വിശുദ്ധ മാര്‍ക്കും വിശുദ്ധ മര്‍സെല്ലിയനും (287) : ജൂണ്‍ 18

വിശുദ്ധ മാര്‍ക്കും വിശുദ്ധ മര്‍സെല്ലിയനും (287) : ജൂണ്‍ 18
റോമില്‍ ഒരു പ്രസിദ്ധ കുടുംബത്തിലാണ് ഇരട്ടസഹോദരങ്ങളായ വി. മാര്‍ക്കും വി. മര്‍സെല്ലിയനും ജനിച്ചത്. ചെറുപ്പത്തിലേ ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ച ഇവരിരുവരും വിവാഹിതരും ആയിരുന്നു. 284-ല്‍ ഡയക്ലീഷ്യന്‍ ചക്രവര്‍ത്തി സ്ഥാനമേറ്റതോടെ ക്രിസ്ത്യാനികളെ പീഡിപ്പിക്കലും ഊര്‍ജ്ജിതപ്പെടുത്തി. അങ്ങനെ മാര്‍ക്കും മര്‍സെല്ലിയനും തടവറയിലായി. അവരെ ക്രൂരമായി പീഡിപ്പിച്ചിട്ട് ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ശിരച്ഛേദം ചെയ്യാനായിരുന്നു വിധി.

വിശുദ്ധരുടെ സുഹൃത്തുക്കള്‍ ചക്രവര്‍ത്തിയില്‍നിന്ന് 30 ദിവസത്തെ സാവകാശം ചോദിച്ചുവാങ്ങി. ആ സമയംകൊണ്ട് അവരുടെ മനസ്സുമാറ്റാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. മാതാപിതാക്കളും ഭാര്യമാരും അവരുടെ കുഞ്ഞുങ്ങളുമൊത്തുവന്ന് മാര്‍ക്കിനെയും മര്‍സെല്ലിയനെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ കണ്ണീരിനും ദുര്‍ബലമായ ന്യായവാദങ്ങള്‍ക്കുമൊന്നും അവരെ പിന്തിരിപ്പിക്കാനായില്ല.

എന്നാല്‍, ചക്രവര്‍ത്തിയുടെ ഒരു സൈന്യാധിപനായിരുന്ന വി. സെബസ്ത്യാനോസ്, അന്നു റോമിലുണ്ടായിരുന്നു. അദ്ദേഹം മാര്‍ക്കിനെയും മര്‍സെല്ലിയനെയും തടവറിയില്‍ പോയി കൂടെക്കൂടെ കാണുകയും വിശ്വാസം ത്യജിക്കരുതെന്ന് ഉപദേശിക്കുകയും ധൈര്യം പകരുകയും ചെയ്തുകൊണ്ടിരുന്നു. ക്രമേണ, വിശുദ്ധരുടെ മാതാപിതാക്കളും ഭാര്യമാരും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. കൂടാതെ,. വിശുദ്ധര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ച പബ്ലിക്ക് രജിസ്ട്രാര്‍ നിക്കോസ്ട്രാറ്റസും ജഡ്ജി ക്രോമാറ്റിയൂസും വിശ്വാസം സ്വീകരിച്ചു. വിശുദ്ധരെ കുറ്റവിമുക്തരാക്കി തടവറയില്‍നിന്നു സ്വതന്ത്രരാക്കിയശേഷം ജഡ്ജി ജോലി രാജിവച്ചു. കൊട്ടാരത്തില്‍ തന്നെയുള്ള ക്രിസ്ത്യാനിയായ ഒരുദ്യോഗസ്ഥന്‍ വിശുദ്ധരെ രഹസ്യമായി ഒളിവില്‍ പാര്‍പ്പിച്ചു. പക്ഷേ, ആരോ അവരെ ഒറ്റിക്കൊടുത്തു. വീണ്ടും അവര്‍ പിടിക്കപ്പെട്ടു. ക്രോമാറ്റിയൂസ് എന്ന ജഡ്ജിക്കുപകരം വന്ന ഫാബിയാന്‍, വിശുദ്ധരുടെ കാലുകള്‍ രണ്ടു തൂണുകളോടു ചേര്‍ത്ത് ആണി തറച്ചശേഷം തൂണില്‍ കെട്ടിയിടാനാണ് ആജ്ഞാപിച്ചത്. ഒരു പകലും രാത്രിയും അങ്ങനെതന്നെ നിറുത്തിയശേഷം പിറ്റേദിവസം അവരിരുവരെയും കുന്തംകൊണ്ടു കുത്തിക്കൊന്നു.

പീഡനങ്ങള്‍, യഥാര്‍ത്ഥ സന്ന്യാസിയെയും കള്ള സന്ന്യാസിയെയും നമുക്കു വ്യക്തമാക്കിത്തരുന്നു.
വി. ബര്‍ണാര്‍ദ്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org