ഫാ. ഡോ. ബിനോജ് മുളവരിക്കല്‍
ഡയറക്ടര്‍, യൂത്ത് അപ്പസ്‌തോലേറ്റ്, യൂറോപ്പ്
അന്നൊരു ബാലന്റെ കയ്യിലെ അഞ്ചപ്പവും രണ്ടുമീനുമാണ് ഈശോ അയ്യായിരങ്ങള്‍ക്കു വിളമ്പിയതും, 12 കുട്ട നിറയെ ബാക്കിയാക്കിയതും. കാര്‍ലോ എന്ന ബാലന്‍ അവന്റെ കയ്യിലെ ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ഉപയോഗിച്ചു ചെയ്ത ചില കാര്യങ്ങള്‍ ഈശോ ആശീര്‍വദിച്ചു തലമുറകള്‍ക്കു അത്ഭുതമായി നല്‍കിയ അഞ്ചപ്പവും മീനുമാണെന്നു സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ദിനമായിരുന്നു സെപ്തംബര്‍ 7, 2025. അന്ന് റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രണ്ടരലക്ഷത്തിലധികം ജനത്തോടൊപ്പം നിന്നു വിശുദ്ധ കാര്‍ലോയെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ എന്ന് ലെയോ പാപ്പയോടൊപ്പം പ്രാര്‍ഥിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ദൈവം ചരിത്രത്തില്‍ നിരന്തരം ചില വ്യക്തികളിലൂടെ ഇടപെടുന്നു, ചിലതു ഓര്‍മ്മപ്പെടുത്താനും ചിലതൊക്കെ പഠിപ്പിക്കാനും. നമ്മള്‍ തിരക്കുകള്‍ക്കിടയില്‍ അദ്ഭുതപ്പെടാന്‍ മറന്നുപോകുന്ന അരികിലുള്ളൊരു അദ്ഭുതം. ഒരു കുഞ്ഞു ബാലനെ അദ്ഭുതപ്പെടുത്തുന്നു, അവനിലൂടെ അദ്ഭുതത്തോടെ നോക്കാന്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി തോന്നുന്നു. വിശുദ്ധ കുര്‍ബാന സ്വര്‍ഗത്തിലേക്കുള്ള ഹൈവേയാണെന്ന് നമ്മളോട് വിളിച്ചു പറയുന്നു. നമ്മുടെ ഗവേഷണ പ്രബന്ധങ്ങളും ചര്‍ച്ചകളും പ്രസംഗങ്ങളും വഴി 'സൗന്ദര്യം കുറഞ്ഞുപോയ' ഏറ്റവും വലിയ അദ്ഭുതമായ വിശുദ്ധ കുര്‍ബാന കൂടുതല്‍ ആരാധിക്കപ്പെടാനും അദ്ഭുതപ്പെടുത്താനും ദൈവം ഒരു ബാലനെ തിരഞ്ഞെടുക്കുന്നു. വിശുദ്ധ കാര്‍ലോയെ എന്ന് വിളിക്കാന്‍ സഭയിലൂടെ നമ്മോട് പറയുന്നു.
എല്ലാ പാട്ടുകളും വാക്കുകളും എഴുത്തുകളും നമ്മെ ഒരുപോലെ ആകര്‍ഷിക്കാറില്ല, എന്നാല്‍ ചിലതൊക്കെ നമ്മുടെ ഹൃദയം കീഴടക്കുന്നുണ്ട്. മില്ലേനിയല്‍ വിശുദ്ധനായ കാര്‍ലോ അക്യുത്തിസ് വിശുദ്ധ കുര്‍ബാനയെക്കുറിച്ചു ഏറെ സ്‌നേഹത്തോടെ അദ്ഭുതത്തോടെ പറയാന്‍ ശ്രമിച്ചതുകൊണ്ടാണ് ലോകം മുഴുവന്‍ അവന്‍ പറയുന്നത് ശ്രദ്ധിച്ചത്. ഫ്രാന്‍സിസ് പാപ്പ ഈ പതിനഞ്ചു വയസ്സുകാരനെ സൈബര്‍ ലോകത്തിന്റെ അപ്പസ്‌തോലന്‍ എന്ന് വിളിച്ചു.
വിശുദ്ധ കുര്‍ബാന സ്വര്‍ഗത്തിലേക്കുള്ള ഹൈവേ
ഈശോയെപ്പറ്റി നിങ്ങള്‍ പറയുന്നതില്‍ എനിക്ക് അസ്വസ്ഥതയില്ല, ഈശോയെപ്പറ്റി ഇത്രയും മനോഹരമായി പറയുന്നതില്‍ മാത്രമാണ് എന്റെ പ്രശ്‌നം എന്നായിരിക്കുമോ പിശാചിന്റെ ടാഗ് ലൈന്‍? ഈശോയെ കുറിച്ചു മനോഹരമായി പറയാന്‍ മറന്നുപോയ ഉപദേശങ്ങളും പ്രസംഗങ്ങളും ആരെയും ഈശോയിലേക്കു ആകര്‍ഷിക്കുന്നില്ല എന്നതാണ് സത്യം.
ലെയോ പാപ്പാ കാര്‍ലോയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞു, 'In front of the sun, you get a tan. In front of the Eucharist, you become a saint!' കാര്‍ലോ ഇന്റര്‍നെറ്റില്‍ ചിലവഴിച്ച സമയത്തേക്കാള്‍ കൂടുതല്‍ ദിവ്യകാരുണ്യത്തിന്റെ മുന്‍പില്‍ സമയം ചിലവഴിച്ചു എന്ന സത്യമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാര്‍ലോയെ ഓര്‍ക്കുന്നതിനിടയില്‍ ദിവ്യകാരുണ്യത്തെ പ്രണയത്തോടെ നോക്കിയിരുന്ന് ആരാധിച്ച കാര്‍ലോയെ നമ്മള്‍ മറക്കരുത്. സുവിശേഷവത്കരണത്തിനുള്ള ഉപാധി ആയി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സത്യം അതിലേറെ സമയം ഈശോയോടൊപ്പം ചെലവഴിക്കുക എന്നതാണ്. കാരണം, ഗര്‍ഭം ധരിക്കാതെ എങ്ങനെ പ്രസവിക്കും! സോഷ്യല്‍ മീഡിയില്‍ നമ്മള്‍ ഡെലിവര്‍ ചെയ്യേണ്ടത് ഈശോയില്‍ നമ്മള്‍ ഗര്‍ഭം ധരിച്ചതാകുമ്പോള്‍ അത് യഥാര്‍ഥ സുവിശേഷവല്‍ക്കരണം ആകും.
സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവര്‍ ഏറെസമയം ഈശോയുടെ മുമ്പില്‍ ഇരിക്കണം
'Sadness is looking at yourself; happiness is looking at God.' വേദനകള്‍ എങ്ങനെ കാര്‍ലോ വേദാന്തമാക്കി എന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. ദൈവം നല്ലവനാണെങ്കില്‍ എന്തുകൊണ്ട് ലോകത്തു ഇത്രമാത്രം ദുഃഖദുരിത ങ്ങള്‍ എന്ന യുവാക്കളുടെ പതിവ് ചോദ്യത്തിനു ജീവിതംകൊണ്ട് ഉത്തരം നല്‍കി കാര്‍ലോ. തന്റെ രോഗക്കിടക്കയിലും രോഗത്തിലേ ക്കല്ല ഈശോയിലേക്കു നോക്കിയിരുന്ന കാര്‍ലോ സ്വര്‍ഗത്തിലേക്ക് പോകാന്‍ തിടുക്കം കാണിക്കുന്നതായി അവന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നുണ്ട്.
'Conversion is nothing more than shifting your gaze from below to above; a simple movement of the eyes is enough.' നിന്റെ നോട്ടം മാറ്റുന്നതാണ് മാനസാന്തരം. പ്രലോഭനങ്ങളില്‍ കുടുങ്ങിയതി നാല്‍ ഞാന്‍ രക്ഷപ്പെടില്ല എന്ന യുവാക്കളുടെ ചിന്തയ്ക്ക് കാര്‍ലോ കൊടുത്ത ഉത്തരം എത്ര മനോഹരമാണ്. ചെറിയൊരു പരിശ്രമം പോലും മതിയാകും മാനസാന്തരത്തിന് എന്ന പ്രത്യാശ പകരുന്നതാണു കാര്‍ലോയുടെ വാക്കുകള്‍.
'The only thing we really have to fear is sin' പാപത്തെ സാമാന്യ വല്‍ക്കരിക്കുന്ന യുവാക്കളോട് കാര്‍ലോ പറയുന്നത് ഇതാണ്, നീ പേടിക്കേണ്ടത് പാപത്തെ മാത്രമാണ്. കാര്‍ലോയുടെ മൊബൈല്‍ ഫോണും ടീഷര്‍ട്ടും ജീന്‍സും ശ്രദ്ധിക്കുന്നതിനിടയില്‍ ഈ വാക്കുകള്‍ കാണാതെ പോകരുത്.
'People are so concerned with the beatuy of their bodies and do not care about the beatuy of their souls.' ഈ ലോകത്തിന്റെ കണ്ണില്‍ ശരീരങ്ങളെ കുടുതല്‍ സുന്ദരമായി കാണിക്കാന്‍ നോക്കുന്ന നമ്മള്‍ നമ്മുടെ ആത്മാവിനെ മറക്കരുതെന്നും നിത്യതയിലേക്കുള്ള യാത്ര മറക്കരുത് എന്നും കാര്‍ലോ ഓര്‍മ്മിപ്പിക്കുന്നു.
കാര്‍ലോയുടെ അമ്മയുമായി സംസാരിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞൊരു കാര്യം സ്വന്തം മകന്റെ വിശ്വാസമാണ് തങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തിയത് എന്നാണ്. നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ കുറേക്കൂടി ശ്രദ്ധിക്കണം, സ്‌നേഹിക്കണം, വലിയവരായി കാണണം എന്ന് തോന്നുന്നു. നമ്മള്‍ അവരോടു എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന തിനിടയില്‍ അവര്‍ക്കും എന്തൊക്കെയോ പറയാനുണ്ട് എന്ന് ശ്രദ്ധിക്കണം. ഇറ്റലിയിലെ സിച്ചീലിയായില്‍ ഒരു മലയാളി കമ്മ്യൂണിറ്റിയില്‍ പോയ അവസരത്തില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യമുണ്ട്. വൈകുന്നേരങ്ങളില്‍ അവിടെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയില്‍ ഇറ്റാലിയന്‍സിനൊപ്പം മുടങ്ങാതെ വന്നു ഒരു മണിക്കൂര്‍ ഒറ്റക്കിരുന്ന് പ്രാര്‍ഥിക്കുന്ന ഒരു പത്തു വയസ്സുകാരന്‍ മലയാളികുട്ടിയെ അവിടെ കണ്ടു.
അവനില്‍ എന്തോ ഒരു പ്രത്യേകതയുള്ളതായി തോന്നിയപ്പോള്‍, ഇവനെ സ്‌നേഹത്തോടെ എപ്പോഴും ശ്രദ്ധിക്കണം എന്ന് അവിടുത്തെ അച്ചനോട് പറഞ്ഞിട്ടാണ് ഞാന്‍ മടങ്ങിയത്. നമ്മുടെ ചുറ്റുമുള്ള കാര്‍ലോമാരെ നമുക്കു നഷ്ടപ്പെടാതിരിക്കട്ടെ.
ഡിജിറ്റല്‍ ലോകത്തെ നല്ല സമരിയക്കാരായി ക്രിസ്ത്യന്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മാറണം എന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ക്രിസ്ത്യന്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ ഒത്തുചേരല്‍ റോമില്‍ ഈ വര്‍ഷം ജൂലൈ 28, 29 തിയതികളില്‍ നടക്കുകയുണ്ടായി.
തിന്മ ഏറ്റവും കൂടുതല്‍ നുണകള്‍ മനുഷ്യഹൃദയത്തില്‍ 30 സെക്കന്റു കൊണ്ട് അത്യാകര്‍ഷകമായി വിതയ്ക്കുന്ന ഒരു കാലഘട്ടത്തില്‍ സഭ മാധ്യമശുശ്രൂഷ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. നമുക്ക് അറിയാവുന്നതെല്ലാം പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ കേള്‍വിക്കാരുടെ ശ്രദ്ധ എത്രമാത്രം പിടിച്ചുനിറുത്താന്‍ കഴിയുന്നുണ്ടെന്നതും, അവര്‍ക്കെന്തു മനസ്സിലായി എന്നതും കുറേക്കൂടി കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പാഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന സിനിമ ഒരു ഒറ്റത്തവണ നിക്ഷേപമാണ് മാധ്യമരംഗത്തു നടത്തിയത്. ഇന്ന്, ഏതു ലോകത്തുള്ളവര്‍ക്കും എല്ലാ വിശ്വാസികള്‍ക്കും അതെത്രയോ അനുഗ്രഹമായി യാത്ര തുടരുന്നു.
ഈശോയെക്കുറിച്ചു മനോഹരമായി പറയുക!
ചോസന്‍ വെബ് സീരീസ് ഇന്ന് അനേകര്‍ക്കിടയില്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായി രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു, കാരണം ക്രിസ്തു അവര്‍ക്കു മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍, അവര്‍ വ്യാപരിക്കുന്ന പ്ലാറ്റുഫോമുകളില്‍ അവരെ തേടിയെത്തുന്നപോലെയാണ് അതിന്റെ അവതരണം. നമ്മുടെ സുവിശേഷ വല്‍ക്കരണ രീതികള്‍ എന്നും കാണുന്ന കുറച്ചുപേരോടു പ്രസംഗിച്ചും പഠിപ്പിച്ചും തൃപ്തിയടയാതെ കുറേകൂടി ഹൃദ്യമാകട്ടെ, വിശാലമാകട്ടെ, ക്രിസ്തുവിനെപ്പോലെ അവരെ തേടിയിറങ്ങുന്നതാകട്ടെ, മാറി നില്‍ക്കുന്ന അവസാനത്തവനെപ്പോലും കീഴടക്കുന്നതാകട്ടെ. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ക്കായി വിവിധ സഭകള്‍ കൈകോര്‍ക്കട്ടെ, സഭൈക്യചര്‍ച്ചകള്‍ ദൈവശാസ്ത്ര പ്രബന്ധാവതരണങ്ങള്‍ ക്കപ്പുറത്ത് ക്രിസ്തുവിനെ കൊടുക്കാനുള്ള സ്വപ്നങ്ങള്‍ തിടുക്കത്തില്‍ കാണാനുള്ള വേദികളാകട്ടെ.