കേരളം അക്ഷരം പഠിപ്പിച്ചു. അത് ലോകത്തിന് മാതൃകയായ നേട്ടമാണ്. എന്നാൽ ഇനി രണ്ടാം സാക്ഷരതാ വിപ്ലവം ആവശ്യമാണ് - മനുഷ്യനാകാനുള്ള സാക്ഷരത. അറിവുള്ളവനേക്കാൾ വലിയവൻ വിവേകമുള്ളവനാണ്, വിവേകമുള്ളവനേക്കാൾ വലിയവൻ കരുണയുള്ളവനാണ്. അത്തരം മനുഷ്യരെ സൃഷ്ടിക്കാൻ കഴിയുമ്പോൾ മാത്രമേ വിദ്യാഭ്യാസം പൂർണമാകൂ.
“ആധുനിക വിദ്യാഭ്യാസ ത്തിന്റെ അളവ് കോൽ പഠന മികവോ നൈപുണ്യ വികസനമോ അതോ മനുഷ്യത്വ രൂപീകരണമോ?” സുബോധന സംഘടിപ്പിച്ച ഈ ചർച്ചയിൽ സംസാരിക്കുന്നതിനു മുൻപ് ഈ വിഷയത്തെക്കുറിച്ച് കുട്ടികളുടെ അഭിപ്രായം അറിയാൻ ക്ലാസ് മുറിയിൽത്തന്നെ ഈ വിഷയം അവതരിപ്പിച്ചു...
“എന്താണ് സംശയം? നൈപുണ്യ വികസനം തന്നെ. പഠനശേഷം ജോലി കിട്ടണം. കാശുണ്ടാക്കണം. പണമില്ലെങ്കിൽ ജീവിക്കാൻ കഴിയുന്നതെങ്ങനെ? പണമാണ് പ്രധാനം...”
ഇങ്ങനെയായിരുന്നു കുട്ടികൾ ഒന്നടങ്കം ഒരേ സ്വരത്തിൽ പ്രതികരിച്ചത്. ജീവിക്കാൻ പണം വേണമെന്ന തികച്ചും പ്രായോഗികമായ ചിന്തയിൽ നിന്നാണ് ഈ മറുപടി ഉണ്ടാകു ന്നത്. എന്നാൽ, ആഴത്തിൽ ചിന്തിച്ചാൽ ഇതൊരു വ്യക്തിഗത അഭിപ്രായം മാത്രമല്ല എന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ പൊതുസമൂഹവും വിപണിയും ഇന്നു പുലർത്തുന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിത്. “100% പ്ലേസ്മെന്റ് ഉറപ്പു നൽകുന്നു” എന്ന പരസ്യബോർഡുകളിലൂടെയും വാണിജ്യപരമായ വാഗ്ദാനങ്ങളി ലൂടെയും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിലേക്ക് വച്ചുനീട്ടുന്ന സന്ദേശവും ഇതു തന്നെയാണ്. അതിജീവനത്തിന് തൊഴിലും സാമ്പത്തിക ഭദ്രതയും അത്യാവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ, ‘അറിവ്’ നേടുക എന്നതിനേക്കാളും ‘വിവേകം’ ആർജ്ജിക്കുക എന്നതിനേക്കാളും ഉപരിയായി ‘പണമുണ്ടാക്കാനുള്ള വഴി’ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്.
“എന്താണ് വിദ്യാഭ്യാസം?” എന്ന ചോദ്യത്തിന് ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും വേറെവേറെ ഉത്തരങ്ങളാണുണ്ടായിട്ടുള്ളത്. എന്നാൽ സമകാലത്ത് ഈ ചോദ്യം കൂടുതൽ സങ്കീർണ്ണവും എന്നാൽ അതിനേക്കാളേറെ പ്രസക്തവുമായിത്തീർന്നിരി ക്കുകയാണ്. വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപകരണം (Tool) മാത്രമാണോ, അതോ ഒരു വ്യക്തിയെ ചിന്തിക്കാനും തിന്മകളെ തിരിച്ചറിയാനും മനുഷ്യത്വമുള്ളവനാക്കി മാറ്റാനും പ്രാപ്തനാക്കുന്ന പ്രക്രിയയാണോ? ഈ മൂന്ന് ഘടകങ്ങളിൽ - പഠനമികവ്, നൈപുണ്യ വികസനം, മനു ഷ്യത്വ രൂപീകരണം - ഏതാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അളവുകോൽ? തൊഴിൽ സജ്ജരായ യന്ത്രങ്ങ ളെയാണോ അതോ മൂല്യമുള്ള മനുഷ്യരെയാണോ ഇന്നത്തെ ലോകത്തിന് ആവശ്യം...?
വിദ്യാഭ്യാസം എന്തിനാണ്? ഈ ചോദ്യം കേരളം ഇന്ന് ഏറ്റവും ഗൗരവത്തോടെ നേരിടേ ണ്ടതുണ്ട്. 1991-ൽ 100% സാക്ഷരത നേടിയ സംസ്ഥാനം എന്ന് പ്രഖ്യാപിക്കപ്പെട്ട നമ്മൾ, 35 വർഷത്തിനുശേഷം മറ്റൊരു ചോദ്യത്തിന് മുന്നിൽ നിൽക്കുക യാണ്. നമ്മൾ അക്ഷരം പഠി പ്പിച്ചു, പക്ഷെ മനുഷ്യനാകാൻ പഠിപ്പിച്ചുവോ? സാക്ഷരതയുടെ കണക്കുകൾക്കപ്പുറം, വിദ്യാഭ്യാസത്തിന്റെ ആത്മാവി നെക്കുറിച്ചുള്ള അന്വേഷണ മാണിത്.
അതിജീവനത്തിന് തൊഴിലും സാമ്പത്തിക ഭദ്രതയും അത്യാവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ, ‘അറിവ്’ നേടുക എന്നതിനേക്കാളും ‘വിവേകം’ ആർജ്ജിക്കുക എന്നതിനേക്കാളും ഉപരിയായി ‘പണമുണ്ടാക്കാനുള്ള വഴി’ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിപ്പോകുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ട ഒന്നാണ്.
വിദ്യാഭ്യാസ തത്വശാസ്ത്ര ത്തിൽ പ്രധാനമായും രണ്ട് സമീപനങ്ങളുണ്ട്. ഒന്ന്, പൗലോ ഫ്രെയർ “ബാങ്കിംഗ് മാതൃക” എന്ന് വിളിച്ചത്. അധ്യാപകൻ അറിവ് എന്ന സമ്പത്ത് വിദ്യാർത്ഥി എന്ന ബാങ്ക് അക്കൗ ണ്ടിലേക്ക് നിക്ഷേപിക്കുന്നു. വിദ്യാർത്ഥി നിഷ്ക്രിയനായി അത് സ്വീകരിക്കുന്നു. പരീക്ഷയിൽ അതേ അറിവ് തിരിച്ചെടുത്ത് മാർക്ക് നേടുന്നു. ഇന്ന് കേരള ത്തിലെ കോച്ചിംഗ് സംസ്കാരം, എൻട്രൻസ് ഭ്രമം, മാർക്ക് മാനിയ ഇതെല്ലാം ഈ മാതൃകയുടെ തുടർച്ചയാണ്. ഇവിടെ അറിവുണ്ട്, നൈപുണ്യമുണ്ട്, പക്ഷെ വിവേകമില്ല.
സമീപകാലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ രാജി വയ്ക്കേണ്ടിവന്ന സാഹചര്യങ്ങളി ലേക്ക് നയിച്ച വിദ്യാഭ്യാസ രംഗത്തെ പ്രത്യേകിച്ച് മത്സര പരീക്ഷ രംഗത്തെ ക്രമക്കേടുകൾ രാജ്യം ഒട്ടാകെ ചർച്ച ചെയ്ത താണ്. മത്സര പരീക്ഷകളിൽ വിജയിക്കാനുള്ള കോച്ചിംഗ് സ്ഥാപനങ്ങളുടെ പ്രളയമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ ലോകത്ത് വലിയ ഭീഷണിയായി നിലനിൽക്കുന്നത്. ചിലയിടങ്ങളിലെങ്കിലും മത്സരപരീക്ഷകൾ വിജയിക്കാനുള്ള മാർഗമായി മാത്രം പ്രാഥമിക വിദ്യാഭ്യാസം ചുരുക്കപ്പെട്ടിരിക്കുന്ന സാഹ ചര്യങ്ങളും ഉണ്ട്. എൻട്രൻസ് കോച്ചിംഗ് രാജ്യത്തെ വൻ വ്യവസായമായി മാറിയിരി ക്കുന്നു. 50000-60000 കോടിയുടെ ബിസിനസ് ആണ് ഈ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതം 24-25 വർഷത്തിൽ 47620 കോടിയും 25-26 വർഷത്തിൽ 50078 കോടിയും ആയിരുന്നു എന്നത് ഇതിനോട് ചേർത്തു വായിക്കുമ്പോഴാണ് ഈ വ്യവസായത്തിന്റെ വൈപു ല്യവും ഭീഷണമായ വളർച്ചയും തിരിച്ചറിയുന്നത്. മുന്തിയ ജീവിതശൈലിയും ഉയർന്ന സാമൂഹിക ചലനാത്മകതയും സ്വപ്നം കാണുന്നവർ ഏത് വിധേനയും അത് സ്വന്തമാ ക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക മായ ലക്ഷ്യങ്ങൾ തന്നെ വിസ്മ രിക്കപ്പെടുന്ന ദയനീയ യാഥാർ ത്ഥ്യം നമ്മുടെ മുൻപിൽ ഉണ്ട്.
മത്സരാധിഷ്ഠിത കളിക്കളത്തിലെ കരുത്തുറ്റ കരുക്കൾ ആകാൻ സർക്കാർ വിദ്യാലയങ്ങളെക്കാൾ സ്വകാര്യ വിദ്യാലയങ്ങളാണ് മെച്ചം എന്ന പൊതു ബോധം ശക്തിപ്പെട്ടു വരുന്നതിന്റെ സാഹചര്യവും ഇതാണെന്ന് മനസ്സിലാക്കേണ്ടി വരും. ഇത്തരത്തിലുള്ള കോച്ചിങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസമേഖല യിൽ മാനവിക, ഭാഷാ വിഷയങ്ങൾ അപ്രധാനമാവുകയും യുക്തിപരമായി ചിന്തിക്കുവാനും ശരി തെറ്റുകളെ വിവേചിക്കുവാനും തെറ്റിനെ പ്രതിരോധിക്കുവാനും കഴിയുന്ന തലമുറ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഭൗതികമായും ആന്തരികമായും വിദ്യാഭ്യാസ ലക്ഷ്യങ്ങളെ തന്നെ പുനർനിർവചിക്കുകയോ യഥാർത്ഥ ലക്ഷ്യത്തിലേക്ക് പുനർവിചിന്തനം നടത്തുകയോ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധാര രേഖകൾ എല്ലാം പ്രാഥമികമായി വിശദീകരിക്കുന്നത് വിദ്യാഭ്യാസം സമഗ്ര വികാസത്തെ മുൻനിർത്തി യുള്ളതായിരിക്കണം എന്ന് തന്നെയാണ്.
വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപകരണം (Tool) മാത്രമാണോ, അതോ ഒരു വ്യക്തിയെ ചിന്തിക്കാനും തിന്മകളെ തിരിച്ചറിയാനും മനുഷ്യത്വ മുള്ളവനാക്കി മാറ്റാനും പ്രാപ്തനാക്കുന്ന പ്രക്രിയയാണോ?
ഗാന്ധിജിയുടെ നൈ താലിം, ടാഗോറിന്റെ ശാന്തിനികേതൻ, ജിദ്ദു കൃഷ്ണമൂർത്തിയുടെ വിദ്യാഭ്യാസ ദർശനം - എല്ലാം പറയുന്നത് വിദ്യാഭ്യാസം എന്നാൽ മനുഷ്യനെ മനുഷ്യനാക്കലാണ് എന്നാണ്. അറിവിനൊപ്പം മൂന്ന് കാര്യങ്ങൾ കൂടി ഉണ്ടാകണം - തല, ഹൃദയം, കൈകൾ എന്നിവയുടെ സമന്വയം. ചിന്തിക്കാനുള്ള കഴിവ്, അനുഭവിക്കാനുള്ള ഹൃദയം, പ്രവർത്തിക്കാനുള്ള കൈകൾ. ഈ സമഗ്രതയാണ് നഷ്ടമായിരിക്കുന്നത്. ഗാന്ധിജിയുടെ അഭിപ്രായ ത്തിൽ വിദ്യാഭ്യാസം എന്നത് കുട്ടിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമഗ്രമായ വികസനമാണ് (Hand, Head, and Heart - 3Hs).
ടാഗോറിന് വിദ്യാഭ്യാസം എന്നത് പ്രകൃതിയോട് ചേർന്നു നിന്ന്, കുട്ടിയുടെ സർഗ്ഗാത്മ കതയും സ്വാതന്ത്ര്യവും പുറ ത്തെടുക്കുന്ന ഒരു പ്രക്രിയയാ യിരുന്നു. മരത്തണലിലും പ്രകൃതിയുടെ മടിത്തട്ടിലും ഇരുന്ന് പഠിക്കുന്ന രീതി (ശാന്തിനികേതൻ) അദ്ദേഹം ആവിഷ്കരിച്ചു. വിദ്യാഭ്യാസ കാര്യത്തിൽ അതീവ താൽപ്പര്യമുണ്ടായിരുന്ന കൃഷ്ണമൂർത്തി, ശാരീരികക്ഷമ തയും നിർഭയത്വവും ശരിയായ മൂല്യങ്ങളും അന്വേഷണത്വരയും ബുദ്ധിശക്തിയും സർഗ്ഗാത്മകതയും സൗന്ദര്യബോധവും ശരിയായ തൊഴിൽ തിരഞ്ഞെടുക്കാനുള്ള കഴിവുമുള്ള, അതുവഴി വ്യക്തിത്വത്തിന്റെ പൂർണ്ണത കൈവരിക്കുകയും പുതിയൊരു സാമൂഹിക ക്രമം കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു സമഗ്ര വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനെയാണ് ലക്ഷ്യമിട്ടത്. അത്തരമൊരു സമഗ്ര വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിനായി, സംയോജിത പാഠ്യപദ്ധതിയും അധ്യാപനരീതിയും, സമഗ്രമായ കാഴ്ചപ്പാടുള്ള അധ്യാപകർ, ചെറിയ വിദ്യാലയങ്ങൾ, അനു ഭവങ്ങളിലൂടെയുള്ള പഠനം, പ്രകൃതിയോടുള്ള ആദരവും സംവേദനക്ഷമതയും, നിർഭയവും ഉത്തേജകവുമായ പഠനാന്തരീക്ഷം, മത്സരേതര സംസ്കാരം, ഗുണപരമായ വിലയിരുത്തൽ (formative assessment) എന്നിവ അദ്ദേഹം മുന്നോട്ടുവെച്ചു.
കേരളം 100% സാക്ഷര മാണ്. പക്ഷെ നമ്മുടെ പൊതു ഇടങ്ങൾ എത്രമാത്രം അസാ ക്ഷരമാണ് - റോഡപകടത്തിൽ പ്പെട്ട് കിടക്കുന്നവനെ ആശുപത്രിയിലെത്തിക്കാൻ നാം മടിക്കുന്നു, കാരണം പൊലീസ് കേസിനെ പേടിക്കുന്നു. നമ്മുടെ വീട് വൃത്തിയുള്ളതാണ്, പക്ഷെ വീടിന്റെ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു. വാട്സ്ആപ്പിൽ വരുന്ന വ്യാജവാർത്ത ശരിയാ ണോ എന്ന് പരിശോധിക്കാതെ ഫോർവേഡ് ചെയ്യുന്നു. ഇത് അക്ഷര സാക്ഷരതയാണ്, സാമൂഹിക സാക്ഷരതയല്ല. ഉത്തരവാദിത്തമുള്ള പൗരനായി ജീവിക്കാൻ ആവശ്യമായ പൗര ബോധ സാക്ഷരത നമുക്കില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബിരുദധാരികളുള്ള സംസ്ഥാനം കേരളമാണ്. അതേസമയം ഏറ്റവും ഉയർന്ന വിദ്യാസമ്പന്നരുടെ തൊഴിലി ല്ലായ്മ നിരക്കും കേരളത്തിലാണ്. കാരണം നമ്മുടെ വിദ്യാഭ്യാസം തൊഴിലിനും ജീവിതത്തിനും ആവശ്യമായ നൈപുണ്യം നൽകുന്നില്ല. NEP 2020 ഇതിനെ “skill gap” എന്ന് വിളിക്കുന്നു. നമ്മൾ പഠിക്കു ന്നത് കാലഹരണപ്പെട്ട സിദ്ധാ ന്തങ്ങളാണ്, ജീവിതത്തിന് ആവശ്യമുള്ള പ്രായോഗിക ജ്ഞാനമല്ല. വിദ്യാഭ്യാസം തൊഴിൽ നേടാനുള്ള ഉപകരണ മായി മാറിയപ്പോൾ, ജീവിതം നയിക്കാനുള്ള കല എന്ന നിലയിൽ അത് പരാജയപ്പെട്ടു.
എൻട്രൻസ് കോച്ചിംഗ് രാജ്യത്തെ വൻ വ്യവസായമായി മാറിയിരിക്കുന്നു. 50000-60000 കോടിയുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ള ബജറ്റ് വിഹിതം 24-25 വർഷത്തിൽ 47620 കോടിയും 25-26 വർഷത്തിൽ 50078 കോടിയും ആയിരുന്നു എന്നത് ഇതിനോട് ചേർത്തു വായിക്കുമ്പോഴാണ് ഈ വ്യവസായത്തിന്റെ വൈപുല്യവും ഭീഷണമായ വളർച്ചയും തിരിച്ചറിയുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ - ഇവയൊന്നും നിരക്ഷരർ ചെയ്യുന്നതല്ല. ഉന്നത വിദ്യാഭ്യാസം നേടിയവർ തന്നെയാണ് ഇതിന് പിന്നിൽ. അപ്പോൾ നമ്മുടെ വിദ്യാഭ്യാസം മൂല്യങ്ങൾ പകർന്നുവോ? വിവരമുള്ളവൻ വിവേകമുള്ളവ നായി മാറിയില്ല. ഇതാണ് ഏറ്റവും വലിയ പരാജയം. അറിവ് പകരലല്ല, അറിവിനെ അരിച്ചെടുത്ത് സത്യമേതെന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി നൽകലാണ് ഇന്ന് വിദ്യാഭ്യാസത്തിന്റെ നിയോഗം.
വിദ്യാർത്ഥികളുടെ മുൻപിൽ സമഗ്രമായ മാതൃകയാകാൻ അധ്യാപകർ ഒരുവേള പരാജയ പ്പെടുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം നിലനിൽക്കെ ത്തന്നെ അധ്യാപക വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചുള്ള പോസിറ്റീവ് നരേറ്റിവുകൾ കുട്ടികൾക്ക് നൽകുന്നതിൽ മാതാപിതാക്കളും പൊതുസമൂ ഹവും പരാജയപ്പെടുന്നുണ്ട് എന്നുള്ള പരമാർത്ഥവും അംഗീകരിക്കാതെ വയ്യ. അതിനാൽത്തന്നെ വിദ്യാർത്ഥികളെ ക്ലാസ് മുറിക്കകത്തു അറിവ് പകരുക എന്നുള്ള വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യത്തിനപ്പുറത്തു ഒരു നല്ല മെന്ററാവുക, തിരുത്തേണ്ടത് വേണ്ടപോലെ തിരുത്തുക തുടങ്ങിയ ഉത്തര വാദിത്വങ്ങൾ നിർവഹിക്കപ്പെടാതെ പോകുന്നു.
മനുഷ്യനാകാൻ പഠിപ്പി ക്കുക എന്നാൽ മാർക്കിന് പുറമെ സഹാനുഭൂതി, പാരിസ്ഥിതിക അവബോധം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പുഴ സംരക്ഷണം, പാലിയേറ്റീവ് കെയർ, ജൈവകൃഷി, പ്രാദേശിക ചരിത്ര രചന - ഇവയൊക്കെ പഠനത്തിന്റെ ഭാഗമാകേണ്ടതുണ്ട്. സമൂഹമാണ് ഏറ്റവും വലിയ ലബോറട്ടറി.
അറിവ് പകരലല്ല, അറിവിനെ അരിച്ചെടുത്ത് സത്യമേതെന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി നൽകലാണ് ഇന്ന് വിദ്യാഭ്യാസത്തിന്റെ നിയോഗം.
കേരളം അക്ഷരം പഠിപ്പിച്ചു. അത് ലോകത്തിന് മാതൃകയായ നേട്ടമാണ്. എന്നാൽ ഇനി രണ്ടാം സാക്ഷരതാ വിപ്ലവം ആവശ്യമാണ് - മനുഷ്യനാകാ നുള്ള സാക്ഷരത. അറിവുള്ളവ നേക്കാൾ വലിയവൻ വിവേക മുള്ളവനാണ്, വിവേകമുള്ള വനേക്കാൾ വലിയവൻ കരുണയുള്ളവനാണ്. അത്തരം മനുഷ്യരെ സൃഷ്ടിക്കാൻ കഴിയു മ്പോൾ മാത്രമേ വിദ്യാഭ്യാസം പൂർണമാകൂ.