മതങ്ങൾക്കിടയിൽ സംഭാഷണത്തിന്റെ ചൈതന്യം നിലനിർത്തുകയെന്നതാണ് കത്തോലിക്കാ സഭയുടെ തനിമ: കർദിനാൾ ജോർജ് കൂവക്കാട്

Maintaining the spirit of dialogue among religions is the distinct characteristic of the Catholic Church: Cardinal George Koovakkad
Published on: 
"മതങ്ങൾ സമാധാനത്തിന്റെ നിർമ്മാതാക്കൾ: അസീസിയുടെ ഉദാത്തചിന്തയിൽ" എന്ന പ്രമേയത്തിൽ, വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന മതാന്തര സാഹോദര്യ സമ്മേളനത്തിൽ, മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട് സംസാരിച്ചു. വിവിധ മതനേതാക്കളും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും തമ്മിൽ അസീസിയിൽ വച്ചു നടന്ന ആദ്യ കൂടിക്കാഴ്ചയുടെ 40-ാം വാർഷികവും (ഒക്ടോബർ 1986), വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികവും കണക്കിലെടുത്താണ് ഈ മതാന്തര സമ്മേളനം.

ഒക്ടോബർ 17 ന്  ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ, "മതങ്ങൾ സമാധാനത്തിന്റെ നിർമ്മാതാക്കൾ: അസീസിയുടെ ഉദാത്തചിന്തയിൽ" എന്ന പ്രമേയത്തിൽ, നടന്ന മതാന്തര സാഹോദര്യ സമ്മേനത്തിൽ,  മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്, സന്ദേശം നൽകി. അസീസിയുടെ ആത്മാവിൽ,  മതങ്ങൾ  സമാധാനത്തിന്റെ നിർമ്മാതാക്കളായി മാറണമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതി സംഘടിപ്പിച്ച ഈ യോഗത്തിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നും മറ്റ് മതങ്ങളിൽ നിന്നുമുള്ള പ്രമുഖ നേതാക്കളും സമാധാന പ്രവർത്തകരും പങ്കെടുത്തു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തി, പരസ്പര ധാരണയും സഹകരണവും വളർത്താൻ കത്തോലിക്കാ സഭ എപ്പോഴും മുൻപന്തിയിലുണ്ടെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ആഗോള സമാധാനത്തിനായുള്ള വഴിയായി മതാന്തര  സംവാദത്തെ മാറ്റിയ വിശുദ്ധ പോൾ ആറാമൻ പാപ്പായെയും, സമാധാനം കെട്ടിപ്പടുക്കുന്നത് ഓരോരുത്തരുടെയും ദൈനംദിന ചുമതലയാണെന്ന് ഓർമ്മിപ്പിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

സമാധാനം എന്നത് ദൈവത്തിന്റെ ദാനവും അതേസമയം ഓരോരുത്തരും  പൂർത്തിയാക്കേണ്ട ഒരു ദൗത്യവുമാണെന്ന ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ  വാക്കുകൾ കർദ്ദിനാൾ യോഗത്തിൽ ഓർമ്മിപ്പിച്ചു. സംഘർഷങ്ങളേക്കാൾ വലുതാണ് ഐക്യമെന്നും, വിശ്വാസത്തെ ആയുധമാക്കുന്നതിൽ നിന്ന് അനുയായികൾ പിന്മാറണമെന്നും ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ നിലപാടുകളും അദ്ദേഹം എടുത്തുപറഞ്ഞു. തെറ്റുകൾ, തെറ്റിദ്ധാരണകൾ, വിവാദങ്ങൾ എന്നിവ മൂലമുണ്ടായ മുറിവുകൾ കരുണയുടെ സുഗന്ധദ്രവ്യം കൊണ്ട് സുഖപ്പെടുത്താനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും കർദിനാൾ അനുസ്മരിച്ചു.

ചിന്തകളെയും വാക്കുകളെയും ആയുധമാക്കുന്ന പ്രവണതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ലിയോ പതിനാലാമൻ പാപ്പാ  നൽകിയ സന്ദേശം ചൂണ്ടിക്കാണിച്ച കർദ്ദിനാൾ, പ്രാർത്ഥനയും, ആത്മീയതയും,  മതാന്തര  സംവാദവും വഴി ഓരോ സമൂഹവും ഒരു 'സമാധാന ഭവനമായി' മാറണമെന്ന് ആഹ്വാനം ചെയ്തു. സംഭാഷണത്തിലൂടെ മാത്രമേ ശത്രുത ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂവെന്നും, അവിടെ നീതിയും, ക്ഷമയും പുലരുമെന്നും കർദിനാൾ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

logo
Sathyadeepam Online
www.sathyadeepam.org