Coverstory

പ്രണയം യുദ്ധമല്ല...?!

റ്റോം ജോസ് തഴുവംകുന്ന്‌

ആത്മസത്തയുടെ അവിഭാജ്യഘടകമായിരിക്കണം അഹിംസയെന്ന് ഉദ്‌ബോധിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ ഓരോ ദിവസവും സംഭവിക്കുന്ന ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങള്‍ എന്തുകൊണ്ട് എന്ന് നാമെല്ലാവരും ചിന്തയ്ക്കു വിധേയമാക്കണം. അടിച്ചമര്‍ത്താനും പിടിച്ചടക്കാനും പിടിച്ചു വാങ്ങാനും അന്യരെ നിഗ്രഹിച്ചില്ലാതാക്കാനും ശ്രമിക്കുന്ന തലമുറയെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും? തിരികെ നടക്കാനും മാറ്റിച്ചിന്തിക്കാനും മുറ്റുള്ളവരെ ആദരിക്കാനും ഇനിയെങ്കിലും തയ്യാറാകേണ്ടേ? ഈ ലോകത്തില്‍ സകല മനുഷ്യര്‍ക്കും സകലവിധ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള വിശുദ്ധമായ പരിതസ്ഥിതിയും പരിസ്ഥിതിയും ഉറപ്പാക്കേണ്ടേ? സമാധാനവും സൈ്വര്യജീവിതവും മറ്റെന്തിനേക്കാളും വിലപ്പെട്ടതല്ലെ? ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നവരോടുള്ള സമീപനത്തിലും മാറ്റം വരേണ്ടേ? അകാലത്തില്‍ മരണപ്പെടുന്നവരുടെ ഗദ്ഗദം തുടര്‍ സമൂഹത്തിന്റെ ആണിക്കല്ല് ഇളക്കുമെന്നറിയണം. അവകാശങ്ങളും ആദരവും സ്‌നേഹവും അംഗീകാരവുമൊക്കെ അടിച്ചമര്‍ത്തി പിടിച്ചു വാങ്ങേണ്ടതാണെന്ന് എന്നുമുതല്‍ക്കാണ് നാം തെറ്റിദ്ധരിച്ചതെന്നും ചിന്തിക്കുന്നത് ഉചിതമാകും.

കുടുംബം

ഭാഷയ്ക്കും കാലദേശങ്ങള്‍ക്കുമപ്പുറം ആര്‍ക്കും വായിക്കാവുന്ന ലളിതവും സുന്ദരവുമായ പാഠമാണ് മാതൃകയുടേത്. വിവാഹവും കുടുംബാധിഷ്ഠിത ചുറ്റുപാടുകളും സമൂഹത്തിന്റെ ആത്മവിശ്വാസത്തിനുള്ള അടിസ്ഥാന പാഠമാകേണ്ടതാണ്. കുടുംബമാണ് ആദ്യത്തേതും ആത്യന്തികവുമായ വിദ്യാലയം. കുടുംബത്താണ് സകലവിധ സദ്ഗുണങ്ങളും വിളങ്ങേണ്ടതും വിളയേണ്ടതും. ഒരു സമൂഹത്തിന്റെ കൊച്ചുപതിപ്പാണ് കുടുംബം; സമൂഹത്തോടും സമൂഹത്തിലായിരിക്കേണ്ട സാഹചര്യങ്ങേളാടും വേണ്ടത്ര മുന്‍സൂചനകളുടെ സൂക്ഷിപ്പുകേന്ദ്രമാണ് കുടുംബം. സൗഹൃദങ്ങളുടെ ആഴവും നിഷ്‌ക്കളങ്കതയും പരസ്പര ബഹുമാനവും കുടുംബത്തില്‍ നിന്നു പഠിക്കേണ്ടതാണ്. മനുഷ്യത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും ആണ്‍പെണ്‍ വ്യത്യാസമില്ല. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമായി കുടുംബം മാറരുത്. ദുശ്ശാഠ്യം നല്ലതിലേയ്ക്കുള്ള സഞ്ചാരമല്ല. അതിരുകളുള്ളതാണ് സ്വാതന്ത്ര്യമെന്നും തലമുറ അറിയണം. ആരെയും നോവിക്കാതെ സ്വയം ജീവിച്ചു വളരാനുള്ള സാഹചര്യത്തെക്കുറിച്ച് മക്കളെ ബോധ്യപ്പെടുത്തണം. വൈവിധ്യങ്ങളാണ് സൗന്ദര്യത്തിനാധാരം; വ്യതിരിക്തമായ വ്യക്തിത്വ മികവാണ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു നിദാനം. വിജയത്തിലേയ്ക്കുള്ള വ്യവസ്ഥകളാണ് വിജയത്തേക്കാള്‍ പ്രധാനമെന്ന് വരുംതലമുറയെ ബോധ്യപ്പെടുത്തണം. സ്വന്തം ആഗ്രഹങ്ങളും കഴിവുകളും തമ്മിലുള്ള വ്യത്യാസം സ്വയം ബോധ്യപ്പെടുത്തുന്നതിലേക്ക് കുടുംബത്തുതന്നെ ബോധനമുണ്ടാകണം. മത്സരമാകാം; പക്ഷെ ഫലം വിജയം മാത്രമല്ല പരാജയം കൂടിയാകാം എന്നൊരു മനോബലം രൂപപ്പെടുത്താനും ഭാവി തലമുറയ്ക്ക് ആകണം. ''കുടുംബത്തു പിറന്നവന് '' ചെയ്യുവാനാകുന്നതിന് പരിമിതികളും പരിചിന്തനങ്ങളുമുണ്ടാകണം. വ്യക്തിത്വ വികാസത്തിന് ഏറ്റം പറ്റിയ ഇടംകുടുംബം തന്നെ. നന്മകൊണ്ട് നിറഞ്ഞവനെ (നിറഞ്ഞവളെ) രൂപപ്പെടുത്തുന്നതില്‍ കുടുംബമാണ് സര്‍വ്വകലാശാലയെന്നു പറയാം. അമ്മയ്ക്ക് അച്ഛനോടും അച്ഛന് മുത്തച്ഛനോടും, അമ്മയ്ക്ക് മുത്തശ്ശിയോടും ഇവര്‍ക്കെല്ലാവര്‍ക്കും കൊച്ചുമക്കളോടുമുള്ള ആര്‍ദ്രമായ ഒരു സ്‌നേഹവായ്പുണ്ട്; അതൊരു പാഠമല്ല; പാഠപുസ്‌കമാണ്. ഈ പുസ്തകത്തില്‍ സമൂഹത്തിലേയ്ക്കുള്ള പുറപ്പാടിനുള്ള കുറിപ്പുകള്‍ ആലേഖനം ചെയ്തിട്ടുണ്ടാകും.

ഒറ്റപ്പെടല്‍

ആധുനികതയുടെ ഏറ്റം വലിയ ദുരവസ്ഥയാണ് ഏകാന്തത. കളിക്കൂട്ടുകാരും കളിക്കളവും കളികളുമെല്ലാം സ്മാര്‍ട്ട് ഫോണ്‍ ഏറ്റെടുത്തു കഴിഞ്ഞു. ഏകാന്തതയുടെ തടവറയില്‍ ഏകാന്തമായിരുന്നു സംവദിക്കുന്നത് സംഭവിക്കാന്‍ പാടില്ലാത്തതിലേക്കുള്ള നീക്കങ്ങളാകാം. ബാറ്റ് ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും ഓടുന്നതും സിക്‌സര്‍ അടിക്കുന്നതും സെഞ്ചുറി അടിക്കുന്നതും സ്വയം തന്നെ... റഫറിയും സ്വന്തം വിരല്‍ തന്നെ! കളിക്കുന്നതും ഗോളടിക്കുന്നതും സ്വയമാകുമ്പോള്‍ പരാജയപ്പെടാന്‍ ആര്‍ക്കാണ് കഴിയുക? മനസ്സിന്റെ തുറവിയും തുറക്കാനുള്ള ഇടവും നഷ്ടമാകുന്ന ഇന്നിന്റെ സൗഹചര്യത്തില്‍ 'ഒറ്റയാള്‍ പട്ടാളം' ശക്തിപ്രാപിക്കുന്നുവെന്നത് സാധാരണമല്ലെ? ഒഴുക്കില്ലാത്ത ജലത്തില്‍ അഴുക്കടിഞ്ഞു കൂടുമെന്നാര്‍ക്കാണറിയാത്തത്?

പണ്ടൊക്കെ സൗഹൃദത്തിന് അവസരമുണ്ടായിരുന്നു; ഒപ്പം പങ്കിട്ടു വളരുന്നതിന്റെ ആഴവും പരപ്പും ആസ്വദിച്ചിരുന്നു. നാലു പേര്‍ക്കിരിക്കാവുന്ന സ്‌കൂള്‍ ബെഞ്ചില്‍ ആറുപേര്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നിരുന്ന കാലം ഓര്‍മ്മയാകുന്നതും ഇന്നത്തെ സാധാരണത്വമാകുന്നു. തനിച്ചു മത്സരിച്ച് തനിച്ചു ജയിക്കുന്ന ഒരു സ്വാര്‍ത്ഥ മനസ്സ് ഇന്നത്തെ തലമുറയില്‍ രൂപംകൊള്ളുന്നതിനോട് മുതിര്‍ന്നവരും അദ്ധ്യാപകരും മനഃശാസ്ത്രജ്ഞരും ക്രിയാത്മകമായി പ്രതികരിക്കണം. മനസ്സ് തുറക്കാത്ത 'ശാന്തത' സ്‌ഫോടനാത്മകതയുടെ പ്രതീകമാണെന്ന് അറിയുക.

പഠനമുറി

നമ്മുടെ പഠനമുറികളില്‍ വിദ്യാര്‍ത്ഥികളെ ആഴത്തില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാഠ്യപദ്ധതിയിലെ 'പെര്‍ഫോമെന്‍സും ഇന്റലിജെന്‍സും' മാത്രം കരുതലായി എടുക്കാതെ ഓരോരുത്തരിലേയും 'മനുഷ്യന്‍' എത്രമാത്രം സജീവമാണെന്ന് പഠിക്കണം. കാമ്പസ്സുകളിലെ സൗഹൃദത്തിന്റെ റേഞ്ചും നിരീക്ഷിക്കണം. വിദ്യാര്‍ത്ഥികളെ വ്യക്തിപരമായി നിരീക്ഷിക്കാനുള്ള ജാഗ്രത അദ്ധ്യാപകരിലുണ്ടാകണം. തന്റെ തന്നെ മക്കളാണ് കാമ്പസിലൂടെ ചരിക്കുന്നതെന്ന മനസ്സാക്ഷി ഗുരുക്കന്മാരിലുണ്ടാകണം. തന്നിഷ്ടവും താന്തോന്നിത്തരവും അനുവദിക്കാത്ത സ്വാതന്ത്ര്യം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാവൂ. സിലബസ്സിനും കരിക്കുലത്തിനുമപ്പുറം മനുഷ്യരെങ്ങനെയായിരിക്കണമെന്ന് പഠനമുറിയില്‍ പഠിപ്പിക്കണം. സന്മാര്‍ഗ്ഗപാഠം സകല പാഠത്തിനുമപ്പുറം 'പാഠ'മായി മാറ്റണം. എങ്ങനെ നല്ല മനുഷ്യരാകാണമെന്നത് പഠനത്തിന്റെ മൂലക്കല്ലാകണം. ഹൃദയതുറവിയില്ലാത്തവര്‍ക്കായി പ്രശ്‌നങ്ങള്‍ക്കപ്പുറം കൗണ്‍സലിംഗ് കൊടുക്കണം. കലുഷിത മനസ്സിനെ ശാന്തമാക്കാനും നേര്‍വഴിയെ നയിക്കാനും പാഠശാലകള്‍ക്ക് ആകുന്നില്ലെങ്കില്‍ റിസല്‍ട്ട് വികലമാകും; സൂക്ഷിക്കുക. തൊഴിലിന്റെ പ്രാവീണ്യമൊ ശമ്പളത്തിന്റെ ഔന്നത്യമോ എന്നതിനേക്കാള്‍ വ്യക്തിപ്രാഭവം മഹത്തുക്കളുടെ വഴിയിലേക്ക് എത്തിപ്പെടണം. മഹാത്മാക്കളുടെ ജീവിതപന്ഥാവ് പഠനമുറികളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. മുഖാമുഖമുള്ള സംവാദങ്ങളും സംഭാഷണങ്ങളും സൗഹൃദങ്ങളും വളരണം. പരസ്പര ധാരണ വളര്‍ത്താന്‍ സംഭാഷണം സഹായിക്കും; ഇന്ന് അതിന്റെ അഭാവം ഗൗരവതരം തന്നെ!!

പ്രണയത്തിന് ഒരു അധീശത്വഭാവത്തേക്കാള്‍ വിശുദ്ധിയുടെ ആത്മാര്‍ത്ഥതയുണ്ടാകണം. ലഭിച്ചില്ലെങ്കില്‍ തച്ചുടയ്ക്കുകയോ തകിടം മറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രവണതയെ തികഞ്ഞ ബോധവല്‍ക്കരണത്തിലൂടെ ഇല്ലായ്മ ചെയ്യണം. പ്രണയം ഒരു യുദ്ധംപോലെയാകരുത്; തുടങ്ങാനെളുപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ; ആര്‍ക്കും ആരോടും 'നോ' പറയാന്‍ കഴിയില്ലെന്നത് വ്യക്തിത്വ വൈകല്യമല്ലെ?

പ്രണയം

പ്രണയത്തിന് ഒരു അധീശത്വഭാവത്തേക്കാള്‍ വിശുദ്ധിയുടെ ആത്മാര്‍ത്ഥതയുണ്ടാകണം. ലഭിച്ചില്ലെങ്കില്‍ തച്ചുടയ്ക്കുകയോ തകിടം മറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രവണതയെ തികഞ്ഞ ബോധവല്‍ക്കരണത്തിലൂടെ ഇല്ലായ്മ ചെയ്യണം. പ്രണയം ഒരു യുദ്ധംപോലെയാകരുത്; തുടങ്ങാനെളുപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ; ആര്‍ക്കും ആരോടും 'നോ' പറയാന്‍ കഴിയില്ലെന്നത് വ്യക്തിത്വ വൈകല്യമല്ലെ? പുസ്തകത്തിനും പേനയ്ക്കുമൊപ്പം ആയുധം കൊണ്ടു നടക്കുന്ന ഇന്നത്തെ യുവമനസ്സിനെ തിരുത്തേണ്ടത് സകലരുടേയും ചുമതലയാണ്. വികലമാക്കുന്ന വികൃതിയുടെ ഉടമകളല്ല മറിച്ച് പടുത്തുയര്‍ത്തുന്ന വിശുദ്ധമായ സുകൃതിയുടെ വക്താക്കളാണ് യുവതീയുവാക്കള്‍; ഹൃദയം വായിക്കാതെയുള്ള കാഴ്ചയുടെ ഭ്രമത്തെ പ്രണയ മെന്നു വിളിച്ചതു തന്നെ തെറ്റ്. ആവര്‍ത്തിക്കരുത്; സകലരുടേയും മേല്‍ ജാഗ്രതയുടെ സൂക്ഷ്മക്കണ്ണുകള്‍ പതിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ നൈമിഷീകതയില്‍ ഭ്രമിക്കാതെ ജീവിതത്തിന്റെ അമൂല്യതയില്‍ ആകൃഷ്ടരാകുക; ജീവിതം ജീവിച്ചു തീര്‍ക്കുന്നതില്‍ ത്രില്‍ കാണിക്കണം; മറ്റുള്ളവരെ ജീവിക്കാനുമനുവദിക്കണം.

വിവേകം

എന്ത് ആഗ്രഹിക്കണം എന്ത് നിഷേധിക്കണം എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണ് വിവേകമെന്നാണ് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞിരിക്കുന്നത്. മനുഷ്യജീവിതമാകെ വിവേകത്താല്‍ എന്നും നവീകരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ തലമുറയെ വിവേകം പരിശീലിപ്പിക്കാന്‍ ശ്രമമുണ്ടാകണം. സമചിത്തതയോടെ നേരിടാന്‍ മക്കളെ പഠിപ്പിക്കണം. വിജ്ഞനാകുന്നതിനേക്കാള്‍ പ്രധാനമാണ് വിവേകിയാകുകയെന്നത്. വിവേകം ലഭിക്കാത്ത വിജ്ഞാനത്തിന് ശുഭോദര്‍ക്കമായ ഭാവിയുണ്ടാകുമോ എന്നറിയില്ല. ഇന്നത്തെ പ്രണയത്തിന് വിവേകരഹിതമായ സാത്താന്യ നീക്കങ്ങള്‍ എങ്ങും ദൃശ്യമാകുന്നു. ക്രൂരതകൊണ്ട് ഞെട്ടിക്കാനല്ല ധീരതകൊണ്ട് അത്ഭുതപ്പെടുത്താനുമല്ല സൗമ്യനായി സല്‍കൃത്യങ്ങളില്‍ മുഴുകാനാണ് യുവതയെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേയ്ക്ക് ക്ഷണിക്കുന്നത്.

നവമാധ്യമങ്ങളുടെ പ്രസക്തി

സോഷ്യല്‍ മീഡിയ സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത് 'പ്രണയ സാധ്യത' പെട്ടെന്നാണ്. ആരുമറിയാത്ത 'കടന്നുകയറ്റ'ങ്ങള്‍ വഴിവിടുമ്പോഴായിരിക്കും ചുറ്റുമുള്ളവര്‍ തിരിച്ചറിയുക. നവ മാധ്യമ ബോധവല്‍ക്കരണം അനിവാര്യം തന്നെ. സോഷ്യല്‍ മീഡിയ യിലെ അപകടങ്ങളും സാധ്യതകളും മക്കള്‍ തരിച്ചറിയണം. ദൃശ്യങ്ങളുടെ വശ്യതയില്‍ മണ്ടന്മാരെപ്പോലെ അനുധാവനം ചെയ്യാതെ തികഞ്ഞ തിരിച്ചറിവോടെ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്താനകണം. എല്ലാം ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയുമാക്കാതെ നമുക്ക് മുഖാമുഖം സന്ദേശം പങ്കുവയ്ക്കാം; യാന്ത്രികതവിട്ട് മാനുഷികതയില്‍ വളരാനും വളര്‍ത്താനും നാളെയുടെ തലമുറയെ പഠിപ്പിക്കണം. സ്മാര്‍ട്ട്‌ഫോണ്‍ അത്ഭുതമല്ല; ആവശ്യമാണ് പക്ഷെ, അപകടം പതിയിരിക്കുന്നു, തിരിച്ചറിയണം, ജാഗ്രതയിലാകണം. അച്ചടക്കത്തിലും അനുസരണയിലും അനുകരണീയമാംവിധം ജീവിക്കുവാന്‍ യുവതയെ കര്‍ക്കശമായി ബോധവല്‍ക്കരിക്കണം.

ശിക്ഷണം ശിക്ഷയല്ല; തലമുറയുടെ രക്ഷയാണെന്ന് ഏവരുമറിയണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം