അങ്ങ് ദൂരെ പ്രതീക്ഷയുടെ പച്ചപ്പ് തെളിഞ്ഞു വരുന്നുണ്ട്! യേശുവിന്റെ മനമുരുകിയ പ്രാർത്ഥ നയിലെ വിയർപ്പും, കൊടിയ പീഡനങ്ങളുടെ ചോരയും ഈ ഭൂമിയെപ്പോലും നനയിച്ചിട്ടുണ്ട്. കുരിശിൽ കിടന്നുകൊണ്ടുള്ള "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേ ക്ഷിച്ചു?" (മത്താ. 27:46) എന്ന ആ വിലാപം ഇന്നും നീതി നിഷേധിക്ക പ്പെടുന്നവന്റെയും ഒറ്റപ്പെട്ടുപോകു ന്നവന്റെയും നെഞ്ചിലെ തീയണ യാത്ത കനലാണ്.
ഈ നിലവിളി കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ആ വിഖ്യാത വരികളാണ്: "ഈശ്വരൻ കൈവിട്ടു വോ... മനുജൻ ഏകനായോ...?"
ജീവിതത്തിന്റെ കാൽവരികളിൽ തളർന്നു വീഴുമ്പോൾ നാമറിയാതെ ചോദിച്ചു പോകുന്ന ചോദ്യ മാണിത്. വലിയൊരു പ്രളയത്തിൽ സർവ്വവും നഷ്ടപ്പെട്ട്, ഒലിച്ചു പോകാത്ത ഒരു കല്ലിൽ പിടിച്ചു നിൽക്കുന്ന മനുഷ്യൻ ആകാശ ത്തേക്ക് നോക്കി ചോദിക്കുന്നതു പോലെ: "ദൈവം എന്നെ ഉപേക്ഷിച്ചോ?" എന്നാൽ ആ കല്ലിൽ പിടിച്ചുനിൽക്കാൻ അവന് ലഭിക്കുന്ന നിഗൂഢമായ കരുത്താണ് ദൈവത്തിന്റെ മറുപടിയെന്ന് പലപ്പോഴും അവൻ തിരിച്ചറിയുന്നില്ല.
അടക്കം ചെയ്യപ്പെട്ടത് ശരീരമാണെങ്കിലും, ദൈവത്തിലുള്ള വിശ്വാസ ത്തെയും മനുഷ്യന്റെ ഹൃദയമിടിപ്പുകളെയും നെഞ്ചിലേറ്റിയ ഒരാളാണ് അവിടെ അന്തിയുറങ്ങിയത്. ഒടുവിൽ കല്ലറ ശൂന്യമായി.
വായിച്ച ഒരു കഥ ഓർമയിലേക്ക് വരുന്നു... ഒരാൾ തന്റെ ജീവിതയാത്രയിൽ മണൽപ്പരപ്പി ലൂടെ നടക്കുമ്പോൾ അവിടെ രണ്ടു ജോടി പാദമുദ്രകൾ കണ്ടു; ഒന്ന് അയാളുടേതും മറ്റൊന്ന് ദൈവ ത്തിന്റേതും. എന്നാൽ ജീവിത ത്തിലെ കഠിനമായ ദുഃഖങ്ങളിലൂടെ കടന്നുപോയപ്പോൾ അവിടെ ഒരു ജോടി പാദമുദ്രകൾ മാത്രമേ കണ്ടുള്ളൂ. "ദൈവമേ, കഷ്ടപ്പാടിൽ നീ എന്നെ ഉപേക്ഷിച്ചുവോ?" എന്ന് അയാൾ സങ്കടപ്പെട്ടു. ദൈവം പുഞ്ചിരിയോടെ പറഞ്ഞു: "മകനേ, ആ പാദമുദ്രകൾ എന്റേതാണ്; നിന്റെ സങ്കടങ്ങളിൽ നിന്നെ ഞാൻ തോളിലേറ്റി നടക്കുകയായിരുന്നു!" ഇതുകൊണ്ടൊക്കെ യായിരിക്കാം തോട്ടത്തിലെ കല്ലറ പോലും അവന്റെ ഉയിർപ്പിന് ഒരു തടസ്സമാകാതിരുന്നത്. യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾക്ക് നമ്മുടെ ജീവിതത്തോട് ഇന്നും പലതും പങ്കുവെക്കാനുണ്ട്. നിരാശയുടെയും പ്രതിസന്ധികളു ടെയും കറുത്ത നിഴലുകൾ നമ്മെ വലയം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ആ പ്രതീകങ്ങൾ കൂടുതൽ അർത്ഥവത്താകുന്നു.
ശൂന്യമായ കല്ലറ: പുതിയൊരു ഉണർവ്
ആദ്യത്തേത്, കല്ലറയാണ്. ആരും ഇതുവരെയും കിടക്കാത്ത 'തോട്ടത്തിലെ കല്ലറ'യാണ് യേശുവിന് ഉറക്കശയ്യയായത്. ആകാശം പറവകൾക്കും മാളങ്ങൾ കുറുനരികൾക്കും സ്വന്തമായപ്പോൾ, അവന് തലചായ്ക്കാൻ പ്രകൃതിതന്നെ ഒരുക്കിയ ഒരിടം. "മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ല" (ലൂക്കാ 9:58) എന്ന് പറഞ്ഞവന് ഒടുവിൽ മണ്ണിൽ ഒരു ഇടം ലഭിച്ചു.
'അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഭൂമിയെന്ന മൺപാത്രത്തി ലേക്കുള്ള കൂടുമാറ്റമാണ് ജീവിത'മെന്ന് കവി പാടിയത് എത്രയോ ശരി! ഇന്ന് യുദ്ധങ്ങളും മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും മനുഷ്യനെ ശ്വാസം മുട്ടിക്കുമ്പോൾ, നമ്മുടെ ജീവിതം പലപ്പോഴും ഒരു അടഞ്ഞ കല്ലറയ്ക്ക് സമാനമാണ്. എന്നാൽ, "അവൻ ഇവിടെ യില്ല, താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു" (മത്താ. 28:6) എന്ന ദൂതന്റെ വചനം വലിയൊരു പ്രത്യാശയാണ്.
അടക്കം ചെയ്യപ്പെട്ടത് ശരീരമാണെങ്കിലും, ദൈവത്തിലുള്ള വിശ്വാസത്തെയും മനുഷ്യന്റെ ഹൃദയമിടിപ്പുകളെയും നെഞ്ചി ലേറ്റിയ ഒരാളാണ് അവിടെ അന്തിയുറങ്ങിയത്. ഒടുവിൽ കല്ലറ ശൂന്യമായി. "ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്?" (ലൂക്കാ 24:5) എന്ന ചോദ്യം നമ്മുടെ നിരാശകൾക്കുള്ള മറുപടിയാണ്. കല്ലറ തകർത്ത് ഉത്ഥാനം ചെയ്ത ക്രിസ്തു കൂടെയുള്ളപ്പോൾ നാം എന്തിനെ ഭയപ്പെടണം?
ഉരുട്ടി മാറ്റേണ്ട കല്ലുകൾ
രണ്ടാമത്തേത്, കല്ലാണ്. യേശുവിന്റെ കല്ലറവാതിലിൽ ഉരുട്ടിവെച്ച ആ വലിയ കല്ല് വെറുമൊരു പാറക്കഷ്ണമായിരുന്നില്ല; മറിച്ച്, മാനവരാശിയുടെ അവസാന പ്രത്യാശയ്ക്കും മീതെ അവിശ്വാസത്തിന്റെ ലോകം പതിച്ച ഔദ്യോഗിക മുദ്രയായിരുന്നു. "ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതിൽക്കൽ നിന്ന് കല്ല് ഉരുട്ടി മാറ്റുക?" (മര്‍ക്കോ. 16:3) എന്ന സ്ത്രീകളുടെ ആശങ്ക ഇന്നും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
നമ്മുടെ മനസ്സാകുന്ന കല്ലറയ്ക്ക് മുമ്പിലും എത്ര വലിയ കല്ലുകളാണ് നാം ഉരുട്ടിവച്ചിരി ക്കുന്നത്? അസൂയയുടെ, മുൻവിധികളുടെ, മാപ്പുകൊടു ക്കാൻ കഴിയാത്ത പകയുടെ കല്ലുകൾ നമ്മുടെ ആത്മീയ വളർച്ചയെ തടയുന്നു. ലാസറിനെ ഉയിർപ്പിക്കാൻ പോകുമ്പോൾ യേശു പറഞ്ഞത്, "ആ കല്ലെടുത്തു മാറ്റുവിന്‍" (യോഹ. 11:39) എന്നാണ്. അത്ഭുതം പ്രവർത്തിക്കാൻ യേശുവിന് കഴിയുമെങ്കിലും, തടസ്സമായി നിൽക്കുന്ന കല്ല് മാറ്റാൻ അവൻ മനുഷ്യന്റെ സഹകരണം ആഗ്രഹിക്കുന്നു. "നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും" (എസെ. 36:26) എന്ന ദൈവ വചനം ഇവിടെ പ്രസക്തമാണ്. ജീവിതത്തിൽ അനുദിനം സംഭവിക്കേണ്ട ഉത്ഥാനത്തിന് തടസ്സമായി നിൽക്കുന്ന 'അഹന്തയുടെ ഭാരങ്ങളെ' ഉരുട്ടി മാറ്റാൻ നാം തയ്യാറാകുമെങ്കിൽ ഏത് വലിയ പ്രതിസന്ധിയെയും നാം അതിജീവിക്കും.
ഉപേക്ഷിക്കേണ്ട കച്ചകൾ
മൂന്നാമത്തേത്, കച്ചയാണ്. അഴിച്ചുമാറ്റപ്പെടുന്ന കച്ച ഉത്ഥാനത്തിന്റെ മനോഹരമായ ചിത്രമാണ്. ശൂന്യമായ കല്ലറയ്ക്കുള്ളിൽ ശിമയോൻ പത്രോസ് കണ്ട ആ കാഴ്ച അത്യന്തം അർത്ഥവത്തായിരുന്നു; യേശുവിന്റെ ഉടലിനെ പൊതിഞ്ഞിരുന്ന കച്ച അവിടെത്തന്നെയുണ്ട്, എന്നാൽ തലയിൽ കെട്ടിയിരുന്ന തൂവാല കച്ചയോടൊപ്പം വെക്കാതെ തനിച്ച് ഒരിടത്ത് ചുരുട്ടി വെച്ചിരിക്കുന്നു (യോഹ. 20:7). മരണത്തിന്റെ ആടയാഭരണങ്ങൾ അഴിച്ചു വച്ച്, പുതുജീവന്റെ പ്രകാശത്തിലേക്ക് ക്രിസ്തു നടന്നുകയറി എന്നതിന്റെ തെളിവായിരുന്നു ആ മടക്കിവച്ച തുണികൾ. ഉത്ഥാനം എന്നത് വെറുമൊരു തിരിച്ചുവരവല്ല, മറിച്ച് പഴയതിനെ യെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു സമ്പൂർണ്ണ പുതുക്കലാണെന്ന് ആ ശൂന്യമായ കല്ലറ നമ്മെ ഓർമ്മിപ്പിക്കുന്നു.
ലാസറിനെ ഉയിർപ്പിച്ചപ്പോൾ യേശു പറഞ്ഞു: "അവന്റെ കെട്ടുകളഴിക്കുവിൻ, അവൻ പോകട്ടെ" (യോഹ. 11:44). പലപ്പോഴും പഴയ ശീലങ്ങളുടെ 'കച്ച' മുറുക്കിപ്പിടിച്ച് ഉത്ഥാനത്തിന്റെ പുതുജീവനി ലേക്ക് കടക്കാൻ നാം മടിക്കുന്നു. "പഴയ മനുഷ്യനെ അവന്റെ ചെയ്‌തികളോടുകൂടെ നിഷ്‌കാസനം ചെയ്യുവിന്‍. സമ്പൂർണ്ണ ജ്‌ഞാനം കൊണ്ടു സ്രഷ്‌ടാവിന്റെ പ്രതിച്‌ഛായയ്‌ക്കനുസൃത മായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍" (കൊളോ. 3:9-10) എന്ന വചനം മറക്കാതിരിക്കാം.
അന്ധനായ ബർതിമേയൂസ് കാഴ്ച ലഭിക്കാൻ ഓടിച്ചെന്നപ്പോൾ തന്റെ പഴയ പുറങ്കുപ്പായം എറിഞ്ഞുകളഞ്ഞു. നമ്മെ വരിഞ്ഞുമുറുക്കുന്ന പാപത്തിന്റെയും അഹന്തയുടെയും ആടയാഭരണങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ നമുക്കും സ്വതന്ത്രമായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കൂ.
നമ്മുടെ ജീവിതം പലപ്പോഴും തീരാത്ത കാൽവരി യാത്രപോലെയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അദൃശ്യമായ കുരിശേറ്റങ്ങൾ തുടരുന്നു. പക്ഷേ, ഏതു പീഡാസഹനങ്ങൾക്കുമപ്പുറത്ത് പ്രത്യാശയുടെ ഒരു ഉത്ഥാനമുണ്ട്. "ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16:33)
ഈ വാഗ്ദാനത്തിലാണ് നമ്മുടെ പ്രതീക്ഷ. തടസ്സങ്ങളായ കല്ലുകൾ ഉരുട്ടിമാറ്റിയും, വരിഞ്ഞുമുറുക്കുന്ന സ്വാർത്ഥതയുടെ കച്ചകൾ ഉപേക്ഷിച്ചും നമുക്ക് മുന്നേറാം.
നോക്കൂ... അങ്ങ് ദൂരെ പ്രതീക്ഷയുടെ പച്ചപ്പ് തെളിഞ്ഞു വരുന്നു! അവിടെ സർവ്വ ജീവജാലങ്ങളുടെയും മുഖത്ത് പുഞ്ചിരി മാത്രം. "അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി" (വെളി. 21:4). വരാനിരിക്കുന്നത് അത്തരമൊരു ശോഭയുള്ള പുലരിയാണ്.