Coverstory

വെളിച്ചം പോലെ പരന്നൊഴുകാം!

അഭിലാഷ് ഫ്രേസര്‍

ഏതോ മഹാനഗരത്തിലെ സിനിമാ തീയേറ്ററിന്റെ ഇരുണ്ട ഹാളില്‍ വച്ചാണ് മിന്നാമിന്നിയെ പോലെ അവള്‍ പ്രകാശം പരത്തിയതും കൈയില്‍ വിഷക്കുപ്പിയുമായി അവസാനത്തെ സിനിമ കാണാനെത്തിയ അയാളെ പ്രകാശത്തിലേക്കും ജീവനിലേക്കും വീണ്ടെടുത്തതും. വെടിയും പുകയും പ്രണയവും പകയും നിറഞ്ഞ ഹോളിവുഡ് ചലച്ചിത്രം അഭ്രപാളിയില്‍ തീജ്വാലകള്‍ ചിന്തുമ്പോഴും അവളുടെ മിഴികളിലെ പ്രകാശം മാഞ്ഞില്ല, അവളുടെ പൊട്ടിച്ചിരിയും. മരണം കാംക്ഷിച്ചു ഒറ്റയ്ക്കിരുന്നയാളുടെ അരികത്തു വന്നിരുന്ന് അയാളുടെ തകര്‍ന്നു പോയിരുന്ന ആത്മവിശ്വാസത്തെയും ചൈതന്യത്തെയും വീണ്ടെടുത്തു കൊണ്ടും മരണത്തില്‍ നിന്ന് ജീവനിലേക്ക് നയിച്ചും കൊണ്ടും പരിസരമാകെ പ്രകാശം പരത്തിക്കൊണ്ടും കടന്നുപോയ പെണ്‍കുട്ടിയുടെ കഥ ടി. പത്മനാഭന്‍ അനശ്വരമാക്കി. ഈ ഈസ്റ്റര്‍ വായനകളെല്ലാം പറയുന്നതും പ്രകാശം പരത്തുന്ന നല്ല വിശേഷങ്ങളാണ്.

‘ഉണര്‍ന്നു പ്രശോഭിക്കുക! നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു!’ എന്നു പറഞ്ഞു കൊണ്ടാണ് ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള വായന ആരംഭിക്കുന്നത്. സുവിശേഷം പറയുന്നതും ഒരു പ്രഭാതത്തിന്റെ വിശേഷമാണ്. ‘ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ...’ എന്നു പറഞ്ഞു കൊണ്ടാണ് മത്തായി ഉത്ഥാനവിവരണം ആരംഭിക്കുന്നത്. ഈ വായന സൃഷ്ടിയുടെ ഒന്നാം ദിവസത്തെക്കുറിച്ചുള്ള ഉത്പത്തിയിലെ വിവരണത്തെ അനുസ്മരിപ്പിക്കുന്നു. വെളിച്ചമുണ്ടാകട്ടെ! സൃഷ്ടിയുടെ ആദ്യവചനം! പഴയ നിയമത്തില്‍ എല്ലാം തുടങ്ങിയത് വെളിച്ചത്തിലൂടെയാണ്. പുതിയ നിയമത്തിലെ എല്ലാ പുതുക്കങ്ങളും തുടങ്ങുന്നതും ഒരു പ്രഭാതത്തില്‍, ഉദയരശ്മികള്‍ ഭൂമിയില്‍ പാദം പതിപ്പിക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍! ക്രിസ്തുവിന്റെ ഉത്ഥാനം ഉദയത്തിലെ സ്ത്രീകളോട് വിവരിക്കുന്ന ദൂതന്റെ രൂപം മത്തായി വിവരിക്കുന്നത് നോക്കുക ‘അവന്റെ രൂപം മിന്നല്‍പിണര്‍ പോലെയായിരുന്നു!’ വെളിച്ച ത്തിന്റെ വൈദ്യുത ദ്യുതിപോലൊരാള്‍!

കര്‍ത്താവ് ഉദിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഭൂകമ്പം ഉണ്ടാകുന്നു. ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങി വരുന്നു. കല്ലുകള്‍ നീങ്ങുന്നു. കാവല്‍ക്കാര്‍ മരിച്ചവരെ പോലെ ആയിത്തീരുന്നു.

ഭൂകമ്പവും സ്വര്‍ഗത്തില്‍ നിന്നിറങ്ങി വരുന്ന ദൂതനും ഭൂമിയെയും സ്വര്‍ഗത്തെയും കുറിച്ചാണ് സൂചന നല്‍കുന്നത്. കാനായില്‍ വെള്ളം വീഞ്ഞായതിനെക്കുറിച്ച് ‘വെള്ളം അതിന്റെ സ്രഷ്ടാവിനെ കണ്ട മാത്രയില്‍ വ്രീളവതിയായി ചുവന്നു!’ എന്ന് പണ്ട് ആംഗലേയ കവി ബൈറണ്‍ എഴുതിയത് പോലെ, സ്വര്‍ഗം അതിന്റെ സര്‍വപ്രതാപങ്ങളോ ടെയും തുറന്ന നേരം ഭൂമി ഒരു മാത്ര വിറച്ചു പോയി! കാവല്‍ക്കാരും ‘വിറ പൂണ്ട്’ മരിച്ചവരെ പോലെയായി എന്ന വാക്യവും ചേര്‍ത്തു വായിക്കുമ്പോള്‍ ഭൂമിയുടെ വിറയല്‍ കൃത്യമായി മനസ്സിലാകും.

കല്ലറവാതില്‍ തുറന്ന് ജീവന്‍ സമൃദ്ധമായി ഒഴുകുകയാണ്. ഒഴുകി പരക്കുകയാണ്, അതിരുകള്‍ മായ്ച്ചു കൊണ്ട്. വെളിച്ചത്തിനെ ഒരു മുറിയിലോ ഒരു പ്രദേശത്തോ അടക്കി വയ്ക്കാനാവാത്തതു പോലെ, ഇനി മേല്‍ ക്രിസ്തുവിനെ സ്ഥല, കാല പരിമിതികൾ ക്കുള്ളില്‍ അടക്കി നിര്‍ത്താനാവില്ല!

കല്ലുകള്‍ നീങ്ങുന്നതും കാവല്‍ക്കാര്‍ മൃതരെ പോലെയാകുന്നതുമാണ് മറ്റൊരു പ്രധാന കാര്യം. ആ പുലരി വരെ മരണത്തിന് വിധേയമായ ജീവന്‍, അടച്ച് മുദ്ര വച്ച ഒരു ഗുഹാരഹസ്യമായിരുന്നു. കല്ലുരുട്ടി മാറ്റുമ്പോള്‍ നീങ്ങുന്നത് ഒരു മഹാരഹസ്യത്തിന്റെ വാതിലാണ്, അനശ്വര ജീവന്‍ എന്ന മഹാരഹസ്യത്തിന്റെ! മനുഷ്യന്‍ എന്തിനാണ് തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ സംസ്‌കരിക്കാന്‍ കല്ലറകള്‍ പണിയുന്നത്? കല്ലുകള്‍, പാറകള്‍ താരതമ്യേന അനശ്വരങ്ങളാ ണെന്ന ധാരണയാണതിന് പിന്നില്‍.

താജ്മഹല്‍ നോക്കുക. കാലത്തിന് എളുപ്പം നശിപ്പിക്കാന്‍ ആവില്ല എന്ന ധാരണയില്‍ വെണ്ണക്കല്ലില്‍ പണിത മൃത്യുസ്മാരകം. മരണത്തെ കല്ലുകള്‍ കെട്ടി അനശ്വരമാക്കാനുള്ള ശ്രമമാണ് എല്ലാ കല്ലറയും. ഓര്‍മിക്കണം മരണത്തെയാണ് ജീവനെ അല്ല അവര്‍ അപ്രകാരം അനശ്വരമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്! എന്നാല്‍, ഈസ്റ്റര്‍ പുലരിയില്‍, മിന്നൽ പിണര്‍ പോലെ സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ദൂതന്‍ മരിച്ചവരെ സൂചിപ്പിക്കുന്ന കല്ല് എടുത്തു മാറ്റുകയാണ്. ഇനി കല്ലറകളല്ല മനുഷ്യ ജീവിതത്തെ നിർണ്ണയിക്കാന്‍ പോകുന്നത്, കല്ലുകള്‍ നീക്കി വിശാലതയിലേക്ക് പറക്കുന്ന അനശ്വര ചൈതന്യമാണ്! അതാണ് ഈസ്റ്ററിന്റെ കാതല്‍! കാലത്തിന് കെട്ടിയിടാനാവാത്ത, കല്ലറകള്‍ക്കോ സ്ഥല പരിമിതികള്‍ക്കോ ഒതുക്കാനാവാത്ത, നിത്യജീവന്റെ ആഘോഷം!

വിറപൂണ്ട് ‘മരിച്ചവരെ പോലെ ആയ’ കാവല്‍ക്കാരെ, ഇന്നത്തെ മറ്റൊരു വായനയില്‍ പൗലോസ് റോമാക്കാര്‍ക്കെഴുതുന്ന വരികളുമായി ചേര്‍ത്തു വായിക്കണം. ജീവന്‍, മരണം എന്നീ ദ്വന്ദ്വങ്ങളെ ചുറ്റിയാണ് പൗലോസിന്റെ ചിന്തകള്‍. ആദവും ക്രിസ്തുവുമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ആദം മൂലം പാപവും മരണവും ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ ക്രിസ്തു വഴി മരണത്തെ ജയിക്കുന്ന ജീവന്‍ സമൃദ്ധമായി. ക്രിസ്തു അനശ്വര ജീവനിലേക്ക് ഉയരുന്ന നേരത്ത് എന്തുകൊണ്ടാണ് കാവല്‍ക്കാര്‍ മരിച്ചവരെ പോലെ ആയിത്തീര്‍ന്നത്? മരണത്തിന് കാവല്‍ നിന്നിരുന്നവര്‍, ജീവനെ പൂട്ടിയിട്ട് അതിന് മുന്നില്‍ കാവല്‍ നിന്നിരുന്നവര്‍, ഭയന്നു മരിച്ചവരെ പോലെ ആയി എന്ന ആദ്യത്തെ അര്‍ത്ഥം കടന്നു മുന്നോട്ട് പോകുമ്പോള്‍, നാം പൗലോസിന്റെ വാക്യം കാണുന്നു ‘നിങ്ങള്‍ പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനുവേണ്ടി ജീവി ക്കുന്നവരാണെന്നും അറിഞ്ഞു കൊള്ളുവന്‍!’ (റോമാ 6:11). കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, ‘എന്തെന്നാല്‍, മരിച്ചവന്‍ പാപമോചിതനായിരിക്കുന്നു’ (റോമാ 6:7). ക്രിസ്തു ഉയിര്‍ത്ത മാത്രയില്‍, പാപത്തെ സംബന്ധിച്ച് മരിക്കാനിരിക്കുന്നവരുടെ പ്രതീകമായി അതുവരെ മൃതിയുടെയും പാപത്തിന്റെയും കാവല്‍ക്കാരായിരുന്നവര്‍ ‘മരിച്ചവരെ പോലെ’ ആയിത്തീരുകയാണ്! ഇനിയുള്ള ജീവിതം ക്രിസ്തുവില്‍! പൗലോസ് പറയുന്നതുപോലെ, ‘നാം ക്രിസ്തുവിനോടു കൂടി മരിച്ചുവെങ്കില്‍, അവനോടുകൂടി ജീവിക്കും!’ (റോമാ 6:8).

ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ വാക്യം ഇതാണ് ‘ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ ഇവിടെയില്ല!’ (മത്തായി 28:56). ക്രൂശിക്കപ്പെട്ട യേശുവിനെ അന്വേ ഷിക്കേണ്ടത് മരിച്ചവരുടെ ഇടയിലല്ല എന്ന് പറയുന്നതിന്റെ ധ്വനി കുരിശ് ഇനി മേല്‍ മരണത്തിന്റെ ചിഹ്നമല്ല, അത് അന്വേഷിക്കേണ്ടത് മരിച്ചവരുടെ കല്ലറയിലല്ല, ജീവന്റെ അനശ്വരമായ ആകാശങ്ങളിലാണ് എന്നാണ്! ചരിത്രത്തിന്റെ മേലാണ് ഈ വാക്യം തിളങ്ങുന്നത്. കല്ലറകളില്‍ മരിച്ചവരെ തേടി എത്തുന്ന മനുഷ്യ പാരമ്പര്യത്തിനൊരു പൊളിച്ചെഴുത്ത്. കുരിശിന്റെ അടയാളങ്ങളോടെ മരിച്ചവര്‍ ഇനി കല്ലറകളില്ലല്ല, അനശ്വരതയുടെ ആകാശ ങ്ങളില്‍!

ക്രിസ്തു കുരിശില്‍ മരിക്കുന്നത് ഇരുട്ട് നിഴല്‍ വീഴ്ത്തിയ ഒരു മധ്യാഹ്നത്തിലാണെങ്കില്‍ ഉയിര്‍പ്പ് പ്രകാശിതമാകുന്നത് ഉദയരശ്മി സുസ്‌മേരമാകുന്ന ഒരു പുലരിയിലാണ്. ‘ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും’ (ഏശയ്യ 60:3). ദൂരെ നിന്ന് വരുന്ന പുത്രന്മാരെക്കുറിച്ചും ഏശയ്യാ പാടുന്നു ‘കണ്ണുകള്‍ ഉയര്‍ത്തി ചുറ്റും നോക്കുക. അവര്‍ ഒരുമിച്ചു കൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്മാര്‍ ദൂരെ നിന്നു വരും’ (60:4). കല്ലറയുടെ വാതില്‍ തുറന്നു കഴിഞ്ഞിരിക്കുന്നു! ഇനി അതിരുകളില്ല! ഇസ്രായേലും യൂദയായും ഗലീലിയും കഫര്‍ണാമും ജറുസലേമും ഒന്നും ഇനിമേല്‍ അതിരുകളല്ല. യേശുവിന്റെ ഉയിര്‍പ്പ് എല്ലാ അതിരുകളും മായ്ച്ചു കളഞ്ഞിരിക്കുന്നു. ഭാവിയുടെ പുത്രന്‍മാര്‍ ദൂരെ, ദൂരെ നിന്നു വരും, ഭൂമിയുടെ അതിരുകളില്‍ നിന്ന്!

കല്ലറവാതില്‍ തുറന്ന് ജീവന്‍ സമൃദ്ധമായി ഒഴുകുകയാണ്. ഒഴുകി പരക്കുകയാണ്, അതിരുകള്‍ മായ്ച്ചുകൊണ്ട്. വെളിച്ചത്തിനെ ഒരു മുറിയിലോ ഒരു പ്രദേശത്തോ അടക്കി വയ്ക്കാനാവാത്തതുപോലെ, ഇനി മേല്‍ ക്രിസ്തുവിനെ സ്ഥല, കാല പരിമിതികള്‍ക്കുള്ളില്‍ അടക്കി നിര്‍ത്താനാവില്ല! ശിഷ്യന്മാര്‍ക്കിടയിലേക്ക് വന്നതു പോലെ അടഞ്ഞ മുറിയിലേക്ക് അവന്‍ വാതില്‍ തുറക്കാതെ കടന്നുവരും!

വിശുദ്ധ ജോണ്‍ (ഈജിപ്ത്) (300-394) : മാര്‍ച്ച് 27

അങ്കമാലിയിൽ ദേശീയ നഴ്സിംഗ് ശില്പശാല

അപ്പത്തിന്റെ തത്ത്വമസി

പെസഹാ വ്യാഴം: പള്ളികളിലെ അപ്പം മുറിക്കൽ

മലയാളി മെത്രാൻ