Coverstory

അവൾക്കും അവനും ഇടയിലാകുന്നവർ

സാൻജോ സ്റ്റീവ്

ലിംഗപരമായ സ്വത്വം സംബന്ധിച്ച തിരിച്ചറിവുകൾ എനിക്ക് ഉണ്ടാകാൻ തുടങ്ങുന്നത് മൂന്നു വയസ് മുതലാണ്. അന്നു മുതൽ ഞാൻ സ്വയം കരുതിയിരുന്നത് ഞാൻ ഒരു പുരുഷനാണെന്നാണ്. എന്നാൽ വളരുംതോറും അങ്ങനെയല്ല എന്ന് കാണാൻ തുടങ്ങി. ഇത് എന്റെ മനസ്സിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. സ്കൂളിലെ യൂണിഫോം മുതൽ ഞാൻ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും എന്റെ ലിംഗസ്വത്വത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ളവ ആയിരുന്നു. വളരുമ്പോഴുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും വളരെ വലുതായിരുന്നു. സ്കൂളിൽ പോകാൻ താല്പര്യം കുറവായിരുന്നു. ഉപയോഗിക്കുന്ന യൂണിഫോം എന്നെ പ്രതിനിധീകരിക്കുന്നില്ല എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ, പഠിക്കണം, ജീവിതത്തിൽ മുമ്പോട്ട് വരണം എന്ന ആഗ്രഹമാണ് എന്നെ നയിച്ചിരുന്നത്. അതിൽ എന്റെ ദൈവവിശ്വാസവും എന്നെ സഹായിച്ചിട്ടുണ്ട്.

എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയാണ് എന്റെ ഇടവക. വേദപാഠ ക്ലാസുകളിൽ പോകാൻ താല്പര്യമായിരുന്നു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പോയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് നല്ല രീതിയിൽ പൂർത്തിയാക്കി. കൂടുതൽ പഠിക്കുമ്പോൾ ബൈബിളിലെ കാര്യങ്ങൾ എന്നിൽ നിരവധി ചോദ്യങ്ങൾ ഉയർത്തി. അക്കാലത്ത് അതൊന്നും ചോദിക്കാൻ കഴിയുമായിരുന്നില്ല. ആരോട് ചോദിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. വിശ്വാസവും എന്റെ ലിംഗസ്വത്വവും തമ്മിൽ ചില സംഘർഷങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

ആലുവ യുസി കോളേജിലാണ് ഞാൻ പഠിച്ചത്. ഹോക്കി പ്ലെയർ ആയതുകൊണ്ട് കൂടുതൽ സമയവും ഹോസ്റ്റലിൽ ആയിരുന്നു. ഹോസ്റ്റലിൽ പോകുന്നതിനു മുമ്പ് എല്ലാ ദിവസവും കുർബാനയ്ക്ക് പോയിരുന്ന ആളാണ് ഞാൻ. ഹോസ്റ്റൽ വാസം തുടങ്ങിയപ്പോൾ അതിന് ഒരുപാട് ഗ്യാപ്പുകൾ വന്നു. ഒരുപാട് പുതിയ കുടുംബങ്ങൾ വരുന്ന ഇടവകയാണ് എന്റേത്. അങ്ങനെയിരിക്കെ ഒരു ദിവസം കുർബാനയ്ക്കു പോയപ്പോൾ പതിവുപോലെ സ്ത്രീകളുടെ ഭാഗത്തു നിന്നു (എനിക്കു നില്ക്കാനിഷ്ടം പുരുഷന്മാരുടെ ഭാഗത്തായിരുന്നു). അവർക്കാർക്കും എന്നെ പരിചയം ഇല്ല. ജീൻസും കുർത്തയും ആയിരിക്കും സാധാരണ എന്റെ വസ്ത്രം. എനിക്കിഷ്ടമല്ലെങ്കിലും, വിശ്വാസത്തിന്റെ ഭാഗമായി സ്കാർഫും ധരിക്കുമായിരുന്നു. അങ്ങനെ സ്ത്രീകളുടെ ഭാഗത്തു നിൽക്കുമ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്നു ഇവിടെയല്ല, മറ്റേ ഭാഗത്തു നിൽക്കണം എന്ന് പറഞ്ഞു. എനിക്ക് അവിടെ നിൽക്കാനാണ് താല്പര്യം എങ്കിലും ഇങ്ങനെ ആയിപ്പോയി എന്ന് ഞാൻ മറുപടി പറഞ്ഞു.

എന്റെ ഐഡന്റിറ്റിയെ സർക്കാർ അംഗീകരിച്ചു, കുടുംബം അംഗീകരിച്ചു, സമൂഹമംഗീകരിച്ചു, എന്നിട്ടും സഭ അംഗീകരിക്കുന്നില്ലെങ്കിൽ എന്റെ വിശ്വാസം കൊണ്ട് എന്ത് കാര്യം എന്ന് ഞാൻ ഈ ആരാധനാവേളകളിൽ ചിന്തിക്കാറുണ്ട്. അതിനുള്ള ഒരു ഉത്തരം എന്ന നിലയിലാണ് ഫ്രാൻസിസ് മാർപാപ്പ വന്ന ശേഷം ഉണ്ടായ ധാരാളം മാറ്റങ്ങൾ എന്ന് ഞാൻ കരുതുന്നു. അത് വലിയ സന്തോഷത്തോടെയാണ് ഞാൻ നോക്കി കാണുന്നത്.

പ്രാർഥന കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങുമ്പോൾ ഒരു കൂട്ടം ആൾക്കാർ എന്നെ സമീപിച്ചു. അവർ എന്നെ ചോദ്യം ചെയ്തു. താൻ എവിടുന്നു വന്നു, എന്തിനു വന്നു, പള്ളിയിൽ എന്താണ് പരിപാടി എന്നിങ്ങനെ ചോദ്യങ്ങൾ നീണ്ടു. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു അനുഭവം. എന്റെ വസ്ത്രധാരണവും ഹെയർ സ്റ്റൈലും ഒക്കെയാണ് അവരുടെ പ്രശ്നങ്ങൾ എന്ന് തോന്നി. എനിക്ക് ഇതാണ് സുഖകരം എന്നും അതുകൊണ്ടാണ് ഈ വേഷം ധരിക്കുന്നത് എന്നും അതുകൊണ്ട് ഞാൻ മറ്റാർക്കും ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നും അവരോട് മറുപടി പറഞ്ഞു. എങ്കിലും എനിക്ക് അതൊരു വലിയ അവഹേളനമായി തോന്നി. അതിനുശേഷം ഇന്നുവരെ ഞാൻ എന്റെ ഇടവക പള്ളിയിൽ പോയിട്ടില്ല.

എന്റെ പിതാവ് മരിച്ചപ്പോൾ മൃതസംസ്കാരത്തിന്റെ ഭാഗമായി മൃതദേഹം പള്ളിയിൽ വച്ചപ്പോൾ മാത്രമാണ് ഞാൻ പിന്നീട് പള്ളിയിൽ കയറിയത്. പിന്നീട് 7, 41 തുടങ്ങിയ ദിവസങ്ങളിലെ അനുസ്മരണ കർമ്മങ്ങൾക്ക് വേണ്ടി പോലും ഞാൻ ആ പള്ളിയിൽ കയറിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം വളരെ മുറിവുണ്ടാക്കുന്ന ഒരു അനുഭവമായിരുന്നു അത്. എനിക്ക് അങ്ങോട്ടു പോകാൻ ഭയമായിരുന്നു. പിന്നീട് ഞാൻ ഞായറാഴ്ചകളിൽ ദിവ്യബലിക്ക് പോയിക്കൊണ്ടിരുന്നത് ഇടപ്പള്ളി പള്ളിയിലാണ്. അവിടെ എന്നെ വിധിക്കാൻ ആരുമില്ല. ആ സമയത്ത് മതവിശ്വാസത്തോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു. കാരണം, ഞാൻ ദൈവത്തോട് ഇത്രയും ചേർന്നു നിൽക്കാൻ നോക്കിയിട്ടും ആളുകൾ എന്തുകൊണ്ട് എന്നെ ഇങ്ങനെ കാണുന്നു എന്നതായിരുന്നു പ്രശ്നം. പിന്നീട് എനിക്ക് തിരിച്ചറിവുണ്ടായി. ആളുകളാണ് എന്നെ വിധിക്കുന്നത്, ദൈവമല്ല എന്ന കാര്യം ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ദൈവത്തിനടുത്ത് നിന്ന് മാറി നിൽക്കേണ്ട കാര്യമില്ല. ആരാണോ വിധിക്കുന്നത് അവരിൽ നിന്നും മാറി നിൽക്കുക. അങ്ങനെയാണ് ഞാൻ ഇടപ്പള്ളിയിൽ വരാൻ തുടങ്ങിയത്. നഗരത്തിലെ മറ്റ് പള്ളികളിലും സമയം കിട്ടുമ്പോഴൊക്കെ ഞാൻ പോകാറുണ്ട്.

ആദ്യകുർബാന സ്വീകരണം വളരെ ആഘോഷപൂർവ്വം നടത്തുന്ന ഒരു ചടങ്ങാണല്ലോ. അതിനെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം ആൺകുട്ടികളെപ്പോലെ കോട്ടു ധരിച്ച് കുർബാന സ്വീകരിക്കുക എന്നതായിരുന്നു. പക്ഷേ അന്നും ഇഷ്ടപ്പെടാത്ത വസ്ത്രങ്ങൾ എനിക്ക് ധരിക്കേണ്ടി വന്നു. എങ്കിലും ആദ്യകുർബാന സ്വീകരണത്തിന്റെ അനുഭവം സന്തോഷം തന്നെയാണ് നൽകിയത്.

എന്റെ സ്വത്വത്തെ വീട്ടിൽ മാതാപിതാക്കളും സഹോദരനും അംഗീകരിച്ചു. അതുകൊണ്ട് എനിക്ക് വീട്ടിൽ നിന്ന് ഇതുമൂലം മാറി നിൽക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഞാൻ എന്റെ സ്വത്വം വെളിപ്പെടുത്തി പുറത്തുവന്നിട്ട് 10 വർഷത്തോളമായി. ഈ സമൂഹത്തിലുള്ള ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഭാഗ്യവും ദൈവം എനിക്ക് നൽകി. വീട്ടിൽ എന്റെ ഐഡന്റിറ്റി അംഗീകരിക്കാനുള്ള കൃപ നൽകിയത് ദൈവത്തോടുള്ള എന്റെ നിരന്തര പ്രാർത്ഥനകളുടെ ഫലമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.

ഇടപ്പള്ളി പള്ളിയിൽ വെള്ളിയാഴ്ച തോറും ഉള്ള ആരാധനയ്ക്ക് മുടങ്ങാതെ പോകുന്ന ആളാണ് ഞാൻ. എന്റെ ഐഡന്റിറ്റിയെ സർക്കാർ അംഗീകരിച്ചു, കുടുംബം അംഗീകരിച്ചു, സമൂഹമംഗീകരിച്ചു, എന്നിട്ടും സഭ അംഗീകരിക്കുന്നില്ലെങ്കിൽ എന്റെ വിശ്വാസം കൊണ്ട് എന്ത് കാര്യം എന്ന് ഞാൻ ഈ ആരാധനാവേളകളിൽ ചിന്തിക്കാറുണ്ട്. അതിനുള്ള ഒരു ഉത്തരം എന്ന നിലയിലാണ് ഫ്രാൻസിസ് മാർപാപ്പ വന്ന ശേഷം ഉണ്ടായ ധാരാളം മാറ്റങ്ങൾ എന്ന് ഞാൻ കരുതുന്നു. അത് വലിയ സന്തോഷത്തോടെയാണ് ഞാൻ നോക്കി കാണുന്നത്.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കാഴ്ചപ്പാടിൽ പറഞ്ഞാൽ, വിശ്വാസത്തിൽ നിന്ന് പുറത്താക്കപ്പെടുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെയധികം പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. വിശ്വാസം ഇല്ലാതെയാകുമ്പോൾ ജീവിതത്തിന് അർത്ഥമില്ലാതെ പോകുന്നു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങനെ അർത്ഥമില്ലാതെ വരുമ്പോൾ നമുക്ക് എന്തും ചെയ്യാം. കാരണം ആളുകൾ എന്നെ വില കുറച്ചു കാണുന്നു, മാനിക്കുന്നില്ല എന്ന ചിന്തകൾ തെറ്റായ സ്വാധീനം ചെലുത്തും. എന്നെ കേൾക്കാൻ, എനിക്ക് കരുതൽ നൽകാൻ ആളുണ്ട് എന്ന വിചാരം ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതത്തിലെ വലിയൊരു ശക്തിയാണ്. ആ വിശ്വാസം ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്.

സിവിൽ ആയ എല്ലാ രേഖകളിലും പേര് മാറ്റിയിട്ടും സഭയുടേതായ മാമ്മോദീസ കണക്ക് ഉൾപ്പെടെയുള്ള രേഖകളിൽ പേരുമാറ്റാൻ കഴിയുന്നില്ല എന്നതാണ് സഭയിൽ ഞങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നം. ഒരു ദ്വന്ദ്വ വ്യക്തിത്വം നിലനിർത്തിക്കൊണ്ടു പോകാൻ ഇത് ഇടയാക്കുന്നു. സ്ത്രീയായി വളർത്തിക്കൊണ്ടു വന്നതിനാൽ എനിക്ക് നൽകിയിരിക്കുന്ന മാമ്മോദീസ പേര് എന്റെ അമ്മാമ്മയുടേതാണ്, മേരി. എന്റെ അപ്പാപ്പന്റെ പേര് സ്റ്റെൻസ്ലാവോസ് എന്നാണ്. ആ പേര് എനിക്ക് വളരെ ഇഷ്ടമാണ്. പുരുഷനായി ജനിച്ചിരുന്നുവെങ്കിൽ എനിക്ക് ആ പേര് കിട്ടുമായിരുന്നല്ലോ എന്ന് ഞാൻ കുട്ടിക്കാലം മുതലേ വിചാരിക്കാറുണ്ട് (Cisgender male). പക്ഷേ പള്ളിയിലെ രേഖകളിൽ പേരു മാറ്റാൻ സഭ അനുവദിക്കുന്നില്ല. ഇതൊക്കെ സഭയിൽ ഞങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളാണ്.

സ്ഥാനത്തർക്കത്തിലെ ഭീകര വഞ്ചന

മനസ്സിനിണങ്ങിയ രൂപത്തിലേക്ക്

യുദ്ധം മതിയാക്കാം, സംഭാഷണത്തിനായി ഒന്നിച്ചിരിക്കാം

വചനമനസ്‌കാരം: No.213

പുതിയ തലമുറ!