റെ മൂല്യമറിയുകയും അതിൽ അഭിമാനിക്കുകയും ചെയ്ത അദ്ദേഹം, സമർപ്പണജീവിതത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ആധികാരികമായി സംവദിക്കുകയും ചെയ്തു. ഒരു സന്യാസി ചെയ്യുന്ന എല്ലാ പരിശ്രമങ്ങളുടെയും പുറകിൽ ധ്യാനപൂർവ്വകമായ ചിന്ത ഉണ്ടായിരിക്കണം എന്ന നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ സഭ സ്ഥാപകനായ ചാവറ കുര്യാക്കോസ് എലിയാസച്ചൻ പറഞ്ഞും ജീവിച്ചും കാട്ടിയ “കൂടപ്പിറപ്പു സ്നേഹം” അദ്ദേഹം സ്വന്തം സ്വത്വത്തിന്റെ ഭാഗമാക്കി പകർത്തി. ഗൗരവം നിറഞ്ഞ ഒരു സ്നേഹഭാഷ എന്ന് തോന്നിപ്പിക്കുമ്പോഴും ആർദ്രത അതിൽ അദ്ദേഹം ഒളിപ്പിച്ചിരുന്നു. സമർപ്പിത സമൂഹത്തിനുള്ളിൽ, കരിസ്മയെ വ്യക്തമായി അവതരിപ്പിക്കുന്നതിലും, നിയമാവലിയെ വ്യാഖ്യാനിക്കുന്നതിലും, സമ്പന്നമായ പാരമ്പര്യത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിലും, അദ്ദേഹം ഒരു വിലപ്പെട്ട മാർഗദർശകനായിരുന്നു.

തന്റെ അസാമാന്യ ബൗദ്ധിക നേട്ടങ്ങളുടെയിടയിൽ, പ്രതിസന്ധികളെ അതിജീവിക്കുന്ന ദൃഢനിശ്ചയവും അചഞ്ചലമായ വിശ്വാസവുമുള്ള ഒരാളായിരുന്നു ഫാദർ കുറിയേടത്ത്. പ്രോസ്റ്റേറ്റ് കാൻസറും തുടർന്ന് കുടലിലെ കാൻസറും ഉൾപ്പെടെയുള്ള ദീർഘവും വേദനാജനകവുമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം ധൈര്യത്തോടെ സഹിച്ചു. കഷ്ടതകളിലും അദ്ദേഹത്തിന്റെ സമർപ്പണം തളർന്നില്ല; സഹനങ്ങളെ ദൈവത്തിന്റെ സംസാരഭാഷയായി കുറിയേടത്തച്ചൻ മനസ്സിലാക്കി.

ആഴമുള്ള ഉൾക്കാഴ്ചകളും ജ്ഞാനപൂർണ്ണവും ആധികാരികവുമായ ഉപദേശങ്ങളും മാതൃകാപൂർണ്ണമായ സമർപ്പണവും നൽകി നമ്മോടു സംവദിക്കാൻ കഴിഞ്ഞ ഈ ആശയവിനിമയക്കാരന്റെ അഭാവം വലിയ സൂന്യത കേരള സഭയിലും സമൂഹത്തിലും സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

logo
Sathyadeepam Online
www.sathyadeepam.org