Coverstory

കാര്‍ലോയും ചാര്‍ലിയും: വിപരീത ദിശയിലെ ആത്മീയ സ്വാധീനകര്‍

ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O de M
  • ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M

ഒരേ നാമധാരികളായ രണ്ടുപേര്‍. ജര്‍മ്മന്‍ പദമായ കാള്‍ എന്ന പദത്തില്‍നിന്നും രൂപംകൊണ്ട രണ്ടു പേരുകള്‍. കാര്‍ലോ അക്യുത്തിസും ചാര്‍ലി കിര്‍ക്കും. ഒരാള്‍ ഇറ്റലിക്കാരനും മറ്റൊരാള്‍ അമേരിക്കക്കാരനും. സെപ്തംബര്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നവരാണവര്‍. കാര്‍ലോയെ കത്തോലിക്കാ സഭ ഏഴാം തീയതി വിശുദ്ധനായി പ്രഖ്യാപിച്ചു. ചാര്‍ലി പത്താം തീയതി യൂട്ടായില്‍ വച്ചു കൊല്ലപ്പെടുന്നു. രണ്ടുപേരും സ്വാധീനകര്‍ (influencers) എന്നറിയപ്പെട്ടവരാണ്. രണ്ടുപേരും നടത്തിയത് ദൈവഭാഷണമായിരുന്നു. ഇന്നിതാ, കാര്‍ലോയെക്കുറിച്ചുള്ള ചിന്തകള്‍ സ്വര്‍ഗീയതലത്തിലേക്ക് ഉയരുമ്പോള്‍, ചാര്‍ലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ധ്രുവീകരണത്തിലേക്ക് അധഃപതിക്കുന്ന ഒരു കയ്‌പേറിയ രുചി അവശേഷിപ്പിക്കുന്നു. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല എന്നതാണ് സത്യം. കാരണം, ചാര്‍ലി കിര്‍ക്കിന്റെ മരണം ഒരു ദൈവഭാഷണം നടത്തുന്ന സ്വാധീനകന്റെ വിടവാങ്ങല്‍ എന്നതിനേക്കാള്‍ ഒരു മതഭ്രാന്തന്റെ ഫാസിസ്റ്റ് ചിന്തകളുടെ അനിവാര്യമായ അവസാനം എന്ന രീതിയിലാണ് പലരും കരുതുന്നത്. അപ്പോഴും തീവ്രവലതുപക്ഷം അദ്ദേഹത്തെ രക്തസാക്ഷി യായി മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ എന്താണ് അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിച്ചത് എന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ: ധ്രുവീകരണ ത്തിന്റെ അഗാധത!

വിവാദപരമായ വ്യക്തിത്വമായിരുന്നു ചാര്‍ലി കിര്‍ക്ക്. പ്രകോപനപരമായ പ്രഘോഷണങ്ങള്‍ നടത്തുകയും ചിലപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം വ്യക്തികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവനുമായിരുന്നു അയാള്‍ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അയാളുടെ സംവാദത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും സംസാരിച്ച വാക്കുകളും അവയുടെ സന്ദര്‍ഭങ്ങളും അവ ഉളവാക്കിയ പ്രതികരണങ്ങളും ഇന്ന് അവശേഷിപ്പിച്ചിരിക്കുന്നത് ഒരു ഐഡന്റിറ്റി ദ്വന്ദ്വയുദ്ധമാണ്.

ഡിജിറ്റല്‍ രംഗത്ത് മത-രാഷ്ട്രീയ ഭാഷണം നടത്തുന്ന സ്വാധീനകര്‍ ആത്മശോധന നടത്തണം.

ഒന്നുകില്‍ തീവ്ര വലതുപക്ഷത്തില്‍ നില്‍ക്കുക അല്ലെങ്കില്‍ തീവ്ര ഇടതുപക്ഷമാകുക. ഒരുതരം കൂട്ടായ ആചാരമായി അവയെ മാറ്റുന്നു. എല്ലാത്തിനെയും കറുപ്പും വെളുപ്പുമായി മാത്രം കാണുന്ന ഒരു അവസ്ഥാന്തരീക്ഷം. അതില്‍ എല്ലാവരും 'അനുകൂലമായി' അല്ലെങ്കില്‍ 'എതിരായി', മധ്യസ്ഥതയില്ലാതെ, ജിജ്ഞാസയില്ലാതെ, ശ്രദ്ധിക്കാതെ, തിരഞ്ഞെടുക്കണം. എവിടെ മറ്റ് നിറങ്ങള്‍? പക്ഷങ്ങള്‍ തീവ്രമാകുമ്പോള്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്നതാണ് ചാര്‍ലി കിര്‍ക്കിന്റെയും വാദം.

ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ രംഗത്ത് മത-രാഷ്ട്രീയ ഭാഷണം നടത്തുന്ന സ്വാധീനകര്‍ ഒരു ആത്മശോധന നടത്തേണ്ടത്. കാരണം, വിയോജിപ്പുകളെ യാന്ത്രികമായ സംഘര്‍ഷമായി മാറ്റിയും സങ്കീര്‍ണ്ണതകളെ മുദ്രാവാക്യങ്ങളായി ചുരുക്കിയും ഫാന്‍സിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ സ്വാധീനകര്‍ ഇന്ന് വര്‍ദ്ധിക്കുന്നു. ഇത് ആശങ്കാജനകമാണ്. സോഷ്യല്‍ മീഡിയയുടെ സ്വഭാവം, അതായത്, അവയുടെ സാങ്കേതിക ഘടന, ദൃശ്യപരത, വൈറലിറ്റി, തുടങ്ങിയവ ഇത്തരത്തിലുള്ള സ്വാധീനകരെ അനുകൂലിക്കുന്നുണ്ട്. അവയില്‍ ധാര്‍മികതയുടെ ലളിതവല്‍ക്കരണവും രാഷ്ട്രീയ ധ്രുവീകര ണവും സംഘര്‍ഷത്തിനോടും പ്രകോപനങ്ങളോടുമുള്ള മതപരമായ ഭ്രാന്തും പിന്തുണയും കൂടുകയാണ്.

സാമൂഹ്യ മാധ്യമങ്ങളിലെ സ്വാധീനകരുടെ ലോകം ശ്രദ്ധ പിടിച്ചുപറ്റാന്‍ പരസ്പരം മത്സരിക്കുന്ന ഒരു ലോകം കൂടിയാണ്. അവിടെ ഏറ്റവും തീവ്രവും ഉച്ചത്തിലുള്ളതും വിമര്‍ശനാത്മകവുമായ നിലപാട് പലപ്പോഴും കൂടുതല്‍ ചിന്തനീയമായതോ പരിഗണിക്കപ്പെടുന്നതോ ആയ ഒന്നിനെക്കാള്‍ പ്രബലമായിരിക്കും. വിമര്‍ശനാത്മകമായ ചിന്തയും സംയമനവും ഉപയോഗിച്ച് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ള സന്തുലിതമായ ശബ്ദങ്ങള്‍ ഇല്ലെന്ന് ഇതിനര്‍ഥമില്ല. പക്ഷെ

ആ ശബ്ദങ്ങള്‍ ഉയര്‍ന്നുവരാന്‍ പാടുപെടുന്നു. അവ പലപ്പോഴും കാതടപ്പിക്കുന്ന പശ്ചാത്തല ശബ്ദത്താല്‍ മുങ്ങിപ്പോകുകയോ അല്ലെങ്കില്‍ സംഘര്‍ഷത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ ഒന്നായി ലേബല്‍ ചെയ്യപ്പെടുകയോ, നിര്‍വീര്യമാക്കപ്പെടുകയോ, അല്ലെങ്കില്‍ സ്വാംശീകരിക്കപ്പെടുകയോ ചെയ്യുന്നു. ചാര്‍ലി കിര്‍ക്കിന്റെ കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തതയോടെ വിശകലനം ചെയ്യുന്നതിനും, എന്താണ് അടിസ്ഥാനപരം, എന്താണ് പ്രകോപനപരം, എന്താണ് പ്രത്യയശാസ്ത്രപരം, എന്താണ് പ്രതിലോമകരം, എന്താണ് പ്രശ്‌നകരം, അല്ലെങ്കില്‍ ചിന്തോദ്ദീപകമായത് എന്നിവ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എല്ലാം ആരാധകവൃന്ദങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി ചുരുങ്ങുന്നു: ഒരു വശത്ത്, അദ്ദേഹത്തെ ഫാസിസ്റ്റ് ചിന്തകളുടെ നാവായി ചിത്രീകരിക്കുന്നവര്‍, മറുവശത്ത്, അദ്ദേഹത്തെ പ്രതിരോധിക്കുകയും,

ഒരു പ്രതീകമായി, രക്തസാക്ഷിയായി, നായകനായി, വിശുദ്ധനായി നാമകരിക്കുകയും ചെയ്യുന്നവര്‍. കിര്‍ക്ക് ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ്, പക്ഷേ അദ്ദേഹത്തിന് മുമ്പ് നിരവധി ആത്മീയ സ്വാധീനകര്‍ ഉണ്ടായിട്ടുണ്ട്, ഇനിയും വരും. സ്വാധീനകര്‍ ഏതുതരത്തിലുള്ളവരായാലും ഒരു കാര്യം ഓര്‍ക്കണം, ഓണ്‍ലൈന്‍ സംവാദത്തിന് വിദ്വേഷത്തിന്റെയോ അന്ധമായ ആവേശത്തിന്റെയോ ഒരു ശാശ്വതമായ ആഖ്യാനം നിര്‍മ്മിക്കാന്‍ കഴിയില്ല.

കാര്‍ലോയും ചാര്‍ലിയും സോഷ്യല്‍ മീഡിയയിലെ ആത്മീയ സ്വാധീനകര്‍ ക്കുള്ള രണ്ടു ചൂണ്ടുപലകകളാണ്. ഒരേ സ്ഥലത്തേക്കല്ല ഈ രണ്ടു വഴിയടയാളങ്ങളും വിരല്‍ ചൂണ്ടുന്നത്. വിപരീത ധ്രുവങ്ങളിലേക്കാണ്. തങ്ങള്‍ കൈകാര്യം ചെയ്ത വിഷയത്തിലെ സങ്കീര്‍ണ്ണതയോടുള്ള അഭിരുചിയും വിശകലന ക്ഷമതയും സംസാരിക്കാനുള്ള പാടവവും നഷ്ടപ്പെടാതെ ഒരു ആശയ വിനിമയ സംവിധാനത്തെ പ്രതിഫലിപ്പി ക്കാന്‍ രണ്ടുപേര്‍ക്കും സാധിച്ചുവെങ്കിലും, സ്‌നേഹത്തിന്റെ തത്വത്തിലാണ് രണ്ടുപേരും വ്യത്യസ്തരായിരുന്നത്. ചാര്‍ലി പങ്കുവെച്ചത് ആത്മീയതയില്‍ പൊതിഞ്ഞ ഫാസിസമായിരുന്നു. ഭ്രൂണഹത്യക്കെതിരെ വാദിക്കുകയും ഒപ്പം അഭയാര്‍ഥികളെ ബഹിഷ്‌കരിക്കാന്‍ പറയുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകത അദ്ദേഹത്തിലുണ്ടായിരുന്നു. കാര്‍ലോ യുടെ ആത്മീയത നിഷ്‌കളങ്കതയുടെ നിറവാണ്. എന്തായാലും യഥാര്‍ഥ അപകടം ചാര്‍ലിയെ പോലുള്ള ആത്മീയ സ്വാധീനകര്‍ പറയുന്നതിലല്ല, മറിച്ച് പ്രതികരിക്കാതെ കേള്‍ക്കാനും, ആക്രോശിക്കാതെ ചിന്തിക്കാനും, വെറുക്കാതെ വിയോജിക്കാനും ഉള്ള നമ്മുടെ വര്‍ധിച്ചുവരുന്ന കഴിവില്ലായ്മയിലാണ്.

പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ പതനം

“WAKE UP Baby Girl!!!”

സമകാലീന സംഭവങ്ങൾ (Contemporary Events)

DNA-യിലെ മെസ്സേജ്: ആരാണ് code ചെയ്തത്?

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20