ഒരു മാലാഖയുടെ കാഴ്ചയുണ്ടായി. അതിനു നടുവിൽ കുരിശാരോഹിതനായ ഒരാൾ ഉണ്ടായിരുന്നു. തന്നിലേക്ക് ഉറ്റു നോക്കുന്ന കരുണാദ്രതയിൽ ഫ്രാൻസിസ് ആനന്ദത്തിലും ദുഃഖത്തിലും ഒരേ പോലെ കവിഞ്ഞൊഴുകി.
ഗൂഢാനന്ദം എന്നാണ് മിസ്റ്റിസിസം എന്ന വാക്കിനു നൽകാവുന്ന പരാവർത്തനം. അതിന്ദ്രീയമായ അത്തരം അനുഭൂതികളെ വരയ്ക്കാൻ നമുക്ക് ഇന്ദ്രിയങ്ങളുടെ ചായം വേണ്ടിവരുന്നു. അങ്ങനെയാണ്, രാധ മാധവന്റെ മഞ്ഞപ്പട്ടുടുത്ത് ഉറങ്ങുന്നത്. അതുകൊണ്ടാണ്, “ഇന്നത്തെ പുലരിയിൽ എന്നെ ചുംബിച്ചയാൾ പിന്നീടൊരിക്കലും എന്നെ വിട്ടുപോയില്ല” എന്നു റാബിയ മന്ത്രിക്കുന്നത്. ഒരു ഗണികാലയത്തിൽ പെട്ടുപോയിരുന്നു അവൾ. “നിങ്ങളുടെ പുരുഷന്മാർ ചിതയിൽ കത്തിത്തീരും, എന്റെ പുരുഷനു മരണമില്ല” എന്ന് അക്ക മഹാദേവി.
വാഴ്‌വിലെ ഏറ്റവും ദുഃഖിതനായ പുരുഷനെ വലം ചുറ്റുന്നതുകൊണ്ടാവണം ക്രിസ്ത്യൻ യോഗാത്മകതയിൽ അയാൾ ചുംബിച്ചവരും അയാളെ ചുംബിച്ചവരുമൊക്കെ വിളക്കിലെ ശലഭങ്ങൾ പോലെ പൊള്ളിയത്. ദുഃഖത്തിന്റെ ആനന്ദമായിരുന്നു തന്റെ ഉപാസകർക്ക് സങ്കടങ്ങളുടെ ആ മഹാപ്രഭു കരുതിവച്ചിരുന്ന സമാശ്വാസം. ഈ ദുഃഖത്തിന്റെ ആനന്ദം എന്നുവച്ചാൽ, ഈറ്റുനോവിൽ മുറവിളിക്കുന്ന സ്ത്രീ എന്നൊക്കെ അയാൾ തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. അത്രമേൽ ഗാഢമായ ആലിംഗനത്തിനൊടുവിൽ അവന്റെ ക്ഷതങ്ങൾ അവരുടെ ഉടലിൽ പതിഞ്ഞുപോയി; പ്രണയിനികളുടെ കുങ്കുമം പടരുംപോലെ. രണ്ടെണ്ണം പാദങ്ങളിൽ, രണ്ട് കൈവെള്ളയിൽ, ഒരെണ്ണം കുന്തമുനയേറ്റ വിലാവിനെ ഓർമ്മിപ്പിക്കാൻ നെഞ്ചിൽ. അപൂർവം ചിലരിൽ ആ മുൾമുടിയെ ഓർമ്മിപ്പിക്കാൻ ശിരസിൽ നിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളികൾ!
സ്‌റ്റിഗ്‌മറ്റയെന്നാണ് ക്രിസ്തീയ പാരമ്പര്യത്തിൽ അതിന് പേര്. ആശ്രമത്തിൽ ചേർന്ന ദിവസം തന്നെ പരിചയപ്പെട്ട വാക്കാണത്. സെപ്റ്റംബർ പതിനേഴാണ് ജന്മദിനമെന്ന് പറഞ്ഞപ്പോൾ ഗോഡ്വിൻ ഗാമയച്ചൻ നന്നായി ഒന്നു ചിരിച്ചു. റെക്ടറച്ചനാണ്. വാസ്ക്കോ ഡി ഗാമയുടെ ആരായിട്ട് വരും പുള്ളിയെന്ന് ആലോചിച്ചിരിക്കുന്നതിനിടയിലായിരുന്നുവത്.
അന്ന് സ്‌റ്റിഗ്‌മറ്റയുടെ തിരുനാളാണ്.
ഒരു തരത്തിലും പരിചയമുള്ള പദമല്ല.
അൽവേർണ മലമുകളിൽ നാൽപ്പതു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന അസീസ്സിയിലെ ഫ്രാൻസിസിന് ആ ദിവസം അഞ്ചുമുറിവു കളുടെ വര പ്രസാദമുണായി.
രണ്ടു വർഷത്തോളം, മരണനേരം വരെ അതിൽ നിന്ന് ചോര വാർന്നിരുന്നു എന്നാണ് പാരമ്പര്യം. മുറിവുകളുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പറഞ്ഞ് സംഭാഷണം തീർന്നു. അച്ചു കുത്താൻ പോലും പേടിയുള്ള നമ്മളോട് തന്നെ ഇത് വേണം!
അത്യാവശ്യം ഇംഗ്ലീഷ് പെറുക്കി പെറുക്കി വായിക്കാൻ തുടങ്ങിയ കാലത്ത് അത് നമ്മുടെ പ്രാർത്ഥന പുസ്തക ത്തിൽ നിന്ന് തന്നെ തപ്പിയെ ടുത്തു. കത്തുന്ന ആറുചിറകു കളുമായി ഒരു മാലാഖയുടെ കാഴ്ചയുണ്ടായി. അതിനു നടുവിൽ കുരിശാരോഹിതനായ ഒരാൾ ഉണ്ടായിരുന്നു. തന്നിലേക്ക് ഉറ്റു നോക്കുന്ന കരുണാദ്രതയിൽ ഫ്രാൻസിസ് ആനന്ദത്തിലും ദുഃഖത്തിലും ഒരേ പോലെ കവിഞ്ഞൊഴുകി. അവർക്കിടയിൽ സ്‌നേഹ ത്തിന്റെ ഒരു നാളം ആളി നിന്നു. ദർശനം മാഞ്ഞപ്പോൾ തന്റെ ശരീരത്തിൽ യേശുവിന്റെ അഞ്ചു മുറിവുകൾ പതിഞ്ഞ തായി ഫ്രാൻസിസിന് ബോധ്യ പ്പെട്ടു. രണ്ടെണ്ണം പാദങ്ങളിൽ, രണ്ടെണ്ണം കരങ്ങളിൽ ഒരെണ്ണം വിലാപുറത്തും. Greek പദമായ stigma യിൽ നിന്നാണ് സ്‌റ്റിഗ്‌മറ്റ വരുന്നത്. sign, mark എന്നൊക്കെയാണർത്ഥം. അടിമകളുടെ പച്ചകുത്തിയോ തീ പൊള്ളിച്ചോ ഉണ്ടാക്കുന്ന അപമാനമുദ്രകൾ എന്നും അതിന് അർത്ഥമുണ്ട്.
ആദ്യത്തെ രേഖപ്പെടുത്തിയിട്ടുള്ള പഞ്ചക്ഷതങ്ങൾ ഫ്രാൻസിസിന്റേതാണ്. ക്രിസ്‌തുവിന്റെ ശാരീരിക ക്ലേശങ്ങളുടെ മീതെയുള്ള ധ്യാനങ്ങളിലാണ് ഇതിന്റെ തളിർപ്പ്. ഫ്രാൻസിസിന്റെ പഞ്ചക്ഷതം ആദ്യം അടയാളപ്പെടുത്തുന്നത് അയാളുടെ നിഴലായി മാറിയ മനുഷ്യനാണ്- ലിയോ. സ്വന്തം കൈപ്പടയിൽ ഫ്രാൻസിസ് അയാൾക്ക് അനുഗ്രഹത്തിന്റെ ഒരു കുറിമാനം കൊടുത്തു. ഒരു തിരുശേഷിപ്പ് പോലെയാണ് അയാളത് സൂക്ഷിച്ചത്. തന്റെ സന്തോഷം അയാളതിൽ ചേർത്തെഴുതി: അനുഗ്രഹീതനായ ഫ്രാൻസിസ് തന്റെ മരണത്തിന് രണ്ട് വർഷം മുമ്പ് പരിശുദ്ധ മാതാവിന്റെയും മിഖായേൽ മാലാഖയുടെയും സ്‌തുതിക്കായി നോമ്പ് ആരംഭിച്ചു. കർത്താവിന്റെ കരം അയാളെ ഒരു സെറാഫിന്റെ ദർശനത്തിലും സ്വരത്തിലും തേടിയെത്തുകയും ശരീരത്തിൽ തന്റെ വിശുദ്ധമുദ്രകൾ പതിപ്പിക്കുകയും ചെയ്തു.
ആ കുറിമാനം അസീസ്സിയിലെ കത്തീഡ്രൽ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഫ്രാൻസിസ് സഹോദര നെന്ന് വിളിക്കുവാൻ ശഠിച്ച ജക്കോബ എന്ന സ്നേഹിത അവൾ അന്ത്യചുംബനം അർപ്പിക്കുമ്പോൾ ആ മുറിവുകൾ അപ്പോഴും ശരീരത്തിൽ കണ്ടുവെന്ന് സാക്ഷ്യം പറഞ്ഞു.
ബൊനവെഞ്ചർ Inventum എന്നപദം കൊണ്ടാണ് അതിനെ വിശേഷിപ്പിക്കുന്നത്. സ്വർഗീയ വെളിപാടുകളുടെ കണ്ടെത്തൽ എന്ന നിലയിലാണത്. അയാളുടെ ശരീരത്തിൽ ദൈവം പതിപ്പിച്ച അടയാള മുദ്രയായിട്ടാണ് അതിനെ വായിച്ചെടുക്കുന്നത്. ഫ്രാൻസിസിന്റെ സുവിശേഷസപര്യയ്ക്ക് മീതെ ആരോ തുല്യം ചാർത്തുകയാണ്.
ഫ്രാൻസിസിനും ക്രൂശിതനുമിടയിലെ ഭാഷണം എട്ടുനൂറ്റാണ്ടുകളായി മനുഷ്യഭാവനയിൽ നിരന്തരം തളിർക്കുന്നുണ്ട്. ഫ്രാൻസിസ്‌ക്കൻ സന്ന്യാസിനിയായ Juana de la Cruz Vasquez Gutierrez, സ്പാനിഷ് ഭാഷയിൽ ഇങ്ങനെ അർത്ഥം വരുന്ന ചോദ്യമാണ് ക്രൂശിതന്റേതായി എഴുതി വെച്ചത്: Do you want to be my woman, wedded to me?
ആ ചൈതന്യത്തിന്റെ വധുവാകാൻ മനസമ്മതം നൽകിയൊരാൾക്ക് ലഭിച്ച കല്യാണമോതിരമായിരുന്നു അഞ്ചുമുറിവുകൾ !
ഫ്രാൻസിസിനുശേഷം ഏതാണ്ട് മൂന്നൂറോളം പഞ്ചക്ഷതരെ സഭ ഡോക്യു മെന്റ് ചെയ്തിട്ടുണ്ട്. അതിൽ അറുപത് പേർ വിശുദ്ധരോ വാഴ്ത്തപ്പെട്ടവരോ ആണ്. പാദ്രേ പിയോയും സിയന്ന യിലെ കാതറിനുമൊക്കെ ഒക്കെ ഉണ്ട്. ഫ്രാൻസിസ് പാപ്പ നമ്മുടെ ദേശത്ത് നിന്ന് പുണ്യവതിയായി ഉയർത്തിയ മദർ മറിയം ത്രേസ്യ അവരുടെ തന്നെ ഭാഷയിൽ, അവന്റെ പങ്കപ്പാടുകൾ ശരീരത്തിൽ വഹിച്ചു കൂട്ടത്തിൽ നിൽപ്പുണ്ട്. നിങ്ങൾക്ക് അത് വിശ്വസിക്കാ തിരിക്കാം. ‘ഹംബഗ്’ എന്നു നിരാകരിക്കാം. ‘ഹിസ്റ്റീരിക്’ എന്ന് അപഹസിക്കാം. ‘ഫിനോമിനൻ’ എന്നു വിസ്മയം കൊള്ളാം. എന്തായാലും, അതിലാളുന്ന ഒരു രൂപകമുണ്ട്.
ഒക്കെ കനലുകൊണ്ട് എഴുതിയ ആത്മീയ കവിതയായിട്ടാണ് അന്നും ഇന്നും അനുഭവപ്പെടുന്നത്. ഏതെങ്കിലും തരത്തിൽ യേശുവുമായി എന്തെങ്കിലും കേസുകെട്ട് ഉള്ളവർക്ക് അകത്തും പുറത്തും വ്രണിതരായി ജീവിക്കേണ്ട ബാദ്ധ്യത ഉണ്ടെന്ന ചില ഗുണപാഠങ്ങളും അതിൽ നിന്ന് എടുക്കാവുന്നേയുള്ളൂ.
പ്രശ്നമതല്ല ഇത്രയും കാലം ഇതിനെക്കുറിച്ച് ഒക്കെ കേട്ടിട്ടും അറിഞ്ഞുകൊണ്ട് ഒരു ക്ഷതവും ഉള്ളിലേക്കെടുക്കാൻ പറ്റാത്ത വിധം എത്ര ഭീരുവാണെന്ന് ഓർക്കുമ്പോഴാണ്.
കാലം കൊണ്ടുണ്ടായ ആകപ്പാടുള്ള മാറ്റം ആ നാടോടിക്കഥയിൽ നിന്ന് കേട്ടത് പോലെ:
പൂച്ചയെ പേടിച്ച ഒരെലി ദൈവത്തോട് പ്രാർത്ഥിച്ചു, പൂച്ചയാവണം. അപ്പം പട്ടിയെ പേടിയായി. പിന്നെ പട്ടിയായി.
അങ്ങനെ ഓരോന്നാകുന്നതനുസരിച്ച് അതിന് മീതെയുള്ള എന്തെങ്കിലുമൊന്ന് പിന്നെയും ഉണ്ടാവും.
ദൈവത്തിന് മടുത്തു: ഇത് ശരിയാവില്ല
ഇനി നീ പുലിയായാൽ പോലും ഉള്ളിൽ നീ എന്നും ഒരു എലി മാത്രമായിരിക്കും.
ഇത്തരം പുണ്യസങ്കല്പങ്ങളുടെ ഒരു ഭാരവുമില്ലാതെ എന്റെ ഉടപ്പിറന്നവരും സ്‌നേഹിതരും ശരീരത്തിലും മനസ്സിലും ഏറ്റു വാങ്ങിയ തിണർപ്പുകൾ കാര്യങ്ങളെ പിന്നെയും പരുങ്ങലിലാക്കുന്നു. അഞ്ചു മുറിവുകളുടെ കഥയല്ലത്. അടി മുടി ഒറ്റ മുറിവായവർ അങ്ങനെ.
പഞ്ചക്ഷതങ്ങളേക്കുറിച്ചുള്ള കൺഫ്യൂഷൻ ഇനിയും തീർന്നില്ലെങ്കിൽ ഒരു ഗൃഹപാഠം ആകാം. വീട്ടിൽ പ്രായമായ അപ്പനോ അമ്മയോ ഉണ്ടെങ്കിൽ, അവർ മയങ്ങിക്കിടക്കുമ്പോൾ അരികിലിരുന്ന് കാലിന്റെ പെരുവിരൽ തൊട്ട് തടവി നോക്കു; അന്ധൻ ബ്രെയിൽ വായിക്കുംപോലെ. വിണ്ടു കീറിയ കാല്പാദങ്ങൾ, തഴമ്പിച്ച മുട്ടുകൾ, ചുളുങ്ങിയ തൊലി, മറഞ്ഞുപോകുന്ന ഓർമ്മ. ആരാ? അപ്പാ, ഞാനാണ്. ഞാനെന്നു വച്ചാ?
ഒരെണ്ണം കൂടി ഒത്താൽ പഞ്ചക്ഷതമായി!