Coverstory

ഹാൻസ് കുങ്: ഒരനുസ്മരണം 

Sathyadeepam
ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ എം സി ബി എസ് .
 ഏറ്റം അറിയപ്പെടുന്ന പ്രശസ്തനായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കുങ് (Hans Kueng) ഏപ്രിൽ 6 -നു അന്തരിച്ചു (1928 -2021 ). 93 വയസായിരുന്നു. 2018 ഏപ്രിൽ 20 -നാണ് അവസാനമായി തന്റെ തൊണ്ണൂറാം ജന്മദിനം പ്രമാണിച്ചു ഒരു വലിയ പൊതുപരിപാടിയിൽ താൻ പഠിപ്പിച്ച സർവകലാശാലയിൽ അദ്ദേഹം പങ്കെടുത്തത്. മുപ്പതു ഭാഷകളിലായി തർജ്ജിമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികൾ ഇന്നും വിറ്റഴിക്കപ്പെടുന്നു. കുങ് -ന്റെ സമ്പൂർണ്ണ കൃതികൾ 48 വാല്യങ്ങളായി ഹെർഡർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിബൽ, പ്രകോപിപ്പിക്കുന്നവൻ, എതിരാളി, വിമർശകൻ, വിമതൻ, തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങൾ കത്തോലിക്കർ അദ്ദേഹത്തിന് നൽകി. അതിൽ കുങ് പരിഭവിച്ചില്ല.
കുങ്: എന്നും ഒരടി മുൻപിൽ: 
വിപ്ലവകരങ്ങളായ ചിന്തകളോടെ എന്നും ഒരൊന്നര മുഴം മുന്പിലായിരുന്നു കുങ്.
കത്തോലിക്കരിൽ വ്യത്യസ്തചിന്തകരുടെ സ്വരമായിരുന്നു അദ്ദേഹം.
തനിക്കു 18 (1946 -ൽ) വയസുള്ളപ്പോൾ "സഭക്ക് പുറത്തു രക്ഷയില്ല" എന്ന വിഷയം പഠനവിഷയമാക്കാനും സ്വന്തമായ നിലപാടെടുക്കാനും തുനിഞ്ഞ ആളാണ് കുങ്. കാരണം പ്രൊട്ടസ്റ്റന്റുകാരും യഹൂദരും സ്കൂളിലെ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. അവിശ്വാസികളുടെ വിശുദ്ധീകരണം ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ പഠനത്തിന്റെയും ചർച്ചയുടെയും വിഷയമായിരുന്നു.
എന്നാൽ പുതിയനിയമത്തിലെ ക്രിസ്തുവിലാണ് തൻ സത്യം കണ്ടെത്തുന്നത് എന്ന് കുങ് ഏറ്റുപറഞ്ഞു. താനൊരു ക്രിസ്ത്യാനിയാണെന്നു എന്നും അഭിമാനത്തോടെ കുങ് പ്രഖ്യാപിച്ചു. അതേസമയം ബുദ്ധൻ, മുഹമ്മദ്, കൺഫ്യുഷ്യസ് തുടങ്ങിയവരെക്കുറിച്ചു പഠിക്കുകയും അവരെക്കുറിച്ച പുസ്തകങ്ങൾ എഴുതുകയും ചെയ്തു.
 റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിലും കത്തോലിക്കാ ദൈവശാസ്ത്രത്തിലും മാസ്റ്റർ ബിരുദങ്ങൾ നേടിയശേഷം 26 വയസുള്ളപ്പോൾ 1954 -ൽ ഹാൻസ് കുങ് പുരോഹിതനായി. 1957-ൽ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്തിന്റെ ദൈവശാസ്ത്രത്തിൽ "നീതീകരണം" (Justification ) എന്ന ആശയം കത്തോലിക്കാ വിശ്വാസത്തോട് ഒത്തുപോകും എന്ന പ്രബന്ധത്തിനാണ് പാരീസ് സർവകലാശാലയിൽ നിന്നും ഡോക്റ്റർ ബിരുദം നേടിയത്. 1957 -മുതൽ വത്തിക്കാനിൽ കുങ് -നായി ഒരു ഫയൽ ഉണ്ടായിരുന്നു (Nr. 399/57/i). ഡോക്റ്ററൽ തീസിസിന്റെ നിഗമനം വത്തിക്കാന് സ്വീകാര്യമായില്ല എന്നതായിരുന്നു കാരണം. പിന്നീട് 42 വര്ഷങ്ങള്ക്കുശേഷം കത്തോലിക്കാസഭ കുങ് -ന്റെ ഈ ആശയം സ്വീകരിച്ചു എന്നത് ചരിത്രം.
32 വയസ്സായപ്പോൾ പ്രശസ്തമായ ട്യൂബിൻഗെൻ സർവകലാശാലയിൽ കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ പ്രഫസ്സറായി. 1960 -ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപനം വന്ന ഉടനെത്തന്നെ "കൗൺസിലും സഭകളുടെ ഐക്യവും" എന്ന പുസ്തകം എഴുതുകയും അതു ഏറെ പ്രചരിക്കുകമൂലം കുങ് വളരെ പ്രശസ്തനാകുകയും ചെയ്തു. 1962 -ൽ കുങ് -ന് 34 വയസുള്ളപ്പോൾ യോഹന്നാൻ ഇരുപത്തുമൂന്നാം മാർപ്പാപ്പ അദ്ദേഹത്തെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഔദ്യോഗിക ദൈവശാസ്ത്രഞ്ജരിൽ (Peritus) ഒരാളാക്കി. അതേ പ്രായത്തിലുള്ള ജോസഫ് റാറ്റ്സിങ്ങർ ആയിരുന്നു (*1927) (പോപ്പ് ബെനഡിക്ട്) ജർമനിയിൽ നിന്നുള്ള മറ്റൊരാൾ. ഈ രണ്ടുപേർക്കും അന്ന് അവരുടെ ചെറുപ്പം മൂലം "ടീനേജർ ദൈവശാസ്ത്രഞ്ജർ" എന്ന വിളിപ്പേര് കൗൺസിൽ പിതാക്കന്മാർ കൊടുത്തു. റാറ്റ്സിങ്ങർ ആകട്ടെ കുങ് -ന്റെ പ്രേരണയാൽ ട്യൂബിൻഗെന് പ്രൊഫസറായി വരികയും ഇവർ രണ്ടുപേരും സുഹൃത്തുക്കളാകുകയും, അകലുകയും ഒടുവിൽ പരസ്പരം ആശയപരമായി ആക്രമിക്കുകയും ചെയ്തു.
മതങ്ങൾ തമ്മിൽ സൗഹൃദവും സമാധാനവും ഉണ്ടായില്ലെങ്കിൽ രാജ്യങ്ങൾ തമ്മിൽ സൗഹൃദവും സമാധാനവും ഉണ്ടാകില്ല എന്ന് കുങ് പഠിപ്പിച്ചു. weltethos എന്ന അദ്ദേഹത്തിന്റെ സംഘടനയുടെ ദർശനം അതാണ്. മുസ്‌ലിമുകൾ യഹൂദരെയും ക്രൈസ്തവരെയും പീഡിപ്പിക്കുന്നതും ഹിന്ദുക്കൾ മുസ്ലീമുകളെ പീഡിപ്പിക്കുന്നതും നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1995 മുതൽ 2013 വരെ ഈ സംഘടനയുടെ പ്രസിഡന്റ് കുങ് ആയിരുന്നു. UNSCO യുടെ സപ്പോർട്ടും ചിക്കാഗോയിലെ ലോകമത -പാർലമെന്റിന്റെ ആദരവും കുങ്- ന്റെ weltethos – നു ലഭിച്ചു.
കുങ്: വിലക്കും അതിജീവനവും 
1967 -ൽ കുങ് പ്രസിദ്ധീകരിച്ച "സഭ" എന്ന ഗ്രന്ഥം വിവാദമായി. അതിൽ മാർപ്പാപ്പയുടെ തെറ്റാവരം വ്യാഖ്യാനിച്ചത് സഭക്ക് സ്വീകാര്യമായില്ല. 1971-ൽ തന്നെ കുങ് -നെ വിലക്കുമെന്ന സ്ഥിതിവന്നു. 1973 -ൽ പ്രൊട്ടസ്റ്റന്റ് ചിന്തകരുമൊരുമിച്ചു അവരുമായി ഒരുമിച്ചുള്ള കുർബാനയർപ്പണത്തിനായി മെമ്മോറാണ്ടം കുങ് തയ്യാറാക്കി. അതും സഭക്ക് ഇഷ്ടമായില്ല.
 1978 -ൽ ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ ആയി. 1979 – ൽ കുങ്- നെ സർവകലാശാലയിൽ സഭയുടെ പേരിലുള്ള അദ്ധ്യാപനത്തിൽനിന്നും ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ വിലക്കി. അതോടെ തത്വത്തിൽ കുങ് -നു ജോലി നഷ്ടപ്പെട്ടു. മാർപ്പാപ്പയുടെ തെറ്റാവരം വ്യാഖ്യാനിച്ചത് സ്വീകാര്യമായില്ല എന്നത് മാത്രമല്ല ക്രിസ്തുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നതിൽ കൃത്യത ഇല്ല എന്നതും വിലക്കിനു പ്രധാന കാരണങ്ങളായിരുന്നു.
കുങ്- ന്റെ ഭാഗ്യമോ പ്രാഗൽഭ്യമോ എന്തായാലും സർവകലാശാലയിലെ തന്റെ ജോലി നഷ്ടപ്പെടുമെന്നായപ്പോൾ അതേ സർവകലാശാലയിൽ അതേ ക്ലസുമുറികളിൽ അതേ ക്‌ളാസുകൾ എടുക്കാൻ തക്കവണ്ണം സംസ്ഥാന ഗവർമെന്റ് -കുങ് -നു വേണ്ടി മാത്രമായി എക്‌മെനിക്കൽ ദൈവശാസ്ത്രം എന്ന പേരിൽ പുതിയ ഒരു പഠന വിഭാഗം ആരംഭിച്ചു. കുങ് തന്റെ പതിവ് വിഷയങ്ങൾ 1980 -മുതൽ 1996 -വരെ അവിടെ പഠിപ്പിച്ചു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ വിദ്യാർഥികൾ അവിടെ പഠിച്ചു.
സഭയുടെ പേരിൽ പഠിപ്പിക്കാൻ കഴിയാതിരുന്ന കുങ് അതേ ക്ലസുമുറികളിൽ അതേ വിഷയങ്ങൾ രാഷ്ട്രത്തിന്റെ പേരിൽ പഠിപ്പിച്ചു.
മാത്രമല്ല അങ്ങനെ സഭയുടെ പേരിൽ പഠിപ്പിക്കാനും ദേവാലയത്തിൽ അൾത്താരക്കും പ്രസംഗ പീഠത്തിനും പിൻപിൽനിന്നു പ്രസംഗിക്കാനും അനുവാദം നഷ്ടപ്പെട്ട കുങ് പിന്നീടുള്ള ഏതാണ്ട് നാല്പതോളം വർഷങ്ങൾ കത്തോലിക്കരുടെയും അകത്തോലിക്കാരുടെയും ക്ഷണം സ്വീകരിച്ചു പാരിഷ് ഹാളുകളിലും ടൗൺ ഹാളുകളിലും റസ്റോറന്റുകളിലും ഹോട്ടലുകളിലും പഞ്ചായത്തു ഹാളുകളിലും പ്രസംഗിച്ചു. ഇതെല്ലം ആദരവോടെ കാണാൻ കത്തോലിക്കാ സഭയുടെ ഔദ്യാഗിക വക്താക്കൾക്ക് ഒരു പരിധിവരെ കഴിഞ്ഞുവെന്നതും ചരിത്രം. കുങ് -നു കുർബാന അർപ്പിക്കാനുള്ള അനുവാദം സഭ ഒരിക്കലും എടുത്തു കളഞ്ഞിരുന്നില്ല.
കുങ് -നു സഭയുടെ ആദരവ് ?
പിന്നീട് 2005 -ൽ ജോസഫ് റാറ്റ്സിങ്ങർ മാർപ്പാപ്പ ആയി (ബെനഡിക്ട് പതിനാറാമൻ). അതോടെ റാറ്റ്സിങ്ങറിനു നേരെയുള്ള ആക്രമണത്തിന്റെ ശക്തി കുങ് കുറച്ചു. ഒരിക്കൽ പഴയ മിത്രവും ശതൃവും ആയിരുന്ന ഹാൻസിനെ മാർപ്പാപ്പ ആയ ജോസഫ് (ബെനഡിക്ട് പതിനാറാമൻ) ക്ഷണിക്കുകയും (2005 -ൽ) ഹാൻസ് കുങ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. അതൊരു വ്യക്തിപരമായ സന്ദർശനവും സംഭാഷണവും ആയിരുന്നതുകൊണ്ട് വിശദാംശങ്ങൾ അറിയില്ലെങ്കിലും അതിനെക്കുറിച്ചു കുങ് വളരെ നന്നായി മാത്രമേ പിന്നീട് സംസാരിച്ചിട്ടുള്ളു. അതിനു ശേഷം കുങ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെ വിമർശിച്ചിട്ടില്ല. പക്ഷെ ഒരിക്കൽ കൊടുത്ത വിലക്കുകൾ എടുത്തുകളയാൻ മാര്പ്പാപ്പ തുനിയുകയോ വിലക്കുകൾ നീക്കണമെന്ന് ആവശ്യപ്പെടാൻ കുങ് തയ്യാറാകുകയോ ചെയ്തില്ല. പിന്നീടൊരിക്കൽ തന്റെ സഭയോടുള്ള ദൗത്യത്തിൽ തൻ സംതൃപ്തനാണെന്നും മാർപ്പാപ്പ എന്ന ദൗത്യത്തിൽ ബെനഡിക്ട് പതിനാറാമൻ (റാറ്റ്സിങ്ങർ) സംതൃപ്തനാണെങ്കിൽ താനതിൽ സന്തോഷിക്കുന്നുവെന്നും കുങ് പറഞ്ഞു.
എന്നിരുന്നാലും അവസാന നാളുകളിൽപ്പോലും ആശയപരമായ പ്രശ്നങ്ങൾ മൂലം കുങ് -നെ വിലക്കുകളിൽ നിന്നും ഒഴിവാക്കുവാൻ സഭക്കായില്ല. അതിന്റെ പേരിൽ മറ്റു പലരെയും പോലെ (ഉദാ. ബൊഫ്, ഡ്രെവർമാൻ) സഭ വിട്ടുപോകാൻ കുങ് തുനിഞ്ഞും ഇല്ല. അത്രമാത്രം കുങ് സഭയെ സ്നേഹിച്ചിരുന്നു. സഭ കുങ് -നെയും.
കുങ്: വിപ്ലവകരമായ നിലപാടുകലും വ്രണങ്ങളും  
ഇരൂപത്തിമൂന്നാമൻ ‌ യോഹന്നാൻ മാർപ്പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിൽ വഴി സഭയുടെ ജനലുകളും വാതിലുകളും തുറന്നിട്ട് കുറച്ചു കാറ്റും വെളിച്ചവും സഭക്കുള്ളിൽ പ്രവേശിക്കട്ടെയെന്നു പറഞ്ഞപ്പോൾ "സഭയുടെ ഭിത്തികൾ കൂടി ഇടിച്ചു നിരത്തണമെന്ന്" കുങ് (Kueng) ആവശ്യപ്പെട്ടു എന്നൊരു ആക്ഷേപം ഇദ്ദേഹത്തെക്കുറിച്ചുണ്ട്.
"കത്തോലിക്കാസഭ രോഗിയാണ്; മരണാസന്നയുമാണ്", കുങ് പിന്നീട് പറഞ്ഞു. യൂറോപ്പിൽ പുരോഹിതരുടെ കുറവും വിശ്വാസികളുടെ സഭ വിട്ടുപോകലുമാണ് അതിനു കാരണം. ഈ "സഭയെ ഇനിയെങ്കിലും എന്നെങ്കിലും രക്ഷിക്കാനാകുമോ" എന്ന കുങ് -ന്റെ ചോദ്യം നിലനിക്കുന്നു. "ആർക്കെങ്കിലും സഭയെ രക്ഷിക്കാനാകുമോ?" എന്ന ചോദ്യത്തോടെ ഒരു പുസ്തകവും അദ്ദേഹം എഴുതി. കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിക്കാനുള്ള അനുവാദം എടുത്തുകളഞ്ഞപ്പോൾ അനുഭവിച്ച വേദനയാണ് തന്റെ ജീവിതത്തിലെ ഏറ്റം വിഷമഘട്ടം എന്നൊരിക്കൽ കുങ് പറഞ്ഞു. അത് കുങ് -നെ ഏറെ വ്രണപ്പെടുത്തി. 1979 -ലായിരുന്നു അത്. "ദൈവശാസ്ത്രത്തിന്റെ കാക്ക പോലെ കറുത്ത ദിനം" എന്നാണ് അതിനെ അന്ന് ഫ്രെയ്‌ബുർഗ് സർവകലാശാലയിൽ ദൈവശാസ്ത്ര പ്രൊഫസറായിരുന്ന കാൾ ലേമാൻ വിശേഷിപ്പിച്ചത്. പിന്നീട് കാൾ ലേമാൻ ബിഷപ്പും (1983- ൽ) കർദിനാളും ഇരുപത്തിയൊന്ന് വർഷക്കാലം ജർമൻ ബിഷപ് കോൺഫറൻസിന്റെ പ്രസിഡന്റും ആയി.
 "ഞങ്ങളാണ് സഭ" എന്ന യൂറോപ്പിലെ/ജർമനിയിലെ അല്മായമുന്നേറ്റത്തിന്റെ മുൻനിരയിൽ കുങ് എന്നും ഉണ്ടായിരുന്നു. സഭക്കുള്ളിൽ നവീകരണം നടക്കണമെന്നേ കുങ് പറഞ്ഞുള്ളു. ആരെങ്കിലും സഭ വിട്ടുപോകണമെന്ന് കുങ് പറയുകയോ അതിനു ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തില്ല. സഭകളുടെ ഐക്യം വേണമെന്നും കുങ് വാദിച്ചു. സഭയോട് എന്നും ചേർന്ന് നിൽക്കുന്നവൻ എന്നാണ് കുങ് എന്നും സ്വയം വിശേഷിപ്പിച്ചത്.
ചിലർക്ക് കുങ് സഭയുടെ റിബൽ ആണ്. ചിലർക്ക് പ്രവാചകനും.എന്നാൽ എന്നും ഹാൻസ് കുങ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ടു തന്നെ കുതിച്ചു. കൗൺസിൽ അവസാനിക്കുന്ന 1965 -ൽ പോൾ ആറാമൻ മാർപ്പാപ്പയും കർദിനാൾ ഒക്ടാവിനിയും കുങ്-നെ ചർച്ചക്ക് വിളിച്ചു കുറച്ചുകൂടി സഹിഷ്ണതയും മിതത്വവും പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അന്ന് കുങ് -നു 37 വയസ്സാണ് പ്രായം. പക്ഷെ കുങ്- നു നവീകരണം എന്ന വിഷയത്തിൽ ഒരു ക്ഷമയും ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു.
 ഹാൻസ് കുങ് -നെക്കുറിച്ചും തമാശകൾ!
 ഹാൻസ് കുങ് -നെക്കുറിച്ചു ഒരു തമാശയുണ്ട്.
ഒരിക്കൽ മൂന്നു കർദിനാളുമാർ കുങ് -ന്റെ വീട്ടിലെത്തി കതകിൽ മുട്ടി.
കുങ് കതകു തുറന്നു.
അവർ കുങ് -നോട് പറഞ്ഞു. "പ്രൊഫസ്സർ കുങ്! താങ്കളെ ഞങ്ങൾ മാർപ്പാപ്പ ആക്കാൻ തീരുമാനിച്ചിരിക്കുന്നു".
കുങ് പ്രതിവചിച്ചു.
"ഞാൻ മാർപ്പാപ്പ ആകാൻ തയ്യാറല്ല. കാരണം മാർപ്പാപ്പ ആയാൽ എന്റെ തെറ്റാവരം നഷ്ടപ്പെടും."
മാർപ്പാപ്പയ്ക്ക് തെറ്റാവരം ഇല്ലെന്നു പറഞ്ഞതിന്റെ പേരിൽ സഭയുടെ പേരിൽ പഠിപ്പിക്കാൻ അനുവാദം നഷ്ടപ്പെട്ട കുങ് താൻ പറയുന്ന എല്ലാ കാര്യങ്ങളിലും തനിക്കു തെറ്റാവരം ഉണ്ടെന്നു വിശ്വസിച്ചിരുന്നു എന്നൊരു ആക്ഷേപം പലരും കുങ് -നെക്കുറിച്ചു പറയാറുണ്ട്.
മറ്റൊന്ന് കുങ് -ന്റെ ഒരു അടുപ്പക്കാരൻ എന്നോട് പറഞ്ഞതാണ്. ഒരിക്കൽ കുങ് കാറോടിച്ചപ്പോൾ നേരിയതോതിൽ വേഗത അനുവദിക്കപ്പെട്ടതിലും കൂടി. ജർമനിയിൽ സാധാരണപോലെ കുങ് ചെറിയൊരു തുക "ഫയിൻ" (പിഴ) ആയി അടക്കേണ്ടിവന്നു. തനിക്കു തെറ്റ് പറ്റിയെന്നു കുങ് -നു അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നാണത്രെ അത്.
കുങ്: സഭാനവീകരണത്തിന്റെ വക്താവ് 
സഭാനവീകരണം ആയിരുന്നു കുങ് -ന്റെ ലക്‌ഷ്യം.നവീകരണത്തിന്റെ വക്താവായിരുന്നു കുങ്. കുങ് -ന്റെ ദർശനവും സഭാനവീകരണം തന്നെ. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം കുങ്-ന്റെ നിലപാടിലും വീക്ഷണത്തിലും തീവ്രത ഏറിക്കൊണ്ടേയിരുന്നു. തീവ്രതയുടെ വേലിയേറ്റത്തിൽ കുങ്, കുങ് ആയി തന്നെ തുടർന്നു.
മാത്രമല്ല കുങ് ജർമൻ സഭയിൽ ഒതുങ്ങിയില്ല. കത്തോലിക്കാ സഭയിലും ഒതുങ്ങാൻ കുങ് -നു ആയില്ല. ലോകത്തു പലയിടങ്ങളിലും കുങ് പരിചിതനാണ്. കുങ് -ന്റെ പ്രഗൽഭ്യവും ഉദ്ദേശശുദ്ധിയും തന്നെ അതിനു കാരണം.
സഭക്കും, മതങ്ങൾക്കും, സമൂഹങ്ങൾക്കും അപ്പുറത്തേക്ക് കുങ് വളർന്നു. ഭൗതികശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം കുങ്- ന്റെ ഇഷ്ട വിഷയമായിരുന്നു. എന്നാൽ എന്നും സഭയുടെ അംഗമായിരിക്കാൻ കുങ് ഇഷ്ടപ്പെട്ടു. ഔദ്യാഗിക സഭയുടെ പിൻബലമില്ലാതെതന്നെ അൻപതിലധികം ദേശീയവും അന്തർദേശീയവുമായ അവാർഡുകളും ഇരുപതിലധികം ഓണററി ഡോക്ടർ ബിരുദങ്ങളും കുങ് -നു ലഭിച്ചു.
.
കുങ്: പ്രൊട്ടസ്റ്റന്റ് ചിന്തകനായ കത്തോലിക്കാ ദൈവശാസ്‌ത്രഞ്ജൻ
എന്നാൽ ജർമൻ പ്രൊട്ടസ്റ്റന്റ് ചിന്താഗതികളും പ്രൊട്ടസ്റ്റന്റ് ദര്ശനങ്ങളുമാണ് കുങ് കത്തോലിക്കാ ദൈവശാസ്ത്രമായി അവതരിപ്പിച്ചത്.
ചെറുപ്പം മുതലേ മഹാനായ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്തിനെ ക്കുറിച്ചു കുങ് ധാരാളം വായിച്ചിരുന്നു. കാൾ ബാർത് (Karl Barth) മുപ്പതോളം വർഷങ്ങൾ പ്രൊഫസ്സർ ആയിരുന്ന സ്വിറ്റസർലണ്ടിലെ ബാസൽ നഗരത്തിൽ ആസ്ഥാനമായ ബാസൽ രൂപതയുടെ വൈദികനായാണ് കുങ് അഭിഷികത്തനായത്. കുങ് -ന്റെ ഡോക്റ്ററൽ പ്രബന്ധം ബാർത്തിനെ കുറിച്ചായിരുന്നു. പ്രൊട്ടസ്റ്റന്റ് ചിന്തകരെക്കുറിച്ചു പഠിക്കുകയും എഴുതുകയും ചെയ്തിട്ടു കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായി പഠിപ്പിക്കാൻ കുങ്-നു അനുമതി ലഭിച്ചതുതന്നെ അത്ഭുതം.
 ലൂഥർ കഴിഞ്ഞാൽ എക്കാലത്തെയും പ്രഗത്ഭനായ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ ഹെഗലിന്റെ (G .W .F .Hegel) ദൈവശാസ്ത്രത്തിലും കുങ് പ്രാവീണ്യം നേടി. കുങ് ജീവിതകാലം മുഴുവൻ പഠിപ്പിച്ചത് ലോകത്തിലെ തന്നെ ഏറ്റം പ്രഗത്ഭരായ പ്രോട്ടസ്ടന്റ്റ് ദൈവശാസ്ത്രജ്ഞർ പഠിപ്പിച്ചിരുന്ന ട്യൂബിൻഗെൻ സർവകലാശാലയിലാണ്. അവരോടൊത്തുള്ള സൗഹൃദവും സഹപ്രവർത്തനനവും മൂലം കുങ് -ന്റെ ചിന്തയും ദർശനവും തത്വത്തിൽ പ്രൊട്ടസ്റ്റന്റ് ദർശനമായി മാറി.
മാർപ്പാപ്പയുടെ തെറ്റാവരം, പുരോഹിതരുടെ ബ്രഹ്മചര്യം, സ്ത്രീകളുടെ പൗരോഹിത്യം, ക്രിസ്തുദർശനം, ത്രീത്വം, സഭയുടെ സ്വഭാവവും ഘടനയും, പ്രൊട്ടസ്റ്റന്റുകാരുമായി ഒരുമിച്ചുള്ള കുർബാനയർപ്പണം, അവരുടെ കുർബാന സ്വീകരണം, ദൈവമാതാവ്, ആവുത്തനാസിയ, കുടുംബാസൂത്രണം, സ്വവർഗ്ഗവിവാഹം തുടങ്ങിയ വിഷയങ്ങളിൽ കുങ് -ന്റെ നിലപാട് കാതോലിക്കാസഭയുടേതിലും വ്യക്ത്യസ്തമാണ്. മാർപ്പാപ്പയുടെ തെറ്റാവരം ബൈബിളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമല്ലെന്നു കുങ് പഠിപ്പിച്ചു. ക്രിസ്തുദർശനത്തിൽ "ദൈവപുത്രൻ" എന്ന വാക്ക് വ്യക്തമായി ഉപയോഗിക്കുന്നില്ല എന്നാണ് മറ്റൊരു പരാതി.
 പ്രൊട്ടസ്റ്റന്റ് ചിന്തയോട് കുങ് -ന്റെ ദർശനം ഒത്തുപോകും. എന്നിരുന്നാലും അദ്ദേഹത്തെ എന്നും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്ത പ്രൊട്ടസ്റ്റന്റ് സഭയിൽ ചേരാൻ കുങ് തയ്യാറായില്ല. കുങ് എന്നും കാതോലിക്കാപുരോഹിതനായി തുടർന്നു.
കുങ്- ലെ കത്തോലിക്കമല്ലാത്ത ആശയങ്ങൾ മാത്രമായിരുന്നു കുങ് -നെ കത്തോലിക്കാസഭയുടെ ഔദ്യോദിക-അധികാരികൾക്ക് അനഭിമതനാക്കിയത്. എന്നാൽ കുങ് -ന്റെ പ്രഗൽഭ്യവും സദുദ്ദേശവും കത്തോലിക്കാസഭ ഒരിക്കലും വിലയിടിച്ചുകണ്ടില്ല.
പഠനവും ദർശനവും മാറിപ്പോയതുകൊണ്ടു ഔദ്യോഗികമായി പഠിപ്പിക്കാനും പ്രസംഗിക്കാനും കൊടുത്ത ആനുവാദം എടുത്തുകളഞ്ഞുവെന്നു മാത്രം. കുങ് -ന്റെ അനാവുദ്യോഗികമായ പഠനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിൽ സഭ പ്രതികരിച്ചുമില്ല.
കുങ്: എല്ലാ പ്രതീക്ഷയും ഫ്രാൻസിസ് പാപ്പയിൽ
ഫ്രാൻസിസ് മാർപ്പായിൽ കുങ് ഏറെ പ്രതീക്ഷകൾ അർപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ അധികാരം ഇല്ലാതാക്കണമെന്നു കുങ് പറഞ്ഞില്ല. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും തലവനായി മാർപ്പാപ്പ ഉണ്ടായിരിക്കണമെന്ന് തന്നെയാണ് കുങ് -ന്റെ നിലപാട്. എന്നാൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2005 -ൽ കുങ് -നോടൊത്തു നാല് മണിക്കൂർ ചിലവഴിച്ചതുപോലെ ഫ്രാൻസിസ് മാർപ്പാപ്പ താൻ മാർപ്പാപ്പ ആയ ഉടനെത്തന്നെ തന്റെ സ്വന്തം കൈപ്പടയിൽ കുങ് -നു കത്തെഴുതി. ഈ രണ്ടു സുഹൃദപരമായ സമീപനത്തിലൂടെ അനൗദ്യോഗികമായി കുങ്- നെ സഭ അംഗീകരിച്ചുവെന്നും വിലക്കുകൾ മറികടന്നുവെന്നും കുങ് വിശ്വസിക്കുകയും പറയുകയും ചെയ്തു.
2015 നവംബർ 26 -നു ഫ്രാൻസിസ് മാർപ്പാപ്പ നയിറോബിയിൽ മുസ്‌ലിം നേതാക്കളെ സന്ദർശിച്ചപ്പോൾ കുങ്- നെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചുവെന്നതും കുങ് അഭിമാനത്തോടെ ഓർക്കുന്നു: "മതങ്ങൾ തമ്മിൽ സംവാദം ഇല്ലാതെ മതങ്ങൾ തമ്മിൽ സമാധാനം ഉണ്ടാകില്ല." രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അൻപതാം വാർഷികത്തിൽ കൗൺസിൽ ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇന്ന് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് "ഞാൻ സമരം തുടരുന്നു" എന്നായിരുന്നു കുങ് -ന്റെ മറുപടി.
വാലറ്റം:
1965 -ൽ പോൾ ആറാമൻ മാർപ്പാപ്പ ചെറുപ്പക്കാരനായ ഹാൻസ് കുങ് – നോട് ആവശ്യപ്പെട്ടതുപോലെ സംസാരത്തിലും എഴുത്തിലും കുറച്ചുകൂടി സഹിഷ്ണതയും മിതത്വവും പാലിക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കത്തോലിക്കാ സഭയുടെ മക്കൾ എല്ലാവരും ബുദ്ധിജീവികളല്ലല്ലോ. യൂറോപ്പിലെ സഭയല്ല ആഫ്രിക്കയിലെ സഭയും ഏഷ്യയിലെ സഭയും. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടു പോകുവാനുള്ള ദൈത്യവും മാർപ്പാപ്പയ്ക്ക് ഉണ്ടല്ലോ.
കേരളസഭയിലെ ആരോടെങ്കിലും ജർമൻ സഭയിലെ കുങ് -നെ ഉപമിക്കാൻ സാധിക്കുമോ?
ഇതുപോലെയുള്ള കത്തോലിക്കർ / കാതോലിക്കാപുരോഹിതർ കേരളത്തിൽ ഉണ്ടോ?
(ജർമ്മനിയിൽ സേവനം ചെയ്യുന്ന ലേഖകൻ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ട്. താമരശേരി സനാതന അടക്കം വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്.) 

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17