സിസ്റ്റര്‍ വിന്‍സി തെക്കിനേടത്ത് എസ് എ ബി എസ്
ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നിരവധി വര്‍ഷങ്ങള്‍ ഒരു മിഷനറിയായി ജോലി ചെയ്തതിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, നമ്മുടെ എല്ലാ വൈദികര്‍ക്കും സിസ്‌റ്റേഴ്‌സിനും കുറച്ചു വര്‍ഷങ്ങളുടെ മിഷന്‍ സേവനാനുഭവം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. മിഷന്‍ അനുഭവം സമര്‍പ്പിതരുടെ മനോഭാവങ്ങളിലും വ്യക്തിത്വത്തിലും സമീപനങ്ങളിലും പരിവര്‍ത്തനം വരുത്തും. അത് അവര്‍ക്കും അവര്‍ സേവനം ചെയ്യുന്ന സമൂഹത്തിനും ഗുണകരമായിത്തീരും.
ആറു വര്‍ഷമാണ് ആഫ്രിക്കന്‍ മിഷനില്‍ ജോലി ചെയ്യാന്‍ എനിക്കവസരം ലഭിച്ചത്. 2004 മുതല്‍ ടാന്‍സാനിയയിലായിരുന്നു അത്. അവിടെ സി എം എഫ് വൈദികരുടെ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ അഭ്യര്‍ഥനപ്രകാരം പോയതാണ്. സ്‌കൂളിന്റെ പ്രിന്‍സിപ്പലായി ജോലി ചെയ്തു. വളരെ വേഗത്തില്‍ തന്നെ ആ സ്‌കൂളിന് അംഗീകാരവും മറ്റും സമ്പാദിക്കാന്‍ സാധിച്ചു. ഇപ്പോള്‍ അതു ടാന്‍സാനിയയിലെ നമ്പര്‍ 1 സ്‌കൂളായി മാറിയിട്ടുണ്ടെന്നറിയാന്‍ സാധിക്കുന്നത് ആഹ്ലാദകരമാണ്.
ഈ സ്‌കൂളില്‍ പൊതുവെ അവിടത്തെ സമ്പന്നരുടെ മക്കളാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷായിരുന്നു മാധ്യമം. പക്ഷേ, പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയുള്ള സേവനങ്ങളും സ്‌കൂളുകളും ഞങ്ങളുടെ സഭാംഗങ്ങള്‍ തന്നെ അവിടെ വേറെ നടത്തുന്നുണ്ട്. ധാരാളം പ്രയോജനങ്ങള്‍ അവര്‍ക്കു ചെയ്യാന്‍ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സിസ്റ്റര്‍മാര്‍ക്കു സാധിക്കുന്നുണ്ട്. സഭയുടെ (എസ് എ ബി എസ്) അവിടത്തെ സാന്നിധ്യം ഇപ്പോള്‍ കൂടുതല്‍ ശക്തമായി. അവിടെ പ്രോവിന്‍സ് സ്ഥാപിതമായി. നൂറോളം സിസ്റ്റര്‍മാര്‍ അവിടെ സേവനം ചെയ്യുന്നു. മുപ്പതോളം പേര്‍ അവിടെ നിന്നു തന്നെ ദൈവവിളി സ്വീകരിച്ചെത്തിയവരാണ്.
പരസ്പരം പങ്കുവയ്ക്കാന്‍ സന്നദ്ധരായ മനുഷ്യരാണ് അവര്‍. അതുകൊണ്ട് പാടേ പട്ടിണി കിടക്കേണ്ട സാഹചര്യം ആര്‍ക്കും ഉണ്ടാകാറില്ല. ഇക്കാര്യത്തില്‍ അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.
പിന്നീട് 2016 ല്‍ ഞാന്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലേക്കു പോയി. ലാറ്റിനമേരിക്കയിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആഫ്രിക്കന്‍ മിഷനിലെ അനുഭവസമ്പത്തു കൈമുതലായുള്ളതുകൊണ്ടു പോകാന്‍ ഞാന്‍ സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങളതിനെ അഡ്വഞ്ചറസ് മിഷന്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്. തികച്ചും സാഹസികം തന്നെയായിരുന്നു അത് എന്നു ചെന്നയുടനെ ബോധ്യപ്പെടുകയും ചെയ്തു.
അന്നു രണ്ടു ഗ്രൂപ്പുകളാണ് ആരാധനാസമൂഹത്തില്‍ നിന്നു ലാറ്റിനമേരിക്കയിലേക്കു പോയത്. ഒരു ഗ്രൂപ്പ് പോര്‍ട്ടുഗീസ് ഭാഷ പഠിച്ചു ബ്രസീലിലേക്കും ഞങ്ങള്‍ സ്പാനിഷ് പഠിച്ചു ഇക്വഡോറിലേക്കും.
അജപാലനപ്രവര്‍ത്തനമാണ് ഇക്വഡോറില്‍ ഞങ്ങള്‍ ചെയ്തത്. സഭയുടെ കാരിസമനുസരിച്ച് ദിവ്യകാരുണ്യഭക്തി വളര്‍ത്താനും പ്രചരിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒരു കാലത്ത് ശക്തമായ വിശ്വാസം ഉണ്ടായിരുന്ന രാജ്യങ്ങളാണല്ലോ. പക്ഷേ പിന്നീട് ഇക്വഡോറില്‍ അമ്പതു വര്‍ഷത്തോളം ഒരു സ്വേച്ഛാധിപതി ഭരിച്ചപ്പോള്‍ എല്ലാ മിഷണറിമാരെയും പുറത്താക്കി.
വൈദികരുടെ അസാന്നിധ്യത്തില്‍ അവരുടെ അജപാലനസേവനങ്ങള്‍ സിസ്റ്റര്‍മാരായ ഞങ്ങളാണു ചെയ്യുന്നത്.
അക്കാലത്തു ജനങ്ങളുടെ വിശ്വാസം ക്ഷയിച്ചു. ആ അന്തരീക്ഷം അവിടെ ഇന്നും നിലനില്‍ക്കുന്നു. ഇപ്പോള്‍ അവിടത്തെ സഭയ്ക്കു ധാരാളം വൈദികരേയും സിസ്റ്റര്‍മാരേയും ആവശ്യമുണ്ട്. വിദൂരസ്ഥങ്ങളായ ഭൂപ്രദേശങ്ങളില്‍ സഭയ്ക്കു ധാരാളം സേവനങ്ങള്‍ ചെയ്യാനുണ്ട്. പക്ഷേ അതിനാവശ്യമായ ആളുകളില്ല. അവിടെ ദൈവവിളികള്‍ വളരെ കുറവുമാണ്.
വൈദികരുടെ അസാന്നിധ്യത്തില്‍ അവരുടെ അജപാലനസേവനങ്ങള്‍ സിസ്റ്റര്‍മാരായ ഞങ്ങളാണു ചെയ്യുന്നത്. മൃതസംസ്‌കാരത്തിനു കാര്‍മ്മികരാകുന്നതു ഞങ്ങളാണ്. ദിവ്യകാരുണ്യാരാധന പതിവായി നടത്തുകയും കുട്ടികളെ വേദപാഠം പഠിപ്പിക്കുകയും ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കുകയും മിഷന്‍ സ്‌റ്റേഷനുകളില്‍ ദിവ്യബലിക്കുള്ള സൗകര്യങ്ങള്‍ ചെയ്യുകയും വീടുകള്‍ സന്ദര്‍ശിക്കുകയും എല്ലാം ചെയ്യുന്നു.
ഞാന്‍ ജോലി ചെയ്തിരുന്ന ഇടവകയില്‍ 45 സബ്‌സ്‌റ്റേഷനു കളുണ്ട്. ഇടവകയില്‍ ഒന്നോ രണ്ടോ വൈദികര്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. 45 സ്‌റ്റേഷനുകളെന്നാല്‍ തൊട്ടടുത്തുള്ള കപ്പേളകളാണെന്നു വിചാരിക്കരുത്. ഒരു സബ് സ്‌റ്റേഷനിലെത്താന്‍ രണ്ടു മണിക്കൂര്‍ കാറിലും ഒരു മണിക്കൂര്‍ വെള്ളത്തിലും ഒരു മണിക്കൂര്‍ നടന്നു മല കയറിയും എത്തേണ്ട തരത്തിലുള്ള സ്ഥലങ്ങളാണെല്ലാം. കോവര്‍ കഴുതയുടെ പുറത്തും സഞ്ചരിക്കേണ്ടിവരും. മഴ പെയ്തു ചെളി കൂടിക്കിടക്കുന്ന സ്ഥലത്തൂടെ കോവര്‍ കഴുതയുടെ പുറത്തു മാത്രമേ സഞ്ചരിക്കാനാവൂ. നമ്മള്‍ നടന്നാല്‍ തെന്നിവീഴും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചെന്നാണ് ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത്.
കൃഷിയാണ് അവരുടെ പ്രധാന ഉപജീവനമാര്‍ഗം. മഴയെ ആശ്രയിച്ചാണു കൃഷി. മഴ പെയ്യുമ്പോള്‍ മലകളില്‍ പോയി വിത്തിടും. നാലു മാസം കൊണ്ട് വിളവെടുക്കും. അടുത്ത മഴ വരുമ്പോള്‍ അടുത്ത കൃഷി.
പരസ്പരം പങ്കുവയ്ക്കാന്‍ സന്നദ്ധരായ മനുഷ്യരാണ് അവര്‍. അതുകൊണ്ട് പാടേ പട്ടിണി കിടക്കേണ്ട സാഹചര്യം ആര്‍ക്കും ഉണ്ടാകാറില്ല. ഇക്കാര്യത്തില്‍ അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.
ആത്മീയകാര്യങ്ങളിലും സഭാവിഷയങ്ങളിലുമെല്ലാം വളരെ വലിയ അഭിമാനം പുലര്‍ത്തുന്നവരാണല്ലോ മലയാളികളായ നാം. വ്യവസ്ഥാപിതമായ സണ്‍ഡേ സ്‌കൂള്‍ സംവിധാനങ്ങളും സംഘടനകളും പരിശീലന പരിപാടികളും നമുക്കുണ്ട്. പക്ഷേ ലാറ്റിനമേരിക്കന്‍ അനുഭവം ഈ അഭിമാനബോധത്തിനു പരിക്കേല്‍പിച്ചു എന്നു പറയാതെ വയ്യ. കാരണം, ഇതൊന്നുമില്ലാതിരുന്നിട്ടും ആ ജനസമൂഹം പരസ്പരം സഹായിച്ചും പങ്കുവച്ചും ജീവിക്കുന്നു. പങ്കുവച്ചു ജീവിക്കുന്നതില്‍ നാം ലാറ്റിനമേരിക്കന്‍ ജനതയെ മാതൃകയാക്കണം.
വ്യക്തിസ്വാതന്ത്ര്യത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന ജനതയാണ് എന്നതാണ് സാംസ്‌കാരികമായ ഒരു പ്രധാന വ്യത്യാസം. പഠിപ്പിക്കുന്ന കുട്ടികളാണെങ്കിലും ഒരതിരു വിട്ട് നമുക്കവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല.
വിവാഹം കഴിക്കാതെ ജീവിക്കുന്നവര്‍ ധാരാളമുണ്ട്. നമ്മുടെ വൈദികര്‍ ചെന്ന് അതിനു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്യാസ പുരോഹിത വസ്ത്രങ്ങളോട് വലിയ ആദരവാണ് അവര്‍ക്ക്. അതുകൊണ്ടാവാം, നമ്മുടെ സന്യാസവസ്ത്രങ്ങള്‍ തന്നെ ഉപയോഗിക്കണം എന്ന നിര്‍ദേശം അവിടത്തെ മെത്രാന്‍ ഞങ്ങള്‍ക്കു നല്‍കിയിരുന്നു.
നമ്മള്‍ ഏറ്റവും ചെറുതാകുന്ന ഒരനുഭവമാണ് മിഷനറിയാകുക എന്നുള്ളത്. ഞാന്‍ ആരുമല്ല, എനിക്കു സ്വന്തങ്ങളോ ബന്ധങ്ങളോ ഇല്ല, ഇപ്പോള്‍ എനിക്കു മുമ്പിലുള്ളവര്‍ മാത്രമാണ് എന്റെ സ്വന്തം.
ഭൂകമ്പമാണ് അവിടത്തെ മറ്റൊരു പ്രശ്‌നം. ചെറിയ ഭൂകമ്പങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകും. ഭൂകമ്പമുണ്ടാകുമ്പോള്‍ ആളുകള്‍ വീടു വിട്ടിറങ്ങി റോഡുകളില്‍ വന്നു നില്‍ക്കും. ഒരുപാട് പേടിച്ചിട്ടുണ്ട് ഞങ്ങള്‍. ഭൂകമ്പസാധ്യത അവിടത്തെ മനുഷ്യരുടെ മനോഭാവങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അവരുടെ ജീവിതശൈലിയില്‍ അതു പ്രതിഫലിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഒരപകടമുണ്ടായേക്കാം എന്നതുകൊണ്ട് ഇന്ന് ആഘോഷമായി ജീവിക്കുക എന്ന ഒരു ശൈലി. സാധാരണക്കാരായ മനുഷ്യര്‍ക്ക് നാളേക്കു നീക്കി വയ്ക്കാന്‍ കാര്യമായി ഒന്നും ബാക്കി കാണുകയുമില്ല. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം അവിടെ വളരെ കൂടുതലാണ്.
ഞങ്ങള്‍ ചെന്ന 2016 ലെ ഭൂകമ്പത്തില്‍ ഒരുപാടാളുകള്‍ മരിച്ചു. അന്നത്തെ ഭൂകമ്പത്തില്‍ പോര്‍ട്ട് വിയേഗോ രൂപതയുടെ കത്തീഡ്രലടക്കം തകര്‍ന്നു. ഈയിടെ മാത്രമാണ് അതു പുനഃനിര്‍മ്മിച്ചത്. ആ രൂപതയിലാണ് ഞങ്ങള്‍ സേവനമാരംഭിച്ചത്. അവിടെ ഇപ്പോള്‍ മൂന്നു മഠങ്ങളിലായി പത്ത് എസ് എ ബി എസ് സിസ്റ്റര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു.
മയക്കുമരുന്നും അവിടത്തെ വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നു ഗ്രൂപ്പുകളില്‍പ്പെടുന്ന കുട്ടികള്‍ക്ക് അതില്‍ നിന്നു രക്ഷപ്പെടുക എളുപ്പമല്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ അവര്‍ ഓടിച്ചിട്ടു കൊല്ലും. ഇത്തരം കൊലകള്‍ക്കു വിധേയമാകുന്നവരുടെ മൃതസംസ്‌കാരങ്ങള്‍ നടത്തി ഞങ്ങള്‍ മടുത്തുപോയി.
20 ഉം 19 ഉം ഒക്കെ വയസ്സുള്ളവരായിരിക്കും അവര്‍. സഹിക്കാന്‍ പറ്റില്ല.
മയക്കുമരുന്നു ഭീഷണിയുടെ കാര്യത്തില്‍ സഭയ്ക്ക് എന്തെങ്കിലും ചെയ്യാനാകുന്നുണ്ടോ എന്നു ചോദിച്ചാല്‍ എന്തെങ്കിലും ചെയ്യുന്നതു സഭ മാത്രമേയുള്ളൂ എന്നാണുത്തരം. പക്ഷേ, ചെയ്യാവുന്നതിനു വലിയ പരിമിതികളുണ്ട്. 18 കഴിഞ്ഞാല്‍ ആര്‍ക്കും തോക്കിനു ലൈസന്‍സ് കിട്ടും. അത്തരം കാര്യങ്ങളെല്ലാം നമ്മുടെ നിയന്ത്രണങ്ങള്‍ക്കു പുറത്താണ്.
മതബോധന ക്ലാസുകളില്‍ വരുന്ന കുട്ടികള്‍ക്കു വലിയ മാറ്റം വരുന്നുണ്ട്. നമ്മുടെ സാന്നിധ്യം തന്നെ അവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. അങ്ങനെയുണ്ടാകുന്ന മാനസാന്തരങ്ങളാണ് നമുക്കും സംതൃപ്തി നല്‍കുന്നത്.
''ലൗകികരാണ്'' അവര്‍ എന്നു വി. പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ അവരെക്കുറിച്ചു നമുക്കു ലളിതമായി പറയാം. ആത്മീയമനുഷ്യരാകാനുള്ള പരിശീലനം അവര്‍ക്കു കിട്ടിയിട്ടില്ല. ഇപ്പോള്‍ മിഷനറിമാര്‍ അവിടെ കഠിനപ്രയത്‌നം ചെയ്യുന്നു. പ്രത്യേകിച്ച് അനേകം കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള മിഷനറിമാര്‍. തദ്ദേശീയരായ വൈദികര്‍ കുറവാണ്, ഉള്ളവര്‍ താരതമ്യേന ജോലിഭാരം കുറഞ്ഞ പള്ളികളാണ് തിരഞ്ഞെടുക്കുക. മിഷനറിമാര്‍ കഠിനാധ്വാന സന്നദ്ധരായതുകൊണ്ട് കൂടുതല്‍ വെല്ലുവിളികളുള്ള സ്ഥലങ്ങളേല്‍പിക്കും. അതിന്റെ സദ്ഫലങ്ങളും വളരെ പ്രകടമാണ്.
ഗോത്രമനുഷ്യരും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഇടയ്ക്കിടെയുണ്ടാകും. ഇത്തരത്തിലുള്ള ആഭ്യന്തരസംഘര്‍ഷങ്ങള്‍ ഇക്വഡോര്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ്.
പ്രാദേശിക തലത്തില്‍ പ്രൈമറി സ്‌കൂളുകള്‍ മാത്രമേയുള്ളൂ. അതിനുശേഷമുള്ള വിദ്യാഭ്യാസത്തിനു ദൂരെ പോകണം. അതിനു സാമ്പത്തിക ചെലവുകളും ഉണ്ട്. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തില്‍ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങുന്നതിനെ കുറിച്ച് കേരളത്തില്‍ നിന്നുള്ള സി എം ഐ വൈദികരുടെ നേതൃത്വത്തില്‍ ആലോചനകള്‍ തുടങ്ങിയെങ്കിലും അതിനായി സ്ഥലം വാങ്ങിക്കുന്നതിനൊക്കെ ധാരാളം തടസ്സങ്ങളുണ്ട്.
ഞങ്ങളുടെ ചെലവുകള്‍ക്കുള്ള തുകകള്‍ പോലും ഞങ്ങളുടെ സന്യാസസഭയില്‍ നിന്നു തന്നെയാണു കണ്ടെത്തുന്നത്. വേറെ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന ഞങ്ങളുടെ തന്നെ സിസ്റ്റര്‍മാര്‍ അവരുടെ ശമ്പളത്തില്‍ നിന്നു ലാറ്റിനമേരിക്കന്‍ മിഷനിലുള്ള സിസ്‌റ്റേഴ്‌സിനെ സഹായിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഴയ നൂറ്റാണ്ടുകളില്‍ നമ്മുടെ നാട്ടില്‍ ഭാഷ അറിയാതെയും അതു പഠിക്കാനുള്ള സൗകര്യങ്ങളില്ലാതെയും പാശ്ചാത്യനാടുകളില്‍ നിന്നു വന്നു ചേര്‍ന്ന മിഷനറിമാരുടെ ചരിത്രം നമുക്കറിയാമല്ലോ. പ്രിയപ്പെട്ട എല്ലാവരേയും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്കു പോകുന്നതിന്റെ വെല്ലുവിളി ചെറുതല്ല. അവരുടെയൊക്കെ അക്കാലത്തെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതങ്ങളുടെ ഓര്‍മ്മകളാണ് ഇന്നത്തെ മിഷനറിമാര്‍ക്കു പ്രചോദനം.
സഭ അതിനാല്‍ തന്നെ പ്രേഷിതയാണെന്നു സഭയുടെ പ്രബോധനാധികാരം പഠിപ്പിക്കുന്നുണ്ട്. പണ്ട് അതു വായിക്കുമ്പോള്‍ എന്താണ് ഒരു മിഷനറി എന്ന് എനിക്കു വ്യക്തമായിരുന്നില്ല. ഇപ്പോള്‍ അറിയാം. നമ്മള്‍ ഏറ്റവും ചെറുതാകുന്ന ഒരനുഭവമാണ് മിഷനറിയാകുക എന്നുള്ളത്. ഞാന്‍ ആരുമല്ല, എനിക്കു സ്വന്തങ്ങളോ ബന്ധങ്ങളോ ഇല്ല, ഇപ്പോള്‍ എനിക്കു മുമ്പിലുള്ളവര്‍ മാത്രമാണ് എന്റെ സ്വന്തം. ഈ അവബോധം ഉണ്ടാകുക പറഞ്ഞറിയിക്കാനാകാത്ത ഒരനുഭവമാണ്.
ആ അനുഭവം ലഭിക്കുന്നതു മിഷനിലാണ്. ഈ മിഷന്‍ അനുഭവമില്ലാത്തതുകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ പുഷ്പിതമാകുന്നില്ല എന്നു തോന്നിയിട്ടുണ്ട്. മിഷനിലേതുപോലുള്ള കൊടുക്കല്‍ വാങ്ങലും സമാനമായ അനുഭവങ്ങളും നാട്ടില്‍ മാത്രം ജോലി ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് തോന്നുന്നില്ല. എല്ലാ വൈദികരും സിസ്റ്റര്‍മാരും മിഷന്‍ അനുഭവപരിചയം സ്വന്തമാക്കണമെന്ന അഭിപ്രായം ഉണ്ടാകാന്‍ അതാണു കാരണം.
പണ്ടു നാട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരുപക്ഷേ ഇന്നത്തെ മിഷനു സമാനമായ അനുഭവം ലഭിക്കുമായിരുന്നു. നാടു പുരോഗമിച്ചതിനാല്‍ ഇന്നു വൈദികരുടെയും സിസ്റ്റര്‍മാരുടെയും പല സേവനങ്ങളും നാട്ടില്‍ ആവശ്യമില്ലാതായിരിക്കുന്നു. അതുകൊണ്ട് മിഷന്‍ ചൈതന്യം നമുക്കു നഷ്ടമായിട്ടുണ്ട്. മിഷനു നല്‍കാന്‍ കഴിയുന്ന അനുഭവം മിഷനില്‍ നിന്നു മാത്രമേ ലഭിക്കൂ. സഭയുടെ അടിസ്ഥാനസ്വഭാവത്തിനു ചേരുന്ന തരത്തില്‍ മിഷനറിയാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകേണ്ടിയിരിക്കുന്നു.