മനുഷ്യകുലത്തിനു മുമ്പില്‍ രണ്ടു തീരുമാനങ്ങളാണ് ഉള്ളത് – ഒന്നിച്ചു തുഴയാം, അല്ലെങ്കില്‍ ഒന്നിച്ചു നശിക്കാം. ജീവനും മരണവും തമ്മിലുള്ള പോരാട്ടത്തില്‍ ഏതു പക്ഷം ചേരണം എന്ന ചോദ്യമാണു പരിസ്ഥിതി പ്രശ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതെല്ലാം സാധാരണമാണ് എന്നു പറഞ്ഞ്, അലസമായി നീങ്ങിയ നാളുകളിലെ സമയത്തിന്‍റെ വില ഇന്നു സമൂഹം കൊടുത്തുകൊണ്ടിരിക്കുകയാണ്. അള്‍ട്രാ വയലറ്റ് റേഡിയേഷന്‍. ഹരിതഗൃഹപ്രഭാവം, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം വളരെ കടുത്ത സത്യങ്ങളായി ജീവന്‍റെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്നു.
നാലര ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ ജീവചരിത്രത്തിനു മൂന്നര മില്യണ്‍ വര്‍ഷങ്ങളുടെ പഴക്കം. ഇതില്‍ മനുഷ്യചരിത്രത്തിന്‍റെ ആരംഭത്തിനു വെറും രണ്ടര മില്യണ്‍ വര്‍ഷങ്ങളുടെ മാത്രം പഴക്കം. ഒരു മില്യണടുത്തുള്ള പഴക്കം മനുഷ്യന്‍റെ പ്രാഗ്രൂപിയായ ഹോമോസാപിയന്‍സിന്. അതിനു ശേഷമുള്ള കാലത്തു നിന്നു മതങ്ങളും ദൈവങ്ങളും രൂപകല്‍പന ചെയ്ത ഏഴാം ദിവസത്തെ മനുഷ്യനിലേയ്ക്ക് ഏറെ ദൂരമുണ്ടായിരുന്നു. അതിജീവനത്തിന്‍റെ വഴിയിലൂടെ മനുഷ്യന്‍ നടത്തിയ ബുദ്ധിപരമായ കടന്നുകയറ്റങ്ങള്‍ നമ്മെ ഇന്നു കാണുന്ന രൂപത്തിലേയ്ക്കു പരിണാമപ്പെടുത്തി.
കാലത്തിനൊപ്പം ചരിച്ച മനുഷ്യന്‍ എത്തിയ ഉയരങ്ങള്‍ തന്നെ നമ്മുടെ വീഴ്ചയ്ക്കു കാരണമാകുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുവാന്‍ ഏറെ വൈകിയിരിക്കുന്നു. 1990 ജനുവരി ഒന്നിനു ലോക സമാധാനദിനവുമായി ബന്ധപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ 'സ്രഷ്ടാവുമായി സമാധാനം, സൃഷ്ടിയുമായി സമാധാനം' എന്ന സന്ദേശത്തില്‍, ആധുനിക സമൂഹം അതിന്‍റെ ജീവിതശൈലിക്ക് ഒരു ഗൗരവതരമായ മാറ്റം വരുത്തിയില്ലെങ്കില്‍ നാം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകില്ല എന്ന് പ്രവാചകതുല്യമായി ഓര്‍മ്മപ്പെടുത്തുന്നു. നസ്രായന്‍റെ ദാരിദ്ര്യത്തിന്‍റെ ചൂടില്‍നിന്നും റോമാസാമ്രാജ്യത്തിന്‍റെ സുഖശീതളിമയിലേയ്ക്കു പറിച്ചു നടപ്പെട്ട സഭാവൃക്ഷം അതിന്‍റെ ജീവശൈലിയില്‍ സ്വീകരിച്ച രൂപഭാവങ്ങളില്‍ സുവിശേഷവിരുദ്ധമായ ധാരാളിത്തം കടന്നുകയറി. രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ ഫ്രാന്‍സിസ് ദരിദ്രനായ യേശുവിനേയും സഹോദരപ്രകൃതിയേയും കുറിച്ചു നമ്മെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മനുഷ്യകേന്ദ്രീകൃതമായ ജീവിതവീക്ഷണത്തിന്‍റെ ചുവടുപിടിച്ചു വളര്‍ന്നു വന്ന തത്വസംഹിതകളും യന്ത്രവത്കരണവും ദുര്‍ബലമായ സഹജീവനവ്യവസ്ഥയെ കച്ചവടവത്കരണത്തിന് അടിയറ വയ്ക്കുകയായിരുന്നു. പ്രകൃതിസമ്പത്തിനെ ചൂഷണവസ്തുക്കളായി മാറ്റിയ കച്ചവടതന്ത്രങ്ങള്‍ക്ക് രാഷ്ട്ര, മത പ്രമാണികള്‍ ഒത്താശ ചെയ്തപ്പോള്‍ നാമറിയാതെ നാളെയുടെ അവകാശികളിലേയ്ക്കു കടന്നു കയറുകയായിരുന്നു. പ്രവാചകശബ്ദങ്ങള്‍ക്കു വില കൊടുക്കാതെ താത്കാലികലാഭത്തിനായി ജീവന്‍റെ ഉറവയെ കൊള്ളയടിക്കാന്‍ കുത്തകപ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട രാഷ്ട്ര മത ദല്ലാളുമാരോടു കാലം കണക്കു ചോദിക്കുന്നു. ഇന്ന് ആധുനിക മൂലധനം മതകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥിതിയെ മറികടന്ന് ധനകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയെ സ്ഥാപിച്ചപ്പോള്‍ ആളൊഴിഞ്ഞ ആരാധനാലയങ്ങളും കുത്തഴിഞ്ഞ രാഷ്ട്രീയചട്ടങ്ങളുമായി മുടന്തി നീങ്ങുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി സംജാതമാകുകയായിരുന്നു. മതമൂല്യങ്ങളെ വര്‍ഗീയവത്കരിച്ച്, ധനമൂല്യങ്ങളിലൂടെ കടന്നുകയറിയ മൂലധനശക്തികള്‍ അസ്തപ്രജ്ഞയായ ഭൂമിയുടെ അവസാനപ്രതീക്ഷകള്‍ക്കു വില പറയുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കത്തോലിക്കാസഭയും അതില്‍ പങ്കു ചേരുകയായിരുന്നു. കീഴടക്കലിന്‍റെ ദൈവശാസ്ത്രങ്ങളും പിടിച്ചടക്കലിന്‍റെ സാമ്പത്തിക മേഖലകളും ഭൂമിയെ സംരക്ഷിക്കുവാനുള്ള ഓര്‍മ്മപ്പെടുത്തലിനെ അവഗണിച്ചു. പ്രവാചകശബ്ദങ്ങളെ ദുര്‍ബലമാക്കിയും നിരസിച്ചും നിഷ്ക്രിയമാക്കിയും മുന്നോട്ടു നീങ്ങിയ സഭാസമൂഹം സ്വാഭാവികമായും ധനകേന്ദ്രീകൃതമായ സാമ്പത്തിക സാമൂഹിക വ്യവസ്ഥിതിയുടെ പ്രലോഭനങ്ങളില്‍ വീണുപോകുകയായിരുന്നു. സൃഷ്ടപ്രപഞ്ചത്തിന്‍റെ സമഗ്രമോചനത്തെ നാം കേള്‍ക്കാതെ പോയതിലൂടെ മനുഷ്യവംശത്തിന്‍റെ തന്നെ നിലനില്‍പ് അപകടത്തിലായിരിക്കുമ്പോള്‍ അപകടസൂചനകള്‍ക്കെതിരെ മുഖം മറച്ചിരിക്കുവാന്‍ നമുക്ക് എത്രനാള്‍ കഴിയും? പ്രളയവും വരള്‍ച്ചയും സൂര്യാഘാതവും ചുഴലിക്കാറ്റും വെറും യാദൃശ്ചികമെന്നു പറഞ്ഞ് ഒഴിവാക്കുവാന്‍ നമുക്ക് എത്രനാള്‍ കഴിയും? സഭയുടെ ശക്തമായ ഇടപെടലുകള്‍ പൊതുസമൂഹത്തോടൊപ്പം ഉണരേണ്ടിയിരിക്കുന്നു. 2015 ജൂണ്‍ 18-നു പുറത്തു വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സി അഥവാ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ എന്ന ചാക്രികലേഖനത്തിനു ശേഷം നാം ജീവിച്ച നാലു വര്‍ഷത്തില്‍ നമ്മുടെ പൊതുഭവനം അനുഭവിച്ച പരിസ്ഥിതി ദുരന്തങ്ങള്‍ നല്‍കുന്ന സൂചനയെന്താണ്? ആ ചാക്രികലേഖനത്തിന്‍റെ സന്ദേശങ്ങള്‍ നമ്മുടെ ഹൃദയത്തെ എത്രമാത്രം സ്പര്‍ശിച്ചുവെന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം വരേണ്ടിയിരിക്കുന്നു. കച്ചവടവത്കരണത്തിന്‍റെ തിക്തഫലങ്ങള്‍ മനുഷ്യരാശിയെ തന്നെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയില്‍ നിസംഗരായിരിക്കാതെ നാം കര്‍മ്മനിരതരാകേണ്ടിയിരിക്കുന്നു. ആധുനിക മാധ്യമസംസ്കാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കച്ചവട താത്പര്യങ്ങള്‍ക്കപ്പുറം നമ്മുടെ ക്രിസ്തീയമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാതെ പോയാല്‍ സഹോദരരക്തത്തിന്‍റെ നിലവിളികള്‍ക്കു നാം ഉത്തരം പറയേണ്ടി വരും. മണ്ണും മലയും പുഴയും കൊള്ളയടിച്ചു നാം പണിത മണിമന്ദിരങ്ങളില്‍ നിന്നിറങ്ങി സൃഷ്ടപ്രപഞ്ചത്തിലെ വെളിപാടുകളെ തിരിച്ചറിയുമ്പോള്‍ മാത്രമേ സഭയില്‍ ജീവന്‍റെ പുതുനാമ്പുകളുണ്ടാകുകയുള്ളൂ. വലിച്ചെറിയുന്ന മാലിന്യങ്ങളും പുകയുന്ന അന്തരീക്ഷവും വംശനാശം വന്ന ജീവികളും മരിച്ച പുഴകളും ഓര്‍മ്മയായ കുന്നുകളും നഷ്ടമായ വയലുകളും കരിഞ്ഞുണങ്ങിയ വനങ്ങളും മലിനമായ നീര്‍ത്തടങ്ങളും ഉത്തരവാദിത്വത്തെ ചൂഷണം ചെയ്ത സംരക്ഷകനായ മനുഷ്യന്‍റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്നു. ഇനിയെങ്കിലും നാം മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യപ്രചോദിതമായ ഒരു വംശനാശമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. നമുക്കു മുമ്പില്‍ രണ്ടു ചോദ്യങ്ങള്‍: ജീവനും മരണവും. ഏതാണു നാം തിരഞ്ഞെടുക്കുക? അതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഭാവി.