Coverstory

വിഭൂതി : വലിയ നോമ്പാരംഭം

(ഉല്‍പ്പ. 1:1-19 ജോഷ്വാ 1:1-15; റോമാ 1:16-25; മത്താ. 5:17-31)

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം
  • ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ആരാധനക്രമ വര്‍ഷത്തില്‍ ഒരു പുതിയ കാലം ആരംഭിക്കുകയാണ്, നോമ്പുകാലം വലിയ നോമ്പെന്നും അമ്പതുനോമ്പെന്നും ഈ കാലഘട്ടം അറിയപ്പെടുന്നു. അതിന്റെ തുടക്കമാണ് നെറ്റിയില്‍ കരികൊണ്ട് കുരിശു വരച്ചോ, അല്ലെങ്കില്‍ തലയില്‍ കുരിശാകൃതിയില്‍ ചാരം പൂശിയോ ആരംഭിക്കുന്ന വിഭൂതി തിരുനാള്‍. കരികൊണ്ടു കുരിശു വരച്ചു തുടങ്ങുന്നതിനാല്‍ കരിക്കുറി തിരുനാളെന്നും തലയില്‍ ചാരം പൂശുന്നതില്‍ നിന്നും വിഭൂതി എന്നും പേരുണ്ടായി. വിഭൂതി എന്ന വാക്കിന് ഐശ്വര്യം, ശക്തി, വലിപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നൊക്കെ അര്‍ഥമുണ്ട്. ഈ അവസാനത്തെ അര്‍ഥത്തിലാണ് നാം വിഭൂതി തിരുനാള്‍ എന്നു പറയുന്നത്.
  • നോമ്പ്-ഉപവാസം

കാര്യമായ വ്യത്യാസമില്ലാതെ ഏതാണ്ട് ഒരേ അര്‍ഥത്തിലും ഒരുമിച്ചും ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് നോമ്പും ഉപവാസവും. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അര്‍ഥവ്യത്യാസമുണ്ടെന്ന് കാണാന്‍ കഴിയും. നോമ്പ് എന്ന പദത്തിന്റെ വേര് തേടി പോകുമ്പോള്‍ രണ്ടു വിശദീകരണങ്ങളാണ് കാണുന്നത്. 'നോല്‍ക്കുക' എന്ന വാക്കില്‍ നിന്നാണ് നോമ്പ് എന്ന പദം ഉദ്ഭവിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. അനുഷ്ഠിക്കുക എന്നര്‍ഥം. നോമ്പു നോക്കുക എന്ന് പറയുമ്പോള്‍ ഭക്ഷണകാര്യങ്ങളിലും ജീവിതക്രമത്തിലും അനുഷ്ഠിക്കുന്ന നിഷ്ഠയെ ആയിരിക്കും നോമ്പു സൂചിപ്പിക്കുക.

ഇതിനുപുറമേ മറ്റൊരു വ്യാഖ്യാനവും നല്‍കാറുണ്ട്. നോമ്പ് എന്ന് മാത്രമല്ല 'നോയമ്പ്' എന്നും നാം പറയാറുണ്ട്. 'നോയമ്പ്' കാലക്രമത്തില്‍ ചുരുങ്ങി നോമ്പ് ആയതാണെന്നു കരുതാന്‍ ന്യായമുണ്ട്. നോവുക, നൊമ്പരപ്പെടുക എന്നൊക്കെ അര്‍ഥമുള്ള, ഇന്ന് ഉപയോഗത്തിലില്ലാത്ത, 'നൊയ്' എന്ന വാക്കിനോട് 'അന്‍പ്' എന്ന വാക്ക് കൂട്ടിച്ചേര്‍ന്നതാണ് നോയമ്പ് എന്ന വിശദീകരണം ശ്രദ്ധേയമാണ്. സ്‌നേഹം എന്നാണല്ലോ അന്‍പ് എന്ന വാക്കിനര്‍ഥം. അപ്പോള്‍ നൊന്തു സ്‌നേഹിക്കുക, നൊമ്പരപ്പെട്ടുകൊണ്ട് സ്‌നേഹിക്കുക എന്ന അര്‍ഥം ലഭിക്കുന്നു.

ആദ്യത്തെ വ്യാഖ്യാനം ബാഹ്യാനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ രണ്ടാമത്തേത് ആന്തരിക ഭാവത്തിന്, അഥവാ മനോഭാവത്തിന് പ്രാധാന്യം നല്‍കുന്നു. രണ്ടും പ്രസക്തമാണ്; ആവശ്യവുമാണ്. എന്നാലും സ്‌നേഹത്തിന്റെ നൊമ്പരപ്പെടല്‍ ഇല്ലാത്ത അനുഷ്ഠാനങ്ങള്‍ അര്‍ഥശൂന്യമായിപ്പോകാം.

രണ്ടാമത്തെ വാക്കാണ് ഉപവാസം. അടുത്തായിരിക്കുക എന്നാണ് വാച്യാര്‍ഥം, അടുത്ത വസിക്കുക. ആരോട് എന്നു ചോദിച്ചാല്‍ ദൈവത്തോടും സഹജീവികളോടും എന്ന് ഉത്തരം ലഭിക്കും. ഇതാണ് വാക്കിന്റെ അര്‍ഥമെങ്കിലും ഉപവസിക്കുക എന്ന് പറഞ്ഞാല്‍ ഭക്ഷണം ഉപേക്ഷിക്കുക എന്നാണല്ലോ പൊതുവേ മനസ്സിലാക്കുക. ഒരു നേരം ഉപവാസിക്കുക, ഒരു ദിവസം ഉപവാസിക്കുക എന്നൊക്കെ പറയുന്നത് ഈ അര്‍ഥത്തിലാണ്. നോമ്പിനെക്കുറിച്ചെന്നതുപോലെ ഇവിടെയും രണ്ടു മാനങ്ങളും പരിഗണിക്കേണ്ടതുണ്ട്. ആന്തരിക ഭാവമില്ലാതെ ഭക്ഷണം ത്യജിക്കല്‍ മാത്രമായാല്‍ ഉപവാസം ലക്ഷ്യം വയ്ക്കുന്ന ആത്മീയ നവീകരണം ഉണ്ടാവില്ല. അതിനാല്‍ നോമ്പും ഉപവാസവും ആന്തരികവും ബാഹ്യവുമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന കാര്യം ആദ്യമേ ശ്രദ്ധിക്കണം.

  • അമ്പതുനോമ്പ്

കേരളത്തില്‍ സാധാരണ അമ്പതുനോമ്പെന്നും വലിയ നോമ്പൊന്നും വിളിക്കുന്നത് ആണ്ടുവട്ടത്തിലെ ഏറ്റം ദീര്‍ഘമായ നോമ്പിനെയാണ്. പുരാതനകാലം മുതലേ കേരളത്തില്‍, പ്രത്യേകിച്ചും സീറോ മലബാര്‍ സഭയില്‍ അനേകം നോമ്പുകള്‍ ആചരിച്ചു പോന്നു. വലിയനോമ്പിന് 21 ദിവസം മുന്‍പ് മൂന്നു ദിവസത്തേക്ക് ആചരിക്കുന്ന മൂന്നു നോമ്പ് യോനാ പ്രവാചകന്റെ പ്രസംഗം കേട്ട് മനസ്സുതിരിഞ്ഞ നിനവേക്കാര്‍ അനുഷ്ഠിച്ച ഉപവാസത്തെ അനുസ്മരിച്ചും, അതിനൊരുക്കമായി യോനാ പ്രവാചകന്‍ മത്സ്യത്തിന്റെ ഉദരത്തില്‍ ഭക്ഷ്യപാനീയങ്ങളില്ലാതെ മൂന്നു ദിനരാത്രങ്ങള്‍ കഴിഞ്ഞതിനെ അനുകരിച്ചും നടത്തിയിരുന്ന മൂന്നു നോമ്പ് ആചരിക്കുന്നു. സെപ്തംബര്‍ 8-ാം തീയതി ആഘോഷിക്കുന്ന മാതാവിന്റെ ജനനത്തിരുനാളിനൊരുക്കമായി സെപ്തംബര്‍ 1-8 ല്‍ എട്ടുനോമ്പ്, മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനൊരുക്കമായി ആഗസ്റ്റ് 1-15 ല്‍ പതിനഞ്ചുനോമ്പ്, യേശുവിന്റെ പിറവിത്തിരുനാളിനൊരുക്കമായി ആചരിക്കുന്ന ഇരുപത്തിയഞ്ചുനോമ്പ് എന്നിവയാണ് വലിയ നോമ്പിനു പുറമേ ആചരിക്കുന്നവ.

മാര്‍ച്ച് 21-ാം തീയതിക്കു ശേഷം വരുന്ന വെളുത്ത വാവു കഴിഞ്ഞ്, ആദ്യത്തെ ഞായറാഴ്ചയാണ് ഉത്ഥാനത്തിരുനാളായി സഭ ആഘോഷിക്കുന്നത്. അവിടെനിന്ന് ഏഴാഴ്ച പിന്നിലേക്ക് കണക്കുകൂട്ടിയാണ് നോമ്പാരംഭം നിശ്ചയിക്കുക. മൊത്തം ഏഴാഴ്ചകള്‍. രണ്ടറ്റത്തും ഉള്ള ഞായറാഴ്ചകള്‍ കൂടിയാകുമ്പോള്‍ 50 ദിവസം പൂര്‍ത്തിയാകും. അതിനാല്‍ അമ്പതുനോമ്പെന്ന പ്രയോഗം നിലവില്‍ വന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നോമ്പ് 50 ദിവസമില്ല; 40 ദിവസമേ നോമ്പായി ആചരിക്കാറുള്ളൂ.

അമ്പതുനോമ്പ് എന്ന പ്രയോഗം എങ്ങനെ വന്നു എന്നു കാണുന്നത് നന്നായിരിക്കും. ആരാധനക്രമവത്സരത്തിന്റെയെന്നല്ല, രക്ഷാചരിത്രത്തിന്റെ തന്നെ കേന്ദ്രമാണ് യേശുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും. ഒറ്റവാക്കില്‍ നാം അതിനെ പെസഹാ എന്ന് വിളിക്കുന്നു. ഉത്ഥാനഞായറിനെ അടിസ്ഥാനമാക്കിയാണ് ആരാധനക്രമത്തിലെ കാലങ്ങള്‍ തന്നെ നിശ്ചയിക്കുന്നത്. മാര്‍ച്ച് 21-ാം തീയതിക്കു ശേഷം വരുന്ന വെളുത്ത വാവു കഴിഞ്ഞ്, ആദ്യത്തെ ഞായറാഴ്ചയാണ് ഉത്ഥാനത്തിരുനാളായി സഭ ആഘോഷിക്കുന്നത്. അവിടെനിന്ന് ഏഴാഴ്ച പിന്നിലേക്ക് കണക്കുകൂട്ടിയാണ് നോമ്പാരംഭം നിശ്ചയിക്കുക. മൊത്തം ഏഴാഴ്ചകള്‍. രണ്ടറ്റത്തും ഉള്ള ഞായറാഴ്ചകള്‍ കൂടിയാകുമ്പോള്‍ 50 ദിവസം പൂര്‍ത്തിയാകും. അതിനാല്‍ അമ്പതുനോമ്പെന്ന പ്രയോഗം നിലവില്‍ വന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ നോമ്പ് 50 ദിവസമില്ല; 40 ദിവസമേ നോമ്പായി ആചരിക്കാറുള്ളൂ.

  • 40 ദിവസം നോമ്പ്

നാല്‍പതുദിവസത്തെ നോമ്പാചരണത്തിനു പിന്നില്‍ ചില ചരിത്രസംഭവങ്ങളുണ്ട്. അതില്‍ ഏറ്റം പ്രധാനപ്പെട്ടതാണ് യേശു പരസ്യജീവിതം തുടങ്ങുന്നതിന് ഒരുക്കമായി, മാമ്മോദീസായ്ക്കുശേഷം, 40 ദിവസം മരുഭൂമിയില്‍ ഉപവസിച്ചത് (മര്‍ക്കോ. 1:12-13, മത്താ. 4:1-11; ലൂക്കാ 4:1-13) ഇസ്രായേല്‍ ജനം മരുഭൂമിയില്‍ ചെലവഴിച്ച 40 വര്‍ഷത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു യേശുവിന്റെ 40 ദിവസത്തെ ഉപവാസം. ആ കാലഘട്ടം മുഴുവന്‍ ഇസ്രായേല്‍ ജനം പ്രലോഭനങ്ങള്‍ക്കു വിധേയരായി, പരാജയപ്പെട്ടു; ആ സ്ഥാനത്ത് യേശു പ്രലോഭകന്റെ മേല്‍ വിജയം നേടി. ജനത്തിന്റെ പാപത്തിനു മാപ്പിരുന്ന് മോശ സീനായി മലമുകളില്‍ 40 ദിനരാത്രങ്ങള്‍ ഉപവസിച്ചതും (പുറ 34:28) ദൈവികസാന്നിധ്യം തേടി ഏലിയാ ഹൊറേബുമലയിലേക്ക് 40 ദിവസം ഭക്ഷണപാനീയങ്ങള്‍ കൂടാതെ യാത്ര ചെയ്തതും (1 രാജാ. 19:8) ഈ കൂട്ടത്തില്‍ പരിഗണിക്കണം.

എങ്ങനെയാണ് ഏഴാഴ്ചകളില്‍ നിന്ന് 40 ദിവസം എന്ന കണക്കില്‍ എത്തുക എന്നതും ശ്രദ്ധേയമത്രേ. ഇവിടെ പൗരസ്ത്യസഭകളും പാശ്ചാത്യസഭയും കണക്കുകൂട്ടുന്നതില്‍ വ്യത്യാസമുണ്ട്. ഞായറാഴ്ചകള്‍ ഉപവാസ ദിവസങ്ങളായി ഇരു കൂട്ടരും പരിഗണിക്കുന്നില്ല. ശേഷിക്കുന്നത് 42 ദിവസങ്ങള്‍. നോമ്പുകാലത്തെ അവസാനത്തെ രണ്ടു ദിവസങ്ങളായ ദുഃഖവെള്ളിയും ദുഃഖശനിയും കഠിനമായ ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിവസങ്ങളായി പൗരസ്ത്യസഭകള്‍ കാണുന്നു. അവയെ മറ്റു ദിവസങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ 40 ദിവസങ്ങളായി. ലത്തീന്‍ സഭയില്‍ വേറൊരു വിധത്തിലാണ് കണക്കുകൂട്ടല്‍. ആദ്യ ആഴ്ചയിലെ തിങ്കള്‍ ചൊവ്വ ദിവസങ്ങള്‍ ഒരുക്കത്തിന്റെ ദിനങ്ങളായി കരുതി നോമ്പുകാലത്തു നിന്നും മാറ്റുന്നു. അപ്പോള്‍ നോമ്പ് 40 ദിവസങ്ങളായി. മാറ്റിവച്ച രണ്ടു ദിവസങ്ങള്‍ മാംസാഹാരത്തോടു വിട പറയാനുള്ള ഒരുക്കമായി കരുതുന്നു. 'മാംസമേ വിട' എന്ന അര്‍ഥത്തില്‍ 'കാര്‍ണിവല്‍' എന്ന് ഈ രണ്ടു ദിവസങ്ങള്‍ അറിയപ്പെടുന്നു. 'കാര്‍ണേ', 'വാലേ' എന്ന രണ്ടു ലത്തീന്‍ വാക്കുകളില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. വീട്ടിലുള്ള മാംസാഹാരം നോമ്പു തുടങ്ങുന്നതിനുമുമ്പ് തിന്നു തീര്‍ക്കുക എന്നതായിരുന്നു തുടക്കത്തില്‍ ലക്ഷ്യമെങ്കിലും കാലക്രമത്തില്‍ ലക്ഷ്യവും ശൈലിയും മാറി അനിയന്ത്രിതമായ ആഘോഷ ദിവസങ്ങളായിത്തീര്‍ന്നു, പലയിടത്തും.

  • വിഭൂതി

എന്നാണ് നോമ്പാരംഭിക്കുന്നത് എന്ന കാര്യത്തിലും പാശ്ചാത്യ പൗരസ്ത്യസഭകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പൗരസ്ത്യസഭകളില്‍ പൊതുവേ തിങ്കളാഴ്ച നോമ്പ് ആരംഭിക്കുമ്പോള്‍ പാശ്ചാത്യസഭയില്‍ ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഇതിന്റെ സ്വാധീനം കേരളത്തിലെ സീറോ മലബാര്‍ സഭയിലും ഉണ്ട്. ആരാധനക്രമ പരിഷ്‌കരണത്തിനു മുമ്പ് എല്ലാ സീറോ മലബാര്‍ രൂപതകളിലും ബുധനാഴ്ച ആയിരുന്നു നോമ്പാരംഭം. അതിനാല്‍ 'വിഭൂതി ബുധന്‍' എന്ന പേരുണ്ടായി. എന്നാല്‍ പുരാതന പാരമ്പര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നോമ്പ് തിങ്കളാഴ്ച തന്നെ തുടങ്ങണം എന്ന തീരുമാനമുണ്ടായി. എന്നാലും ചുരുക്കം ചില സ്ഥലങ്ങളില്‍ പ്രായോഗിക പരിഗണനയുടെ പേരില്‍ ഇപ്പോഴും ബുധനാഴ്ച നോമ്പു തുടങ്ങുന്ന പതിവ് നിലനില്‍ക്കുന്നു.

  • ആചാരാനുഷ്ഠാനങ്ങള്‍

കരികൊണ്ട് നെറ്റിയില്‍ കുരിശു വരച്ചാണ് പൊതുവേ നോമ്പാരംഭിക്കുക. തലേ വര്‍ഷം ഓശാന ഞായറാഴ്ചത്തെ ഉപയോഗത്തിനായി ആശിര്‍വദിച്ച കുരുത്തോലകള്‍ കത്തിച്ചുണ്ടാക്കിയ കരിയില്‍ എണ്ണ ചേര്‍ത്ത് കുഴമ്പാക്കിയാണ് നെറ്റിയില്‍ കുരിശു വരയ്ക്കുന്നത്. ചാരമായി തലയില്‍ പൂശുന്നതും കത്തിച്ചു ചാമ്പലാക്കിയ ഓശാന കുരുത്തോലകള്‍ തന്നെ. യേശുവിനെ രാജാവായി ജെറുസലേമിലേക്ക് സ്വീകരിച്ച ജനം പച്ചിലക്കമ്പുകള്‍ വഴിയില്‍ നിരത്തിയതും (മര്‍ക്കോ. 11:8) ശിമയോന്റെ നേതൃത്വത്തില്‍ ജറുസലേമില്‍ പ്രവേശിച്ചപ്പോള്‍ ജനം ഈന്തപ്പനക്കൊമ്പുകള്‍ വീശി സ്വാതന്ത്ര്യം ആഘോഷിച്ചതും (1 മക്കാ. 13:51) അനുസ്മരിപ്പിക്കുന്നതാണ് ഓശാന ഞായറിലെ കുരുത്തോല.

ഭൗതിക മഹത്വം എത്രവേഗം അസ്തമിക്കുന്നു എന്ന് കുരുത്തോല കത്തിച്ച് ചാരമാക്കുന്നതിലൂടെ അനുസ്മരിപ്പിക്കുന്നു. ഭക്തരുടെ നെറ്റിയില്‍ കുരിശുവരയ്ക്കുന്ന പുരോഹിതന്‍ പറയുന്ന വാക്കുകള്‍ ചടങ്ങിന്റെ അര്‍ഥം വ്യക്തമാക്കുന്നു: ''മനുഷ്യാ നീ മണ്ണാകുന്നു; മണ്ണിലേക്കു തന്നെ മടങ്ങും എന്നോര്‍ക്കുക.'' സ്വന്തം ബലഹീനതകളെയും മര്‍ത്യതയെയും അനുസ്മരിച്ച്, അനിതപിച്ച്, പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിലേക്കു പിന്‍തിരിഞ്ഞ് പുതിയൊരു ജീവിതം ആരംഭിക്കാന്‍ ഈ ചടങ്ങ് ആഹ്വാനം ചെയ്യുന്നു.

ഭൗതിക മഹത്വം എത്രവേഗം അസ്തമിക്കുന്നു എന്ന് കുരുത്തോല കത്തിച്ച് ചാരമാക്കുന്നതിലൂടെ അനുസ്മരിപ്പിക്കുന്നു. ഭക്തരുടെ നെറ്റിയില്‍ കുരിശുവരയ്ക്കുന്ന പുരോഹിതന്‍ പറയുന്ന വാക്കുകള്‍ ചടങ്ങിന്റെ അര്‍ഥം വ്യക്തമാക്കുന്നു: ''മനുഷ്യാ നീ മണ്ണാകുന്നു; മണ്ണിലേക്കു തന്നെ മടങ്ങും എന്നോര്‍ക്കുക.''

നോമ്പാചരണവും ഉപവാസവുമായി ബന്ധപ്പെട്ട പല ചടങ്ങുകള്‍ ബൈബിളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആസന്നമായിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് യോനായുടെ പ്രസംഗത്തിലൂടെ ബോധ്യപ്പെട്ട്, മാനസാന്തരപ്പെട്ട നിനവേക്കാരുടെ നോമ്പാചരണം ഉദാഹരണമാണ്: ''...രാജകീയ വസ്ത്രം മാറ്റി, ചാക്കുടുത്ത്, ചാരത്തില്‍ ഇരുന്നു... മനുഷ്യനോ മൃഗമോ ഒന്നും ഭക്ഷിക്കരുത്, ... ചാക്കു വസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ'' (യോനാ 3:5-8). ജനത്തിന്റെ പാപത്തെക്കുറിച്ചു വിലപിക്കുന്ന എസ്രായുടെ ചെയ്തികള്‍ മറ്റൊരുദാഹരണം: ''ഇതുകേട്ട്, ഞാന്‍ വസ്ത്രവും മേലങ്കിയും കീറി, മുടിയും താടിയും വലിച്ചു പറിച്ചു'' (എസ്രാ 98).

കീറിയ വസ്ത്രം ധരിക്കുക, മുഖം കഴുകാതിരിക്കുക, ഭക്ഷണം ഉപേക്ഷിക്കുക, മുട്ടിന്മേല്‍ നില്‍ക്കുക, ചാരത്തില്‍ കിടക്കുക, കൈവിരിച്ച് പ്രാര്‍ഥിക്കുക എന്നിങ്ങനെ അനേകം ആചാരങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ സ്വാധീനം ഇന്നും അനേകം ഭക്തരില്‍ കാണാം. പരുപരുത്ത അടിവസ്ത്രം ധരിക്കുക. മുള്ളരഞ്ഞാണം അരയില്‍ കെട്ടുക, സ്വന്തം ശരീരത്തെ ചാട്ട കൊണ്ടടിച്ചു പരിക്കേല്‍പ്പിക്കുക, നിഷ്പാദുകരായി നടക്കുക, ദീര്‍ഘനേരം മുട്ടിന്മേല്‍ നിന്നു കൈവിരിച്ചു പിടിച്ചു പ്രാര്‍ഥിക്കുക, ഭക്ഷണം ഉപേക്ഷിക്കുക, 1, 3, 9, 50 ദിവസം ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് ജീവിക്കുക എന്നിങ്ങനെ നിരവധി പ്രായശ്ചിത്ത പ്രവൃത്തികള്‍ നോമ്പിന്റെയും ഉപവാസത്തിന്റെയും ഭാഗമായി ഇന്നും അനേകര്‍ അനുഷ്ഠിക്കാറുണ്ട്. ഇതിന്റെ കൂടെത്തന്നെ വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടനങ്ങളും നടത്താറുണ്ട്.

മിക്കവാറും എല്ലാ മതങ്ങളിലും ഇപ്രകാരമുള്ള ഉപവാസങ്ങളും നോമ്പാചരണവും പ്രായശ്ചിത്ത പ്രവൃത്തികളും ഇന്നും നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം പ്രഖ്യാപിത ലക്ഷ്യം പാപപരിഹാരവും ആത്മനിയന്ത്രണവുമാണ്. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പരിഹാരം അനുഷ്ഠിക്കുക, ശരീരത്തിന്റെ ആസക്തികളെയും മനസ്സിന്റെ തെറ്റായ പ്രവണതകളെയും നിയന്ത്രിക്കുക, ദൈവത്തോടും സഹോദരങ്ങളോടും ഹൃദയപൂര്‍വം അടുത്തായിരിക്കുക ഇവയൊക്കെയാണ് നോമ്പും ഉപവാസവും ലക്ഷ്യം വയ്ക്കുന്നത്, ലക്ഷ്യം വയ്‌ക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇതു സംഭവിക്കുന്നില്ല എന്നത് ദുഃഖകരമായ യാഥാര്‍ഥ്യം.

  • പ്രവാചക പ്രബോധനം

ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആന്തരിക ഭാവങ്ങള്‍ അവഗണിക്കുകയും ചെയ്ത ജനത്തിനെതിരെ പ്രവാചകന്മാര്‍ വഴി ദൈവം നല്‍കിയ താക്കീതുകള്‍ നോമ്പാചരണത്തെ സംബന്ധിച്ച സുപ്രധാനമായ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ബാബിലോണ്‍ പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന്, മതാത്മകതയ്ക്കു വലിയ പ്രാധാന്യം നല്‍കിയ ഇസ്രായേല്‍ ജനത്തോട് മൂന്നാം ഏശയ്യാ (ഏശ 56-66) എന്ന പ്രവാചകനിലൂടെ നല്‍കുന്ന താക്കീതുകള്‍ നോമ്പാചരണത്തെ സംബന്ധിച്ച് മാര്‍ഗദര്‍ശനം നല്‍കുന്നു. മാതാചാരങ്ങള്‍ വര്‍ധിക്കുന്നെങ്കിലും അതോടൊപ്പം അനീതിയും അക്രമവും സമൂഹത്തില്‍നിന്നു നിര്‍മ്മാര്‍ജനം ചെയ്യപ്പെടേണ്ടതിനു പകരം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിശക്തമായ ആരോപണങ്ങളും നിര്‍ദ്ദേശങ്ങളുമായി പ്രവാചകന്‍ ജനത്തെ നേരിടുന്നത്.

നൊന്തു സ്‌നേഹിക്കുന്നതാണ് നോ(യ)മ്പ്; ദൈവത്തോടും സഹജീവികളോടും അടുത്തു വസിക്കുന്നതാണ് ഉപവാസം. ബാഹ്യമായ അനുഷ്ഠാനങ്ങളെല്ലാം ഈ ആന്തരിക ഭാവത്തിന്റെ അടയാളങ്ങളായിരിക്കണം.

''ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറയുക. കാഹളം പോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അകൃത്യങ്ങള്‍... വിളിച്ചു പറയുക... ഉപവാസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു... ഞാങ്ങണപോലെ തലകുനിക്കുന്നതും ചാക്കുവിരിച്ച് ചാരവും വിതറി കിടക്കുന്നതുമാണോ അത്.'' ബാഹ്യാനുഷ്ഠാനങ്ങള്‍ ഹൃദയഭാവങ്ങളെയും ജീവിതരീതിയെയും സ്വാധീനിക്കുന്നില്ല എന്ന് വ്യക്തമാക്കിയതിനുശേഷം എന്താണ് യഥാര്‍ഥ ഉപവാസം എന്നു തുടര്‍ന്നു പഠിപ്പിക്കുന്നു. ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?'' (ഏശ. 58:1-7).

മിക്കവാറും എല്ലാ പ്രവാചകന്മാരും ഉപവാസത്തെക്കുറിച്ച് നല്‍കിയ പാഠമാണിത്. അനുഷ്ഠാനങ്ങള്‍ എല്ലാം ആന്തരികതയുടെ ബാഹ്യപ്രകടനങ്ങളാകണം എന്ന് ഏറ്റം വ്യക്തവും ശക്തവുമായ രീതിയില്‍ ജോയേല്‍ പ്രവാചകനിലൂടെ ഉദ്‌ഘോഷിക്കുന്നു: ''നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുവിന്‍'' (ജോയേല്‍ 2:13). ഉപവാസവും നെടുവീര്‍പ്പുകളും വിലാപങ്ങളും എല്ലാം യഥാര്‍ഥമായ മാനസാന്തരത്തിന്റെയും ദൈവത്തോടും സഹജീവികളോടുമുള്ള അനുരഞ്ജനത്തിന്റെയും അടയാളങ്ങളായിരിക്കണം.

പുതിയ നിയമം നല്‍കുന്ന പാഠവും വ്യത്യസ്തമല്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള ഒരു ഭക്തിപ്രകടനമാകരുത് ഉപവാസം എന്ന യേശുവിന്റെ ഉപദേശമാണ് ആദ്യമേ ശ്രദ്ധയില്‍പ്പെടുന്നത്: ''നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപട ഭക്തരെപ്പോലെ വിഷാദം ഭാവിക്കരുത്... പിതാവു നിങ്ങള്‍ക്കു പ്രതിഫലം നല്‍കും'' (മത്താ. 6:16-18). ഭക്താനുഷ്ഠാനങ്ങള്‍ എല്ലാം ആത്മനവീകരണത്തിനും സഹോദര സ്‌നേഹത്തില്‍ വളരുന്നതിനും സഹായകമാകണം. അന്തിമ വിധിയെക്കുറിച്ചുള്ള പ്രബോധനത്തില്‍ ഇക്കാര്യം യേശു വ്യക്തമാക്കിയിട്ടുണ്ട് (മത്താ 25:31-46).

യഥാര്‍ഥ ഭക്തിയെക്കുറിച്ച് വിശുദ്ധ യാക്കോബിന്റെ ലേഖനം നല്‍കുന്ന നിര്‍വചനം ഏറെ ശ്രദ്ധാഹമാണ്: ''പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക'' (യാക്കോ. 1:27).

  • ചുരുക്കത്തില്‍

നോമ്പാചരണത്തെയും ഉപവാസത്തെയും കുറിച്ചു നടത്തിയ അന്വേഷണങ്ങളും പരിചിന്തനങ്ങളും നല്‍കുന്ന പാഠങ്ങള്‍ ഇപ്രകാരം ചുരുക്കിപ്പറയാം.

1) നൊന്തു സ്‌നേഹിക്കുന്നതാണ് നോ(യ)മ്പ്; ദൈവത്തോടും സഹജീവികളോടും അടുത്തു വസിക്കുന്നതാണ് ഉപവാസം. ബാഹ്യമായ അനുഷ്ഠാനങ്ങളെല്ലാം ഈ ആന്തരിക ഭാവത്തിന്റെ അടയാളങ്ങളായിരിക്കണം.

2) കരികൊണ്ട് നെറ്റിയില്‍ കുരിശു വരയ്ക്കുന്നതും തലയില്‍ ചാരം വിതറുന്നതും അനേകം ധ്വനികള്‍ ഉള്‍ക്കൊള്ളുന്ന അടയാളമാണ്. മനുഷ്യന്റെ മര്‍ത്യതയെക്കുറിച്ചുള്ള അനുസ്മരണമാണൊന്ന്. ഈ ശരീരവും ലോകവും എല്ലാം കടന്നുപോകും. മണ്ണില്‍ നിന്നെടുത്ത ശരീരം മണ്ണിലേക്ക് മടങ്ങും. അതേസമയം അമര്‍ത്യമായ ആത്മാവ് ഈ ശരീരത്തില്‍ വസിക്കുന്നു. അതിനാല്‍ നിത്യജീവനെ ലക്ഷ്യം വച്ച് ഈ ഭൂമിയിലെ ജീവിതത്തെ ക്രമീകരിക്കണം.

നോമ്പാചരണത്തിന്റെ ദിവസങ്ങള്‍ ഉപവാസ ദിനങ്ങളായിരിക്കണം. ഭക്ഷണം ഉപേക്ഷിക്കുക എന്നല്ല, ദൈവത്തോടും സഹോദരങ്ങളോടും അടുത്ത്, ഐക്യത്തില്‍ കഴിയുക എന്നതാണ് ഉപവസിക്കുക എന്നതിന്റെ അര്‍ഥം എന്നു തിരിച്ചറിഞ്ഞു ജീവിക്കണം.

3) ശരീരത്തിന്റെ ആസക്തികളെയും മനസ്സിന്റെ തെറ്റായ പ്രവണതകളെയും നിയന്ത്രിക്കണം. ജന്മപാപം വഴി പാപത്തിനധീനമായ മനുഷ്യപ്രകൃതിയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ തിന്മ കൂടുതല്‍ ആകര്‍ഷകമായി തോന്നുമെങ്കിലും അതിനെ പിന്തുടര്‍ന്നാല്‍ നാശമായിരിക്കും ഫലം.

4) ചാരം പൂശി ആരംഭിക്കുന്ന നോമ്പ് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാകണം; കര്‍ത്താവു കാണിച്ചുതന്ന ഇടുങ്ങിയ വാതിലിലൂടെ കടന്ന്, വീതി കുറഞ്ഞ വഴിയിലൂടെ നിത്യഭവനത്തിലേക്കു നടക്കുന്നതിന്റെ തുടക്കം. മടങ്ങി വരുക എന്നാണ് പ്രവാചകന്മാര്‍ ഈ യാത്രയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ തിരിച്ചറിഞ്ഞ്, തള്ളിപ്പറഞ്ഞ്, പുതിയ ജീവിതത്തിനു തുടക്കം കുറിക്കുക.

5) നോമ്പാചരണത്തിന്റെ ദിവസങ്ങള്‍ ഉപവാസ ദിനങ്ങളായിരിക്കണം. ഭക്ഷണം ഉപേക്ഷിക്കുക എന്നല്ല, ദൈവത്തോടും സഹോദരങ്ങളോടും അടുത്ത്, ഐക്യത്തില്‍ കഴിയുക എന്നതാണ് ഉപവസിക്കുക എന്നതിന്റെ അര്‍ഥം എന്നു തിരിച്ചറിഞ്ഞു ജീവിക്കണം.

6) പെസഹാ ആഘോഷത്തിനുള്ള ഒരുക്കമാണ് നോമ്പാചരണം. മനുഷ്യജീവിതം മരണം കൊണ്ടവസാനിക്കുന്നില്ല, ഇതൊരു കടന്നുപോകലാണ്. മരണത്തിനപ്പുറം, ദൈവത്തോടും സഹോദരങ്ങളോടും കൂടെ നിത്യമായ സന്തോഷത്തിലേക്കാണ് ഈ ജീവിതം നയിക്കുന്നത്. ഈ പ്രത്യാശ ആയിരിക്കണം നമ്മുടെ ഐഹിക ജീവിതത്തെ നയിക്കുന്ന ചൈതന്യം.

7) പ്രാര്‍ഥന, പരിത്യാഗം, പരോപകാര പ്രവൃത്തികള്‍, ശാരീരികമായ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുക മുതലായവ നോമ്പുകാല ചൈതന്യത്തില്‍ ജീവിക്കാനും അഭിവൃദ്ധിപ്പെടാനും സഹായിക്കും. ദൈവവചനം വായിച്ചു ധ്യാനിക്കാന്‍ നിശ്ചിത സമയം മാറ്റിവയ്ക്കണം. തിരുവചനത്തിലൂടെ സംസാരിക്കുന്ന ദൈവത്തിന്റെ സ്വരത്തിന്, ആന്തരിക പ്രചോദനങ്ങള്‍ക്ക്, കാതോര്‍ക്കുക. ആത്യന്തിക ലക്ഷ്യം പിതാവിന്റെ ഭവനത്തില്‍, ഹൃദയത്തില്‍, നിത്യമായി വസിക്കുക, സന്തോഷമായിരിക്കുക ആണെന്നതു മറക്കാതിരിക്കാം. ബാഹ്യാനുഷ്ഠാനങ്ങളെല്ലാം അതിനു സഹായകമാകട്ടെ.

വി. യോഹന്നാൻ - Chap.4 [1of3]

വിശുദ്ധ ഇസിദോര്‍ (560-636) : ഏപ്രില്‍ 4

വിശുദ്ധ ഐറിൻ (എ.ഡി. 304) ഏപ്രില്‍ 3

എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം

എഫ്.സി.ആർ.എ. നിയമ ഭേദഗതി തീരുമാനം പുനപരിശോധിക്കുക : കെ.സി.വൈ.എം