ശാരീരിക, മാനസിക, വൈകാരിക, സമൂഹിക തലങ്ങളില്‍ വയോജനങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്. വാര്‍ദ്ധക്യത്താല്‍ ക്ഷീണിതമായ രോഗാതുരമായ അവസ്ഥയില്‍ നല്‍കേണ്ട പരിചരണവും സംരക്ഷണവുമാണ് പ്രഥമവും പ്രധാനവും.
ശിരസ്സുയര്‍ത്തി, ശാഖകള്‍ പടര്‍ത്തി നില്‍ക്കുന്ന വന്‍മരം. അതിനൊരുത്ഭുത കാലമുണ്ട്. മണ്ണില്‍ വീണ ചെറുവിത്ത്; അതു മുളപൊട്ടി, ഇലനീട്ടി, ആരോ പകര്‍ന്നു കൊടുത്ത ജലത്തിന്റെ നനവില്‍ മെല്ലെ വളര്‍ന്ന് വന്‍മരമായിത്തീര്‍ന്ന്, പൂക്കളുടെ വസന്തം വിടര്‍ത്തി, കനിമധുരമായി, ഏറെപ്പേര്‍ക്ക് തണലും തണുപ്പുമേകി അതങ്ങനെ നിന്നു. പിന്നെയാരും നനച്ചുകൊടുക്കേണ്ടി വന്നില്ല. വേരുകള്‍ ജലം തേടി മണ്ണിനടിയില്‍ സഞ്ചരിച്ചു. ഇപ്പോള്‍ വീഴാറായി നില്‍ക്കുമ്പോള്‍... ഇല്ല; ഉള്ളിലെ ജീവന്റെ പച്ചപ്പില്‍ ഇനിയും ഏറെക്കാലം ഇങ്ങനെ നിലനില്‍ക്കാം. ഏതു മരവും എപ്പോള്‍ വേണമെങ്കിലും വീണുപോകാം. തടി ജീര്‍ണ്ണിക്കുമ്പോള്‍ വീണു പോകാമെന്ന തോന്നല്‍ ശക്തമാണെന്നു മാത്രം.
മനുഷ്യജന്മവും അങ്ങനെതന്നെ. ശൈശവബാല്യങ്ങളുടെ കൗതുകവും, കൗമാരത്തിന്റെ ചിരിക്കിലുക്കവും, കരുത്തിന്റെ യൗവ്വനവും അസ്തമിക്കുമ്പോള്‍ വാര്‍ദ്ധക്യം കടന്നുവരുന്നു. ജീവിതം ജീര്‍ണ്ണവൃക്ഷമായിത്തീര്‍ന്നു എന്ന തോന്നല്‍ പിടിമുറുക്കുന്നു.
അഭിമുഖീകരിക്കാതെ വയ്യ
ആരോഗ്യവും കാര്യക്ഷമതയും കുറയുന്ന വാര്‍ദ്ധക്യം; പലവിധ രോഗങ്ങളും മറവിപോലുള്ള പ്രശ്‌നങ്ങളും ഉറക്കക്കുറവും ചലനശേഷിയുടെ പ്രശ്‌നങ്ങളും വയോജനങ്ങളുടെ ജീവിതം ക്ലേശപൂര്‍ണ്ണമാക്കുന്നു. മറ്റുള്ളവരുടെ അലിവും കരുണയുമില്ലാതെ നിലനില്‍ക്കാനാകാത്ത വിധം ജീവിതം ദൈന്യം നിറഞ്ഞതാകുന്നു. ആയുസ്സു ദീര്‍ഘമെങ്കില്‍ വാര്‍ദ്ധക്യം കടന്നുവരും; അത് അഭിമുഖീകരിക്കാതെ വയ്യ.
വാര്‍ദ്ധക്യം - ഐശ്വര്യപൂര്‍ണ്ണം
കാരണവന്മാര്‍ക്ക് കുടുംബത്തില്‍ കേന്ദ്ര സ്ഥാനം നല്കിയിരുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. വാര്‍ദ്ധക്യം ആദരണീയമായ ഒരു പദവിയായി അംഗീകരിക്കപ്പെട്ടിരുന്നു. തലമൂത്ത കാരണവന്മാരാണ് കുടുംബത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. ഏതു ചടങ്ങിനും ആഘോഷത്തിനും അവരുടെ സാന്നിദ്ധ്യം അനുഗ്രഹമായി കരുതിയിരുന്നു. ഓണക്കോടിയും വിഷുക്കൈനീട്ടവുമൊക്കെ മുത്തച്ഛന്മാരുടെ കൈയ്യില്‍ നിന്നു സ്വീകരിച്ച പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളത്. കണ്ണുപൊത്തി കണികാണിച്ചത് മുത്തശ്ശിയായിരുന്നു. ക്രൈസ്തവരുടെ പാരമ്പര്യത്തില്‍ പെസഹാ അപ്പം മുറിക്കുന്നത് വീട്ടിലെ കാരണവരായിരുന്നു. പെസഹാ അപ്പത്തിന് മാവു കുഴയ്ക്കുന്നത് കാരണവത്തിയും. പ്രാര്‍ത്ഥനയ്ക്കു ശേഷം കാരണവന്മാര്‍ ക്ക് സ്തുതിചൊല്ലുന്നതും വിവാഹത്തിനിറങ്ങുമ്പോള്‍ ദക്ഷിണ കൊടുക്കുന്നതും, യാത്ര പോകുമ്പോള്‍ കാല്‍തൊട്ടു വന്ദിക്കുന്നതും നമ്മുടെ പതിവു പാരമ്പര്യമാണ്.
പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ വാര്‍ദ്ധക്യം അനുഗ്രഹീതമായിരുന്നു. വയോജനങ്ങള്‍ സുരക്ഷിതരായിരുന്നു. അവര്‍ കുടുംബത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ സംജാതമായിരുന്നില്ല. സമപ്രായക്കാരുടെ ഒത്തുചേരലും വര്‍ത്തമാനങ്ങളുമായി അവരുടെ ജീവിതം ഉല്ലാസഭരിതമായിരുന്നു. മക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യം കൊണ്ട് അവരുടെ ഹൃദയം സംതൃപ്തമായിരുന്നു. മുന്‍കാലങ്ങളില്‍ ആരാധനാലയങ്ങളോടു ചേര്‍ന്നുള്ള ജീവിതമാണ് വയോജനങ്ങള്‍ നയിച്ചത്. പ്രാര്‍ത്ഥനയും ദേവാലയ സന്ദര്‍ശനവും കൊണ്ട് ജീവിതം സമാധാന പൂര്‍ണ്ണമായിരുന്നു. ചുറ്റുപാടുകളില്‍ നിന്ന് പച്ചമരുന്നുകള്‍ ശേഖരിച്ച് എണ്ണയും കുഴമ്പുമൊക്കെ സ്വയം കാച്ചിയെടുത്ത്, തേച്ചുകുളി നടത്തി അവര്‍ സൗഖ്യത്തോടെ ജീവിച്ചു. കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുത്ത് അവരുടെ സന്ധ്യകള്‍ സഫലമായിരുന്നു. അവരുടെ അറിവുകള്‍ വിലപ്പെട്ടതായിരുന്നു.
മതിലും ഗേറ്റുമില്ലാത്ത, അടച്ചുപൂട്ടാത്ത വീടുകളായിരുന്നു പണ്ട് ഉണ്ടായിരുന്നത്. മുന്‍വാതില്‍ തുറന്നിട്ട്, എപ്പോഴും ആളനക്കമുള്ള ഈ വീടുകള്‍ വയോജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. വിസ്തൃതമായ ചുറ്റുപാടുകളും, കൃഷിയും, ഇറങ്ങി നടക്കാന്‍ പറമ്പും പാടവുമൊക്കെയായി പ്രകൃതിയോടിണങ്ങി അവര്‍ ജീവിച്ചു. പ്രകൃതിശൈലിയിലുള്ള ഭക്ഷണക്രമവും പച്ചമരുന്നുകളുമായി ആരോഗ്യകരമായ ജീവിതക്രമവുമുണ്ടായിരുന്നു. രോഗം ബാധിച്ചാല്‍ അലിവും കരുതലുമായി പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നു. കിടപ്പിലായിപ്പോയാലും സന്ദര്‍ശകരുടെ സാമീപ്യവും ബന്ധുക്കളുടെ പ്രചരണവും അവര്‍ക്ക് ശാന്തി നല്കിയിരുന്നു. മരണസയമത്തും അവര്‍ ഒറ്റയ്ക്കായിപ്പോവില്ല. കൈപിടിച്ച് കാവലിരിക്കുന്ന പ്രിയപ്പെട്ടവര്‍; നാവില്‍ തീര്‍ത്ഥം പകര്‍ന്ന്; 'ഈശോമറിയം' ചൊല്ലിക്കൊടുത്ത് സംസം ജലത്താല്‍ ചുണ്ടുനനച്ച് അവര്‍ കൂടെയുണ്ടാകും.
കാലപരിണാമത്തില്‍...
മാനവപുരോഗതിക്കൊപ്പം ജീവിത സാഹചര്യങ്ങളില്‍ സംഭവിച്ച പരിണാമം, സ്വാഭാവികമായി കുടുംബങ്ങളുടെ ജീവിതക്രമത്തെയും ബാധിച്ചു. കൂട്ടുകുടുംബ വ്യവസ്ഥിതി അസ്തമിച്ചു. ഗ്രാമങ്ങള്‍ നഗരങ്ങളായി. വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമായപ്പോള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗങ്ങളില്‍ പ്രവേശിച്ചു. ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ വയോജനങ്ങളുടെ അംഗസംഖ്യയിലും വര്‍ദ്ധനവുണ്ടായി.
വയോജനങ്ങളില്‍ ഒരു വിഭാഗം, ബന്ധുക്കളുടെയും സ്‌നേഹിതരുടെയും സാമീപ്യം നുകര്‍ന്ന്, സ്‌നേഹവും സന്തോഷവും പങ്കുവച്ച് ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്. എന്നാല്‍ മറ്റൊരു വിഭാഗം, ജീവിതത്തിലെ അനിവാര്യഘട്ടമായ വാര്‍ദ്ധക്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തവരാണ്. പരിവര്‍ത്തനം സംഭവിച്ച ജീവിതസാഹചര്യങ്ങളില്‍ പലര്‍ക്കും ജീവിതം ദുസ്സഹമായിത്തീരുന്നു.
ഒറ്റയ്ക്കാകുമ്പോള്‍...
വയോജനങ്ങളില്‍ ഒരു വിഭാഗം, ജീവിതസായാഹ്നത്തെ ഒറ്റയ്ക്കു നേരിടുന്നവരാണ്. ഈ അവസ്ഥ കൂട്ടിനില്ലാതെ, ഒറ്റപ്പെട്ട വീടുകളിലോ, ചുറ്റുപാടുകളില്ലാത്ത ഫ്‌ളാറ്റിലോ ജീവിക്കുന്നവര്‍ക്ക് ഏകാന്തതയുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. സമപ്രായക്കാരുമായി ഒത്തുകൂടലില്ലാതെ, ചങ്ങാത്തമില്ലാതെ, സ്‌നേഹത്തിന്റെ ഊഷ്മളതയില്ലാതെ, അവര്‍ സമയത്തെ കടത്തിവിടാന്‍ പാടുപെടുന്നു. കൃത്രിമമായ അന്തരീക്ഷവും, ആരാധനാലയ സന്ദര്‍ശനങ്ങളുടെ സാധ്യതക്കുറവും ജീവിതത്തെ അശാന്തമാക്കുന്നു. ആധുനിക ചികിത്സാ സംവിധാന ങ്ങളുടെ ഭാഗമായി മരണം പോലും ആശുപത്രിയിലെ വെന്റിലേറ്ററി നുള്ളില്‍ ഒറ്റയ്ക്കു നേരിടേണ്ട യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് മക്കളുടെ എണ്ണത്തില്‍ വന്ന കുറവ് ഒറ്റപ്പെട്ട അവസ്ഥയുടെ കാരണങ്ങളിലൊന്നാണ്. വിദ്യാഭ്യാസം വര്‍ദ്ധിച്ചതും കാര്‍ഷികേതര ജീവിതോപാധികളിലേക്ക് ജനങ്ങള്‍ ചുവടുമാറിയതും ഈ ഒറ്റപ്പെടലിന്റെ മറ്റൊരു കാരണമാണ്. മാതാപിതാക്കളുടെ സംരക്ഷണത്തിനായി ഉദ്യോഗങ്ങള്‍ ഉപേക്ഷിക്കുകയെന്നതും പ്രായോഗികമായി കരുതാനാവില്ല. ജീവിതസാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ കുടുംബബന്ധങ്ങളുടെ ആര്‍ദ്രത കുറഞ്ഞുപോയിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ വമ്പന്‍ മത്സരവും, പുതിയ സാമൂഹികക്രമങ്ങളും പുത്തന്‍ മാധ്യമ സംസ്‌കാരവും നിമിത്തം കുട്ടികള്‍ വയോജനങ്ങളുമായി അടുപ്പം സ്ഥാപിക്കാത്തവരായിരിക്കുന്നു.
മക്കളോടൊപ്പം ജീവിക്കുന്ന മാതാപിതാക്കളും പലപ്പോഴും മാ നവീകമായ ഒറ്റപ്പെടലിന്റെ തീവ്രവേദന അനുഭവിക്കുന്നവരുമാണ്. മക്കളുടെ തിരക്കും, പരസ്പരം മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും, മാതാപിതാക്കളുടെ നിരാശയില്‍നിന്ന് ഉത്ഭവിക്കുന്ന വാശിയും ദേഷ്യവുമൊക്കെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുന്നു. പരിഷ്‌കൃതമായ ഭക്ഷണശൈലിയുമായി പൊരുത്തപ്പെടാന്‍ പലപ്പോഴും വയോജനങ്ങള്‍ക്കു സാധിക്കുന്നില്ല. ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്ന വയോജനങ്ങള്‍ രോഗബാധിതരായാല്‍ പ്രശ്‌നങ്ങള്‍ അധികമായിത്തീരുന്നു. സ്ഥിരമായ മറവിയും, ചലനശേഷിയുടെ പോരായ്മയുമൊക്കെ ജീവിതത്തെ നിരാശാപൂര്‍ണ്ണമാക്കുന്നു.
പരിഗണനയില്ലാതെ...
ഉപയോഗം കഴിഞ്ഞ വീട്ടുപകരണങ്ങളെന്ന പോലെ, വയോജനങ്ങളെ വീടിന്റെ കോണില്‍ ഒതുക്കിയിടാനാണ് പലര്‍ക്കും താല്പര്യം. ഒരു കാലത്ത്, ആരോഗ്യവും സമയവും സമ്പത്തും മക്കള്‍ക്കുവേണ്ടി വിനിയോഗിച്ച, മക്കളുടെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണക്കാരായവരില്‍ നിന്ന് ഇനി നേടാനൊന്നുമില്ലെന്ന ഉപഭോഗചിന്താഗതി മക്കളില്‍ ശക്തമാകുന്നു. ഹിന്ദി കവിയായ നരേന്ദ്ര പൊണ്ടരീകിന്റെ 'ഫുല്‍ബനീതിമാം' എന്ന കവിതയിലെന്നപോലെ 'അമ്മ പാലമാണ്' എന്നു ചിന്തിക്കുന്നു.
സമൂഹത്തില്‍ സ്വന്തം അന്തസ്സ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് എല്ലാ പരിഷ്‌കൃത സംവിധാനങ്ങളും ഒരുക്കികൊടുക്കുന്ന മക്കള്‍ അവരുടെ മാനസികമായ ഒറ്റപ്പെടല്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. എന്നിട്ട് ശവസംസ്‌കാരം ആഡംബരത്തോടെ നടത്താന്‍ ചിലര്‍ ഉത്സാഹിക്കുന്നു.
എറിഞ്ഞു കളയുമ്പോള്‍...
വയോജനങ്ങളെ പാഴ്‌വസ്തുക്കളെന്നപോലെ എറിഞ്ഞുകളയുന്നവരാണ് മക്കളില്‍ ഒരു വിഭാഗം. ആരോഗ്യവും ധനവും സമയവും അവരില്‍നിന്ന് ഊറ്റിയെടുത്ത്, ഉപേക്ഷിക്കുന്നു. മാതാപിതാക്കളെ തെരുവിലോ ക്ഷേത്ര പരിസരത്തോ ആശുപത്രിയിലോ ഉപേക്ഷിക്കുന്നതിന്റെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. റഫീക്ക് അഹമ്മദിന്റെ 'അമ്മത്തൊട്ടില്‍' എന്ന കവിത ഈ വിഷയത്തിന്റെ അവതരണമാണ് നിര്‍വ്വഹിക്കുന്നത്. രാത്രിയില്‍ അമ്മയെ ഉപേക്ഷിക്കാന്‍ ഇടംേതടി നടന്നവന്റെ ഓര്‍മ്മകളിലുണര്‍ന്ന വീണ്ടു വിചാരമാണ് ഈ കവിത. ആധുനിക തലമുറയ്ക്ക് ഈ ഓര്‍മ്മകള്‍ പോലും നഷ്ടമായിരിക്കുന്നു. അപരിചിത സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു പോകു ന്ന വൃദ്ധര്‍ അനുഭവിക്കുന്ന ഭയവും ആശങ്കയും സങ്കല്പിക്കാനെങ്കിലും കഴിയേണ്ടതാണ്.
കുളിര്‍കാറ്റായി കാരുണ്യം...
ശാരീരിക, മാനസിക, വൈകാരിക, സമൂഹിക തലങ്ങളില്‍ വയോജനങ്ങള്‍ക്ക് സംരക്ഷണം ആവശ്യമാണ്. വാര്‍ദ്ധക്യത്താല്‍ ക്ഷീണിതമായ രോഗാതുരമായ അവസ്ഥയില്‍ നല്‍കേണ്ട പരിചരണവും സംരക്ഷണവുമാണ് പ്രഥമവും പ്രധാനവും. നിരാശയും ഒറ്റപ്പെടലും ബാധിച്ച മാനസികാവസ്ഥയില്‍ നിന്നുള്ള വിമോചനമാണ് മറ്റൊരാവശ്യം. മക്കളുടെയും പേരക്കുട്ടികളുടെയും സാമീപ്യവും അവരുമായുള്ള ആശയവിനിയമവുമാണ് വൈകാരിക ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് - ചുറ്റുപാടുകളുമായി ഇടപെടാനും പ്രിയപ്പെട്ടവരുമായി സംവദിക്കാനും വൃദ്ധജനങ്ങള്‍ തല്പരരാണ്. താന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിലൂടെ ആത്മവിശ്വാസത്തോടെ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനും, സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനും വയോജനങ്ങള്‍ ആഗ്രഹിക്കുന്നു.
നിയമം ആവശ്യപ്പെടുന്നത്
വയോജനങ്ങള്‍ക്കു നല്കുന്ന പരിപാലനവും സുരക്ഷയും ഒരര്‍ത്ഥത്തിലും ഔദാര്യമല്ല. 2007-ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിന്റെ ((Maintenance and welfare of parents and senior citizens)) അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ വയോജന സംരക്ഷണത്തിന് നിയമപരമായ പരിരക്ഷ നല്കുന്നു. സാമൂഹിക നീതി വകുപ്പില്‍ വയോജന സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യം, ധനകാര്യം, നിയമം, ഗതാഗതം തുടങ്ങിയ പല വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ നിയമത്തിലൂടെ മാത്രം നേടിയെടുക്കുവാന്‍ കഴിയുന്ന ഒരു കാര്യമായി വയോജന സംരക്ഷണത്തെ കണക്കാക്കാനാവില്ല. നിയമം നല്കുന്ന പരിരക്ഷയോടൊപ്പം, ജനതയുടെ ചിന്തയിലും തത്ഫലമായി വ്യവഹാരത്തിലും ഉണ്ടാകുന്ന പരിവര്‍ത്തനമാണ് ആവശ്യം.
വീട് നല്കുന്ന സമാധാനം
വയോജന സൗഹൃദപരമായ വീടുകളും സമൂഹവും സര്‍ക്കാരുമാണ് നാം രൂപീകരിക്കേണ്ടത്. വയോജനങ്ങളുടെ പരിമിതികള്‍ കണക്കിലെടുത്ത് നാം സ്വയം മാറ്റത്തിനു വിധേയരാകണം.
ചലനശേഷിയിലുള്ള അപര്യാപ്തതയാണ് വാര്‍ദ്ധക്യത്തിലെ അസ്വസ്ഥതകളില്‍ പ്രധാനം. സ്വന്തം ആവശ്യത്തിനും ആഗ്രഹത്തിനും അനുസിച്ച് തനിയെ ചലിക്കാന്‍ സാധിക്കാതാകുന്നു. കേരളത്തിലെ വീടുകള്‍ ആഡംബരങ്ങള്‍ ഏറെയുള്ളതാണ്. മിനുസമുള്ള തറകളും വഴുതി വീഴാന്‍ സാധ്യതയുള്ള ബാത്ത്‌റൂമുകളും വൃദ്ധജനങ്ങള്‍ക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. നമ്മുടെ ഭവന നിര്‍മ്മാണ സംസ്‌കാരത്തില്‍ത്തന്നെ കാതലായ മാറ്റം കടന്നുവരേണ്ടിയിരിക്കുന്നു.
വൃദ്ധസദനങ്ങള്‍ പറയുന്നത്
വൃദ്ധസദനങ്ങള്‍, വയോജനങ്ങള്‍ക്കും കേരള സമൂഹത്തിനും അംഗീകരിക്കാവുന്ന അവസ്ഥ ഇനിയും സംജാതമായിട്ടില്ല. വൃദ്ധ സദനങ്ങളിലായിരിക്കുമ്പോള്‍ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളും മക്കളെ കാണാനുള്ള മോഹവും വയോജനങ്ങളെ അലട്ടുന്നതായി മനസ്സിലാക്കാന്‍ കഴിയുന്നു. തങ്ങള്‍ അനാഥരാണെന്നും ഉപേക്ഷിക്കപ്പെട്ടവരാണെന്നുമുള്ള ചിന്ത അവരില്‍ നിരാശ നിറയ്ക്കുന്നു. എന്നാല്‍ വൃദ്ധ സദനങ്ങള്‍ക്ക് ചില മേന്മകളുണ്ടെന്നു പറയാതെ വയ്യ. സമാനാവസ്ഥയിലും പ്രായത്തിലുമുള്ളവരുടെ ഒത്തുചേരലിന് അവിടെ അവസരമുണ്ടാകുന്നു. ചിന്താഗതികളും അനുഭവങ്ങളും പങ്കുവയ്ക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പ്രാര്‍ത്ഥിക്കാനും സാഹചര്യമുണ്ടാകുന്നു. ശരിയായ ആരോഗ്യ സംരക്ഷണവും പരിചരണവും അവര്‍ക്ക് വൃദ്ധസദനങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
സമൂഹം - വയോജന പ്രിയം
നമ്മുടെ സമൂഹം വയോജന സൗഹൃദമാകേണ്ടിയിരിക്കുന്നു. അതൊരു സംസ്‌കാരമായിത്തന്നെ വളര്‍ന്നു വരേണ്ടതാണ്. വയോജനങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും പങ്കാളിത്തവും ഉറപ്പു വരുത്തണം. അവര്‍ക്ക് പുതുതലമുറയുമായി സംവദിക്കാനുള്ള വേദികള്‍ രൂപീകൃതമാകണം. തങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്ന ചിന്ത അവരുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. സാമൂഹിക സംഘടനകളും റസിഡന്റ്‌സ് അസ്സോസിയേഷനുകളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. രാഷ്ട്രീയ മത സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ചിലത് ചെയ്യാനുണ്ട്.
കേരളത്തിന്റെ അന്തരീക്ഷത്തില്‍ ആരാധനാലയങ്ങളോട് അനുബന്ധിതമായി വീടുകള്‍ അഭികാമ്യമാണ്. അയല്‍പക്കങ്ങളുടെ സാമീപ്യവും വ്യക്തികള്‍ക്കിടയിലെ സൗഹൃദവും വയോജനങ്ങളുടെ സുരക്ഷയ്ക്ക് വഴിതെളിയിക്കുന്നു. വൃദ്ധജനങ്ങളുടെ പരിപാലനത്തിന് സന്നദ്ധരായ വ്യക്തികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയണം. വീട്ടിലെത്തി ചികിത്സിക്കുന്ന ഡോക്ടര്‍മാരും, ഹോംനേഴ്‌സുകളും ഈ സമൂഹത്തിലുണ്ടാകണം. അവബോധവും ആത്മവിശ്വാസവും നല്കുന്ന ക്ലാസുകളും കൗണ്‍സിലിംഗും ആവശ്യമാണ്. മരണാസന്നരായ വയോജനങ്ങള്‍ക്ക് ആശ്വാസപൂര്‍ ണ്ണമായി മരണത്തെ സ്വീകരിക്കാന്‍ അവസരമുണ്ടാകണം.
വയോജനങ്ങളുടെ ആവശ്യസഞ്ചാരത്തിനുള്ള എല്ലാ സാധ്യതകളും വീടിനുള്ളിലും പരിസരത്തുമുണ്ടാകണം. ആവശ്യമായിടത്തെല്ലാം കൈപ്പിടികള്‍ ക്രമീകരിക്കാനും വഴുതാത്ത തറകള്‍ സജ്ജീകരിക്കാനും ശ്രദ്ധിക്കണം. വീല്‍ചെയറുകള്‍ കടന്നുപോകാനുള്ള സൗകര്യവും, വായനയ്ക്കും വിനോദത്തിനുമുള്ള സജ്ജീകരണങ്ങളും ഉണ്ടാകണം.
പൊതു ഇടങ്ങളിലെ സുരക്ഷ
നമ്മുടെ പൊതു ഇടങ്ങള്‍ കൂടുതല്‍ വയോജന സൗഹൃദമാക്കാന്‍ ശ്രമക്കണം. തിരക്കുള്ള ഓഫീസുകളിലും ബസ്, റെയില്‍വേ സ്റ്റേഷനുകളിലും അവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കണം. അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പുതുതലമുറയ്ക്ക് പാഠ്യപദ്ധതിയിലൂടെ വയോജന സംരക്ഷണ പരിശീലനം ലഭ്യമാക്കണം.
വയോജന സൗഹൃദ പദ്ധതികള്‍
പഞ്ചായത്ത് ഗ്രാമസഭാ തലങ്ങളിലും സര്‍ക്കാര്‍ തലത്തിലും വയോജനങ്ങളെ മുന്നില്‍കണ്ട് നിരവധി പദ്ധതികള്‍ രൂപീകരിക്കണം. വയോജന സൗഹൃദസംസ്‌കാരം രൂപീകരിക്കുവാന്‍ ഭരണ തലത്തില്‍ നടപടികളുണ്ടാകണം. വയോജനങ്ങള്‍ക്കായി പകല്‍വീടുകളും, മാനസികോല്ലാസ കേന്ദ്രങ്ങളും സജ്ജീകരിക്കണം. വീടും സര്‍ക്കാര്‍ സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോഴും വാഹനങ്ങള്‍ രൂപകല്പന ചെയ്യുമ്പോഴും വയോജന സൗഹൃദചിന്തകള്‍ രൂപപ്പെടണം.
വയോജന പെന്‍ഷന്‍, ഗ്രാന്റ് തുടങ്ങിയവ കുറച്ചുകൂടി വിപുലമായി ക്രമീകരിക്കണം. സൗജന്യ ചികിത്സ യാത്ര തുടങ്ങിയവ വയോജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ അനുവദിക്കണം. വയോജനങ്ങളുടെ ഭൗതിക സമ്പത്ത് പൂര്‍ണ്ണമായും മക്കള്‍ക്ക് വിഭജിച്ച് നല്കുന്ന പരമ്പരാഗത രീതി മാറ്റേണ്ടിയിരിക്കുന്നു. കുടുംബങ്ങളുടെ സാമ്പത്തിക പ്രായോഗിക പരിമിതികളില്‍ കൈത്താങ്ങാകുവാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണം.
കര്‍മ്മശേഷിയുടെ വിനിയോഗം
വയോജനങ്ങളെല്ലാം ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരാകണമെന്നില്ല. അതിനാല്‍ അവരുടെ കര്‍മ്മശേഷിയും വൈദഗ്ദ്ധ്യവും ജീവിതപരിചയവും വ്യത്യസ്ത മേഖലകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. സമൂഹത്തിനു പ്രയോജനകരമായ കര്‍മ്മങ്ങളിലൂടെ സ്വന്തം ജീവിതം സാര്‍ത്ഥകമാക്കാന്‍ വയോജനങ്ങള്‍ക്കു സാധിക്കും. ആത്മവിശ്വാസത്തോടെ, ആനന്ദകരമായി മുന്നോട്ടുചരിക്കാന്‍ വയോജനങ്ങള്‍ക്കു സാധിക്കും.
ഉപസംഹാരം
''വാര്‍ദ്ധക്യം ദൈവത്തിന്റെ ദാനമാണ്; നരച്ചമുടി മഹത്വത്തിന്റെ കിരീടമാണ്'' എന്ന് വി. ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ഉപഭോഗസംസ്‌കാരം, പാഴ്‌വസ്തുക്കളെപ്പോലെ വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിച്ചു കളയുമ്പോള്‍, പരിഹാരമില്ലാത്ത പാപത്തിന്റെ സ്ഥിരനിക്ഷേപമാണ് നാം കരുതിവയ്ക്കുന്നത് എന്നു മറക്കാതിരിക്കുക.
'നമ്മുടെ പൂര്‍വ്വികര്‍ കൊണ്ട വെയിലാണ് ഇന്നു നാം അനുഭവിക്കുന്ന തണല്‍' എന്നു മറക്കാതിരിക്കുക. അവര്‍ നട്ട വിത്തുകളാണ് നമുക്ക് വസന്തവും മധുരവും വിളമ്പിയത് എന്ന് ഓര്‍മ്മിക്കുക. വയോജനങ്ങള്‍ക്കായി നമ്മുടെ ധനവും സമയവും, ആരോഗ്യവും വിനിയോഗിക്കുക.