Coverstory

കാറ്റുപറഞ്ഞ സ്വര്‍ഗാരോപിതയായ അമ്മ

എം.പി. തൃപ്പൂണിത്തുറ
  • എം പി തൃപ്പൂണിത്തുറ

ആകാശത്തു നിന്ന് ഒരു താരകം കണ്ണുചിമ്മി. അത് ഉഷകാലനക്ഷത്രമെന്ന് വിളിക്കപ്പെട്ട അവള്‍ തന്നെയാണോ? ദൈവത്തിന്റെയും എന്റെയും അമ്മ. നെഞ്ചിലെ കനല്‍ ഒന്നണഞ്ഞു. അവളെ അമ്മയായി നല്‍കിയ കുരിശിലെ ചാവരുള്‍ വീണ്ടും കാതില്‍ മുഴങ്ങുന്നു. എന്തേ ഓര്‍മ്മകളുടെ നനവ് വീണ്ടും കണ്ണില്‍ പടരാന്‍... നനവ് പാതി മൂടിയെങ്കിലും കലണ്ടറിലെ തീയതി മുന്നില്‍ തെളിഞ്ഞു. ഓഗസ്റ്റ് 15, അവള്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടതിന്റെ ഓര്‍മ്മദിനം. മനുഷ്യകുലത്തിന് ക്രിസ്തുവിലുള്ള പ്രത്യാശയുടെ അടയാളമായ ഓര്‍മ്മ...

പെണ്ണിന് വിണ്ണിലിടമോ? മണ്ണില്‍ പോലും തന്റേതായി ഇടമില്ലാത്ത പെണ്ണിന്. ഒരേ ദൈവകരത്താല്‍ മെനയപ്പെട്ടവള്‍. ഒരേ മണ്ണില്‍ വേരുറപ്പിക്കപ്പെട്ടവള്‍. വിഭജിക്കാനാകാത്തവിധം മനുഷ്യത്വത്തിന്റെ പാതിയായവള്‍. എന്നിട്ടും മണ്ണില്‍ തന്റേതായ ഇടം നഷ്ടപ്പെട്ടവളാണ് പെണ്ണ്. ജനിച്ച വീട് ഒരു വളര്‍ത്തിടം മാത്രമാണവള്‍ക്ക്. മറ്റൊരിടത്ത് ജീവിക്കാന്‍ വിധിക്കപ്പെടുന്നവള്‍. എന്നാല്‍ സമുദ്രതാരമായ ഒരുവള്‍ വിണ്ണില്‍ ഇടം കണ്ടെത്തി. മണ്ണിലെയും വിണ്ണിലെയും അമ്മയായി അവള്‍ പരിമളം പരത്തി.

പ്രതീക്ഷാതാരകങ്ങളെല്ലാം കൊഴിഞ്ഞുവീണ് ഇരുള്‍മൂടിയ രാത്രിയില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു. സ്വര്‍ഗത്തിലേക്ക് ചാരി വച്ച ഒരു ഗോവണി. അതുവഴിയാണ് ദൈവം മനുഷ്യനായി മണ്ണിലേക്ക് ഇറങ്ങി വന്നത്. ആ ഗോവണി അവളായിരുന്നു. നമുക്ക് യേശുവില്‍ വിണ്ണിലേക്ക് കയറാന്‍ ദൈവം മണ്ണിലുയര്‍ത്തിയ ഗോവണി. സ്വര്‍ഗാരോഹണ ഗോവണി.

സന്ദേഹം ഉള്ളിലിരുന്ന് ചോദിച്ചു: ബൈബിളില്‍ എവിടെയാണ് മറിയത്തിന്റെ സ്വര്‍ഗാരോഹണത്തിന് തെളിവ്? ആരോടു ചോദിക്കും? ആകാശത്തിലെ നക്ഷത്രത്തില്‍ നിന്ന് ഒരു ഒളി കണ്ണിലേക്കു പതിച്ചു. സന്ദേഹത്തിന്റെ ഇരുള്‍മറ നീങ്ങി. നനവുള്ള ഒരു ചെറുകാറ്റ് പനിനീര്‍പ്പൂവിന്റെ ഗന്ധവുമായി വന്നു. മൃദുവായ കരങ്ങള്‍ കൊണ്ട് ഒന്നു തലോടി.

കാറ്റു പറഞ്ഞു: സുവിശേഷം എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നമ്മള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുന്നതു നിമിത്തം നമുക്ക് അവന്റെ നാമത്തില്‍ ജീവനുണ്ടാകുന്നതിനും വേണ്ടിയാണല്ലോ (യോഹ. 20:31). അല്ലെങ്കിലും യേശു ചെയ്തതും അവന്റെ ജീവിതത്തില്‍ സംഭവിച്ചതുമായ എല്ലാക്കാര്യങ്ങളും എഴുതിയിരുന്നെങ്കില്‍ ആ പുസ്തകത്തെ ലോകം എങ്ങനെ ഉള്‍ക്കൊള്ളും? (യോഹ. 21:25).

വിശുദ്ധ ബൈബിളിന്റെ ലക്ഷ്യം യേശുവില്‍ നിവൃത്തിയായ രക്ഷാകരപ്രക്രിയയെ വിശദമാക്കുകയാണല്ലോ. അല്ലെങ്കില്‍ നീതിമാനായ യൗസേപ്പിനെക്കുറിച്ച് ഒന്നും പറയാതെ പോയതിനും, പന്ത്രണ്ടു വയസ്സുമുതല്‍ മുപ്പതുവരെയുള്ള യേശുവിന്റെ ജീവിതം വിവരിക്കാതെ പോയതിനും മറ്റെന്തു കാരണം?

എങ്കിലും വിശുദ്ധപാരമ്പര്യങ്ങളില്‍ ഈ ദിവ്യരഹസ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടല്ലോ. അതില്‍ നിന്നല്ലേ 1950 നവംബര്‍ 1 ന് പന്ത്രണ്ടാം പീയൂസ് പാപ്പ ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്ന ആവിഷ്‌കൃതമായ സത്യം പ്രഖ്യാപിച്ചത്.”

കാറ്റ് ചോദിച്ചു: "ഇനിയും സംശയങ്ങള്‍ ശേഷിക്കുന്നുണ്ടോ?”

ഒന്നും പറയാനാകാത്തവിധം അയാള്‍ ആ രഹസ്യത്തിന്റെ അകപ്പൊരുളിലേക്ക് ആഴ്ന്നുപോയിരുന്നു.

കാറ്റ് പറഞ്ഞു: മണ്ണിന്റെ ക്ലേശങ്ങളില്‍ തട്ടി കാലിടറുന്നതു മൂലം വിണ്ണിലേക്ക് നോക്കാന്‍ പോലും മഹാഭൂരിപക്ഷത്തിനും കഴിയുന്നില്ല. അതുകൊണ്ട് സ്ത്രീയുടെ വീഴ്ചയിലെ പങ്കുമാത്രമാണ് എപ്പോഴും മനുഷ്യന്‍ ഓര്‍ക്കുന്നത്. നീ കേട്ടിട്ടില്ലേ, ഒരു സ്ത്രീയാണ് പാപം തുടങ്ങിവച്ചത്. അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നുവെന്ന് (പ്രഭാ. 25:24). മറിയത്തില്‍ എത്തുംവരെ ആ പഴിവാക്ക് അവള്‍ കേട്ടുകൊണ്ടേയിരുന്നു.

അപ്പോഴും സ്വന്തമായി ഉത്തരം കണ്ടെത്താന്‍ അയാളുടെ ഉള്ള് വെമ്പിക്കൊണ്ടേയിരുന്നു. കാലങ്ങളായി ഉള്ളിനെ ഉലച്ച ചോദ്യങ്ങള്‍... പലരില്‍ നിന്നും കേട്ട സന്ദേഹങ്ങള്‍... വേണമെങ്കില്‍ ചിന്തകള്‍ക്ക് വിലക്കു കല്‍പ്പിച്ച് വിശ്വാസസത്യത്തില്‍ ചോദ്യങ്ങളില്ലാതെ മനസ്സുറപ്പിക്കാം. പക്ഷെ, എത്ര കൈവിട്ടാലും ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാകും.

എന്തുകൊണ്ട് മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു? യേശുവിന്റെ അമ്മയായതിനാലെന്നും അവള്‍ ദൈവേഷ്ടത്തിന് സ്വയം സമര്‍പ്പിച്ചതു കൊണ്ടെന്നും പരിശുദ്ധാത്മാവിന്റെ മണവാട്ടിയായതു കൊണ്ടെന്നും, അങ്ങനെ വിശ്വാസപാഠങ്ങളില്‍ നിന്ന് ഒരുത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ല. അയാളുടെ മനസ്സിലെ വിശ്വാസവും യുക്തിയും തമ്മിലുള്ള പോരുകണ്ടാകണം കാറ്റ് ചിരിച്ചു. എന്നിട്ടു തുടര്‍ന്നു പറഞ്ഞു.

അവയൊക്കെ ശരിയായിരിക്കുമ്പോഴും അതിനേക്കാള്‍ പ്രസക്തവും പ്രധാനവുമായ കാരണങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു കാണാം. അതിലൊന്ന് മനുഷ്യ രക്ഷയുമായി ബന്ധപ്പെട്ട ഒന്നാണ്. റോമാക്കാര്‍ക്ക് എഴുതിയ ലേഖനം നീ വായിച്ചിട്ടില്ലേ? ഒരു മനുഷ്യന്‍ മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരായിത്തീര്‍ന്നു. ആദത്തിന്റെ പാപത്തിനു സദൃശ്യമായ പാപം ചെയ്യാതിരുന്നവരുടെ മേല്‍ പോലും ആദത്തിന്റെ കാലം മുതല്‍ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്ന രണ്ടാമത്തെ ആദത്തിന്റെ പ്രതിരൂപമാണ്.

യേശു രണ്ടാമത്തെ ആദമാണ്. ആദ്യത്തെ ആദം ജീവനുള്ളവനായിത്തീര്‍ന്നു. രണ്ടാമത്തെ ആദമാകട്ടെ ജീവദാതാവും...

ഇതൊക്കെ അറിയാവുന്ന കാര്യങ്ങളാണ്. മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ യുക്തിയും ഇതും തമ്മില്‍ എന്തു ബന്ധം? ചോദിക്കണമെന്ന് തോന്നിയെങ്കിലും അയാള്‍ ഉരിയാടിയില്ല. അയാളുടെ അന്തര്‍ഗതങ്ങള്‍ തിരിച്ചറിഞ്ഞ് കാറ്റു പറഞ്ഞു.

ഒരു സന്ദേഹത്തിന്റെ തടവില്‍ നിന്ന് മോചനം പ്രാപിക്കാന്‍ ആദ്യം വേണ്ടത് കേള്‍ക്കാനുള്ള സന്നദ്ധതയാണ്. പറയുന്നതു കേള്‍ക്കൂ...

കാറ്റ് തുടര്‍ന്നു.

ജീവനുള്ളവരുടെയെല്ലാം മാതാവായതിനാല്‍ ആദം തന്റെ ഇണയെ ഹവ്വ എന്നു വിളിച്ചു. ആദിമാതാവാണവള്‍. അവള്‍ പിശാചിനാല്‍ വഞ്ചിക്കപ്പെടുകയും അതുവഴി മനുഷ്യന് പറുദീസ നഷ്ടമാവുകയും ചെയ്തു. അവള്‍ പിശാചിന്റെ വാക്കിന് വിധേയപ്പെടുന്നതിലൂടെയാണ് അതു സംഭവിച്ചത്...

ദൈവം തന്റെ പുത്രന്‍ വഴി മനുഷ്യകുലത്തെ രക്ഷിക്കാന്‍ തിരുമനസ്സായപ്പോള്‍ ഉത്ഭവപാപത്തില്‍ നിന്നും വിമുക്തയായ മറ്റൊരു സ്ത്രീയെ അതിന്റെ പ്രാരംഭം കുറിക്കാന്‍ വിളിച്ചു. അവളോട് അവിടുത്തെ ദൂതന്‍, ദൈവപുത്രന്റെ അമ്മയാകാന്‍ അനുവാദം ചോദിച്ചു. ആദ്യത്തെ സ്ത്രീ പിശാചിന്റെ വാക്കിനു സമ്മതം കൊടുത്തതിനു പകരമായി, രണ്ടാമത്തെ ഹവ്വയായ മറിയം ദൈവവാക്കിനു മുന്നില്‍ തന്നെത്തന്നെ സമര്‍പ്പിച്ചു പറഞ്ഞു: ''ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.'' ആദ്യത്തെ ആദത്തിന്റെ വീഴ്ചയില്‍ നിന്ന് തന്റെ അനുസരണത്താല്‍ മനുഷ്യകുലത്തെ മോചിപ്പിച്ച ക്രിസ്തുവിനെ ലോകത്തവതരിപ്പിച്ച മറിയം ദൈവവാക്കിനു വിധേയപ്പെട്ട് സകലരുടെയും അമ്മയായി. ആദ്യത്തെ ആദം പുറത്താക്കപ്പെട്ടിടത്തേക്ക് രണ്ടാമത്തെ ആദം ആരോഹണം ചെയ്തു. ആദ്യത്തെ ജീവനുള്ളവരുടെയെല്ലാം അമ്മയായ ഹവ്വയ്ക്കു പകരം ജീവദാതാവായ ദൈവത്തിന്റെയും സകല മനുഷ്യരുടെയും അമ്മയും രണ്ടാമത്തെ ഹവ്വയുമായ മറിയം ദൈവത്താല്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു.

കാറ്റു പറയുന്നതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരക്ഷയുടെ ചരിത്രത്തിലൂടെ അയാള്‍ അറിയാതെ സഞ്ചാരം നടത്തുകയായിരുന്നു. സന്ദേഹത്തിന്റെ മഞ്ഞുമലകള്‍ വിശാസവെളിച്ചത്താല്‍ ക്രമേണ ഉരുകി.

കാറ്റ് തുടര്‍ന്നു.

മറ്റൊന്നു കൂടിയുണ്ട് മറിയത്തിന്റെ സ്വര്‍ഗാരോപണത്തില്‍. അടിമത്വത്തിന്റെ അടിവേര് സ്ത്രീ നേരിടുന്ന വിവേചനത്തിലും അടിമത്വത്തിലുമാണ്. ജന്മം നല്‍കുകയും സ്വന്തം ജന്മം ശപിക്ക പ്പെട്ടതായി അനുഭവിക്കാനുമാണ് അവളുടെ വിധി. അതു ദൈവ കല്‍പ്പിതമല്ല. മനുഷ്യന്‍ അവന്റെ ചരിത്രജീവിത വഴിയില്‍ അവളെ തന്റെ കാല്‍ച്ചുവട്ടിലാക്കി. അവളുടെ സ്‌നേഹം തന്റെ ആധിപത്യത്തിനുള്ള സാധ്യതയായി പുരുഷന്‍ തിരിച്ചറിഞ്ഞു. സാമൂഹ്യമായി അവള്‍ നേരിടുന്ന നുകഭാരത്തില്‍ നിന്ന് അവള്‍ ക്രിസ്തുവില്‍ വിമോചിത യായതിന്റെ അടയാളം കൂടിയാണ് കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍...

കാറ്റുപറഞ്ഞതു കേട്ട്, അയാള്‍ പാതിമയക്കത്തിലേക്ക് വഴുതി. കാറ്റ് അയാളെയും കടന്ന് തന്റെ യാത്ര തുടര്‍ന്നു. അയാളാകട്ടെ സ്വര്‍ഗസ്ഥിതയായ അമ്മയുടെ മടിയില്‍ നിഷ്‌ക്കളങ്കനായ കുഞ്ഞായി ഉറങ്ങി. സ്വര്‍ഗത്തിലെ ആനന്ദമാകാം അയാളുടെ ചുണ്ടില്‍ ഒരു മന്ദഹാസത്തിന്റെ മധുരമായി അപ്പോഴും തങ്ങിനിന്നിരുന്നു...

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

ഭരണഘടനാസാക്ഷരത അത്യാവശ്യം

അക്രമം നല്‍കുന്ന അവസരം

സമരസപ്പെടുകയല്ല ആവശ്യം