Coverstory

അപ്പത്തിന്റെ തത്ത്വമസി

സജീവ് പാറേക്കാട്ടില്‍

സത്യത്തിൽ യേശു എന്തിനാണ് മരിച്ചത്? ശരിയായ ചോദ്യം മറ്റൊന്നാണ്. സത്യത്തിൽ യേശുവിനെ എന്തിനാണ് കൊന്നത്? യേശുവിനോട് കൊടിയ പക ഉണ്ടായിരുന്ന കുറെ മനുഷ്യർ ചേർന്ന് ഗൂഢമായും കൃത്യമായും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയായിരുന്നു യേശുവിന്റെ മരണം. യേശു എന്തിന് മരിച്ചു എന്നതിനേക്കാൾ എക്കാലവും പ്രസക്തമായ ചോദ്യം യേശുവിനെ എന്തിനു കൊന്നു എന്നതാണ്. യേശു എന്തിനു മരിച്ചു എന്നതിന് വിശ്വാസികൾക്ക് തീർത്തും വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ, യേശുവിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിനു എക്കാലവും ഉത്തരങ്ങൾ സമാനമായിരിക്കും. കാരണം, എല്ലാത്തരം വിപ്ലവകാരികളോടും മത, രാഷ്ട്രീയാധികാരികൾ എക്കാലവും പ്രതികരിച്ചിട്ടുള്ളത് ഒരുപോലെയാണ്. അപ്പോൾ പ്രസക്തമായ കാര്യമിതാണ് - വിപ്ലവകാരികളുടെ മരണഫലങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ, അവരെ കൊലപ്പെടുത്താനുള്ള കാരണങ്ങൾ സമാനമായിരിക്കും.

ഓരോ കൊലയും രണ്ടു തരം ധ്യാനങ്ങളിലേക്ക് ക്ഷണിക്കുന്നുണ്ട്. കൊല്ലപ്പെട്ടവൻ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്ന ധ്യാനത്തിലേക്കും കൊന്നവൻ/ർ എന്തിനു കൊന്നു എന്ന ധ്യാനത്തിലേക്കും. യേശുവിന്റെ കാര്യത്തിൽ കൊലയുടെ ധ്യാനം ആത്മബലിയുടെ ധ്യാനമായി രൂപാന്തരപ്പെടുകയാണ്. കാരണം, അവർ കൊല്ലുകയായിരുന്നുവെങ്കിലും യേശു സ്വയം ബലിയായി അർപ്പിക്കുകയായിരുന്നല്ലോ!

സത്യത്തിൽ എന്തിനാണ് അവർ യേശുവിനെ കൊന്നത്? പൗരോഹിത്യത്തിന്റെ ഉരുക്കുമുഷ്ടി ഞെരിച്ചമർത്തിയിരുന്ന ദൈവത്തെ ചുങ്കക്കാരും പാപികളും വേശ്യകളും രോഗികളുമടക്കം സർവമനുഷ്യർക്കും ലഭ്യമാക്കി എന്നതാണ് യേശു ചെയ്ത അപരാധം. പൗരോഹിത്യം കയ്യാളിയിരുന്ന ദൈവത്തിന്റെ കുത്തകാവകാശവും കുത്തകവ്യാപാരവും കുത്തകവിതരണവും റദ്ദാക്കിയതാണ് യേശു ചെയ്ത അപരാധം. മതം പൂട്ടിയിട്ട ദൈവത്തെ സർവമനുഷ്യർക്കുമായി തുറന്നു കൊടുത്തു എന്നതാണ് യേശു ചെയ്ത അപരാധം. ഒരർഥത്തിൽ അവൻ ദൈവത്തെ വിമോചിപ്പിക്കുകയായിരുന്നു. മതത്തിന്റെ ദ്രവിച്ച ചട്ടക്കൂടുകളിൽ നിന്നും മതാധികാരികളുടെ ധാർഷ്ട്യത്തിൽ നിന്നും മനുഷ്യന്റെ ഭയങ്ങളിലും മൂഢസങ്കല്പങ്ങളിലും നിന്നുമെല്ലാം ദൈവത്തെ സ്വതന്ത്രമാക്കുകയായിരുന്നു.

മനുഷ്യന്റെ വിശപ്പ് ശമിപ്പിക്കാൻ കുരിശാകുന്ന തളികയിൽ ദൈവം വിളമ്പുന്ന അപ്പമാണ് യേശുക്രിസ്തു. മനുഷ്യന്റെ ദാഹം ശമിപ്പിക്കാൻ കുരിശാകുന്ന ചഷകത്തിൽ ദൈവം പകരുന്ന മധുരവീഞ്ഞാണ് യേശുക്രിസ്തു.

സ്വർഗാധിസ്വർഗത്തിന്റെ അധിപനും സർവശക്തനും തന്റെ പിതാവുമായ ദൈവം സർവമനുഷ്യരുടെയും പിതാവാണെന്നും താൻ വിളിക്കുന്നതുപോലെ "ആബാ-പിതാവേ' എന്ന് അവിടുത്തെ വിളിക്കാമെന്നും യേശു പഠിപ്പിച്ചു. ആ പിതാവിലേക്കുള്ള വാതിലും വഴിയും താൻ തന്നെയാണെന്നും അവൻ പഠിപ്പിച്ചു. പാരമ്പര്യങ്ങളിലും ബലികളിലും ആരാധനാനുഷ്ഠാനങ്ങളിലും മാത്രം സംപ്രീതനാകും എന്ന് കരുതപ്പെട്ടിരുന്ന ദൈവത്തെ സത്യം, നീതി, കരുണ, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങളുമായി യേശു ബന്ധിപ്പിച്ചു. എന്നു മാത്രമല്ല, ആ മൂല്യങ്ങൾ ഉൾച്ചേർത്ത് ആത്മാവിലും സത്യത്തിലുമാണ് ദൈവത്തെ ആരാധിക്കേണ്ടതെന്ന് അവൻ പഠിപ്പിച്ചു. അങ്ങനെ ആരാധിക്കുന്നവർ മാത്രമാണ് യഥാർത്ഥ ആരാധകരെന്നും അവരെയാണ് ദൈവം തേടുന്നതെന്നും അവൻ പഠിപ്പിച്ചു. മതം എന്തിനെന്നതല്ല യേശു പഠിപ്പിച്ച പരമപാഠം; ദൈവം എന്തിനെന്നതാണ്! ദൈവം നമ്മുടെ വിശപ്പിനും വിയർപ്പിനും ഭാരങ്ങൾക്കും കണ്ണീരിനും മോഹങ്ങൾക്കും മോക്ഷത്തിനുമെല്ലാം ഉപകരിക്കുമെന്ന് അവൻ പഠിപ്പിച്ചു. അധ്വാനിക്കുന്നവരോടും ഭാരം വഹിക്കുന്നവരോടും തന്റെ അടുക്കൽ വരാൻ അവൻ പറഞ്ഞു. കരയുന്നവരെ തന്റെ ചുമലു ചാരി കരയാൻ അവൻ ക്ഷണിച്ചു. പാപം ഉൾപ്പെടെ എല്ലാ നുകങ്ങളിൽ നിന്നും സ്വതന്ത്രമാക്കാമെന്ന് അവൻ പറഞ്ഞു. "ഇനിമേൽ അരുത്' എന്നു മാത്രമാണ് ഏതു ഘോരപാപിയോടും അവന് പറയാനുള്ളത്. ഇതെല്ലാം എന്നും പറയാനും എന്നും ചെയ്യാനും അവൻ കണ്ടെത്തിയ മാർഗമാണ് അപ്പമാകുക എന്നത്. "ഇന്നലെയും ഇന്നും എന്നും ഒരേ ആൾ' തന്നെയായതിനാൽ, ഇതൊക്കെ എന്നും ചെയ്യാനാണ് അവൻ അപ്പമായത്.

മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട അടയാളവും രൂപകവും അപ്പമാണ്. ദൈവം അപ്പമാണെന്ന് അവൻ പഠിപ്പിച്ചു. ദൈവം സ്നേഹത്തിന്റെ അപ്പമാണ്; ദൈവം ജീവന്റെ അപ്പമാണ്; ദൈവം സ്വർഗത്തിന്റെ അപ്പമാണ്; ദൈവം സമഗ്രതയുടെ അപ്പമാണ്. ദൈവം നമ്മെ ആസകലം ചൂഴ്ന്നു നിൽക്കുന്ന അപ്പമാണ്. വിശപ്പിനോളം തീവ്രമായ യാഥാർത്ഥ്യമില്ലാത്തതിനാൽ അപ്പത്തേക്കാൾ മികച്ച ബിംബമില്ലെന്ന് യേശുവിന് അറിയാമായിരുന്നു. നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അവൻ അറിയുന്നതു പോലെ മറ്റാർക്കും അറിയില്ലായിരുന്നു. അതുകൊണ്ടാണ് അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ചുകൊണ്ട് "ഇത് എന്റെ ശരീരമാണ്' എന്ന് അവൻ പറഞ്ഞത്. അപ്പത്തെ (അന്നം) ബ്രഹ്മമായി കാണാൻ പഠിപ്പിക്കുന്ന ജ്ഞാനസരണികളുണ്ട്. എന്നാൽ, ദൈവത്തെ അപ്പമായി കണ്ട് ഭക്ഷിക്കാൻ ക്ഷണിക്കുന്നത് യേശു മാത്രമാണ്. ഭയപ്പെടാനും പൂജിക്കാനും ആരാധിക്കാനും മാത്രം കഴിയുന്ന ദൈവത്തെ മറ്റുള്ളവർ പഠിപ്പിച്ചപ്പോൾ, സ്നേഹത്തോടെ ഭക്ഷിക്കാൻ കഴിയുന്ന ദൈവത്തെ യേശു പഠിപ്പിച്ചു! അപ്പമായി ഭക്ഷിക്കാൻ കഴിയുന്ന ദൈവം!

ഈ ഹൃദയബന്ധമാണ് തത്ത്വമസി. ഈ പാരസ്പര്യമാണ് തത്ത്വമസി. അവനെ ഭക്ഷിച്ച് അവൻ തന്നെയായി ജീവിക്കുക; അവനായി ജീവിക്കുക; അവനിൽ ജീവിക്കുക; അവന്റെ ജീവിതം ജീവിക്കുക; അവനുവേണ്ടി ജീവിക്കുക.

ഈ പാഠത്തെ വെല്ലുന്ന മറ്റെന്തുണ്ട് ലോകത്തിൽ? ദൈവം അപ്പമാണ്; അപ്പം ദൈവമാണ്. അതുകൊണ്ടാണ് അപ്പം എടുത്ത് "ഇത് എന്റെ ശരീരമാണ്' എന്ന് അവൻ പറഞ്ഞത്. പറഞ്ഞത് യേശുക്രിസ്തു ആയതിനാൽ അതിന്റെ അർഥം അത് അവൻ തന്നെയാണെന്നാണ്. ഒരർഥത്തിൽ, അപ്പം എടുത്ത് അവൻ പറഞ്ഞത് "അഹം ബ്രഹ്മം അസ്മി' എന്നാണ്. ഞാൻ ബ്രഹ്മം (പരമാത്മാവ്) ആകുന്നു എന്നാണ്. "ഞാനാണ് ജീവന്റെ അപ്പം' എന്നതിന്റെ പൊരുൾ അതുതന്നെയല്ലേ? ആ അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് വിളമ്പി അവൻ നമ്മോട് പറയുന്നത് "തത്ത്വമസി' എന്നാണ്. തത് + ത്വം + അസി = അത് നീ ആകുന്നു എന്നാണ്. തന്നെ ഭക്ഷിക്കുന്നവർ ഇഹത്തിലും പരത്തിലും, നശ്വരതയിലും അനശ്വരതയിലും അപ്പവും അപ്പനുമായ ദൈവത്തെ നോക്കി ജീവിക്കാനാണ് യേശു അപ്പമായത്. ആരും പഠിപ്പിക്കാത്ത പാഠമായിരുന്നു അത്. അത് പഠിപ്പിച്ചതിനാണ് അവർ അവനെ കൊന്നത്. ആ പാഠത്തിന്റെ മാരകമായ പ്രഹരശേഷി അവർക്കറിയാമായിരുന്നു. ആ പാഠം പഠിക്കുന്നവർക്ക് മതവും പൗരോഹിത്യവും ബലിയർപ്പണവും പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങൾ ഉൾപ്പെടെ സർവതും അപ്രസക്തമാണെന്ന്; ആ പാഠം പഠിക്കാതെ തന്നെ അവർക്കു മനസ്സിലായി! ആ പാഠം പഠിക്കുന്നവർക്ക്, "എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ' എന്നാരംഭിക്കുന്ന അവന്റെ ഒരു വാചകം മാത്രമേ അവശേഷിക്കുകയുള്ളൂ. ദൈവം മറഞ്ഞിരിക്കുന്നത് അപ്പത്തിൽ മാത്രമല്ല; അഗതികളിലും അശരണരിലും അബലരിലുമാണ്. അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദൈവത്തെ വെളിപ്പെടുത്തിയ അവൻ തന്നെയാണ് അഗതികളിലും മറഞ്ഞിരിക്കുന്ന ദൈവത്തെ വെളിപ്പെടുത്തിയത്. "എനിക്കു തന്നെയാണു ചെയ്തു തന്നത്' എന്ന അവന്റെ വാക്കുകൾ ഓർമ്മിക്കുക. ദൈവം അഗതികളിൽ മറഞ്ഞിരിക്കുന്ന അപ്പമാണ്! അഥവാ അപ്പത്തിൽ മറഞ്ഞിരിക്കുന്ന ദൈവം വെളിപ്പെടുന്നത് അഗതികളിലും എളിയവരിലുമാണ്. അതിനാൽ, അപ്പത്തെ ഓർമ്മിക്കുന്നവരെല്ലാം അഗതികളെയും ഓർമ്മിക്കേണ്ടി വരും. സത്യത്തിൽ, കരുണയെ ആരാധനയുടെ ഉപാധിയും അടയാളവുമാക്കി എന്നതാണ് യേശു ചെയ്ത കടുംകൈ! അതുവരെ ആരാധനയും കരുണയും സമാന്തരങ്ങളായിരുന്നെങ്കിൽ, യേശു അവയെ വേർപെടുത്താനാവാത്തവിധം ഒന്നാക്കി. ആരാധിക്കുന്നവർ കരുണയുള്ളവരായിരിക്കണം; കരുണയുള്ളവർ സ്വഭാവേന ആരാധിക്കുന്നവരുമാകണം.

യേശു പഠിപ്പിച്ച ദൈവം അഗ്നിയുടെ ബലികൾ മാത്രമല്ല; ജലത്തിന്റെ ജീവിതബലികളും സ്വീകരിക്കും. ആ ദൈവം കണ്ണീരിന്റെ ജീവിതബലികൾ സ്വീകരിക്കും. ആ ദൈവം വിയർപ്പിന്റെയും നെടുവീർപ്പിന്റെയും വിലാപത്തിന്റെയും തേങ്ങലിന്റെയും ജീവിതബലികളും സ്വീകരിക്കും. ശുദ്ധമായ അന്തഃകരണത്തോളം; കറയില്ലാത്ത ഹൃദയത്തോളം; ദൈവത്തിന് സ്വീകാര്യമായ ബലിവസ്തു മറ്റൊന്നുമില്ലെന്ന് യേശു പഠിപ്പിച്ചു. ശുദ്ധിയുള്ള ഏതു വിചാരവും വാക്കും പ്രവൃത്തിയും വഴി ദൈവത്തിന് ബലിയർപ്പിക്കാമെന്ന് അവൻ പഠിപ്പിച്ചു. അതാണ് യേശു പഠിപ്പിച്ച ആരാധനയുടെ പൊരുളും പരമാർഥവും. അതു പഠിപ്പിച്ചതിനാണ് അവർ അവനെ കൊന്നത്.

ഇതൊക്കെ പഠിപ്പിക്കുന്നവനെ കൊല്ലാതെ എന്തു ചെയ്യും? വ്യവസ്ഥാപിത മതവും വ്യവസ്ഥാപിത രാഷ്ട്രീയവും ഇത്തരം ഗുരുക്കളെ കൊല്ലും. സ്വാഭാവികമാണ്. യേശുവിനും അതറിയാമായിരുന്നു. അതിനാലാണ് അവൻ അസ്വാഭാവികമായ അപ്പമായി മാറിയത്! കേവലം ഒരപ്പത്തിലൂടെ ദൈവം നീയായി മാറുന്ന പരമാദ്ഭുതമാണ് ദിവ്യകാരുണ്യം! നീ ദൈവമായി മാറുകയല്ല; ദൈവം നീയായി മാറുകയാണ്. ദൈവം അപ്പമാകയാൽ; അപ്പം ദൈവമാകയാൽ; അപ്പം ഭക്ഷിക്കുമ്പോൾ ദൈവം നീയും ഞാനുമായി മാറുകയാണ്. ദൈവം നമ്മളായി മാറുകയാണ്. ദൈവത്തെ ഭക്ഷിച്ച നമ്മൾ ദൈവാലയമായി മാറുകയാണ്. ഇതാണ് അപ്പത്തിന്റെ തത്ത്വമസി! നമ്മുടെ ശരീരം ദൈവാലയമായി മാറുന്നു. നമ്മുടെ ഹൃദയം ശ്രീകോവിലായി മാറുന്നു. നമ്മുടെ ആത്മാവ് അവൻ പള്ളികൊള്ളുന്ന പള്ളിയായി മാറുന്നു. ഇതാണ് അപ്പത്തിന്റെ അദ്ഭുതം. ഇതാണ് യഥാർത്ഥ ദിവ്യകാരുണ്യ അദ്ഭുതം. ഇതാണ് തത്ത്വമസിയുടെ സാക്ഷാൽക്കാരം.

അവൻ കൊല്ലപ്പെട്ട അപ്പമാണ്. കൊല്ലുന്നതിന് മുൻപ് "ആഘാതപഠനം' നടത്താതിരുന്നതിനാൽ അപ്പക്കൊലയുടെ പൊരുൾ കൊന്നവർ അറിഞ്ഞിരുന്നില്ല. കൊന്നാൽ അവൻ എന്നേക്കും ജീവിക്കുന്ന അപ്പമാകും എന്നറിഞ്ഞിരുന്നെങ്കിൽ; യുഗാന്തം വരെ ജീവിക്കുന്ന അപ്പമാകും എന്നറിഞ്ഞിരുന്നെങ്കിൽ; ഒരുപക്ഷേ, അവർ അവനെ കൊല്ലില്ലായിരുന്നു! പക്ഷേ, അവർ കൊല്ലും എന്ന് അവനറിയാമായിരുന്നു. അതിനാലാണ് അവൻ അപ്പമായത്! കൊല്ലപ്പെട്ടതുകൊണ്ടാണ് അവൻ അപ്പമായി ഇന്നും ജീവിക്കുന്നത്. ആദിമുതലേ വചനമായി ഉണ്ടായിരുന്ന അപ്പമാണ് യേശു. ദൈവത്തോടൊപ്പം ഉണ്ടായിരുന്ന; ദൈവം തന്നെയായ അപ്പമാണ് യേശു. സമയങ്ങളുടെ സമയത്തിൽ വചനം അപ്പമായി. സമയങ്ങളുടെ സമയത്തിൽ അപ്പം കുരിശിലേറി. അഥവാ ആദിയിലെ വചനം കുരിശിലെ അപ്പമായി മാറി. മനുഷ്യന്റെ വിശപ്പ് ശമിപ്പിക്കാൻ കുരിശാകുന്ന തളികയിൽ ദൈവം വിളമ്പുന്ന അപ്പമാണ് യേശുക്രിസ്തു. മനുഷ്യന്റെ ദാഹം ശമിപ്പിക്കാൻ കുരിശാകുന്ന ചഷകത്തിൽ ദൈവം പകരുന്ന മധുരവീഞ്ഞാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ഈ അപ്പം ഭക്ഷിച്ച്, ജീവൻ പ്രാപിക്കാനും ഈ മധുരമധു നുകർന്ന് നിത്യത സ്വന്തമാക്കാനും അവൻ ക്ഷണിക്കുന്നത്.

യേശു ഇന്നും ജീവിക്കുന്നുണ്ടെങ്കിൽ ഇന്നും മരിക്കുന്നുണ്ട്; ഇന്നും ഉയിർക്കുന്നുണ്ട്. ഓരോ കൂദാശയിലൂടെയും നമുക്ക് ലഭിക്കുന്ന വരപ്രസാദം അവന്റെ മരണത്തിന്റെ യോഗ്യതയും ഫലവുമാണ്. ദിവ്യകാരുണ്യം മാത്രമല്ല, എല്ലാ കൂദാശകളും അവന്റെ കൊലയുടെ ആഘോഷമാണ്; അഥവാ ആഘോഷമായ കൊലയുടെ ഫലമാണ്. ഓരോ കൂദാശയും അവന്റെ സമഗ്രതയുടെ ആഘോഷമാണ്. അവൻ അനുനിമിഷം മരിച്ചുകൊണ്ടേയിരിക്കുന്നു; നാം അനുനിമിഷം അവനുവേണ്ടി ജീവിച്ചുകൊണ്ടേയിരിക്കാൻ! അവൻ അനുനിമിഷം ഉയിർത്തുകൊണ്ടേയിരിക്കുന്നു; നാം അനുനിമിഷം അവനുവേണ്ടി മരിച്ചുകൊണ്ടേയിരിക്കാൻ! ഈ ഹൃദയബന്ധമാണ് തത്ത്വമസി. ഈ പാരസ്പര്യമാണ് തത്ത്വമസി. അവനെ ഭക്ഷിച്ച് അവൻ തന്നെയായി ജീവിക്കുക; അവനായി ജീവിക്കുക; അവനിൽ ജീവിക്കുക; അവന്റെ ജീവിതം ജീവിക്കുക; അവനുവേണ്ടി ജീവിക്കുക. അപ്പം തത്ത്വമസി ആകുന്നത് ഇപ്രകാരമാണ്. അപ്പത്തിന്റെ ഭവനമായ ബെത്.ലഹെമിൽ നാം കാണുന്നത് തത്ത്വമസിയുടെ അപ്പത്തെയാണ്. കാൽവരിയിലെ കുരിശും ശൂന്യമായ കല്ലറയും നമ്മോടു പറയുന്നത് അപ്പത്തിന്റെ തത്ത്വമസിയെക്കുറിച്ചാണ്. ചലിക്കുന്ന തത്ത്വമസി ആകാനാണ് ക്രിസ്മസും ഈസ്റ്ററുമെല്ലാം നിരന്തരം നമ്മെ ക്ഷണിക്കുന്നത്.

അങ്കമാലിയിൽ ദേശീയ നഴ്സിംഗ് ശില്പശാല

പെസഹാ വ്യാഴം: പള്ളികളിലെ അപ്പം മുറിക്കൽ

മലയാളി മെത്രാൻ

Easter വന്ന വഴി

കിറെനക്കാരനായ ശിമയോന്‍