വിശുദ്ധ മേരി ഡോമിനിക്ക മസ്സറെല്ലോ (1837-1881) : മെയ് 13

വിശുദ്ധ മേരി ഡോമിനിക്ക മസ്സറെല്ലോ (1837-1881) : മെയ് 13

സലേഷ്യന്‍ സഭ 1859-ല്‍ രൂപംകൊണ്ടത് ദരിദ്രരായ ആണ്‍കുട്ടികളുടെ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍, ദരിദ്രരായ പെണ്‍കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമെന്ന പരിശുദ്ധ കന്യകയുടെ സന്ദേശം ഡോണ്‍ബോസ്‌കോയ്ക്കു ലഭിച്ചു. ഒട്ടും വൈകാതെ വി. ഡോണ്‍ബോസ്‌കോ, ഇറ്റലിയില്‍ ജനീവയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ മൊര്‍ണീസ ഇടവകയുടെ വികാരിയായിരുന്ന പുണ്യചരിതനായ ഫാ. പെസ്റ്ററിനോയെ പോയി കണ്ടു. പെണ്‍കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം തന്റെ ഇടവകയില്‍ ആരംഭിച്ച സൊഡിലിറ്റിയെപ്പറ്റി അദ്ദേഹം ഡോണ്‍ബോസ്‌കോയോടു പറഞ്ഞു. ഈ സൊഡാലിറ്റിയാണ് ''ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ്'' എന്ന സന്യാസിനീ കൂട്ടായ്മയുടെ അടിസ്ഥാനം.

ഈ കൂട്ടായ്മയുടെ ജീവാത്മാവും പരമാത്മാവും മേരി മസ്സറെല്ലോയായിരുന്നു. 1837 മെയ് 9 ന് മൊര്‍ണീസ് ഇടവകയില്‍ത്തന്നെ ഒരു സാധു കര്‍ഷകകുടുംബത്തിലാണ് മേരി ജനിച്ചത്. ദൈവസ്‌നേഹമുള്ള അന്തരീ ക്ഷത്തില്‍ സത്യസന്ധയും വിനീതയുമായി മേരി വളര്‍ന്നു. സന്തുഷ്ടയും കൃത്യനിഷ്ഠയുള്ളവളുമായിരുന്ന മേരി പ്രായത്തില്‍ കവിഞ്ഞ പക്വതയും ദൈവികകാര്യങ്ങളിലുള്ള അസാധാരണമായ ജ്ഞാനവും മൂലം ചെറുപ്പത്തിലേ ശ്രദ്ധിക്കപ്പെട്ടു. തിരുവോസ്തിയിലെ ഉണ്ണിയേശുവിനോടും പരിശുദ്ധമാതാവിനോടുമുള്ള സ്‌നേഹത്തിലാണ് അവള്‍ വളര്‍ന്നത്.

ഒരു പകര്‍ച്ചവ്യാധിയുടെ സമയത്ത് രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മേരിക്ക് ടൈഫോയിഡ് പിടിപെട്ടു. ആരോഗ്യം തീരെ ക്ഷയിച്ചു. ഇനിയൊരിക്കലും ഓടിനടന്ന് തന്റെ സേവനങ്ങള്‍ തുടരാനാവില്ലെന്ന് അവള്‍ക്കു ബോധ്യമായി. പെട്ടെന്നാണ് വെളിപാടുപോലെ അക്കാര്യം മനസ്സില്‍ തെളിഞ്ഞത്-തയ്യല്‍ജോലി പഠിക്കുക. എന്നിട്ട്, തന്റെ സുഹൃത്ത് പെട്രോനില്ലായോടൊപ്പം പെണ്‍കുട്ടികള്‍ക്ക് തയ്യല്‍പരിശീലനം നല്‍കുകയും അവരോടു ദൈവസ്‌നേഹത്തെപ്പറ്റി പറയുകയും ചെയ്യുക. കാര്യങ്ങള്‍ പെട്ടെന്നു തീരുമാനിക്കപ്പെട്ടു. തയ്യല്‍പരിശീലനകേന്ദ്രവും അതിലൂടെ മിഷന്‍പ്രവര്‍ത്തനവും ആരംഭിച്ചു.

പ്രസ്ഥാനം വളര്‍ന്നു. ഒരു ദിവസം മേരി ഗ്രാമപാതയിലൂടെ പോകുമ്പോള്‍ പെട്ടെന്ന് ഒരു വലിയ കെട്ടിടം പ്രത്യക്ഷപ്പെട്ടു. അതില്‍ നിറയെ ചെറുപ്പക്കാരായ പെണ്‍കുട്ടികളും കന്യാസ്ത്രീകളും. മേരി അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ഒരു സ്വരം: ''ഇവരെയെല്ലാം ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു.''

വൈകാതെ, മേരിയുടെ തയ്യല്‍പരിശീലനകേന്ദ്രത്തില്‍ ഏതാനും അനാഥപെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കി. അഞ്ചു സൊഡാലിറ്റി പ്രവര്‍ത്തകര്‍ മേരിയെ സഹായിക്കാന്‍ തയ്യാറായിവന്നു. അങ്ങനെ ആ പ്രസ്ഥാനം വളര്‍ന്നു. മൊര്‍ണീസ് ഇടവകയിലെ പെണ്‍കുട്ടികളെല്ലാം തന്നെ ആ പ്രസ്ഥാനത്തില്‍ വന്നുതുടങ്ങി. അവരുടെയൊക്കെ അമ്മമാര്‍ക്കും ഇടവകവികാരി ഫാ. പെസ്റ്ററീനോയ്ക്കും അതു വലിയ ആശ്വാസമായി. അങ്ങനെ ഡോണ്‍ബോസ്‌കോയുടെ സ്വപ്നം മേരിയിലൂടെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു.

സലേഷ്യന്‍ കുടുംബത്തിലേക്ക് മേരിയുടെ പ്രസ്ഥാനത്തെ സ്വാഗതം ചെയ്തു. 1872 ആഗസ്റ്റ് 5-ന് ഡോണ്‍ ബോസ്‌കോ മേരിക്കും 14 സഹപ്രവര്‍ത്തകര്‍ക്കും പ്രത്യേകം സഭാവസ്ത്രവും നിയമാവലിയും നല്‍കി ''ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ്'' എന്ന സന്യാസസഭയ്ക്കു രൂപം നല്‍കി. അടുത്ത ദിവസം തന്നെ സന്ന്യാസസഭയുടെ സുപ്പീരിയറായി സി. മേരി മസ്സറെല്ലോയ്ക്കു ചാര്‍ജെടുക്കേണ്ടിവന്നു. കാര്യക്ഷമമായി, 1881-ല്‍ അവരുടെ മരണം വരെ, അവര്‍ ആ പദവിയില്‍ തുടര്‍ന്നു. ബോസ്‌കോ, മേരിയെ സംബന്ധിച്ച്, ദൈവത്തിന്റെ വക്താവായിരുന്നു. അദ്ദേഹം പറയുന്നതെല്ലാം അവള്‍ സന്തോഷത്തോടെ അനുസരിച്ചു.

1951-ല്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ന് ''ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ്'' സലേഷ്യന്‍ സിസ്‌റ്റേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ലോകത്താകെ 1272 സ്ഥാപനങ്ങളിലായി 16543 പേര്‍ മേരിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ യത്‌നിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org