
നസിയാന്‍സസിന്റെ (ടര്‍ക്കി) ബിഷപ്പായിരുന്ന വി. ഗ്രിഗറിയുടെ മകനും വി. ഗ്രിഗറി നസിയാന്‍സെന്റെ സഹോദരനുമാണ് വി. കേസരിയൂസ്. ചെറുപ്പത്തിലേതന്നെ ബുദ്ധിമാനായിരുന്ന കേസരിയൂസ് പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. അലക്‌സാണ്ഡ്രിയയില്‍ പ്രസംഗകലയും തത്വശാസ്ത്രവും വൈദ്യവും പഠിച്ചു. പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ വൈദ്യ ശാസ്ത്രത്തില്‍ ഉന്നതവിജയം നേടി. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഏറ്റവും സമര്‍ത്ഥനായ ഡോക്ടറായിരുന്നു അദ്ദേഹം. ചക്രവര്‍ത്തിയായ കോണ്‍ സ്റ്റാന്റിയൂസ് കേസരിയൂസിനെ, കോണ്‍സ്റ്റാന്റിനോപ്പിളില്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വന്തം നാട്ടിലേക്കുതന്നെ യാത്ര തിരിച്ചു.
വഴിക്ക് സഹോദരനായ ഗ്രിഗറിയെ കണ്ടുമുട്ടി. സഹോദരന്‍ ആതന്‍സില്‍നിന്നു വരികയായിരുന്നു. പിന്നീട് അവരിരുവരും ഒരുമിച്ച് യാത്ര തുടര്‍ന്നു.
കേസരിയൂസിന് വീണ്ടും കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോകേണ്ടിവന്നു. ജൂലിയന്‍ അദ്ദേഹത്തെ കൊട്ടാരത്തിലെ മുഖ്യ ഭിഷഗ്വരനായി നിയമിച്ചു. കൂടാതെ ക്രിസ്ത്യാനികള്‍ക്കെതിരായി ജൂലിയന്‍ പുറപ്പെടുവിച്ച വിളംബരം കേസരിയൂസിനു ബാധകമല്ലാതാക്കി. എങ്കിലും വിശ്വാസത്തില്‍ നിന്നു കേസരിയൂസിനെ പുറത്തുകൊണ്ടുവരുവാനുള്ള ജൂലിയന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.
368-ല്‍ ഒരു വലിയ ഭൂകമ്പമുണ്ടായി അതില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ട കേസരിയൂസിന്റെ മനസ്സിനെ അതു വല്ലാതെ ഉലച്ചു. അദ്ദേഹത്തിന്റെ ജീവിതവീക്ഷണം തന്നെ മാറിപ്പോയി. ഭൗതികതലത്തിലുള്ള സകല ഇടപാടുകളും ഉപേക്ഷിച്ചു. പക്ഷേ, അധികം താമസിയാതെ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന്‍ ഗ്രിഗറിയാണു ചരമപ്രസംഗം നടത്തിയത്. കുടുംബക്കല്ലറയില്‍, മാതാപിതാക്കളുടെ സാന്നിധ്യത്തില്‍, കേസരിയൂസിന്റെ ശവസംസ്‌കാരം നടന്നു.