Coverstory

മാനവീകതയുടെ കര്‍മ്മഗതി

പോള്‍ തേലക്കാട്ട്‌

തൊണ്ണൂറ്റിമൂന്നാം വയസ്സിലും 'മങ്ങാത്ത മനീഷയും മഷിയുണങ്ങാത്ത പേനയുമായി' കേരളത്തിന്റെ മനഃസാക്ഷിയായി നിലകൊള്ളുകയാണ് പ്രൊഫ. എം.കെ. സാനു എന്ന സാനുമാഷ്. വിവിധ സാഹിത്യശാഖകളിലായി നാല്‍പതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചു, ആയിരകണക്കിനു പ്രഭാഷണങ്ങള്‍ നടത്തി, എഴുത്തച്ഛന്‍ പുരസ്‌കാരമുള്‍പ്പെടെ അനേകം അംഗീകാരങ്ങള്‍ നേടി. അഞ്ചു വര്‍ഷം എം.എല്‍.എയും ആയിരുന്നു. ഈയിടെ മഹാത്മാഗാന്ധി സര്‍വകലാശാല അദ്ദേഹത്തിനു ഡി.ലിറ്റ് നല്‍കി ആദരിച്ചു. സാനുമാഷുമായി ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

മതം, രാഷ്ട്രമീമാംസ തുടങ്ങിയവയ്ക്ക് കീഴടങ്ങാതെ ഒരു പരമാധികാര മേഖലയായി നിലകൊള്ളുന്നു എന്നതാണ് സാഹിത്യത്തിന്റെ വൈശിഷ്ട്യം എന്നു ഞാന്‍ വിശ്വസിക്കുന്നു. അനേകമാന സംയുക്തമായ (multi-dimentional) ജീവിതത്തിന്റെ ബലിഷ്ഠമായ ഒരു മാനം തന്നെയാണു സാഹിത്യം!
  • സാനുമാഷ് ജീവിതം മുഴുവന്‍ സാഹിത്യവിദ്യാര്‍ത്ഥിയും അധ്യാപകനുമായിരുന്നു. മാഷിനോടുള്ള ബഹുമാനാര്‍ത്ഥം മഹാത്മാഗാന്ധി സര്‍വ്വകലാശാല ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചു. സാംസ്‌കാരിക നേതൃത്വത്തിനാണ് ഈ ആദരം. എന്താണ് സാഹിത്യം? എന്താണ് അതിന്റെ സാംസ്‌കാരിക പ്രസക്തി?

സാഹിത്യം എന്താണെന്നു വിശദമാക്കാന്‍ അനേകം ആചാര്യന്മാര്‍ തുനിഞ്ഞിട്ടുണ്ട്. അതില്‍ പൂര്‍ണ്ണമായി വിജയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. സാഹിത്യം അഥവാ കാവ്യം അനിര്‍വ്വചനീയമാണെന്ന് നമ്മുടെ ആലങ്കാരികന്മാര്‍ പറഞ്ഞിട്ടുണ്ടെന്ന കാര്യം ഇവിടെ ഓര്‍ക്കാവുന്നതാണ്.

'അതെന്താണെന്ന് എനിക്കറിയാം; പക്ഷേ, അതെന്താണെന്നു വിവരിക്കാന്‍ എനിക്കറിഞ്ഞുകൂടാ' എന്നു ദൈവാനുഭൂതിയെപ്പറ്റി പറയാറുള്ളത് സാഹിത്യാനുഭൂതിക്കും ബാധകമാണ്. വികാരങ്ങളുടെ സംയമിതമായ ആവിഷ്‌ക്കരണം എന്നും വികാരങ്ങളുടെ സ്വച്ഛന്ദമായ കവിഞ്ഞൊഴുകല്‍ എന്നും വേഡ്‌സ്‌വര്‍ത്ത് കുറിച്ച വിവരണങ്ങള്‍ ബാലപാഠമായിട്ടേ മുന്തിയ സാഹിത്യചിന്തകന്മാര്‍ കാണുന്നുള്ളൂ.

'വാക്യം രസാത്മകം കാവ്യം' എന്ന നിര്‍വ്വചനത്തില്‍ കുഴപ്പമൊന്നുമില്ല. എങ്കിലും 'എന്താണു സാഹിത്യം?' എന്ന ചോദ്യത്തിന് അത് ഉത്തരമാകുന്നില്ല. സൗന്ദര്യാത്മകമായ ഒരനുഭവത്തിന് നമ്മെ വിധേയരാക്കുന്നു എന്നതാണ്, ഒരു കൃതി സാഹിത്യമാണെന്നു തിരിച്ചറിയാനുള്ള മാനദണ്ഡം എന്ന് പറയുന്നതില്‍ പിശകില്ലെന്നു തോന്നന്നു.

അനുവാചകരുടെ അന്തരംഗങ്ങളെ സംസ്‌കാരസുരഭിലമാക്കുന്നു എന്നതാണ് സാഹിത്യത്തിന്റെ ചിരകാല പ്രസക്തി എന്ന് അരിസ്റ്റോട്ടില്‍ തൊട്ടിങ്ങോട്ടുള്ള ചിന്തകന്മാര്‍ പറഞ്ഞു വച്ചിട്ടുണ്ട്. സാഹിത്യം സമൂഹത്തില്‍ സ്ഥാനം നേടുന്ന കാലഘട്ടങ്ങള്‍ ഏറെ സംസ്‌കാരമുള്ളതായി കാണപ്പെടുന്നുവെന്ന് ചരിത്രം പറയുന്നു.

  • മാഷിന്റെ ജീവിതത്തില്‍ എപ്പോഴും ഒരു ശോകമുണ്ടല്ലോ, എന്തുകൊണ്ട്? എന്തര്‍ത്ഥം?

ചോദ്യത്തിലെ പ്രസ്താവത്തില്‍ സത്യമാണുള്ളത്. അതിനെന്താണു കാരണമെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ. എന്റെ ജന്മവാസനകളിലൊന്നായിരിക്കാം ഈ ശോകം. എന്നെക്കാളധികമായി ദുഃഖങ്ങളനുഭവിച്ചവര്‍ സന്തുഷ്ടരായി കഴിയുന്നതു ഞാന്‍ കാണാതിരിക്കുന്നില്ല.

  • സാനുമാഷിന്റെ ആത്മകഥ ''കര്‍മ്മഗതി''യാണ്. ആഗതി ഒരു ധര്‍മ്മഗതിയല്ലേ? ''ആസ്തിക്യബുദ്ധിയില്‍ നിന്നല്ലാതെ സാഹിത്യത്തിനു അനിര്‍വചനീയമായ കാന്തിവിശേഷം ലബ്ധമാകയില്ല'' എന്ന് എഴുതി. വിശദമാക്കാമോ?

കര്‍മ്മഗതി എന്ന പ്രയോഗത്തിന് ഭാരതീയ വീക്ഷണമനുസരിച്ച് പല തലങ്ങളിലായി വ്യാപിക്കുന്ന പ്രതീതികളാണുള്ളത്. എന്നിലെ ശോകം തന്നെയും കര്‍മ്മഗതിയുടെ ഭാഗമല്ലേ എന്ന് എനിക്കു തോന്നാറുണ്ട്.

ജീവിതം മഹനീയതയുടെ വേഷമണിയുന്നത് ആസ്തിക്യ ബോധത്താലല്ലേ? എനിക്കു പരിചിതമായ സമൂഹയാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയൊരു വസ്തുത (അല്ലെങ്കില്‍ നിരീക്ഷണം) ഇവിടെ പറയട്ടെ. യുക്തിവാദ പ്രസ്ഥാനവുമായി അടുത്തു ബന്ധപ്പെട്ടുപോന്ന ഒരാളാണ് ഞാന്‍. അവര്‍ പൊതുവില്‍ നിരീശ്വരവാദികളാണെന്നു നമുക്കറിയാം. ഒരു വിഭാഗമെന്ന നിലയ്ക്ക് അവരില്‍ ജീവിത പരിശുദ്ധി ഏറിനില്‍ക്കുന്നു. എങ്കിലും, ഒരു പരിധിക്കപ്പുറം അവരിലാരിലും മഹിമയുടെ അനിര്‍വ്വചനീയ പരിവേഷം തെളിയുന്നതു നാം കാണുന്നില്ല. ബ്രാഡ്‌ലാ, ഇംഗര്‍സോള്‍ എന്നിങ്ങനെയുള്ള അതികായന്മാരില്‍ പോലും ഈ പരിമിതി കാണാം. ഒരു നൂറ്റാണ്ടിനെ മുഴുവന്‍ സ്വാധീനിച്ച വോള്‍ട്ടയറെയും അവരുടെ കൂട്ടത്തിലുള്‍പ്പെടുത്താന്‍ ഞാന്‍ തുനിയുന്നത് ഒരപരാധമായി നിങ്ങള്‍ കാണുമോ?

  • ''ഭാഷാപോഷിണി''യില്‍ സാനുമാഷ് എഴുതി, ''സ്വാതന്ത്ര്യ സമരസാഹിത്യം മലയാളത്തില്‍ പുഷ്ടി പ്രാപിച്ചിട്ടില്ല. പുഷ്ടിപ്രാപിക്കുക സാധ്യവുമല്ല.'' എന്തുകൊണ്ട്? ''കാലത്തെ വെല്ലാനുള്ള ശക്തിയില്ലാതെപോയി എന്നു മാത്രം'' എന്നെഴുതിയതാണോ കാര്യം?

സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെല്ലാവരും ഒരുമിച്ചു ചേര്‍ന്ന് സമരം നടത്തുന്നതു കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കുറിച്ചത്. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സമരം നടക്കാതിരുന്നിട്ടില്ല. ടി.എം. വര്‍ഗീസ്, സി. കേശവന്‍, വി.കെ. വേലായുധന്‍ തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സാണ് ആ സമരം തുടര്‍ന്നത്. അതേ കാലത്തുതന്നെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് എന്നൊരു സംഘടനയും തിരുവിതാംകൂറിലുണ്ടായിരുന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരപരിപാടികളില്‍ ആ സംഘടന പങ്കെടുത്തിരുന്നില്ല. പിന്നാക്ക സമുദായങ്ങളും ദലിത് സമുദായങ്ങളും ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭണങ്ങളില്‍ പൂര്‍ണ്ണമായി പങ്കുകൊണ്ടിരുന്നില്ല. ക്രിസ്ത്യാനി-മുസ്ലീം-ഈഴവ സമുദായക്കാര്‍ ഒരുമിച്ചു ചേര്‍ന്ന്, സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു സമരം പ്രത്യേകമായി നടത്തിയിരുന്നു. നിവര്‍ത്തന പ്രക്ഷോഭണം എന്നാണറിയപ്പെട്ടത്. ആ സമുദായങ്ങളെ, അവരുടെ ആവശ്യങ്ങള്‍ക്കു പരിഗണന നല്കിക്കൊണ്ട്, ചേര്‍ത്തപ്പോഴാണ് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭണം അല്പമെങ്കിലും ശക്തി നേടിയത്. അപ്പോഴും അതിനു പോഷകമായ ഒരു 'സമരസാഹിത്യം' മലയാളത്തില്‍ ശക്തിപ്രാപിച്ചില്ല.

മറുവശത്ത്, സവര്‍ണ്ണര്‍ക്കെതിരായി താഴ്ന്നതെന്നു കരുതപ്പെടുന്ന സമുദായക്കാരുടെ അമര്‍ഷം വളര്‍ന്നുകൊണ്ടിരിക്കയും ചെയ്തിരുന്നു.

'ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി

ലന്തപ്പെടും തനയ, രെന്തിനയേ സ്വരാജ്യം?'

എന്ന വിചാരഗതി അക്കൂട്ടരില്‍ ശക്തിപ്പെട്ടുവരികയും ചെയ്തു. ഡോക്ടര്‍ അംബേദ്കറെയാണ് തങ്ങളെ നയിക്കേണ്ട നേതാവായി അവര്‍ കണ്ടത്.

മുകളില്‍ രണ്ടു വരികള്‍ കുമാരനാശാന്റെ കവിതയിലാണുള്ളത്. 'ഒരു തീയക്കുട്ടിയുടെ വിചാരം' എന്ന ആ കവിത 1908-ലാണ് അദ്ദേഹം രചിച്ചത്. തീയക്കുട്ടിയേക്കാള്‍ തീക്ഷ്ണതയുള്ള സ്വരത്തില്‍ ദലിത് കുട്ടികളും അങ്ങനെ വിചാരിച്ചിരുന്നു. അന്ന് അവരുടെ നാവിനു പോലും ചലിക്കാനാവുമായിരുന്നില്ലല്ലോ.

ഉത്തരം ഇനിയും നീട്ടാവുന്നതാണ്. അതിനു ഞാന്‍ തല്ക്കാലം മുതിരുന്നില്ല.

  • സാനുമാഷിനെക്കുറിച്ച് ഡോ. അഥീന എഴുതിയ പുസ്തകത്തിന്റെ പേര് ''ആധുനികതയുടെ പഴയ പ്രാര്‍ത്ഥന'' എന്നാണ്. എന്താണ് അര്‍ത്ഥമാക്കുന്നത്?

വാസ്തവത്തില്‍ എനിക്കും ആ പേരിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. പുതിയ തലമുറക്കാരുടെ വീക്ഷണമാണ് അതിലുള്ളതെന്ന് ഞാന്‍ കരുതുന്നു.

മലയാളത്തില്‍ ആധുനികതാ പ്രസ്ഥാനം ആവിര്‍ഭവിക്കുന്നതിനു പിന്നില്‍ ദാര്‍ശനികമായ കാരണങ്ങള്‍ക്കൊപ്പം സൗന്ദര്യബോധപരമായ (Aesthetic) കാരണങ്ങളുമുണ്ടായിരുന്നു. Aesthetic Revolt - എന്നുതന്നെ അതെക്കുറിച്ചു പറയാം! പുനരുജ്ജീവനം സ്വാഗതം ചെയ്യുക മാത്രമല്ല, അതിന്റെ ചൈതന്യം വിമര്‍ശനത്തില്‍ കലര്‍ത്താന്‍ ശ്രമിക്കുക കൂടി ചെയ്ത വ്യക്തിയാണു ഞാന്‍. അഥീന ഉദ്ദേശിച്ചത് ഇക്കാര്യമായിരിക്കാം.

മതം, രാഷ്ട്രമീമാംസ തുടങ്ങിയവയ്ക്ക് കീഴടങ്ങാതെ ഒരു പരമാധികാര മേഖലയായി നിലകൊള്ളുന്നു എന്നതാണ് സാഹിത്യത്തിന്റെ വൈശിഷ്ട്യം എന്നു ഞാന്‍ വിശ്വസിക്കുന്നു. അനേകമാന സംയുക്തമായ (multi-dimentional) ജീവിതത്തിന്റെ ബലിഷ്ഠമായ ഒരു മാനം തന്നെയാണു സാഹിത്യം! പാശ്ചാത്യരും പൗരസ്ത്യരുമായ കാവ്യമീമാംസകരുടെ പിന്തുണ ഈ വിശ്വാസത്തിനു പിന്നിലുണ്ട്.

മതമൗലികവാദത്തിന് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. അതില്‍ നിന്നൊരു മോചനം ആവശ്യമാണ്. നമ്മുടെ ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണ ല്ലോ ഇപ്പോള്‍. സത്യത്തെയാണു നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ ഒരു ബൗദ്ധിക പ്രതിരോധം ആവശ്യമാണ്.
  • യഹൂദ തത്വചിന്തകനായ ലെവിനാസ് പറയുന്നത് ''ദ എസന്‍സ് ഓഫ് എനി ഡിസ്‌കോഴ്‌സ് ഈസ് പ്രെയര്‍'' എന്നാണ്. ഏതു ഭാഷണത്തിന്റെയും സത്ത പ്രാര്‍ത്ഥനയാണ്. ശരിയാണോ?

മാര്‍ക്‌സും അങ്ങനെ ചിന്തിച്ചിരുന്നു എന്നാണു തോന്നുന്നത്. മാര്‍ക്‌സിന്റെ ഔദ്യോഗികമല്ലാത്ത ഒരു ജീവചരിത്രമുണ്ട്. അതുവായിച്ചാല്‍ അദ്ദേഹം ശരിക്കും ദൈവത്താല്‍ നിയുക്തനാണ് എന്നു തോന്നിപ്പോകും.

  • ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഹെന്റി, മാര്‍ക്‌സിനെ വ്യത്യസ്തമായാണു വ്യാഖ്യാനിക്കുന്നത്. മാര്‍ക്‌സ്, ഫെയര്‍ബാഹില്‍ നിന്നു വ്യത്യസ്തനാണ് എന്നദ്ദേഹം പറയുന്നു. രണ്ടു കാര്യങ്ങളിലാണത്. ഒന്ന്, മനുഷ്യനെ കുറിച്ചുള്ള മാര്‍ക്‌സിന്റെ പഠനം വസ്തുനിഷ്ഠമല്ല, വ്യക്തിനിഷ്ഠമാണ്. വ്യക്തിനിഷ്ഠമായ അപഗ്രഥനം നടത്തുകയും വ്യക്തിക്കു പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോള്‍ അതു ശാസ്ത്രമല്ല. അതു സാഹിത്യമാണ്, മതമാണ്, സംസ്‌കാരമാണ്, കലകളാണ്. ആ വിധത്തില്‍ മാര്‍ക്‌സ് ഒരു ആസ്തിക്യ ചിന്തകനാണ് എന്നു പറയുന്നുണ്ട്. അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? സാഹിത്യത്തിനും ഒരു ആത്മീയമാനമുണ്ടോ?

വെറും ലൗകികമായി സാഹിത്യത്തെ കണ്ട ആരുണ്ട്? കാവ്യപ്രചോദനം എന്നു പറയുന്നതു തന്നെ ദൈവികമാണ്. സാഹിത്യത്തെ ബ്രഹ്മാനന്ദസദൃശം എന്നാണു പറയുക. പുതിയ തലമുറയ്ക്ക് അതൊന്നും അറിഞ്ഞുകൂടാ.

  • കമ്പ്യൂട്ടറും സാങ്കേതികവിദ്യയും നമ്മുടെ സമൂഹത്തില്‍ അതിപ്രസരിച്ചിട്ടുണ്ട്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടല്ലോ. മനുഷ്യന്‍ ഒരു യന്ത്രത്തിന്റെ ശകലമായി മാറിയോ?

വരാന്‍ പോകുന്ന ചോദ്യമതാണ്. ബുദ്ധിപോലും യന്ത്രങ്ങള്‍ക്കു കൊടുക്കാന്‍ ശ്രമിക്കുകയാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി ഇവിടെ വന്നിരുന്നു. കമ്പ്യൂട്ടറിനെ കൊണ്ട് ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ എഴുതിക്കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. നിര്‍മ്മിതബുദ്ധി.

  • അപ്പോള്‍ മനുഷ്യന്‍ ലോകത്തില്‍ അപ്രസക്തനാകുകയില്ലേ?

ആകാന്‍ പോകുകയാണ്. മനുഷ്യന്‍ ഉണ്ടാക്കിയ യന്ത്രങ്ങള്‍ അവനെ തന്നെ അപ്രസക്തനാക്കുന്നു. ആര്‍ യു ആര്‍ എന്നൊരു നാടകമുണ്ടല്ലോ. റോബോട്ടിനെ പറ്റിയുള്ള ആദ്യ നാടകമാണ്. റോ ബോട്ട് എന്ന വാക്കും അതിലാണ് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ചെക് നാടകകൃത്തായ കാരെല്‍ കാപെക് എഴുതിയത്. റോ ബോട്ടുകളെ മനുഷ്യരില്‍ നിന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഉണ്ടാക്കുന്നു. അവര്‍ക്കു സംവേദനത്വം കൂടി കൊടുക്കുന്നു. അഖിലലോക റോബോട്ടുകളെ സംഘടിക്കുക എന്ന മുദ്രാവാക്യം ഉയരുന്നു. അവര്‍ സംഘടിച്ചു മനുഷ്യരാശിയെ നശിപ്പിക്കുന്നതാണു നാടകം.

  • സാങ്കേതികവിദ്യ വര്‍ദ്ധിക്കുകയും കലയും സാഹിത്യവുമൊക്കെ ആസ്വദിക്കുന്നവര്‍ കുറയുകയും ചെയ്യുമ്പോള്‍ എന്താണു സംഭവിക്കുക?

അറിയില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു നല്ലതാകില്ല. ചിലപ്പോള്‍ ഒന്നും സംഭവിക്കാതിരിക്കാം. യുഗശക്തി ഉണ്ടല്ലോ, ചിലപ്പോള്‍ ഇതിനെയെല്ലാം നേരെയാക്കിയേക്കാം. ഏതെങ്കിലും അവതാരങ്ങള്‍ വന്നേക്കാം. എനിക്കു ശുഭാപ്തിവിശ്വാസം ഏകദേശം ഉണ്ട്. കാരണം അറിയില്ല. വിശ്വാസമാണ് അടിസ്ഥാനം.

  • ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ലേഖനത്തില്‍, ''പന്ത്രണ്ട് പള്ളികള്‍ അവിടെ നശിച്ചുപോയിട്ടുണ്ട്. അവയിലാണ് ഖസാക്കിന്റെ അനന്തമായ കാലം തളംകെട്ടി നില്‍ക്കുന്നത്'' എന്നു മാഷ് എഴുതി. നശിച്ചുപോയതിന്റെ പ്രേതങ്ങള്‍ സമൂഹങ്ങളെ സ്വാധീനിക്കുന്നു എന്നാണോ?

വിജയന്‍ എഴുതിയതിലെല്ലാം അലൗകികമായ ചില കാര്യങ്ങളുണ്ട്. ആ നോവലിലുടനീളം അലൗകികത ഉണ്ട്. അതിന്റെ ഒരു ഭാഗമാണിതും. മുസല്യാര്‍ക്കു വരുന്ന രോഗവും ഒക്കെ ഉണ്ടല്ലോ. അസ്തിത്വവാദചിന്തയും അലൗകികശക്തികളിലുള്ള വിശ്വാസവും ചേര്‍ന്നപ്പോഴാണിതുണ്ടായിരിക്കുന്നത്.

  • ഇടതു പാര്‍ട്ടികളോടൊപ്പം മാഷ് രാഷ്ട്രീയത്തിലൊക്കെ ഇടപെട്ടിരുന്നു. എം.എല്‍.എയും ആയല്ലോ. ആ അനുഭവം ഒരു പാഠമായിരുന്നോ?

രണ്ടു കാര്യങ്ങളുണ്ട്. വ്യക്തിപരമായ അഭിരുചികളെ കുറിച്ചുള്ള ബോധം നമുക്കുണ്ടല്ലോ. നില്‍ക്കണമെന്നു രണ്ടാമതും നായനാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി, ഒരാള്‍ക്കു രണ്ടു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ പറ്റില്ലെന്നാണ്. ഒരു പ്രാവശ്യമേ ആത്മഹത്യ പറ്റുകയുള്ളൂ, അതു നടന്നു കഴിഞ്ഞു എന്നാണു ഞാന്‍ പറഞ്ഞത്. പത്രങ്ങള്‍ അന്നതു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയവുമെല്ലാം നമ്മുടെ ആവശ്യമാണല്ലോ. എനിക്ക് എന്തെങ്കിലും സം ഭാവന ചെയ്യാന്‍ കഴിയുമെങ്കില്‍ അതൊരിക്കലും രാഷ്ട്രീയത്തിലായിരിക്കില്ല, സാംസ്‌കാരികരംഗത്തായിരിക്കും എന്നു രണ്ടാമതായി ഞാന്‍ വിശദീകരിച്ചിരുന്നു.

  • രാഷ്ട്രീയം നമ്മുടെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ടതല്ലേ? ആ വിധത്തില്‍ രാഷ്ട്രീയവും പ്രധാനമല്ലേ?

രാഷ്ട്രീയം ചീത്തയാണെന്നു ഞാനൊരിക്കലും പറഞ്ഞിട്ടില്ല. രാഷ്ട്രീയം ആവശ്യമാണ്. കോളേജ് ക്യാംപസില്‍ രാഷ്ട്രീയം നിരോധിച്ചപ്പോഴും ഞാന്‍ അതിനെതിരായി എഴുതിയിരുന്നു. പുകവലിയും മയക്കുമരുന്നും നിരോധിക്കുന്നതു മനസ്സിലാകും. പക്ഷേ രാഷ്ട്രീയം അതുപോലെയൊന്നല്ല. വോട്ടവകാശമുള്ളവരാണ് കോളേജില്‍ പഠിക്കുന്നത്. അവര്‍ക്കു രാഷ്ട്രീയം വേണം. സൈക്കിള്‍ ചെയിന്‍ കൊണ്ടു തല്ലുന്നതും പരസ്പരം ഇടിയുണ്ടാക്കുന്നതുമല്ല രാഷ്ട്രീയമെന്നു മനസ്സിലാക്കണമെന്നു മാത്രം.

  • കോളേജിലൊക്കെയുള്ള രാഷ്ട്രീയത്തില്‍, ഈ വിധത്തില്‍ രാഷ്ട്രീയം പഠിക്കുന്നതിനുള്ള ഒരു താത്പര്യമാണോ മാഷു കാണുന്നത്?

ഇപ്പോള്‍ അതല്ല. ഞാന്‍ പഠിച്ചിരുന്ന കാലത്ത് ആയിരുന്നു. ഏറ്റവും നന്നായി പഠിക്കുന്നവരും ഏറ്റവും നല്ല സ്വഭാവശുദ്ധിയുള്ളവരുമായിരുന്നു വിദ്യാര്‍ത്ഥിനേതാക്കളെല്ലാം തന്നെ. പത്താം ക്ലാസു മുതല്‍ എല്ലാ പരീക്ഷകള്‍ക്കും റാങ്ക് വാങ്ങിയ രവീന്ദ്രവര്‍മ്മയായിരുന്നു അക്കാലത്തെ ഒരു നേതാവ്. പിന്നെയും ധാരാളം പേരുണ്ടായിരുന്നു. പിന്നീട് തകര്‍ച്ചയുണ്ടായി. കയ്യൂക്കുള്ളവന്‍ നേതാവാകുന്ന സ്ഥിതിയൊക്കെ വന്നു.

  • രാഷ്ട്രീയത്തില്‍ മതവും മൗലികവാദവുമെല്ലാം കടന്നു വന്നിരിക്കുന്നത് ആരോഗ്യകരമാണ് എന്നു തോന്നിയിട്ടുണ്ടോ?

ഇല്ല. നിങ്ങളുടെ അഭിപ്രായത്തെ ഞാനെതിര്‍ക്കുന്നു, പക്ഷേ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു എന്നു ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ എഴുതി വച്ചിട്ടുള്ളത് അടിയന്തിരാവസ്ഥാക്കാലത്ത് ഇവിടെ ഉദ്ധരിക്കപ്പെടുകയുണ്ടായി. അതു വേണം. അഭിപ്രായം പറയുന്നതിന് എന്നെ തല്ലേണ്ട കാര്യമില്ല. അഭിപ്രായം മനസ്സിലാക്കുക, അതിനു മറുപടി പറയുക എന്നതാണു ചെയ്യേണ്ടത്. മതമൗലികവാദത്തിന് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. അതില്‍ നിന്നൊരു മോചനം ആവശ്യമാണ്. നമ്മുടെ ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. സത്യത്തെയാണു നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ ഒരു ബൗദ്ധിക പ്രതിരോധം ആവശ്യമാണ്.

  • മാനവീകതയുടെ ഒരു വലിയ ദര്‍ശനമാണ് മാഷ് ജീവിതത്തിലുടനീളം പുലര്‍ത്തിയത്. ഈ മാനവീകതയുടെ അടിസ്ഥാനം ശ്രീനാരായണഗുരുവും മാര്‍ക്‌സും ക്രിസ്തുവും ഒക്കെയാണെന്നു തോന്നുന്നുണ്ടോ?

തീര്‍ച്ചയായും തോന്നുന്നുണ്ട്. ഒന്നാമതായി മനുഷ്യനാകുക എന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ നമുക്കറിയാമല്ലോ. സമരിയാക്കാരന്‍ നല്ല മനുഷ്യനാണ്. അത്തരം പാഠങ്ങളാണ് ക്രിസ്തുവില്‍ നിന്നു പഠിക്കുന്നതെല്ലാം. അപരനെ ആദരിക്കുക എന്ന പാഠമാണ് ശ്രീനാരായണഗുരു നല്‍കുന്നത്. മാനവീകതയുടെ മൗലികമായ ലക്ഷണമാണത്. ഒരാളുടെ മനുഷ്യത്വത്തെ നമ്മള്‍ ആദരിക്കുക എന്നത്. ശാസ്ത്രീയമായി ചിന്തിച്ചാല്‍ നമ്മില്‍ ഒരുപാടു മൃഗീയവാസനകളുണ്ട്. അതു മാറ്റുക. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതു തന്നെയാണ്. ഞാന്‍ മനുഷ്യനായതുകൊണ്ട് മനുഷ്യനെ ആദരിക്കുക. അവിടെയാണു ഞാന്‍ മനുഷ്യനാകുന്നത്. ഇതു മതങ്ങളില്‍ നിന്നു തന്നെ പഠിച്ചതാണ്. ക്രിസ്തുവില്‍ നിന്നു പഠിച്ചിട്ടുണ്ട്, ശ്രീനാരായണഗുരുവില്‍ നിന്നും പഠിച്ചിട്ടുണ്ട്.

  • ക്രിസ്തുവും നാരായണഗുരുവും മാര്‍ക്‌സും പഠിപ്പിച്ച മനുഷ്യനെ കുറിച്ചുള്ള കാഴ്ചപ്പാടു കൊടുക്കുന്നതില്‍ ക്രൈസ്തവസഭയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒക്കെ വിജയിക്കുന്നുണ്ടോ?

വിജയിക്കുന്നു എന്നെനിക്കു തോന്നുന്നില്ല. ദസ്തയെവ്‌സ്‌കിയുടെ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്ററില്‍ ക്രിസ്തുവിനെ തന്നെ വിചാരണ ചെയ്യുന്നുണ്ടല്ലോ. അത് എല്ലായിടത്തുമുണ്ട്. മതം മതത്തിന്റെ കാതലായ തത്വങ്ങളെ സംഘടിതരൂപത്തില്‍ നിഷേധിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. മാര്‍ക്‌സിന്റെ കാര്യത്തിലും അതു സംഭവിക്കുന്നുണ്ട്. നല്ല വീക്ഷണമുള്ള കുറെ നല്ല വ്യക്തികള്‍ വന്നാല്‍ ഇതു മാറാവുന്നതേയുള്ളൂ. വ്യക്തികളെ നാം അവഗണിക്കുകയാണല്ലോ. ആധുനിക കാലത്തിന്റെ ദുരന്തമെന്താണ് എന്നു ചോദിച്ചപ്പോള്‍ ഒരു ഫ്രഞ്ച് ചിന്തകന്‍ പറഞ്ഞു, ഏകവചനത്തില്‍ ബഹുവചനം മുങ്ങി മരിക്കുന്നു എന്നതാണ് ആ ദുരന്തമെന്ന്. വ്യക്തിത്വങ്ങളെ അംഗീകരിക്കുക.

വിശുദ്ധ റോമുവാള്‍ഡ് (952-1027) : ജൂണ്‍ 19

ഫാ. ജെയിംസ് കോട്ടായിൽ: ആദ്യ ഭാരതീയ ജെസ്യൂട്ട് രക്തസാക്ഷി

ഗലാത്തിയ - Chap.3 [1of3]

വിശുദ്ധ മാര്‍ക്കും വിശുദ്ധ മര്‍സെല്ലിയനും (287) : ജൂണ്‍ 18

കേരള സർവകലാശാല ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയിൽ നൈപുണ്യ കോളേജിന് ചരിത്രനേട്ടം; ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി