നിരീശ്വര രാജ്യമായ ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഭക്തസാധനങ്ങൾ (Pious Articles) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറിപ്പോകുന്നത് എന്ന വാർത്ത വായിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല. എന്നാൽ ചൈനയിൽ നിന്നാണ് കണ്ടെയ്നർ കണക്കിന് ഭക്തസാധനങ്ങൾ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് എത്തുന്നതെന്ന് അത്തരമൊരു സ്ഥാപനത്തിന്റെ മാനേജർ പറഞ്ഞപ്പോൾ ഉറപ്പായി, നിരീശ്വര രാജ്യങ്ങളിലും ദൈവവില്പനക്കാർ ഉണ്ടെന്ന്! എന്നാൽ അവരെക്കാൾ ഏറുകയാണ് നമ്മുടെ നാട്ടിൽ പ്രായോഗിക നിരീശ്വരന്മാരായ ദൈവവാണിഭക്കാർ!
സച്ചിദാനന്ദൻ മാഷിന്റെ “ആറാം ദിവസം” എന്ന കവിത വളരെ പ്രസിദ്ധമാണ്. അത് ഇങ്ങനെയാണ്: “ആറാം ദിവസം മനുഷ്യൻ സ്വന്തം ഛായയിലും സാദൃശ്യത്തിലും ദൈവങ്ങളെ സൃഷ്ടിച്ചു.” മനുഷ്യർ അവർക്ക് ഇണങ്ങുന്ന ദൈവങ്ങളെ സൃഷ്ടിക്കുന്ന നവയുഗ പ്രസ്ഥാനങ്ങളുടെ (New Age Movements) കാലത്ത് ദൈവവില്പനക്കാരുടെ എണ്ണം കൂടുകയാണ്. ഒരു പാത്രം പയറു പായസത്തിനുവേണ്ടി ജന്മാവ കാശം വിറ്റ ഏസാവ് ദൈവവില്പന ക്കാരുടെ ഉത്തരാധുനിക കാലത്ത് അപ്രസക്തനാണ്. കാരണം ജനത്തിന്റെ ആവശ്യമനുസരിച്ച് സ്വർണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കുന്ന ന്യൂ എജ് അഹറോനാണ് ഇന്ന് മാർക്കറ്റ് ഉള്ളത്.
മധ്യകാലത്ത് സഭയിലെ ദണ്ഡവിമോചന വില്പനക്കാരനായിരുന്ന യൊഹാൻ ടെറ്റ്സെൽ (Johann Tetzel) ഉണ്ടാക്കിയ മോശപ്പെട്ട മുദ്രാ വാക്യം ഉണ്ടായിരുന്നു. “വെള്ളിക്കാശ് നേർച്ചപ്പെട്ടിയിൽ വീഴുന്ന ശബ്ദം കേൾക്കുമ്പോൾ ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തുനിന്ന് കുതിക്കുന്നു” (As soon as the coin in the coffer rings, the soul from purgatory springs). മാർട്ടിൻ ലൂഥർ കലഹിച്ചത് ഇത്തരം ആത്മീയ വാണിഭങ്ങൾക്കെതിരെയായിരുന്നു. ആത്മീയ കാര്യങ്ങളെ സാമ്പത്തിക ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നവർ നരകത്തിന്റെ മൂന്നാംകുഴിയിൽ വീഴുമെന്ന് തന്റെ Divine Comedy-ൽ എഴുതിയത് ഇറ്റാലിയൻ കവിയായ ഡാന്റെ അലിഗേരിയാണ്. സ്വർണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കിയ അഹറോൻ പുരോഹിതനായിട്ടും കാനാൻ ദേശം കണ്ടില്ല എന്നത് പ്രതീകാത്മകമാണ്.
ഒരു പാത്രം പയറു പായസത്തിനുവേണ്ടി ജന്മാവകാശം വിറ്റ ഏസാവ് ദൈവവില്പനക്കാരുടെ ഉത്തരാധുനിക കാലത്ത് അപ്രസക്തനാണ്. കാരണം ജനത്തിന്റെ ആവശ്യമനുസരിച്ച് സ്വർണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കുന്ന ന്യൂ എജ് അഹറോനാണ് ഇന്ന് മാർക്കറ്റ് ഉള്ളത്.
സ്വർണ്ണക്കാളക്കുട്ടികളെ വാർക്കുന്ന മോൾഡുകൾക്ക് ഇന്ന് ആവശ്യക്കാരേറെയുണ്ട്. നവയുഗ പ്രസ്ഥാനങ്ങൾ അത്തരത്തിലുള്ള ഡൊമസ്റ്റിക്കേഷൻ (Domestication) അഥവാ അരുമവൽക്കരണം ദൈവങ്ങളുടെ കാര്യത്തിൽ നടത്തുന്നുണ്ട്. തനിക്കിഷ്ടമുള്ള രൂപത്തിലും ഭാവത്തിലും ദൈവങ്ങളെ നിർമ്മിച്ച് എടുക്കുന്ന പുതിയ ആൾദൈവ കുടിൽവ്യവസായങ്ങൾ New Age Movements ലോകത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് സോഷ്യോളജിസ്റ്റായ Grace Davie എഴുതിയതു പോലെ “Believing without Belonging” എന്ന് കരുതാവുന്ന തരത്തിലുള്ള മാനസികാവസ്ഥ രൂപപ്പെടുത്തുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് വലുതാണ്.
ഒരു സൂപ്പർമാർക്കറ്റ് ഷോപ്പിംഗ് പോലെയാണ് നവയുഗ പ്രസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്ന മതാനുഭൂതി. സഹനത്തെ ക്കുറിച്ച് ഒരക്ഷരം ഇവർ പറയില്ല. പറയുന്നതോ ജസ്റ്റ് റിലാക്സ്, ജീവിതം ആനന്ദോത്സവമാണ് എന്നൊക്കെയാണ്. അനുയായി കൾക്ക് ഇവർ ഓഫർ ചെയ്യുന്ന മതാനുഭൂതി സത്യത്തിൽ ഒരു സുഖാനുഭൂതിയാണ്. ഈ സുഖാനുഭൂതി സൃഷ്ടിച്ചെടുക്കാൻ മതജീവിതത്തെയും ദൈവസങ്കല്പങ്ങളെയും അവർ ഒരു മിശ്രിതം ആക്കി മാറ്റുകയാണ്. ക്രിസ്റ്റ്യാനിറ്റിയിൽ നിന്ന് അല്പം മിസ്റ്റിസി സവും ബുദ്ധമതത്തിൽ നിന്ന് അല്പം മെഡിറ്റേഷനും ഹിന്ദുമത ത്തിൽ നിന്ന് അല്പം യോഗയുമൊക്കെ ചേർത്ത് സാഹചര്യത്തിനി ണങ്ങുന്ന മതക്കുഴമ്പുകളും ആചാരരീതികളും സൃഷ്ടിച്ചെടുക്കുകയാണ് ഇവർ. ഈ മതാത്മകത ഒരു സൂപ്പർമാർക്കറ്റിലെ ഷോപ്പിംഗ് പോലെയാണ്. എനിക്കിഷ്ടമുള്ള സാധനങ്ങൾ എന്റെ ബാസ്ക്കറ്റിലേക്ക് പെറുക്കിയെടുക്കുന്ന pick and choose ഷോപ്പിംഗ് പോലെയാണ് ഇവരുടെ മതജീവിതവും. ഇവിടെ ആരാധന ആത്മരതിയുടെ മറുരൂപം തന്നെയാകുന്നു. കാരണം ഇവിടെ ഞാൻ തന്നെയാണ് എന്റെ ദൈവം! സ്രഷ്ടാവും ഞാൻ തന്നെ, സൃഷ്ടിയും ഞാൻ തന്നെ. “എന്റെ തല, എന്റെ ഫുൾ ഫിഗർ മാത്രം ഫ്ളക്സിൽ മതി” എന്ന് ശഠിക്കുന്നവരുടെ രൂപത്തിൽ വ്യക്തി പൂജയുടെ ആൾദൈവ സംസ്കാരം സംഘടിത മതങ്ങളിലേക്കും നുഴഞ്ഞു കയറുന്നുണ്ട്.
എന്തുകൊണ്ട് ന്യൂ ഏജ് മൂവ്മെന്റ്സ് ശക്തിപ്പെടുന്നു എന്ന ചോദ്യത്തിനുള്ള പല ഉത്തരങ്ങളിൽ ഒന്നാണ് പരമ്പരാഗത മതങ്ങളുടെ വിശ്വാസ്യതയിൽ വന്ന ഇടിവ് എന്നത്. I am spiritual but not religious എന്ന് പലരും പറഞ്ഞു തുടങ്ങുന്നത് ആചാര ത്തിൽ നിന്ന് മൂല്യത്തിലേക്കുള്ള അകലം പല പരമ്പരാഗത മതങ്ങളിലും കൂടുന്നതുകൊണ്ടാണ്. “നിത്യേന ഗീത വായിക്കു കയും കൊണ്ടുനടക്കുകയും ചെയ്യുന്ന ആളായിരുന്നു ഗാന്ധി; അങ്ങനെ തന്നെ ഗോഡ്സെയും” എന്ന കുരീപ്പുഴ ശ്രീകുമാറിന്റെ കവിത സൂചിപ്പിക്കുന്നതുപോലെ പത്തുകല്പനകൾക്കു പകരം സ്വന്തം കല്പനകൾ വിശ്വാസികൾ ഫേസ്ബുക്ക് പലകകളിൽ എഴുതിയുണ്ടാക്കുന്ന കാലമാണിത്. ഫലമോ, പലയിടങ്ങളിലും വചനം മാംസമാകുന്നില്ല. വാക്ക്, പ്രവർത്തിയാകുന്നില്ല.
വള്ളിപുള്ളി തെറ്റാതെ മതം അനുഷ്ഠിച്ച ഒരാളാണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ്. നിയമബദ്ധമായ മതാനുഷ്ഠാന ത്തിന്റെ കാര്യത്തിൽ അഗ്രഗണ്യനായ ഇദ്ദേഹം മതത്തിന്റെ എല്ലാ നോമ്പും എടുക്കുകയും തന്റെ കൊട്ടാരത്തിലുള്ള എല്ലാവരെയും കൊണ്ട് നോമ്പ് എടുപ്പിക്കാൻ നിഷ്ഠ പുലർത്തുകയും ചെയ്ത ആളാണ്. എന്നാൽ ഈ “മതമനുഷ്യൻ” തന്നെയാണ് സ്വന്തം സഹോദരനായ ദാരാഷിക്കോയെ വധിക്കുകയും സ്വന്തം പിതാവായ ഷാജഹാനെ തടവറയിൽ പാർപ്പിക്കുകയും ചെയ്തത്. അതേ, പല മതമനുഷ്യരും ധാർമ്മിക മനുഷ്യർ ആകുന്നില്ല. “യേശുവിലാണെൻ വിശ്വാസം, കീശയിലാണ് എൻ ആശ്വാസം” എന്ന് കുഞ്ഞുണ്ണിമാഷ് എഴുതിയതുപോലെ തന്നെ. ആചാരം മൂല്യമാകാതെ പോകുന്ന അർഥശൂന്യതയാണ് പരമ്പരാഗത മതങ്ങളുടെ വിശ്വാസ്യതയിൽ വന്ന ഇടിവിന്റെ പ്രധാന കാരണം.
പിൻകുറിപ്പ്:
“ബില്ല് കിട്ടിയപ്പോൾ ബോദ്ധ്യപ്പെട്ടു,
നഗരത്തിൽ സസ്യഭോജനശാല
നടത്തുന്നത് നരഭോജികൾ തന്നെ”
കുരീപ്പുഴയുടെ ഈ കവിത നമ്മുടെ മതാത്മകതയ്ക്ക് നേരെ പിടിച്ച ഒരു കണ്ണാടി തന്നെയല്ലേ?
“വിവാദപരമായ ഒരു വിശ്വാസ സത്യമേ ഉള്ളൂ: ദൈവം എന്നതുകൊണ്ട് നീയെന്ത് അർഥമാക്കുന്നു” (There is only one dogma in debate: What do you mean by God?) എന്ന് പ്രോസസ് ഫിലോസഫിയുടെ ആചാര്യൻ ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡ് പറഞ്ഞുവച്ചത് എത്രയോ ശരിയാണ്.