മരിയ റാൻസം
സ്വർഗം വിശ്വസിച്ചേല്‍പ്പിച്ച സ്വപ്നത്തെ വിശ്വസ്തതയോടെ കാത്തു പരിപാലിച്ച വളര്‍ത്തു പിതാവ്. ഭാഗ്യപ്പെട്ട യൗസേപ്പിതാവിന്റെ ഈ കരങ്ങളില്‍, തങ്ങളുടെ ജീവിതത്തെ ഏല്‍പ്പിച്ച് സ്വസ്ഥരാകുന്ന കുറെ മനുഷ്യരുള്ള ഒരു നാടുണ്ട്. മകരമഞ്ഞില്‍ മാമ്പു കൊഴിയാതെ കാക്കാനും, വിള സമൃദ്ധിക്കായും പുണ്യാളാ എന്ന് ഉള്ളുനൊന്ത് വിളിക്കുന്ന മനുഷ്യരുടെ നാട്. അവിടെ കുഞ്ഞുങ്ങളുടെ ബാലാരിഷ്ടതകളില്‍ ഔഷധമായി നാവുകളില്‍ ഇറ്റു വീഴ്ത്തുന്നത് വിശുദ്ധന്റെ മുന്നിലെരിയുന്ന കെടാവിളക്കിലെ എണ്ണ. ഗര്‍ഭവതികള്‍ ശരണപ്പെടുന്നതാവട്ടെ, മറിയത്തിൻ ഉദരഫലത്തെ കാത്ത ബലിഷ്ഠമായ ആ കരങ്ങളിലും. ശുദ്ധതയില്‍ വളരാന്‍ കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ എന്ന ജപം, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചൊല്ലി ഉറങ്ങണമെന്ന് കൊച്ചുമക്കളോട് ശാഠ്യം പിടിക്കുന്ന അമ്മാമ്മമാര്‍. പുണ്യാളന്റെ രൂപക്കൂടിന് മുന്നിലെ അപേക്ഷ പെട്ടി തൊഴില്‍ തേടുന്നവരുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ജീവിത പങ്കാളിക്കായുള്ള മാട്രിമോണിയുമാകുന്ന നാട്. ദാമ്പത്യത്തിലെ നീറുന്ന പ്രശ്‌നങ്ങളില്‍ പെട്ടുപോയവര്‍ തിരുക്കുടുംബത്തിന്റെ മധ്യസ്ഥനേ എന്ന് ഉള്ളുരുകി വിളിക്കുമ്പോള്‍, ജീവിത നിയോഗം പൂര്‍ത്തിയാക്കി മടക്കത്തിനായ് ഒരുങ്ങുന്നവര്‍ക്ക് യൗസേപ്പിതാവ് നല്‍മരണ ദാതാവാണ്. ആ മണ്ണില്‍ ജനിക്കാനായത് എന്റേയും പുണ്യം. പുണ്യാളാ എന്ന് വിളിച്ചപ്പോഴൊക്കെ ലഭിച്ച മറുപടികള്‍ക്ക് നന്ദിയായി ഒരു തളിക പാച്ചോറുമായി രൂപക്കൂടിനു മുന്നില്‍ പലവട്ടം നിറകണ്ണുകളോടെ നിന്നിട്ടുണ്ട്.
വേദപുസ്തകത്തിലെ ജോസഫ്
സമാനതകളില്ലാത്ത അപ്രമാണിക ഗ്രന്ഥങ്ങളായ വിശുദ്ധ തോമസിന്റെയും വിശുദ്ധ യാക്കോബിന്റെയും ധാരാളം സുവിശേഷങ്ങളില്‍ യൗസേപ്പിതാവിന്റെ വിവാഹപ്രായത്തെയും, മറിയവുമായുള്ള വിവാഹനിശ്ചയത്തിന് ദൈവം നല്‍കിയ അടയാളത്തെക്കുറിച്ചുമെല്ലാം വ്യക്തിവിശേഷണങ്ങള്‍ നമുക്ക് കാണാം. എന്നാല്‍ ദൈവപുത്രനായ ഈശോയെക്കുറിച്ച് മാത്രം പ്രതിപാദിക്കുക എന്ന ലക്ഷ്യമുള്ളതു കൊണ്ടാകാം. വേദപുസ്തകത്തില്‍ മത്തായി, ലൂക്കാ സുവിശേഷങ്ങളുടെ ആദ്യ അധ്യായങ്ങളില്‍ മാത്രമാണ്. യൗസേപ്പിതാവെന്ന ജോസഫിനെ നമുക്ക് കാണാനാകുന്നത്. ദാവീദിന്റെ ഗോത്രപരമ്പരയില്‍പ്പെട്ട ജോസഫിന് വിവാഹനിശ്ചയം ചെയ്യപ്പെട്ട വധുവായിരുന്നു മറിയം എന്നാണ് ചരിത്രം ആരംഭിക്കുന്നത്. മാനുഷികമായ ആശങ്കകളുയര്‍ന്ന നേരത്ത് മാനുഷികമായ തീരുമാനം നടപ്പാക്കുന്നതിനു മുന്‍പ് ജോസഫ് ഉറങ്ങി എന്ന വചനം. ദൈവിക വെളിപെടുത്തലുകളെ തിരിച്ചറിയാന്‍ തക്ക ആഴം മനസ്സിനുണ്ടായിരുന്നത് കൊണ്ടാവാം സ്വസ്ഥമായുറങ്ങാന്‍ ജോസഫിനായത്. ഉറക്കത്തില്‍ ദൈവദൂതന്‍ ദൈവിക പദ്ധതിയെക്കുറിച്ച് ജോസഫിന് നിർദേശം നല്‍കുന്നു. വെളിപ്പെട്ടു കിട്ടിയ ദൈവിക നിയോഗത്തെ എളിമയോടും വിശ്വാസത്തോടും കൂടി സ്വീകരിച്ച ജോസഫിനെ നീതിമാന്‍ എന്നാണ് വചനം വാഴ്ത്തുന്നത്. സ്വന്തം തീരുമാനത്തിനപ്പുറം ദൈവേഷ്ടം നിറവേറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ചാര്‍ത്തിക്കിട്ടുന്ന വാഴ്ത്താണിത്. അക്ഷരാർഥത്തില്‍ രക്ഷാകര ദൗത്യത്തില്‍ ദൈവികഹിതം മാത്രം നടപ്പിലാക്കിയ ഭൂമിയിലെ കാവല്‍ക്കാരന്‍ സ്വർഗം നിയോഗിച്ച ഈ പരിപാലകന്‍ തിരുക്കുടുംബത്തെയുംകൊണ്ട് നടത്തിയ ദീര്‍ഘമായ പലായനങ്ങളും കഷ്ടതകളും നമുക്ക് വേദപുസ്തകത്തില്‍ പിന്നീട് കാണാം. ഈ ദുരിതങ്ങള്‍ക്കിടയിലും നിലവിലുള്ള അനുഷ്ഠാനങ്ങളെല്ലാം നിഷ്ഠയോടെ നിർവഹിച്ച് ഈശോയെ വളര്‍ത്തി എന്നും തുടര്‍ന്ന് നമ്മള്‍ വായിക്കുന്നു. ഈശോയുടെ വളര്‍ച്ചയിലും വ്യക്തിത്വത്തിലും യൗസേപ്പിതാവിന് ഉണ്ടായ സ്വാധീനമാണ് പരസ്യജീവിതകാലത്ത് അവനെ കേട്ടിരുന്ന മനുഷ്യര്‍ 'തച്ചച്ചെറുക്കനല്ലേ ഇവന്‍' എന്ന് ആശ്ചര്യപ്പെടുന്നതിലൂടെ തെളിയുന്നത്.
യൗസേപ്പിതാവ് : സഭാ ചരിത്രത്തില്‍
യൗസേപ്പിതാവിനോടുള്ള വണക്കം സഭയുടെ ആദ്യ കാലഘട്ടം മുതല്‍ ഉണ്ടായിരുന്നു. 1630-ല്‍ ജൂസഫ് ഡി റിബെറെ എന്ന ചിത്രകാരനാണ് തിരുക്കുടുംബത്തിന്റെ കേന്ദ്രസ്ഥാനത്ത് യൗസേപ്പിതാവിനെ ചിത്രീകരിച്ച് ചേര്‍ത്തത്. 1870-ൽ കത്തോലിക്കാ സഭയ്ക്ക് വലിയ പ്രതിസന്ധികളുടെ വര്‍ഷമായിരുന്നു. ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പോലും നിര്‍ത്തിവയ്‌ക്കേണ്ട അത്രയും അതിസങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ തിരുസഭയില്‍ കൊടുമ്പിരികൊണ്ട വര്‍ഷം. പരിഹരിക്കപ്പെടാനാവാതെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് സഭയെ സംരക്ഷിക്കാനായി വിശുദ്ധ ഒന്‍പതാം പീയൂസ് പാപ്പയാണ് തിരുസഭയുടെ മധ്യസ്ഥനായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിക്കുകയുണ്ടായത്. തിരുക്കുടുംബത്തെ മരണകരമായ അപകടങ്ങളില്‍ നിന്ന് കാത്തു പരിപാലിച്ച വളര്‍ത്തുപിതാവ് അബദ്ധത്തിന്റെ കരങ്ങളില്‍ നിന്ന് തിരുസഭയെയും സംരക്ഷിക്കുമെന്ന് പരിശുദ്ധ പിതാവ് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ഫലമണിഞ്ഞു. പിന്നീട് സഭയില്‍ സമാധാന അന്തരീക്ഷവും വിശ്വാസ തീക്ഷ്ണതയും വർധിച്ചു എന്ന് ചരിത്രം സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇതു പോലെ മറ്റൊരു സാക്ഷ്യം വാര്‍ത്തകളില്‍ നിറഞ്ഞത് 2015 ലാണ്. മനിലയിലെ ലോക കുടുംബസമ്മേളന വേദിയില്‍ ഫ്രാൻസിസ് പാപ്പ, പ്രശ്‌ന പരിഹാരത്തിനായി സ്വന്തം ജീവിതത്തില്‍ സ്വീകരിക്കുന്ന ഒരു രഹസ്യം ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായി. പാപ്പയുടെ മുറിയില്‍ യൗസേപ്പിതാവിന്റെ ഉറങ്ങുന്ന ഒരു രൂപമുണ്ട്. മാനുഷിക ബുദ്ധിയാല്‍ പരിഹരിക്കപ്പെടാനാകാത്ത പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവയെല്ലാം ഒരു കടലാസിലെഴുതി രാത്രിയില്‍ ഈ രൂപത്തിന്റെ തലയിണക്കിടയില്‍ പാപ്പ സമര്‍പ്പിക്കും. നേരം വെളുക്കുമ്പോഴേക്കും പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാർഗം മനസ്സില്‍ തെളിയുകയും ചെയ്യും. പരിശുദ്ധ പിതാവിന്റെ ഈ സാക്ഷ്യം, ലോകം വലിയ വിശ്വാസത്തോടെ ഏറ്റെടുത്തു. ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം നമ്മുടെ വീടുകളിലെ രൂപക്കൂടുകളിലും അങ്ങനെ സ്ഥാനം പിടിച്ചു.
വിശുദ്ധന്റെ പരിപാലനത്തിലെ സവിശേഷതകള്‍
കഴിഞ്ഞ ദിവസം കേട്ട പ്രസംഗത്തിലെ ശ്രദ്ധേയമായ ഒരു വരി ഇപ്രകാരമായിരുന്നു. 'ജീവിതത്തില്‍ വ്യക്തത നഷ്ടപ്പെട്ട അവസരങ്ങളില്‍ പോലും, ദൈവിക പദ്ധതി തിരിച്ചറിയാനുള്ള ഏകാഗ്രത യൗസേപ്പിതാവിന് ഉണ്ടായിരുന്നു', അതുകൊണ്ടാവാം മനുഷ്യന്റെ ചെറിയ ബുദ്ധിക്ക് പിടികിട്ടാത്ത ദുരിതങ്ങളാല്‍ വലഞ്ഞ ലോകത്തെ, ഫ്രാൻസിസ് പാപ്പ വിശുദ്ധന്റെ ഏകാഗ്രതയുള്ള സംരക്ഷണത്തിലേക്ക് ചേര്‍ത്തുവച്ചത്. തമ്പുരാനോടും തമ്പുരാനേല്‍പ്പിച്ച പെണ്ണിനോടും വിശ്വസ്തനായ ജോസഫ്, പെണ്ണായി പിറന്നവരുടെയെല്ലാം പ്രതീക്ഷയും സ്വപ്നവുമാണ്. വിശ്വാസത്തിന്റെ ദൃഢതയും, അപരനോട് നീതിയും, തീരുമാനങ്ങളില്‍ വിവേകവുമുള്ള യൗസേപ്പിതാവ് നമ്മുടെ കുടുംബങ്ങള്‍ക്കാവട്ടെ ഉത്തമമായ ഒരു പാഠപുസ്തകവുമാണ്. അപ്പനും അമ്മയ്ക്കും ദാമ്പത്യത്തില്‍ കൂട്ട് ഉത്തരവാദിത്വമാണെന്ന് പറയാറുണ്ടെങ്കിലും, കാലം ഒരു വീടിനെ അടയാളപ്പെടുത്തുന്നത് വീടിനോട് കുടുംബനാഥന്‍ പുലര്‍ത്തിയ വിശ്വസ്തതയെ പ്രതിയായിരിക്കും എന്ന് ശാസ്ത്രവും പറയുന്നു. അപ്പനെന്ന അഭിമാനത്തില്‍ വളര്‍ന്ന മക്കള്‍ ജീവിതവിജയം നേടാനുള്ള സാധ്യത ഏറെയെന്നും, അപ്പനെ പ്രതി മനസ്സില്‍ ഭയമോ സങ്കടമോ അപമാനമോ സൂക്ഷിക്കുന്ന കുഞ്ഞ് സ്വന്തം ജീവിതത്തിലും സമൂഹത്തിലും പരാജയപ്പെടാനുള്ള സാധ്യത അതിലേറെ എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സാക്ഷരതയിലും സംസ്‌ക്കാരത്തിലും ഉന്നതിയില്‍ നില്‍ക്കുന്ന കേരളസമൂഹം ഭയക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണിത്. കാരണം തിരുക്കുടുബത്തിന്റെ കാവല്‍ക്കാരനായ ഭാഗ്യപ്പെട്ട യൗസേപ്പിതാവിനെക്കുറിച്ച് ഇതെഴുതുമ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് കുറ്റകൃത്യങ്ങളില്‍ പെട്ട് കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ആണ്‍മുഖങ്ങളാണ്.
ജോസഫ് എന്ന പ്രതിശ്രുത വരന്‍ തന്നെ ഉപേക്ഷിക്കില്ല എന്ന ഉറപ്പിലാകും ശംഖുപുഷ്പം പോലൊരു കുഞ്ഞുപെണ്ണ് ഗബ്രിയേല്‍ ദൂതനോട് ആമേന്‍ പറഞ്ഞതെന്ന് എന്നിലെ പെണ്ണിനുറപ്പാണ്. അവളുടെ ഉറപ്പുപോലെ തന്നെ, സ്വർഗത്തിന്റെ സ്വപ്നത്തെ ജ്ഞാനത്തിലും പ്രായത്തിലും ദൈവിക പ്രീതിയിലും അവന്‍ വളര്‍ത്തി എന്ന് സത്യവചനം. നോക്ക് ! അമ്മമാരായ നമുക്കും ഒരു കടമയുണ്ട്. നമ്മുടെ ഉദരഫലങ്ങളായ ആണ്‍മക്കളെയെല്ലാം യൗസേപ്പിതാവിനെപ്പോലെ കുടുംബത്തിന്റെ ഭാഗ്യപ്പെട്ട കാവല്‍ക്കാരായി തന്നെ നമുക്ക് ഒരുക്കി വളര്‍ത്താം. അവരുടെ തോളിന്മേല്‍ വിശ്വാസമര്‍പ്പിച്ച് ദൈവേഷ്ടത്തിന് കീഴ്‌പ്പെടുന്ന മറിയമാരും വന്നു ചേരാന്‍ നമുക്ക് പ്രാർഥിക്കാം. അവര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തുന്നത് തിരുക്കുടുംബങ്ങളായി മാറട്ടെ. ആമേന്‍.