വിശുദ്ധ ഫ്രാന്‍സിസ് കരാച്ചിയോളോ (1568-1608) : ജൂണ്‍ 4

വിശുദ്ധ ഫ്രാന്‍സിസ് കരാച്ചിയോളോ (1568-1608) : ജൂണ്‍ 4
ഇറ്റലിയിലെ അബ്രൂസിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് അസ്‌കാനിയോ എന്ന വി. ഫ്രാന്‍സിസ് കരാച്ചിയോളോ 1563 ഒക്‌ടോബര്‍ 13-ന് ജനിച്ചത്. ചെറുപ്പത്തില്‍ കുഷ്ഠംപോലൊരു ത്വക്‌രോഗത്തിന് അടിമയായിരുന്നു അദ്ദേഹം. എങ്കിലും, 22-ാമത്തെ വയസ്സില്‍, ദൈവിക കാര്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അസുഖം പൂര്‍ണമായി ഭേദമായത്രേ! അങ്ങനെ, അസ്‌കാനിയോ നേപ്പിള്‍സില്‍ ദൈവശാസ്ത്രപഠനം ആരംഭിക്കുകയും 1587-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

1589-ല്‍ വി. ജോണ്‍ അഗസ്റ്റിന്‍ അസോണോയുടെ സഹകരണത്തോടെ "മൈനര്‍ ക്ലാര്‍ക്‌സ് റെഗുലര്‍" എന്ന സന്യാസസഭയ്ക്കു രൂപം നല്‍കി. ഈ സന്ന്യാസ സഭയിലെ അംഗങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ആഗ്രഹിക്കാന്‍പോലും അനുവാദമുണ്ടായിരുന്നില്ല. വി. കുര്‍ബാനയുടെ നിത്യാരാധനയില്‍ സഭയിലെ അംഗങ്ങള്‍ മാറി മാറി പങ്കെടുക്കണം. കൂടാതെ, നിരന്തരമായ ആശയടക്കങ്ങള്‍ ശീലിക്കുകയും വേണം. മുഖ്യമായ മൂന്നു വ്രതങ്ങള്‍ക്കു പുറമെ സഭാംഗങ്ങള്‍ പാലിക്കേണ്ട നിയമങ്ങളായിരുന്നു ഇവ.

വ്രതവാഗ്ദാനവേളയില്‍ അസ്‌കാനിയോ സ്വീകരിച്ച നാമമാണ് ഫ്രാന്‍സീസ്. നേപ്പിള്‍സിലെ ആശ്രമത്തിലെ പ്രഥമ സുപ്പീരിയറായി ഫ്രാന്‍സീസ് നിയമിതനായി. വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നുപ്രാവശ്യം സ്‌പെയിനില്‍ പോകേണ്ടിവന്നു. മാഡ്രിഡിലും വല്ലാസോളിഡിലും അല്‍ക്കാലയിലും മൂന്ന് ആശ്രമങ്ങള്‍ സ്ഥാപിച്ചു. പ്രസിദ്ധമായ അല്ക്കാല യൂണിവേഴ്‌സിറ്റിയില്‍ ആശ്രമത്തിലെ അംഗങ്ങളാണ് സയന്‍സ് പഠിപ്പിച്ചിരുന്നത്.

അമ്മവഴിയില്‍ വി. തോമസ് അക്വീനാസിന്റെ കുടുംബബന്ധുവാണ് ഫ്രാന്‍സീസ്. അക്വീനാസിനെപ്പോലെ ജീവിതവിശുദ്ധിയിലും ഫ്രാന്‍സീസ് വളര്‍ന്നു. പാവങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹം. നഗ്നപാദനായി സഞ്ചരിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്കായി ഭിക്ഷ യാചിക്കുകയും ചെയ്തു. പ്രവചനവരവും മറ്റുള്ളവരുടെ ഹൃദയം വായിക്കാനുള്ള അനുഗ്രഹവും ദൈവം ഫ്രാന്‍സീസിനു നല്‍കിയിരുന്നു. "ഈശോയുടെ കുരിശിന്റെ വഴിയിലെ ഏഴു സ്ഥലങ്ങള്‍" ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.

1608 ജൂണ്‍ 4-ന് ഫ്രാന്‍സീസ് ഇഹലോകവാസം വെടിഞ്ഞു. 1807 മെയ് 24-ന് പോപ്പ് പയസ് ഏഴാമന്‍ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org