എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തെ ഏറ്റവും സമർഥമായി, കുറ്റമറ്റ രീതിയിൽ, കേരള സഭയിലെ ഏറ്റവും നല്ല വിശ്വാസ പരിശീലന വിഭാഗമായി നയിച്ചു കൊണ്ടിരിക്കുന്ന ഡയറക്ടർ ഫാ. പോൾ മോറേലിയുടെ നേതൃത്വവും സംഘാടക പാടവവും നമ്മുടെ വിശ്വാസപരിശീലന വേദിക്ക് പുതിയ ഉണർവും ഊർജവും പകർന്നിട്ടുണ്ട്. മോറേലിയച്ചനെ അഭിനന്ദിക്കുന്നു. അസി. ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴക്കലിൻ്റെ നിഷ്‌കളങ്കവും നിർമലവുമായ നേതൃത്വം ഈ വിശ്വാസ പരിശീലനവേദിക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും നല്ലൊരു മാതൃകയും പ്രചോദനവുമാണെന്ന് ഞാൻ കരുതുന്നു. വിശ്വാസപരിശീലനം വളരെ കൃപയാർന്ന ശുശ്രൂഷയാണ്. അതൊരു സുവിശേഷവൽക്കരണമാണ്. നാം അറിഞ്ഞ ഈശോയെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. അതിന് നമ്മളെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. സ്വർഗ്ഗത്തിന് ഏറ്റവും പ്രിയപ്പെട്ടവർ ഒരു പക്ഷേ മതാധ്യാപകരായിരിക്കും. കാരണം മതാധ്യാപകർ അവരുടെ ജീവിതത്തിന്റെ നല്ലൊരു സമയം സത്യവിശ്വാസം പകർന്നു കൊടുക്കുന്നതിനുവേണ്ടി ബോധപൂർവ്വം സമയം കണ്ടെത്തി അതിനുവേണ്ടി ജീവിതം വ്യയം ചെയ്യുകയാണ്. പ്രതിഫലം പറ്റാതെ ഇത്രയും നിസ്വാർത്ഥമായി സേവനം ചെയ്യുന്ന മറ്റാരെങ്കിലും ഈ ഭൂമിയിൽ ഉണ്ടോ എന്ന് എനിക്ക് സംശയമാണ്. പ്രിയപ്പെട്ട മതാധ്യാപകരെ നിങ്ങൾ ഈ സഭയുടെ അഭിമാനമാണ്. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, നിങ്ങളുടെ സേവനം നിങ്ങൾ സംലഭ്യമാക്കിയിരുന്നില്ല എങ്കിൽ, നമ്മുടെ സഭയുടെ വിശ്വാസം ഇതുപോലെ ഫലപ്രദമായി കൈമാറ്റം ചെയ്യപ്പെടുമായിരുന്നില്ല എന്നുള്ളത് സത്യമാണ്. പ്രിയപ്പെട്ട മതാധ്യാപകരെ നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളോട് ഈ സഭയ്ക്കുള്ള വലിയ കടപ്പാട് ഹൃദയപൂർവ്വം ഞാൻ ഏറ്റു പറയുകയാണ്.
പലപ്പോഴും പലരും ചോദിക്കാറുണ്ട് ഈ മതബോധനം കൊണ്ട് എന്ത് പ്രയോജനമാണ്, പന്ത്രണ്ടാം ക്ലാസ് വരെയും പഠിച്ചിട്ട് എന്ത് ഗുണം കിട്ടി? ആരെങ്കിലുമൊരാൾ അന്യമതസ്ഥരുമായി വിവാഹം കഴിച്ചാൽ, അതിന്റെ പേരിൽ മതബോധനം തന്നെ അപ്രസക്തമാണ് എന്ന് പറയുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്. പക്ഷേ ഞാൻ വിചാരിക്കുന്നു, നമ്മുടെ മതബോധനം നമ്മെ നിലനിർത്തുന്ന ശക്തിയാണ്.
ഹൈന്ദവ സഹോദരങ്ങൾക്ക് അങ്ങനെയൊന്നില്ല, അതൊന്നും ഇല്ലാതെ അവർ നന്നായി ജീവിക്കുന്നുണ്ടല്ലോ എന്നൊക്കെ പലരും പറയാറുണ്ട്. അതിന് ഒരു ഉത്തരമായിട്ട് തോന്നിയിട്ടുള്ളത് ഇതാണ്: സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് നമ്മൾ പലപ്പോഴും വിശ്വസിക്കുന്നത്. ഒരു ദൈവത്തിൽ മൂന്ന് ആളുകൾ ഉണ്ട്, അപ്പൊ മൂന്ന് ദൈവമാണോ? അല്ല, പിന്നെയോ ഒരു ദൈവം. ഇതെങ്ങനെയാണ് വിശ്വസിക്കാൻ പറ്റുക? ഇതെങ്ങനെ മനസ്സിലാക്കാൻ പറ്റും? ദൈവം മരണമില്ലാത്തവനാണ്, അമർത്യനായ ദൈവം, ആ ദൈവം കുരിശിലേറി മരിച്ചു എന്ന് നമ്മൾ പഠിപ്പിക്കുന്നു. എങ്ങനെയാണ് ഈ വൈരുദ്ധ്യങ്ങളെ നമുക്ക് വിശ്വസിക്കാൻ പറ്റുക? പരിശുദ്ധ കന്യകാമാതാവ്, നമ്മുടെ എല്ലാവരുടെയും സ്വർഗ്ഗീയ അമ്മയായ പരിശുദ്ധ മറിയം, ഒരേസമയം അമ്മയും നിത്യകന്യകയുമാണ്. പ്രിയപ്പെട്ടവരെ ആലോചിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും നമ്മൾ വിശ്വസിക്കുന്ന സത്യങ്ങളൊക്കെയും നമ്മുടെ സാമാന്യ ബുദ്ധിക്ക് ഗ്രഹിക്കാൻ ആവാത്ത കാര്യങ്ങളാണ്.
ആ സത്യങ്ങളെ ഇളം തലമുറയ്ക്ക് കൈമാറി കൊടുക്കുകയും അത് അവരുടെ ഹൃദയത്തിൽ അരക്കിട്ടുറപ്പിച്ചതുപോലെ, അവരുടെ ജീവിതത്തിന്റെ ശ്വാസതാളം പോലെ നിലനിർത്തുകയും ചെയ്യാൻ കഴിയുന്നത് ആർക്കാണ് എന്ന് ചോദിച്ചാൽ നമ്മുടെ മതാധ്യാപകർക്കാണ്. അതുകൊണ്ട് പ്രിയപ്പെട്ട മതാധ്യാപകരെ, നിങ്ങൾ ചെയ്യുന്ന ശുശ്രൂഷയ്ക്ക് സമാനമായി മറ്റൊന്നുമില്ല എന്നുള്ളത് നിങ്ങൾ തിരിച്ചറിയണം. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നമ്മുടെ വിശ്വാസ പരിശീലനത്തെക്കുറിച്ച് അധിക്ഷേപം പറയുമ്പോൾ നമ്മളെന്തോ വലിയ അബദ്ധങ്ങളിലൂടെ നടക്കുന്നു എന്ന് തോന്നൽ ഉണ്ടാകരുത്. മറിച്ച് നമ്മുടെ വിശ്വാസത്തിന്റെ സജീവവും സനാതനവുമായ മൂല്യങ്ങൾ നിങ്ങൾക്ക് പകർന്നു നൽകാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളിൽ തൊണ്ണൂറ്റൊൻപത് ശതമാനവും സത്യവിശ്വാസത്തിന്റെ വഴിയിൽ കൃത്യതയോടെ വളരുന്നു എന്നുള്ളത് നമ്മുടെ മതപരിശീലനം അഥവാ വിശ്വാസ പരിശീലനം ഫലപ്രദമാണ് എന്നുള്ളതിന്റെ തെളിവും സാക്ഷ്യവുമാണ്.
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, നിങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിക്കുന്നത് സൺഡേ സ്കൂളിൽ നിന്നാണ്. അതായത് ജീവിതത്തിൽ നിങ്ങൾ മാത്തമാറ്റിക്സും സുവോളജിയും കെമിസ്ട്രിയും ഫിസിക്സും ഒക്കെ മറ്റു ക്ലാസുകളിലൂടെ പഠിക്കുന്നുണ്ടാകാം. പക്ഷേ എങ്ങനെയാണ് ഒരു നല്ല മനുഷ്യവ്യക്തി ആകുക, എങ്ങനെയാണ് ദൈവം വിഭാവനം ചെയ്ത രീതിയിൽ എൻ്റെ ജീവിതത്തെ ഞാൻ ക്രമപ്പെടുത്തേണ്ടത് എന്ന് പഠിക്കുന്നത് ഈ വിശ്വാസ പരിശീലന ക്ലാസിലാണ്. ഈ വിശ്വാസ പരിശീലന ക്ലാസ് നിങ്ങളുടെ ജീവിതത്തിന് മുഴുവനും ദിശാബോധം നൽകുന്ന ക്ലാസ്സാണ് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ അല്പംകൂടി സമയം എടുക്കും. എങ്കിലും നിങ്ങൾ ആ സത്യത്തെ ഹൃദയത്തിൽ സൂക്ഷിക്കുക.
നമ്മുടെ എറണാകുളം-അങ്കമാലി അതിരൂപത നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന അതിരൂപതയാണ്. ഇവിടെ എന്തോ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ട് എന്ന്, പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങൾ ആരും വിചാരിക്കേണ്ട കാര്യമില്ല. ഇവിടെ കുഞ്ഞു കുഞ്ഞു ആശയ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. അവയൊക്കെയും രമ്യമായും ഹൃദ്യമായും ശാന്തമായും പരിഹരിക്കാൻ തക്ക നന്മയുള്ള വൈദികരും അതുപോലെ അത്മായ നേതാക്കളുമാണ് നമ്മുടെ അതിരൂപതയ്ക്ക് ഉള്ളത്. അതുകൊണ്ട് നിങ്ങൾ ആരും ഈ അതിരൂപതയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. നമ്മുടെ അതിരൂപത ഈശോയുടെ തിരുഹൃദയത്തിൽ എന്നും സുരക്ഷിതമാണ്. നമ്മുടെ അമ്മയും അനുഗ്രഹീതയും ഭാഗ്യവതിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലാണ് നാം വളരുന്നത്.
അതുകൊണ്ട് നമ്മുടെ സീറോ മലബാർ സഭയിലെ എല്ലാ രൂപതകൾക്കും എക്കാലവും മാതൃകയും പ്രചോദനവുമായി നിൽക്കുന്ന രൂപതയാണ് എറണാകുളം-അങ്കമാലി അതിരൂപത. ഏതാനും നാളുകളായി ചെറിയ ആശയ വ്യത്യാസങ്ങൾ കാണുമ്പോഴും, ആർക്കും എഴുതിത്തള്ളാൻ ആവാത്തവിധം നിങ്ങളുടെ അടിത്തറ അത്രമേൽ ഭദ്രമാണ്. നിങ്ങളുടെ വിശ്വാസ പരിശീലന പദ്ധതികൾ അത്രമേൽ മാതൃകാപരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ അതിരൂപതയുടെ ഭാവി ഭദ്രമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ആ വിശ്വാസത്തിന്റെ ഒപ്പം പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് സഞ്ചരിക്കാം.
(എറണാകുളം - അങ്കമാലി അതിരൂപതാ വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ നിന്നും.)