Coverstory

GenZ@ക്രിസ്തുസാക്ഷ്യം

സഞ്ജു സാംസൺ, ശ്രീജ ജെ. എസ്.

എല്‍സി ആന്റണി

അതിമനോഹരമായ സിക്‌സര്‍. അതോടെ ട്വന്റി ട്വന്റി ലോകകപ്പിലെ മിന്നുന്ന വിജയം ഇന്ത്യയ്ക്ക്. കാണികള്‍ കടല്‍പോലെ ഇളകിയാര്‍ത്തു. ആ വിജയാരവങ്ങള്‍ക്കുമധ്യേ ഇനിയാരും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത ഒരു സുവിശേഷപ്രഘോഷണത്തിന്റെ വശ്യമായ പ്രകാശഗോപുരം തെളിഞ്ഞു.

ആ വിജയത്തിന്റെ കൊടുമുടിയില്‍ നിലത്ത് മുട്ടുകുത്തി കുരിശുവരച്ച് ആകാശത്തേക്ക് സഞ്ജു നോക്കിയ നിമിഷത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കാണികളോട് ക്രിസ്തുവിനെ പ്രഘോഷിച്ച കേരളീയ യുവതയുടെ മറ്റൊരു വചനസാക്ഷ്യം നാം നിറകണ്ണുകളോടെ കണ്ടു.

പുതിയ തലമുറയുടെ മറ്റൊരു ക്രിസ്തുസാക്ഷ്യം ജെ.എസ്. ശ്രീജയുടേതാണ്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിൽ നിന്നുള്ള ടോപ്പറായി 57-ാം റാങ്കിലെത്തിയ ഈ മിടുക്കി ആ വിജയത്തിനുശേഷം രണ്ട് വാക്കുകളാണ് ഏറ്റവും കൂടുതലായി ചാനല്‍ ക്യാമറകളുടെ മുന്നില്‍ ഏറ്റുപറഞ്ഞത്. ആ രണ്ട് പദങ്ങള്‍ കഠിനാധ്വാനവും ജപമാലയുമെന്നായിരുന്നു!

31 വയസ്സുള്ള സഞ്ജു വിശ്വനാഥ് സാംസണും 24 കാരിയായ ടി.എസ്. ശ്രീജയും നേടിയ മധുര വിജയങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വിഴിഞ്ഞം ഇടവകയിലെയും നെയ്യാറ്റിന്‍കര രൂപതയിലെ നരുവാമൂട് ഗ്രാമത്തിലുള്ള അമ്മാനിമല ക്രിസ്തുരാജ ഇടവകയിലെയും അതിതീക്ഷ്ണമായ ക്രിസ്ത്വാനുഭവത്തിന്റെ വിശ്വാസക്കനലുകള്‍ നാം കണ്‍കുളിര്‍ക്കെ കാണുന്നു.

ഓരോ വിദ്യാര്‍ഥിയുടേയും ഹൃദയവായനയാണ് ക്രിസ്തീയ ബാല്യകൗമാരങ്ങൾക്കായും യുവതീ യുവാക്കള്‍ക്കായും കത്തോലിക്കാ സഭയുടെ സംഘടനകള്‍ സജ്ജമാക്കിയിട്ടുള്ളത്. സഭയുടെ ഈ സഹഗമനത്തിന്റെ ഇടര്‍ച്ചകള്‍ പല മാധ്യമങ്ങളും ആഘോഷിക്കുന്നു. എന്നാല്‍, അതേ ക്രിസ്തീയ നവതലമുറകളുടെ ക്രിസ്തുസാക്ഷ്യത്തിന്റെ ചടുലവും ആകര്‍ഷകവുമായ വിശ്വാസപ്രഘോഷണങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു.

ആദ്യം നമുക്ക് വിഴിഞ്ഞം സിന്ധുയാത്രാ മാതാ ഇടവകയില്‍ താമസിക്കുന്ന വിശ്വനാഥ്-ലിജി ദമ്പതികളുടെയും രണ്ട് ആണ്‍മക്കളുടെയും ജീവിതങ്ങള്‍ പരിചയപ്പെടാം. ഡെല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നു വിശ്വനാഥ്. വിശ്വനാഥ് മക്കളുടെ ക്രിക്കറ്റ് മോഹത്തിനായി ഏറെ ത്യാഗം സഹിച്ചുവെങ്കിലും, ക്രിസ്തുവിന്റെ സ്‌നേഹവലയത്തിൽത്തന്നെ ആ കുടുംബം മുന്നോട്ടുപോയി. “കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ സ്‌റ്റേഡിയങ്ങളിലും ഞാന്‍ നിങ്ങളെ കൊണ്ടുപോയി കളിപ്പിക്കും” എന്ന് മക്കള്‍ക്ക് വാക്ക് നല്‍കിയ പിതാവിന്റെ പിന്തുണ സഞ്ജുവിന് വലിയ പ്രചോദനമായി മാറിയെന്ന് വിശ്വനാഥിന്റെ അടുത്തസുഹൃത്തും റിട്ട. അധ്യാപകനുമായ ഡാമിയന്‍ ജോർജ് പറയുന്നു.

കഴിഞ്ഞ മൂന്നു വർഷമായി വിഴിഞ്ഞം പള്ളി വികാരിയായ ഫാ. ഡോ. ടി നിക്കോളാസ് സഞ്ജുവിന്റെ കുടുംബത്തിന്റെ ഇടറാത്ത വിശ്വാസത്തെക്കുറിച്ചും സഞ്ജുവിനെക്കുറിച്ചും ഇങ്ങനെ പറയുന്നു: “സഞ്ജു, ലോകകപ്പു വിജയ നിമിഷത്തിൽ പ്രാർഥിച്ചശേഷം സ്വർഗത്തോടും ലോകത്തോടും ആ യുവാവു പറഞ്ഞത് 'ദൈവമേ നന്ദി' എന്നാണ്. തലക്കനമോ ദാർഷ്ട്യമോ സഞ്ജു കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പ്രസംഗങ്ങളിൽ പോലും കുഞ്ഞു കുഞ്ഞു വാചകങ്ങളെ പറയൂ. ഒരിക്കൽ വിഴിഞ്ഞം ഇടവക സഞ്ജുവിന് ഒരു സ്വീകരണം സംഘടിപ്പിച്ചപ്പോൾ വിശ്വനാഥ് മകനോടു പറഞ്ഞത് ഇപ്പോഴും നവമാധ്യമങ്ങളിൽ വൈറലാണ്. നമ്മുടെ ഇടവകയുടെ പരിപാടിയാണ് എന്തു തിരക്കുണ്ടെങ്കിലും നീ വരണം. അന്ന് ആ പരിപാടിക്ക് തിരക്കുകൾ മാറ്റിവച്ച് സഞ്ജു ഓടിയെത്തിയത് ഞാൻ ഓർമ്മിക്കുന്നു.”

സഞ്ജു സിംപിളാണ്, പവര്‍ഫുള്ളാണ്

ലോകകപ്പ് വിജയം നേടിയശേഷം സ്വന്തം ഇടവകയിലെത്തിയ സഞ്ജുവിനെ വരവേറ്റത് വിഴിഞ്ഞം കോട്ടപ്പുറം കടല്‍ത്തീരത്തെ മണല്‍ത്തരികളോടൊപ്പം ആബാലവൃദ്ധം ജനങ്ങളായിരുന്നു. നാട്ടിലെ ഏതൊരു സ്വീകരണച്ചടങ്ങിലായാലും ഒന്നുമില്ലാതിരുന്ന കാലത്ത് തനിക്ക് ഫ്രീ യാത്ര നല്‍കി സഹായിച്ച ഓട്ടോ ചേട്ടന്മാരെക്കുറിച്ചുപോലും സഞ്ജു പറയാറുണ്ട്. ലോകകപ്പ് വിജയത്തിനുശേഷം നാട്ടിലെ സാധാരണ ചായക്കടയില്‍ രാവിലെ എത്തിയ സഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ നൂറു നാവ്.

സ്വന്തം മക്കളുടെ ചെറുപ്പത്തിലേയുള്ള വിശ്വാസപരിശീലനത്തില്‍ സഞ്ജുവിന്റെ പിതാവായ വിശ്വനാഥും അമ്മ ലിജിയും പ്രകടിപ്പിച്ച സത്യ സന്ധതയുടെ നേര്‍രേഖയിലാണ് ആ കുടുംബം അന്നും ഇന്നും നടന്നുനീങ്ങുന്നത്. സഞ്ജുവിന്റെ ലോകം ആഘോഷിച്ച വിജയം ആശുപത്രിക്കിടക്ക യിലിരുന്നാണ് അമ്മ ലിജി കണ്ടത്. സഞ്ജുവിന്റെ വിജയനിമിഷങ്ങള്‍ക്കു പിന്നാലെ ആശുപത്രിക്കിട ക്കയില്‍നിന്നുതന്നെ മൊബൈലില്‍ സ്വന്തം സ്റ്റാറ്റസായി കുറിച്ചിട്ടത് സങ്കീര്‍ത്തനഗ്രന്ഥത്തിലെ 118-ാം അധ്യായത്തിലെ 22-ാം വാക്യമായിരുന്നു. ആ വാക്യം ഇങ്ങനെ: “പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ദൈവത്തിന് സ്തുതി.”

ദൈവബോധനത്തിന്റെ പുതുസാക്ഷ്യം

വിശ്വാസം, പഠനം, സേവനം എന്ന കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് എന്ന കെ.സി.എസ്.എല്‍. ന്റെ പ്രഖ്യാതമായ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച ബാല്യ-കൗമാരങ്ങളുടെ പരിശീലനവും ആ ദൈവബോധനത്തിന് മക്കള്‍ക്കുമുമ്പില്‍ സാക്ഷ്യമായി മാറിയ മാതാപിതാക്കളും സഞ്ജുവിനെ ഒരു സമഗ്ര വ്യക്തിത്വമാക്കി മാറ്റുകയായിരുന്നുവെന്ന് സഞ്ജുവിനെ നേരിട്ട് അറിയുന്ന വലിയതുറ സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ മേരി കാഞ്ചന ടീച്ചര്‍ പറയുന്നു. ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ഓർമ്മിക്കുക: “കുടുംബം മാനുഷിക മൂല്യങ്ങളുടെ പ്രഥമ വിദ്യാലയമാണ്. സമൂഹവൽക്കരണത്തിന്റെ പ്രാഥമികരംഗം കുടുംബമാണ്” (സ്‌നേഹത്തിന്റെ സന്തോഷം, പേജ് 166, 167). കെ.സി.എസ്.എല്‍. ആയാലും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ആയാലും ഒരു ക്രിസ്തീയ കൂട്ടായ്മ യുടെ പശ്ചാത്തലത്തില്‍ ആര്‍ജിക്കാന്‍ കഴിഞ്ഞ ദൈവാശ്രയ ബോധത്തിലേക്ക് സഞ്ജുവിനെ കൂട്ടിക്കൊണ്ടുപോയത് ആ യുവാവിന്റെ മാതാപിതാക്കളും അധ്യാപകരുമാണ്.

ഓരോ വിദ്യാര്‍ഥിയുടേയും ഹൃദയവായനയാണ് ക്രിസ്തീയ ബാല്യകൗമാരങ്ങള്‍ക്കായും യുവതീയുവാക്കള്‍ക്കായും കത്തോലിക്കാസഭയുടെ സംഘടനകള്‍ സജ്ജമാക്കിയിട്ടുള്ളത്. സഭയുടെ ഈ സഹഗമനത്തിന്റെ ഇടര്‍ച്ചകള്‍ പല മാധ്യമങ്ങളും ആഘോഷിക്കുന്നു. എന്നാല്‍, അതേ ക്രിസ്തീയ നവതലമുറ കളുടെ ക്രിസ്തുസാക്ഷ്യത്തിന്റെ ചടുലവും ആകര്‍ഷകവുമായ വിശ്വാസ പ്രഘോഷണങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജുവിന്റെ കോടിക്കണക്കായ ക്രിക്കറ്റ് പ്രേമികളോടുള്ള ക്രിസ്തുസാക്ഷ്യം ഏറെ അഭിനന്ദിക്കപ്പെടേണ്ടത്.

ദൈവവിളിയുടെ കളരികള്‍

ചില മാധ്യമങ്ങളെങ്കിലും സഞ്ജുവിന്റെ പരസ്യമായ വിശ്വാസ പ്രഘോഷണത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോള്‍, ആ മുപ്പത്തിയൊന്നുകാരന്‍ പറഞ്ഞത് “അത് എന്റെ വിശ്വാസമാണ്. എന്റെ കഴിവ് ദൈവദാനമാണ്. ആ ദൈവത്തോട് നന്ദിപറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.” ലോകവും സമൂഹവും നമ്മുടെ ഭവനമാണെന്ന് ഫ്രാന്‍സിസ് പാപ്പ ഓർമ്മിപ്പിക്കുന്നുണ്ട്. ഏറെ സങ്കീർണ്ണമായ സാമൂഹിക കാലാവസ്ഥയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കുഞ്ഞുങ്ങളെ യേശുവിലേക്ക് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളസഭയുടെ മൂന്ന് റീത്തുകളിലും സാന്നിധ്യ മുള്ള കെ.സി.എസ്.എല്‍. പ്രസ്ഥാനത്തിലൂടെയാണ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസും നിരവധി വൈദികരും സമര്‍പ്പിതരും അവരുടെ ദൈവവിളി സാധിതമാക്കിയത്. ബാല്യ കൗമാരങ്ങളുടെ ഈ സംഘടനയുടെ ശതാബ്ദി 2015-ല്‍ ആഘോഷിച്ചപ്പോള്‍ വല്ലാര്‍പാടം ബസിലിക്കയുടെ മുമ്പില്‍ അനുഗൃഹീത സാന്നിധ്യമറിയിച്ചെത്തിയത് റീത്ത് ഭേദമില്ലാതെ പത്തില്‍ അധികം രൂപതാധ്യക്ഷന്മാരായിരുന്നു. ഇപ്പോള്‍ മഹത് പാരമ്പര്യമുള്ള ആ സംഘടനയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയായ സഞ്ജു വിശ്വനാഥ് സാംസണ്‍ ഇന്ത്യയ്ക്ക് ലോകകപ്പിലെ മൂന്നാമ ത്തെ വിജയത്തിന്റെ ശില്‍പിയായി മാറിക്കഴിഞ്ഞിരിക്കുന്നു. യുവത്വം തെളിക്കുന്ന ഇത്തരത്തിലുള്ള വിശ്വാസ ദീപങ്ങള്‍ പീഠത്തില്‍ വയ്ക്കണമെന്നും അവര്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രചോദനമാകണമെന്നുമാണ് പ്രാര്‍ഥിക്കുന്നതും ആഗ്രഹിക്കുന്നതും.

കഠിനാധ്വാനവും ജപമാലയും ശ്രീജയുടെ പ്ലസ് പോയിന്റുകള്‍

നെയ്യാറ്റിന്‍കര രൂപതയിലെ ഇടവക കളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ശ്രീജ. കഴിഞ്ഞ 26 വര്‍ഷമായി രൂപതയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'പ്രതിഭാ പോഷണം' എന്ന പരിശീലന പദ്ധതിയിലൂടെ 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിൽ നിന്ന് ഉന്നത വിജയം നേടിയ മെറീന വിക്ടറുടെ പേരാണ് ഈ പട്ടികയില്‍ ആദ്യം കുറിക്കേണ്ടതെന്ന് നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്കായുള്ള എപ്പിസ്‌കോപ്പല്‍ വികാര്‍ ഫാ. ഡോ. ജോണി കെ. ലോറന്‍സ് പറയുന്നു. അമ്മാനിമല അടക്കമുള്ള ഇടവകകളില്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ട്രെയിനിങ്ങ് ഫോര്‍ എക്‌സലന്‍സ് എന്ന പരിപാടി യെക്കുറിച്ച് രൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടർ ഫാ. ഡോ. ഷാജ്കുമാര്‍ പറയുന്നത് ശ്രീജയുടെ വിജയം ദൈവദാനമെന്നാണ്.

നെയ്യാറ്റിന്‍കര രൂപതയിലെ ഇടവകകളില്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ശ്രീജ.

ശ്രീജയുടെ ജപമാലഭക്തി തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ നെയ്യാറ്റിന്‍കര ബിഷപ് റൈറ്റ് റവ. ഡോ. ശെല്‍വരാജ് റോമില്‍നിന്ന് മാര്‍പാപ്പ ആശീര്‍വദിച്ചു നല്‍കിയ ജപമാല സമ്മാനിച്ച കാര്യം ഫാ. ഷാജ് കുമാര്‍ എടുത്തുപറയുന്നു. ടി.വി. ചാനലുകള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ശ്രീജ ഏറെ ഭക്തിയോടെ കൈയില്‍ കോര്‍ത്തിട്ടിരിക്കുന്നത് ആ ജപമാലയാണ്.

ഷീജകുമാരിയുടെ പതറാത്ത വിശ്വാസം

“അമ്മ ഷീജകുമാരിയോട് ശ്രീജയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍, ഉദരത്തിലുള്ള ശിശുവിന് ഐ.ക്യു. കുറവാണെന്നും അബോര്‍ഷന്‍ നടത്ത ണമെന്നും പറഞ്ഞുവെന്ന് പിതാവ് ജയകുമാര്‍ ഓർമ്മിക്കുന്നു. ആ ദമ്പതി കള്‍ ആ നിര്‍ദേശത്തിന് വഴങ്ങിയില്ല. ജപമാല നിരന്തരം ചൊല്ലിക്കൊണ്ട് ഷീജകുമാരി ആ പ്രതിസന്ധി മറികടന്നു. പൂർണ്ണ ആരോഗ്യമുള്ള ശ്രീജയെ

ആ പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലമായി ഈശോ എനിക്ക് തന്നു.” ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷീജാ കുമാരിയുടെ കണ്ണുകള്‍ നിറയുന്നു.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ശ്രീജ പഠിച്ചത് ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് സ്‌കൂളിലും എസ്.കെ. പബ്ലിക് സ്‌കൂളിലും നെല്ലിമൂട് ന്യൂ ഹയര്‍ സെക്കൻഡറി സ്‌കൂളിലുമായി രുന്നു. പ്ലസ്‌വണ്‍, പ്ലസ് ടു പഠനത്തി നായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ ചാപ്പലായിരുന്നു എപ്പോഴും ശ്രീജയുടെ അഭയകേന്ദ്രമെന്ന് അന്ന് അതേ സ്‌കൂളില്‍ അധ്യാപകനും മുന്‍ കെ.സി.എസ്.എല്‍. സംസ്ഥാന ട്രഷററുമായിരുന്ന സാബു തങ്കച്ചന്‍ ഓർമ്മിക്കുന്നു. 1200-ല്‍ 1200 മാര്‍ക്കും നേടിയായിരുന്നു ശ്രീജയുടെ വിജയം. ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ സ്‌കൂളില്‍നിന്ന് അധ്യാപകരിലൂടെ ലഭിച്ച പിന്തുണയ്ക്ക് ശ്രീജ മനസ്സുകൊണ്ട് നന്ദി പറയുന്നു.

ഇരുണ്ടനാളുകളിലും തിരിതെളിക്കുന്നവര്‍

കുട്ടികള്‍ക്കായും യുവജന ങ്ങള്‍ക്കായുമുള്ള നമ്മുടെ ക്രിസ്തീയ ഭക്തസംഘടനകള്‍ അവരുടെ ജീവിതങ്ങളിലേക്ക് സന്നിവേശി പ്പിക്കുന്ന ദൈവാശ്രയബോധത്തിന് നാം ആദ്യം നന്ദി പറയേണ്ടത് ഇടവകകളിലെ വൈദികരോടും സമര്‍പ്പിതരോടും അധ്യാപകരോടു മാണ്. നൂറ് കടന്നും മുന്നോട്ടു പോകുന്ന കെ.സി.എസ്.എല്‍. അടക്കമുള്ള വിദ്യാര്‍ഥി സംഘടന കള്‍ കുഞ്ഞുങ്ങളെ യേശുവിലേക്ക് കൈപിടിച്ച് എത്തിക്കുന്നതില്‍ ഇപ്പോഴും ബദ്ധശ്രദ്ധരാണ്.

കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷനുകീഴില്‍ 27 രൂപതകളില്‍ ഇന്ന് ഈ സംഘടനയുടെ സാന്നിധ്യമുണ്ട്. കൊല്ലം ബിഷപ് റൈറ്റ് റവ. ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ചെയര്‍മാനും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായുള്ള ഈ കമ്മീഷന് പാലാരിവട്ടം പി.ഒ.സി.യില്‍ മുഴുവന്‍ സമയ സെക്രട്ടറിയായി ഫാ. അഡ്വ. ആന്റണി അറയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുണ്ട്. കെ.സി.എസ്.എല്‍.ന്റെ സ്റ്റേറ്റ് ജനറല്‍ ഡയറക്ടര്‍ വരാപ്പുഴ അതിരൂപതയില്‍നിന്നുള്ള ഫാ. ആന്റണി ലിജോ ഓടത്തക്കൽ ആണ്. പി.ഒ.സി.യിലുള്ള കെ.സി.എസ്.എല്‍ന്റെ സ്റ്റേറ്റ് ഓഫീസാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികള്‍ക്കാ യുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

തീരദേശത്താണ് ഇപ്പോള്‍ കേരളത്തിലെ 30 ശതമാനം പേരും താമസിക്കുന്നത്. തീരദേശങ്ങളി ലുള്ള വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിലും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുന്നതിലും നമ്മുടെ എല്ലാ വിദ്യാര്‍ഥി-യുവജന സംഘടനകളും നല്‍കിക്കൊണ്ടി രിക്കുന്ന പിന്തുണ ഏറെ അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. വിശ്വാസതലത്തിലുള്ള നമ്മുടെ കുരുന്നുകളുടെ നേട്ടങ്ങള്‍ ഒരര്‍ഥത്തില്‍ അതിസങ്കീർണ്ണമായ ഈ സാമൂഹിക സാഹചര്യത്തില്‍ നാം ഈ തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കണം. ക്രിസ്തുവിന്റെ കരം പിടിച്ചുകൊണ്ട് മുന്നോട്ടു നടക്കുന്ന നമ്മുടെ കുടുംബങ്ങളും കുഞ്ഞുങ്ങളും ഏതൊരു പ്രതിസന്ധികള്‍ക്കു മുന്നിലും തളരില്ല. ഇതിനുവേണ്ടി അവരെ, യേശുവിലേക്കുള്ള തീര്‍ഥാടന നിരയില്‍ എപ്പോഴും ഉറപ്പിച്ചു നിര്‍ത്തുകയെന്നതാണ് പ്രധാനം.

  • (കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കെ.സി.എസ്.എല്‍. സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറിയാണ് ലേഖിക)

വിശുദ്ധ മേരി ഡോമിനിക്ക മസ്സറെല്ലോ (1837-1881) : മെയ് 13

മാതൃദിനാചരണം സംഘടിപ്പിച്ചു

മാതൃദിനാഘോഷം

കെ സി ബി സി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടു നാടക ഫെസ്റ്റ്

വിശുദ്ധ നെരേവൂസ്, വിശുദ്ധ അച്ചില്ലെസ് & വിശുദ്ധ ഡൊമിറ്റില്ല – മെയ് 12