Coverstory

സൗജന്യമായി ഒന്നുമില്ല, സ്വാതന്ത്ര്യം പോലും

ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O de M
സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികൾ ഒന്നും സൗജന്യമായി നൽകില്ല. അത് അവരുടെ അടിസ്ഥാന സ്വഭാവമാണ്. അവർക്ക് നൽകാനല്ല, സ്വീകരിക്കാൻ മാത്രമേ അറിയൂ. അവർ ദാനങ്ങളെ വെറുക്കുന്നു.

ഒറ്റരാത്രികൊണ്ട് ഫറവോ എല്ലാം മറന്നു കഴിഞ്ഞു; അവന്റെ ദേശത്ത് സംഭവിച്ച മഹാമാരികളും ജനങ്ങളുടെ കഷ്ടപ്പാടുകളും തന്റെ കുടുംബം അനുഭവിച്ച നൊമ്പരങ്ങളുമെല്ലാം. ഇസ്രായേൽ ജനം മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽ നിന്നും യാത്ര പുറപ്പെട്ടു. ഫറവോ തന്നെയാണ് അതിനുള്ള അനുവാദവും നൽകിയത്. ഇപ്പോഴിതാ, അവന്റെ മനസ്സു മാറിയിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന ഇഷ്ടികപ്പാടങ്ങളും നഷ്ടപ്പെട്ട യഹൂദരുടെ സേവനങ്ങളും അവന് ഒരാശങ്കയായി മാറിയിരിക്കുന്നു. “ജനം പലായനം ചെയ്തെന്ന് ഈജിപ്തുരാജാവിന് വിവരം കിട്ടിയപ്പോൾ, ജനത്തോടുള്ള ഫറവോയുടെയും അവന്റെ സേവകരുടെയും മനോഭാവം മാറി. അവർ പറഞ്ഞു: നാം എന്താണീ ചെയ്തത്? നമുക്ക് അടിമവേല ചെയ്യുന്നതിൽനിന്ന് ഇസ്രായേൽക്കാരെ നാം വിട്ടയച്ചല്ലോ! അവൻ തന്റെ രഥം പൂട്ടി ജനത്തെ തന്നോടൊപ്പം കൂട്ടി” (14:5-6). ഒരു കാര്യം വ്യക്തമായിരിക്കുന്നു: ഭരണാധികാരികളിൽ നിന്നും സൗജന്യമായി ഒന്നുമില്ല, സ്വാതന്ത്ര്യം പോലും.

സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികൾ ഒന്നും സൗജന്യമായി നൽകില്ല. അത് അവരുടെ അടിസ്ഥാന സ്വഭാവമാണ്. അവർക്ക് നൽകാനല്ല, സ്വീകരിക്കാൻ മാത്രമേ അറിയൂ. അവർ ദാനങ്ങളെ വെറുക്കുന്നു. കാരണം, അവർക്കറിയാം ദാനമായി എന്തെങ്കിലും നൽകിയാൽ അത് അവർക്കെതിരെ തിരിയുമെന്നും അവരുടെ അധികാരശക്തി ഇല്ലാതാക്കുമെന്നും. അതുകൊണ്ടാണ് സ്വയം വിഗ്രഹമാകാൻ ശ്രമിക്കുന്ന എല്ലാ ഭരണാധികാരികളും ആദ്യമേതന്നെ നുണകൾ കൊണ്ട് ഒരു കൂടാരം പണിയുന്നത്. എന്നിട്ട് ആ കൂടാരത്തെ ഒരു പവിത്രക്ഷേത്രമായി പ്രദർശിപ്പിക്കും. അതിൽ നിന്നും നിവേദ്യമായി ദാനങ്ങളൊന്നും ലഭിക്കില്ല. എല്ലാത്തിനും ഒരു കച്ചവടമൂല്യം കൽപ്പിക്കും. എല്ലാം വിശുദ്ധമാണ്, പക്ഷേ സൗജന്യമായി ഒന്നുമില്ല. ഈ വാണിജ്യ ചരക്കുകളെ ദേശീയതയായും ബാല്യകാല ഗൃഹാതുരതയായും കച്ചവടം നടത്തും. ഒപ്പം ജനങ്ങളുടെ അവകാശമായ ചില സൗജന്യങ്ങളെ അമിതമായി ലളിതവൽക്കരിച്ചും കളിയാക്കിയും അവർ അത് ഇല്ലാതാക്കും. സൗജന്യങ്ങൾ നൽകാതിരിക്കുക എന്നത് മാത്രമാണ് ഭരിക്കുന്നവരുടെ ഗൂഢശ്രമം. അഥവാ, നൽകുകയാണെങ്കിൽ അവരുടെ വലംകൈയായി പ്രവർത്തിക്കുന്ന സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ അതിനെ ഒരു കുത്തകയായി ഭരമേല്പിക്കും. അങ്ങനെ സൗജന്യം നൽകലിനെ ഭരണകൂടം ഒരു പരസ്യ പ്രചരണമാക്കി മാറ്റും. ആ സൗജന്യം സ്വീകരിക്കുന്നവർ ഭരണാധികാരിയുടെ ആരാധകരായി മാറുകയും ചെയ്യും.

വിഗ്രഹങ്ങൾ സംസാരിക്കില്ല. അതുപോലെതന്നെയായിരിക്കും അതിന്റെ ആരാധകരുടെ കാര്യവും. അവരിൽ നിന്നും സംസാരശേഷി നഷ്ടപ്പെടും. അങ്ങനെ രാജ്യം പതുക്കെ പതുക്കെ നിശബ്ദമാകാൻ തുടങ്ങും. ആ നിശബ്ദത മയക്കുന്ന നിശബ്ദതയാണ്. ലഹരിയായി മാറുന്ന നിശബ്ദത. അത് മദ്യപാനശാലകളിലും ഭാഗ്യക്കുറികളുടെ മുൻപിലുമുള്ള നിസ്സഹായമായ നിശബ്ദതയാണ്. ബൈബിളിലെ ദൈവം നിശബ്ദനല്ല. അവൻ സംസാരിക്കുന്ന ദൈവമാണ്. വചനത്തിന് അനന്തതയോളം വിലകൽപ്പിക്കുന്ന ദൈവം. സംസാരിക്കുന്ന ദൈവത്തിന് മാത്രമേ നമ്മുടെ നിശബ്ദതയ്ക്കുള്ളിലെ നിസ്സഹായവസ്ഥയെ മനസ്സിലാക്കാനും നിലവിളികളെ കേൾക്കാനും സാധിക്കൂ.

ഈജിപ്തിൽ നിന്നും ഉയർന്ന കരത്തോടെ പുറപ്പെടുന്ന ഇസ്രായേൽക്കാരെ അനുധാവനം ചെയ്യുന്ന ഫറവോയുടെ ചിത്രം പുറപ്പാട് 14-ൽ ഉണ്ട്. ഈജിപ്തിന് പുറത്ത് യഹൂദർ അനുഭവിച്ച ആദ്യ പരീക്ഷണവും പ്രലോഭനവുമാണത്. അവർ മോശയോട് ചോദിക്കുന്നു: “ഈജിപ്തിൽ ശവക്കുഴികളില്ലാഞ്ഞിട്ടാണോ മരിക്കാനായി നീ ഞങ്ങളെ മരുഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നത്? ഈജിപ്തിൽനിന്ന് ഞങ്ങളെ പുറത്തുകൊണ്ടുവന്നതിലൂടെ നീ ഞങ്ങളോട് എന്താണീ ചെയ്തിരിക്കുന്നത്? ഈജിപ്തുകാരെ സേവിക്കാനായി ഞങ്ങളെ തനിയെ വിട്ടേക്കൂ... തീർച്ചയായും മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഞങ്ങൾക്കു മെച്ചം, ഈജിപ്തുകാർക്ക് അടിമവേല ചെയ്യുകയായിരുന്നു” (14:11-12).

ഇവിടെ നിന്നാണ് അടിമത്തത്തിൽ നിന്നും സ്വതന്ത്രരായവരുടെ പരാതികളുടെയും പിറുപിറുപ്പുകളുടെയും ചരിത്രം ആരംഭിക്കുന്നത്. ഈജിപ്തിന്റെ ഓർമ്മയിൽ നിന്നും, അടിമത്തത്തിന്റെ നൈമിഷിക നേട്ടങ്ങളിൽ നിന്നും മോചിതരാകാൻ ഇനിയും വളരെയധികം സമയമെടുക്കും. സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നത് മരണത്തിന്റെ സാധ്യതയാണ്. ആ യാഥാർത്ഥ്യം മനസ്സിലാക്കിയത് കൊണ്ടായിരിക്കണം “ഈജിപ്തിൽ ശവക്കുഴികളില്ലേ?” എന്ന് അവർ ചോദിക്കുന്നത്. അടിമത്തം ഒരിക്കലും മരണത്തെ കൊണ്ടുവരില്ല. കാരണം, അടിമകൾക്ക് ജീവനുണ്ടെങ്കിലേ ഇഷ്ടികകൾ ഉണ്ടാക്കാൻ സാധിക്കു. യുക്തിബോധമുള്ള ഒരു യജമാനനും അവന്റെ ലാഭോപകരണങ്ങളായ അടിമകളെ കൊല്ലില്ല. അവസാനംവരെ ചൂഷണം ചെയ്യാൻ അവരെ അവൻ ജീവനോടെ നിലനിർത്തും. അതുകൊണ്ടുതന്നെ ജീവൻ വച്ചുകൊണ്ട് റിസ്ക് എടുക്കാൻ തയ്യാറാകുന്നവർക്ക് മാത്രമേ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ സാധിക്കു. ഇന്നലെകളിലെയും ഇന്നത്തെയും രക്തസാക്ഷികൾ വിളിച്ചോതുന്നതും അതുതന്നെയാണ്.

സ്വാതന്ത്ര്യം എന്നത് അതിലോലവും സങ്കീർണവുമായ ഒരു നന്മയാണ്. അടിമത്തത്തിന്റെ കാലത്ത് അത് നേടാൻ നമ്മൾ ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്യും. പക്ഷേ എപ്പോൾ നമ്മൾ സ്വതന്ത്രരാകുന്നുവോ അപ്പോൾ മുതൽ അതിനെ നിലനിർത്തുന്നതിന് വേണ്ടിയുള്ള കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ചെറുതല്ല എന്ന കാര്യവും മനസ്സിലാകും. അതുകൊണ്ടാണ് അടിമത്തകാലത്തെക്കുറിച്ച് ചിലർ ഗൃഹാതുരതയോടെ സംസാരിക്കുകയും അതിനെ ആദർശവൽക്കരിക്കുകയും ചെയ്യുന്നത്.

സഹജരെ സ്വതന്ത്രരാക്കാൻ ശ്രമിക്കുന്നവർ എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രരായിരിക്കണം. മോശയ്ക്ക് അത് മുൾപടർപ്പനുഭവത്തിൽ നിന്നും കിട്ടിയ ആത്മധൈര്യമാണ്. അഹത്തിന്റെ രാവണൻകോട്ടയിൽ നിന്നുള്ള മോചനമാണ്. കാരണം അടിമത്തത്തിൽ കഴിയുന്നവരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് വെറുമൊരു ആശയം മാത്രമാണ്. യജമാനൻ ക്രൂരനാണെങ്കിൽപോലും അവനിൽ നിന്നും മുക്തിനേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചില സങ്കടരാവുകളിൽ യജമാനനിലേക്കുതന്നെ തിരിച്ചുപോകാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതുകൊണ്ടാണ് “മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ ഞങ്ങൾക്കു മെച്ചം, ഈജിപ്തുകാർക്ക് അടിമവേലചെയ്യുകയായിരുന്നു” എന്ന ചിന്തകൾ വരുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ദൈർഘ്യമേറിയതാണ്. അടിമത്തത്തിന്റെ ഭൂമികയിൽ നിന്നും യാത്ര ആരംഭിക്കാൻ തുടങ്ങിയാൽ മുന്നിലുള്ളത് പ്രലോഭനങ്ങളുടെ പാതയാണ്. അപ്പോൾ മോശയെ പോലെ ആരെങ്കിലും നമ്മുടെ ജീവിതത്തിലും വേണം. സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന വാഗ്ദാനവും മൂല്യവും ഓർമ്മപ്പെടുത്തുന്നതിനും നമുക്കുവേണ്ടി അവയിൽ വിശ്വസിക്കുന്നതിനും.

മുന്നിൽ കടലും പിന്നിൽ ഫറവോയും അവന്റെ സൈന്യവും - ഇറങ്ങിപുറപ്പെട്ടവരുടെ ചിന്ത ഈജിപ്തിലേക്ക് തന്നെ തിരികെ പോകുന്നതിനെക്കുറിച്ചും. മുന്നിൽ നടക്കുന്നവർ അഭിമുഖീകരിക്കേണ്ട വലിയ പരീക്ഷണമാണിത്. എന്നിട്ടും അവൻ ജനത്തോട് വിളിച്ചു പറയുന്നു: “നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിന്ന് കർത്താവിന്റെ രക്ഷ കാണുവിൻ” (14:13). ഒരുപക്ഷേ, മോശ ആയിരിക്കണം മറ്റുള്ളവരെക്കാൾ കൂടുതൽ ഭയപ്പെട്ടിട്ടുണ്ടാകുക. അപ്പോഴും അവൻ ജനങ്ങൾക്ക് ധൈര്യം നൽകുന്നു: “ഭയപ്പെടരുത്...”. ഏകനായല്ല മോശ ഈ പരീക്ഷണത്തെ അഭിമുഖീകരിക്കുന്നത്, കൂടെ ഭയവിഹ്വലരായ വലിയ ജനക്കൂട്ടവുമുണ്ട്. ഒരു നേതാവെന്ന നിലയിൽ മോശ കടന്നുപോകുന്നത് രണ്ടു പരീക്ഷണങ്ങളിലൂടെയാണ്. ഒന്ന്, ആസന്നമായ മരണത്തെ ക്കുറിച്ചുള്ള എല്ലാവരുടെയും ഭയം. രണ്ട്, തിരികെ പോകുന്നതിനായുള്ള ചിലരുടെ ശ്രമം. ആരും മരിക്കാതെ കടല് കടന്നുപോകുന്നതിനുവേണ്ടി ഒരാളെങ്കിലും വിശ്വസിക്കുകയും പ്രത്യാശിക്കുകയും നിഷേധാത്മക ചിന്തകളെ ചെറുത്തുനിൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എല്ലാവരും ചിന്തിക്കുന്നതിനു വിപരീതമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് മോശ വടിയുയർത്തി, കടലിനുമീതേ കൈനീട്ടിയതും കടൽ വിഭജിക്കപ്പെട്ടതും.

പിന്നിൽ നിന്നും വരുന്ന ഫറവോയുടെ സൈന്യത്തെ കണ്ട് കൂട്ടഭയത്തിൽ അകപ്പെടാതെ, മുന്നിലുള്ളത് കടലാണെങ്കിലും സംഭവിക്കാൻ പോകുന്നത് അനിർവചനീയമായ അത്ഭുതമായിരിക്കുമെന്നു വിശ്വസിക്കുന്ന നേതാക്കന്മാരുണ്ടെങ്കിൽ സ്വർഗ്ഗം നേരിട്ട് ഇടപെടും. ഭയം യാഥാർത്ഥ്യബോധത്തിൽ നിന്നുള്ളതാണെങ്കിൽ പോലും കാണപ്പെടാത്ത വാഗ്ദാനത്തിൽ വിശ്വസിക്കുകയെന്നതാണ് നേതൃഗുണത്തിന്റെ അഴക്. വിഗ്രഹങ്ങളാകുന്ന ഭരണാധികാരികൾക്ക് സാധിക്കാത്ത ചാതുര്യമാണത്. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി സർവ്വസമ്മതനായ നേതാവായാലും ജനങ്ങൾ കടന്നുപോകുന്ന പരീക്ഷണങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ അയാൾ ഒരു വിഗ്രഹം മാത്രമാണ്. ജനങ്ങളുടെ ആകുലതകൾക്കും ഈജിപ്തുകാരുടെ സൈന്യങ്ങൾക്കും ഇടയിൽ നിന്നുകൊണ്ട് മുന്നിലേക്കുള്ള പാതയിൽ തടസ്സമായി നിൽക്കുന്ന കടലിനെയും വിഭജിച്ച് വഴിയൊരുക്കാൻ സാധിക്കുന്ന ആത്മധൈര്യമുള്ളവൻ മാത്രമാണ് യഥാർത്ഥ നേതാവും ഭരണാധികാരിയും. അങ്ങനെയുള്ളവന്റെ കൂടെ ദൈവവും ഉണ്ടാകും. ദൈവമുള്ളിടത്ത് അത്ഭുതങ്ങളും. “അങ്ങനെ വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേല്യർ ഉണങ്ങിയനിലത്ത് കടലിനു നടുവേ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം അവർക്കു മതിലായിത്തീർന്നു” (14:22).

വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് സുരക്ഷിതമായ വളർച്ചയുടെ ഇടങ്ങളാകണം: ലിയോ പതിനാലാമൻ പാപ്പ

കുട്ടികൾക്ക് മദ്യം നൽകിയതിൽ എന്തുക്കൊണ്ട് കേസെടുത്തില്ല?

മതങ്ങൾക്കിടയിൽ സംഭാഷണത്തിന്റെ ചൈതന്യം നിലനിർത്തുകയെന്നതാണ് കത്തോലിക്കാ സഭയുടെ തനിമ: കർദിനാൾ ജോർജ് കൂവക്കാട്

വനിതകളും കാലാവസ്ഥാ വ്യതിയാനവും: ഏകദിന ശിൽപശാല നടത്തി