Coverstory

സീറോമലബാര്‍ ആരാധനക്രമവും മാര്‍ ജേക്കബ് തൂങ്കുഴിയും

മോണ്‍. ഡോ. ആന്റണി നരികുളം
  • മോണ്‍. ആന്റണി നരികുളം

സീറോമലബാര്‍സഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് സഭയുടെ ആരാധനക്രമ പരിഷ്‌കരണത്തെ സംബന്ധിച്ച് ആരായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി?

എന്റെ ചില അറിവുകളും ബോധ്യങ്ങളുമാണ് ഈ ലേഖനത്തിലൂടെ ഞാന്‍ പങ്കുവയ്ക്കുന്നത്.

ആരാധനക്രമ പരിഷ്‌കരണ വിഷയത്തില്‍ പുനരുദ്ധാരണ വാദികളും നവീകരണവാദികളും ഉണ്ടെന്ന വസ്തുത പകല്‍പോലെ വ്യക്തമാണ്. അതില്‍ തെറ്റു കാണേണ്ടതുമില്ല. അഭിപ്രായവ്യത്യാസ ങ്ങളുടെ മധ്യേയും സൗഹൃദം പുലര്‍ ത്താന്‍ സാധിച്ചിരുന്ന ഒരു മഹത്‌വ്യക്തി യായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി.

സീറോമലബാര്‍ ആരാധനക്രമ വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ചിന്തകള്‍ പങ്കുവയ്ക്കുന്നതിന് ഞാന്‍ ആശ്രയിക്കുന്ന ഉറവിടം 1996 ജനുവരി മാസത്തില്‍ റോമില്‍ വച്ചു നടന്ന സീറോമലബാര്‍ സിനഡില്‍ അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബന്ധ മാണ്. അതിന്റെ ശീര്‍ഷകം ''Liturgy of the Syro Malabar Church: Problems and Prospects'' എന്നായിരുന്നു. ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ ഞാനും സിനഡില്‍ സന്നിഹിതനായിരുന്നു.

1) പ്രബന്ധം ആരംഭിക്കുന്നതുതന്നെ സത്യസന്ധ മായ ഒരു പ്രസ്താവനയോടെയാണ്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ 'പൗരസ്ത്യര്‍' (Oriental) എന്നും, മറു ഭാഗത്തെ 'പൗരസ്ത്യവിരുദ്ധര്‍' (anti-Oriental) എന്നും നാമകരണം ചെയ്തതോടെ അനാവശ്യവും അടിസ്ഥാനരഹിതവുമായ ഒരു വിഭജനം സഭയില്‍ സൃഷ്ടിക്കപ്പെട്ടു. കാരണം, സീറോമലബാര്‍ ആരാധനക്രമം നവീകരിക്കണമെന്നു പറയുന്നവര്‍ പൗരസ്ത്യ പാരമ്പര്യങ്ങളോട് വിരോധമുള്ളവരല്ല.

ആരാധനക്രമ പരിഷ്‌കരണ വിഷയത്തില്‍ പുനരുദ്ധാരണ വാദികളും നവീകരണ വാദികളും ഉണ്ടെന്ന വസ്തുത പകല്‍പോലെ വ്യക്തമാണ്. അതില്‍ തെറ്റു കാണേണ്ടതുമില്ല. അഭിപ്രായ വ്യത്യാസങ്ങളുടെ മധ്യേയും സൗഹൃദം പുലര്‍ത്താന്‍ സാധിച്ചിരുന്ന ഒരു മഹത്‌വ്യക്തിയായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി.

എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ ലക്ഷ്യം വിഭാഗീയത വര്‍ധിപ്പിക്കുക എന്നതായിരിക്ക രുത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രബന്ധാവതരണം തുടര്‍ന്നത്. മറിച്ച്, സഭയില്‍ ഐക്യവും സമാധാനവും പുനഃസ്ഥാപിക്കുക എന്നത് മാത്രമായിരിക്കണം ലക്ഷ്യം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

2) അഭിപ്രായവ്യത്യാസങ്ങള്‍ക്കു മൂലകാരണമായി അദ്ദേഹം ചൂണ്ടിക്കാ ണിച്ചത്, സീറോമലബാര്‍ ആരാധനക്രമ ത്തിന്റെ ഉത്ഭവത്തെയും വളര്‍ച്ചയെയും സംബന്ധിച്ച അവ്യക്തതയാണ്. തോമാശ്ലീഹായാല്‍ സ്ഥാപിതമായ ഈ സഭയ്ക്ക് പൗരസ്ത്യ സുറിയാനി സഭയുമായി ഉണ്ടായ ബന്ധം എപ്രകാരമുള്ളതായിരുന്നു എന്നതാണ് ഒരു പ്രശ്‌നം. തുടക്കം മുതല്‍ക്കേ ഈ സഭ പൗരസ്ത്യ സുറിയാനിയായി രുന്നെന്ന വാദവും നാലാം നൂറ്റാണ്ടോടു കൂടി സുറിയാനി പാരമ്പര്യം കേരളത്തില്‍ വന്നെത്തിയതിനുശേഷം മാത്രമാണ് പൗരസ്ത്യ സുറിയാനി ബന്ധം ആരംഭിച്ചത് എന്ന വാദവും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.

3) ലത്തീന്‍ മിഷണറിമാരുടെ സാന്നിധ്യം സീറോമലബാര്‍ ആരാധന ക്രമത്തെയും ആധ്യാത്മികതയെയും ദോഷകരമായി ബാധിച്ചുവെന്ന വാദവും, അവരില്‍നിന്നു സ്വീകരിച്ച ചില ആധ്യാത്മികാഭ്യാസങ്ങള്‍ സഭയുടെ ആത്മീയ വളര്‍ച്ചയ്ക്ക് കാരണമായിട്ടു ണ്ടെന്ന വാദവും തമ്മില്‍ പൊരുത്ത പ്പെടാതെ പോയി. പൗരസ്ത്യ സുറിയാനി ആരാധനക്രമം നിലനിര്‍ത്തുമ്പോള്‍തന്നെ, മറ്റ് ഉറവിടങ്ങളില്‍നിന്നു ലഭിച്ച ആത്മീയ നന്മകള്‍ തമസ്‌കരിക്കാതെ സമന്വയിപ്പി ക്കണമെന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ ആഭിമുഖ്യ ത്തോടായിരുന്നു മാര്‍ തൂങ്കുഴിക്കു താല്‍പര്യം.

അതേ സിനഡില്‍ അവതരിപ്പിക്കപ്പെട്ട പ്രൊഫസര്‍ റോബര്‍ട്ട് ടാഫ്റ്റിന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ച ഒരു കാര്യം ഇതോടു ചേര്‍ത്തുവയ്ക്കാവുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വിവിധ പാരമ്പര്യ ങ്ങളിലൂടെ കടന്നുപോയ സീറോമലബാര്‍ ലിറ്റര്‍ജി പൗരസ്ത്യ സുറിയാനി മാത്രമാണെന്ന ധാരണയില്‍ പുനരു ദ്ധാരണം നടത്തുന്നത് ചരിത്രാവബോധ മില്ലായ്മയുടെ അടയാളമായിരിക്കു മെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

4) സാംസ്‌കാരികാനുരൂപണത്തോടു സീറോമലബാര്‍ സഭയ്ക്കുണ്ടായിരുന്ന ആഭിമുഖ്യം അപ്പാടെ മറന്ന് ആരാധനക്രമ പുനരുദ്ധാരണവും നവീകരണവും നടത്തുന്നത് അസ്വീകാര്യമായിരിക്കുമെന്ന് മാര്‍ തൂങ്കുഴി ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു. മാമ്മോദീസ, വിവാഹം, ദേവാലയ നിര്‍മ്മാണം, മൃതസംസ്‌കാരം, മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുബന്ധ ചടങ്ങുകള്‍ എന്നിവ ഇവിടത്തെ സംസ്‌കാരത്തോടു ബന്ധപ്പെടുത്താന്‍ നമ്മുടെ പൂര്‍വികര്‍ നടത്തിയ ശ്രമങ്ങള്‍ നമുക്ക് പാഠമായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

5) 'പുനരുദ്ധാരണം' എന്ന പദത്തെ മനസ്സിലാക്കുന്നതില്‍ ഉണ്ടായിരിക്കേണ്ട സൂക്ഷ്മതയെപ്പറ്റിയും അദ്ദേഹം തന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പൗരസ്ത്യസഭകളെപ്പറ്റിയുള്ള ഡിക്രിയുടെ ആറാമത്തെ ഖണ്ഡിക മാത്രം ആധാര മാക്കി സഭയെയും ആരാധനക്രമത്തെയും പുനരുദ്ധരിച്ചാല്‍ പോരെന്ന പക്ഷക്കാര നായിരുന്നു അദ്ദേഹം. യഥാര്‍ഥ പാരമ്പര്യം എന്തെന്നു വ്യക്തമാക്കാതെ എങ്ങനെ പാരമ്പര്യത്തിലേക്കു തിരിച്ചു പോകാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

പാരമ്പര്യമെന്നു പറയുന്നത്, 'പുരാതന ഫോര്‍മുലകളുടെ മാറ്റമില്ലാത്ത ആവര്‍ത്തനമല്ലെ'ന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 1995-ലെ 'കിഴക്കിന്റെ വെളിച്ചം' എന്ന അപ്പസ്‌തോലിക ലേഖനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. സഭയിലെ പതിവുകള്‍ ഒരിക്കലും മാറ്റപ്പെടാന്‍ പാടില്ലെന്നു വാദിക്കുമ്പോള്‍, പാരമ്പര്യം വളരുകയും വികസിക്കുകയും ചെയ്യേണ്ട സത്യമാണെന്ന വസ്തുത വിസ്മരിക്കപ്പെടുമെന്നു മാര്‍പാപ്പ പ്രസ്താവിച്ച കാര്യവും മാര്‍ തൂങ്കുഴി ഓര്‍മ്മിപ്പിച്ചു.

ലിറ്റര്‍ജി, ദൈവശാസ്ത്രം, നിയമം, ആധ്യാത്മികത എന്നിവ യാണ് ഒരു 'റീത്തി'ന്റെ അവിഭാജ്യ ഘടകങ്ങള്‍. ഇവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. പാരമ്പര്യത്തിലേക്കു തിരിച്ചു പോകണമെന്നു പറയുമ്പോള്‍, ഏത് കാലഘട്ടത്തിലെ പാരമ്പര്യത്തിലേക്കാണു തിരിച്ചു പോകേണ്ടതെന്ന ചോദ്യമുദിക്കും. കാരണം, വിവിധ കാലഘട്ടങ്ങളില്‍ റീത്തിന്റെ ഘടകങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഞായറാഴ്ചകളിലും തിരുനാളു കളിലും മാത്രമേ കുര്‍ബാന അര്‍പ്പിച്ചിരുന്നുള്ളൂ. നിശ്ചിത പ്രായമില്ലാത്തവര്‍ക്കും പട്ടം നല്‍കുമായിരുന്നു. വൈദികര്‍ വിവാഹം കഴിക്കുന്ന പതിവുണ്ടായി രുന്നു, ഈ പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകണമോ? അതുകൊണ്ട്, ഓരോരോ കാലഘട്ടത്തിന്റെ ആവശ്യങ്ങളും സാധ്യതകളും പരിഗണിച്ചാവണം പാരമ്പര്യങ്ങളിലേക്കു തിരിച്ചു പോകാന്‍ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

കേരള കത്തോലിക്കാസഭയെ സംബന്ധിച്ച ഒരു പ്രധാന നിരീക്ഷണം കൂടി തൂങ്കുഴി പിതാവ് നടത്തി. കൂനന്‍ കുരിശുസത്യ ത്തിനുശേഷം സീറോമലബാര്‍സഭ വിട്ടുപോയവര്‍ പുനരൈക്യ പ്പെട്ടപ്പോള്‍ തിരിച്ചു പോയത് അവരുടെ ഏറ്റവും പുരാതന പാരമ്പര്യമായ പൗരസ്ത്യ സുറിയാനിയിലേക്കല്ല മറിച്ച്, അന്ത്യോക്യന്‍ പാരമ്പര്യത്തി ലേക്കാണ്. അതില്‍ അപാകമില്ലതാനും.

6) ആരാധനക്രമ നവീകരണ ത്തെപ്പറ്റി പറയുമ്പോഴൊക്കെ ആവര്‍ത്തിക്കപ്പെടുന്ന പദപ്രയോഗ മാണ് 'ഘടനാപരമായ വളര്‍ച്ച' (organic development).

ഒരു കുഞ്ഞിന്റെ ശരീരത്തിലെ സെല്ലുകളുടെ വളര്‍ച്ചയെ ആസ്പദമാക്കിയാണ് മാര്‍ തൂങ്കുഴി ഈ പ്രയോഗത്തെ വിശദീകരിച്ചത്. കുട്ടിയുടെ പഴയ സെല്ലുകളുടെ സ്ഥാനത്ത് കാലക്രമേണ പുതിയ സെല്ലുകള്‍ രൂപപ്പെടാറുണ്ട്.

പക്ഷേ, കുട്ടി പഴയ കുട്ടി തന്നെ ആയിരിക്കും. അതുപോലെ ലിറ്റര്‍ജിയില്‍ പഴയ ആചാരാനുഷ്ഠാനങ്ങളുടെ സ്ഥാനത്ത്, അന്തഃസത്തയ്ക്കു കോട്ടം വരാത്ത രീതിയില്‍, പുതിയവ ചേര്‍ക്കുന്നത് ഘടനാപരമായ വളര്‍ച്ചയ്ക്കു തടസ്സമല്ല. മറിച്ചായാല്‍ വളര്‍ച്ച തടസ്സപ്പെടുകയും മുരടിപ്പിലേക്കു നയിക്കപ്പെടുകയും ചെയ്യും.

1923-ല്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടതിനുശേഷം സീറോമലബാര്‍സഭയ്ക്കുണ്ടായ വളര്‍ച്ച അഭൂതപൂര്‍വകമായിരുന്നു. എന്നാല്‍, സീറോമലബാര്‍സഭയുടെ ഔദ്യോഗിക ഭാഗഭാഗിത്വമില്ലാതെ 1954-ല്‍ റോമില്‍ നിയമിക്കപ്പെട്ട ലിറ്റര്‍ജി കമ്മീഷന്‍ പൗരസ്ത്യ സുറിയാനി ക്രമങ്ങള്‍ നിര്‍ബന്ധപൂര്‍വം നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതും സഭയുടെ വളര്‍ച്ചയെ തളര്‍ത്തിയതും. പുരാതന ലിറ്റര്‍ജി പുനരുദ്ധരിക്കേണ്ടത് ആവശ്യമാണ്, സംശയമില്ല. പക്ഷേ, അത് നവീകരിക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് വിനയായത്. ഇവിടത്തെ അജപാലന സാഹചര്യങ്ങളും ആവശ്യങ്ങളും നിശ്ചയമുണ്ടായിരുന്ന മെത്രാന്മാരെ വിശ്വാസത്തിലെടുക്കാതെ നടത്തിയ റോമിന്റെ പുനരുദ്ധാരണ മാണ് പ്രശ്‌നങ്ങള്‍ക്കു കാരണ മായതെന്ന് അര്‍ത്ഥശങ്കയ്ക്കിട യില്ലാത്തവിധം മാര്‍ തൂങ്കുഴി പ്രസ്താവിച്ചു.

7) ലത്തിനീകരണം (Latinization) എന്ന ആക്ഷേപമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ച മറ്റൊരു വിഷയം. ലത്തിനീകരണവും സ്വന്തം താല്‍പര്യവും ആവശ്യവും പരിഗണിച്ച് മറ്റു സഭകളില്‍ നിന്നു സ്വീകരിക്കുന്നതും (Reception) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു സഭയുടെ താല്‍പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. എന്നാല്‍, ഉചിതമായ ഘടകങ്ങള്‍ ഉചിതമായ രീതിയില്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. സഭൈക്യത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ ഡിക്രി ഉദ്ധരിച്ചുകൊണ്ടാണ് മാര്‍ തൂങ്കുഴി ഇക്കാര്യം സമര്‍ത്ഥിച്ചത്. പൗരസ്ത്യസഭകളുടെ ഭണ്ഡാഗാരത്തില്‍ നിന്ന് പാശ്ചാത്യ സഭ ആരാധനക്രമവും ആധ്യാത്മിക പാരമ്പര്യവും നിയമവും ഗണ്യമായ തോതില്‍ പകര്‍ന്നെടുത്തിട്ടുണ്ട് (UR നമ്പര്‍ 14).

പൗരസ്ത്യ സുറിയാനി സഭ ഉപയോഗിക്കുന്ന ബേമ്മ, അനാഫൊറ എന്നീ പദങ്ങള്‍ സുറിയാനിയല്ല, ഗ്രീക്കാണ്. സീറോ മലബാര്‍ കുര്‍ബാന ക്രമത്തിലെ 'വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി' എന്ന വിടവാങ്ങല്‍ പ്രാര്‍ഥന മാറോനീത്ത സഭയില്‍ നിന്ന് സ്വീകരിച്ചതാണ്.

ഭക്താനുഷ്ഠാനങ്ങളില്‍ ജപമാല, കുരിശിന്റെ വഴി, തിരുഹൃദയഭക്തി തുടങ്ങിയവ ലത്തീന്‍ സഭയില്‍നിന്നു സ്വീകരിച്ചത് സീറോമലബാര്‍ സഭാംഗങ്ങളുടെ ആത്മീയവളര്‍ച്ചയ്ക്കു സഹായകമായിട്ടുണ്ടെന്ന വസ്തുത നിസ്തര്‍ക്കമാണ്.

പരിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ യഥാര്‍ഥ സാന്നിധ്യത്തെ ആസ്പദമാക്കി വളര്‍ന്നുവന്ന ദിവ്യകാരുണ്യ ഭക്തി ഏതെങ്കിലും പ്രത്യേകസഭയുടെ എന്നതിനേക്കാള്‍ സാര്‍വത്രിക സഭയുടെ പൊതു ആധ്യാത്മിക സമ്പത്താണ്.

8) ലിറ്റര്‍ജിയുടെ ചരിത്രത്തിലെ ഏതെങ്കിലും ഒരു കാലഘട്ടത്തെ, ചിലര്‍ വിശേഷിപ്പിക്കുന്നതുപോലെ, 'സുവര്‍ണ്ണകാലം' എന്നു വിളിക്കുക അത്ര ശരിയല്ല. കാരണം, ലിറ്റര്‍ജി നിശ്ചലമല്ല (Stagnant), അത് ചലനാത്മകമായ യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ, അതു മാറ്റങ്ങള്‍ക്കു വിധേയമാണ്.

താഴെ ചേര്‍ക്കുന്ന കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടാണ് മാര്‍ തൂങ്കുഴി തന്റെ പ്രബന്ധം അവസാനിപ്പിച്ചത്.

- വിശ്വാസത്തെയോ സന്മാര്‍ഗത്തെയോ സംബന്ധിച്ച കാര്യങ്ങളില്‍ സീറോ മലബാര്‍ സഭയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല, വ്യത്യാസം ചില ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമാണ്. അതുകൊണ്ട്, നാനാത്വത്തില്‍ ഏകത്വം (Unity in diversity) എന്ന തത്വം അടിസ്ഥാനപ്രമാണമായി അംഗീകരിക്കപ്പെടണം

- 'മാതൃകാ ആരാധനക്രമം'

(Ideal liturgy) എന്നത് ഒരു സങ്കല്‍പം മാത്രമാണ്. ഓരോരോ സാഹചര്യമനുസരിച്ച് അതില്‍ ചില മാറ്റങ്ങള്‍ ആവശ്യമായി വരും.

- വൈദികരെ വിശ്വാസത്തിലെടുക്കാതെയുള്ള ആരാധനക്രമപരിഷ്‌കരണങ്ങള്‍ ഗുണകരമാവില്ല. (സിനഡാത്മകത - Synodality - എന്ന പദം അന്ന് പ്രചാരത്തിലുണ്ടായിരുന്നില്ലല്ലോ).

- പുനരുദ്ധാരണം, നവീകരണം, അനുരൂപണം എന്നിവ ഒരുമിച്ചു പോകേണ്ട പ്രക്രിയയാണ്.

ഇതാണ് ഞാന്‍ പരിചയപ്പെട്ട തൂങ്കുഴി പിതാവ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോഴും സംസാരിച്ച വിഷയം സീറോമലബാര്‍ ആരാധനക്രമം തന്നെയായിരുന്നു. കുര്‍ബാന സംബന്ധിച്ച് സഭയിലുണ്ടായ പ്രശ്‌നത്തില്‍ അദ്ദേഹം വളരെ ദുഃഖിതനായിരുന്നു. അദ്ദേഹം പങ്കെടുത്തിരുന്ന ചര്‍ച്ചകളില്‍ തന്റെ വിയോജിപ്പുകള്‍ മാന്യമായും ശാന്തമായും സുസ്‌മേരവദനനായും പറയുന്നതില്‍ ഒരു ശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നിര്‍ബന്ധബുദ്ധിയോടെ പ്രതികരിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ 'എല്ലാം ദൈവം അറിയുന്നുണ്ടല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുക' എന്നാണ് അദ്ദേഹം ആശംസിച്ചത്. ആ ആശംസ ഫലിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ലോഗോസ് ക്വിസ് '25 [MOCK TEST No.11] - ന്യായാധിപന്മാർ 15, 16, 17, 18, 19, 20 & 21

ലോഗോസ് ക്വിസ് '25 [MOCK TEST No.10] - ന്യായാധിപന്മാർ 11, 12, 13 & 14

ഭിന്നശേഷി അവകാശ സംരക്ഷണം - നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഋതിക് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു 

കൊച്ചിയിലെ കപ്പലൊച്ചകൾ [07]