Coverstory

എല്ലാവരും ഒന്നായിരിക്കുന്നതിനു വേണ്ടി

Sathyadeepam
മാനന്തവാടി രൂപതയുടെ സഹായമെത്രാനായി നിയമിതനാകുന്ന ബിഷപ് അലക്‌സ് താരാമംഗലം, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലാണ് വൈദികപഠനം പൂര്‍ത്തിയാക്കിയത്. തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി 1983-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടി. വടവാതൂരിലും ഇതര സെമിനാരികളിലും പഠിപ്പിച്ചു. വടവാതൂര്‍ സെമിനാരിയുടെ വൈസ് റെക്ടറും റെക്ടറുമായി സേവനം ചെയ്തു. 2016 മുതല്‍ തലശ്ശേരി അതിരൂപതയുടെ വികാരി ജനറല്‍ ആയിരുന്നു. പുതിയ നിയോഗം ഏറ്റെടുക്കുന്ന ബിഷപ് അലക്‌സ് താരാമംഗലവുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

മാനന്തവാടി രൂപത ഒറ്റ നോട്ടത്തില്‍

1973 ലാണ് ക്വാന്ത ഗ്ലോറിയ എന്ന തിരുവെഴുത്തു വഴി, തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത രൂപം കൊണ്ടത്. 1973 മെയ് 1-ന് രൂപതയുടെ പ്രഥമമെത്രാനായി ആര്‍ച്ചു ബിഷപ് ജേക്കബ് തൂങ്കുഴി അഭിഷേകം ചെയ്യപ്പെട്ടു. 1995 വരെ 22 വര്‍ഷം അദ്ദേഹം രൂപതയെ നയിച്ചു. 1996 ജനുവരിയില്‍ ബിഷപ് എമ്മാനുവല്‍ പോത്തനാംമുഴി രൂപതാദ്ധ്യക്ഷനായി. 2003-ല്‍ അദ്ദേഹം നിര്യാതനാകുകയും 2004-ല്‍ ബിഷപ് ജോസ് പൊരുന്നേടം രൂപതാദ്ധ്യക്ഷ നായി നിയമിക്കപ്പെടുകയും ചെയ്തു.

രൂപതയിലെ വിശ്വാസികള്‍ : 1,77,112

ഇടവകകള്‍ : 160

രൂപതാ വൈദികര്‍ : 247

സന്യാസവൈദികര്‍ : 18

വനിതാസന്യസ്തര്‍ : 1370

വനിതാ സന്യസ്തഭവനങ്ങള്‍ : 207

പുരുഷ സന്യസ്തഭവനങ്ങള്‍ : 50

ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍: 12

ഹൈസ്‌കൂളുകള്‍ : 26

പ്രൈമറി സ്‌കൂളുകള്‍ : 89

ആശുപത്രികള്‍ : 15

ധ്യാനകേന്ദ്രങ്ങള്‍ : 2

വൃദ്ധമന്ദിരങ്ങള്‍: 12

ആപ്തവാക്യം എന്ത്? അതു തിരഞ്ഞെടുക്കാനുള്ള കാരണം?

''അവര്‍ എല്ലാവരും ഒന്നായിരിക്കുന്നതിനു വേണ്ടി.'' ഇതാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. വി. യോഹന്നാന്‍ 17:21 ന്റെ പശ്ചാത്തലത്തിലെടുത്ത ആപ്തവാക്യമാണിത്. സ്‌നേഹവും ഐക്യവും ഉള്ള ഒരു സമൂഹം, ദൈവജനം, മനുഷ്യരാശി രൂപപ്പെടണം, അതിനുള്ള ശുശ്രൂഷയായി മാറണം എന്റെ സേവനം എന്ന അര്‍ത്ഥത്തിലാണിത്. ഈശോയുടെ പ്രബോധനത്തില്‍ അതുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പിനു സ്‌നേഹവും ഐക്യവും അവശ്യാവശ്യമാണ് എന്നതാണ് എന്റെ ബോദ്ധ്യം. ഇവയിലൂടെയാണ് നിത്യജീവന്റെ വാതായനങ്ങള്‍ തുറന്നു കിട്ടുന്നതും. അതുകൊണ്ടാണ് ഈ വാക്യം തിരഞ്ഞെടുത്തത്.

മലബാറിലേക്കു കുടിയേറിയവരുടെ പിന്‍തലമുറയില്‍ നിന്ന് ഇപ്പോള്‍ വിദേശരാജ്യങ്ങളി ലേക്കു വലിയ കുടി യേറ്റം നടക്കുന്നു. കേരളത്തില്‍ നിന്നു പൊതുവെയും കുടിയേറ്റം വളരെ കൂടുതലാണ്. ഈ പ്രവണതയെ എങ്ങനെയാണു കാണുന്നത്?

തീരെ സാമ്പത്തികഭദ്രത ഇല്ലാത്തവര്‍ക്കു സാമ്പത്തികഭദ്രത കെട്ടിപ്പടുക്കാന്‍ വിദേശജോലികള്‍ സഹായിക്കുന്നുണ്ട്. ഇവിടെയുള്ള ജോലികള്‍ നേടിയെടുക്കാന്‍ പ്രയാസപ്പെടുന്നവരാണിവരില്‍ പലരും. അതുകൊണ്ടുകൂടിയാണ് അവര്‍ വിദേശജോലികള്‍ തേടുന്നത്. ഇതുകൊണ്ട്, ഇവിടെയുള്ള യുവശക്തി ചോര്‍ന്നു പോകുന്നതായി നമുക്കു തോന്നും. പക്ഷേ പുതിയൊരു തരം സുവിശേഷവത്കരണം നടക്കുന്നു എന്നു പ്രത്യാശിക്കുകയുമാകാം.

ഇന്നത്തെ യുവജനങ്ങളെ എങ്ങനെ വിലയിരുത്തുന്നു? അവരുടെ ധാര്‍മ്മിക നിലവാരത്തിലും സാമൂഹ്യപ്രതിബദ്ധ തയിലും സഭാ സ്‌നേഹത്തിലും സംതൃപ്തനാണോ?

യുവജനങ്ങളിലെ നന്മകള്‍ നാം അംഗീകരിക്കണം. കൃത്യമായ ലക്ഷ്യബോധം കരുപ്പിടിപ്പിക്കുന്നതില്‍ ചില യുവജനങ്ങള്‍ പരാജയപ്പെടുന്നുണ്ട്. ഈ പരാജയം ചിലപ്പോള്‍ പെരുമാറ്റ വൈകല്യങ്ങളിലേക്കും എത്തിക്കും. യഥാസമയം അവരെ കണ്ടെത്തി നയിക്കാന്‍ വേണ്ടത്ര ആളുകളില്ല എന്നതും പ്രയാസകരമാണ്. എന്നാല്‍ ഈ വൈകല്യങ്ങളൊന്നും സ്ഥായീഭാവമാര്‍ജിക്കുന്നില്ല. നല്ല രീതിയില്‍ മാര്‍ഗദര്‍ശനം കൊടുത്താല്‍ അവരെല്ലാം നന്മയിലേക്കു കടന്നുവരും എന്നതുറപ്പാണ്. ചുരുക്കത്തില്‍, യുവജനങ്ങളില്‍ എനിക്കു വലിയ പ്രത്യാശയുണ്ട്.

ഇന്ത്യയില്‍ മത വര്‍ഗീയത വര്‍ദ്ധിക്കു ന്നതിന്റെ അപകട സാദ്ധ്യതകള്‍ എന്തൊക്കെയാണ്?

നമുക്ക് ഒരു ജന്മമല്ലേയുള്ളൂ. സന്തോഷത്തോടും സമാധാനത്തോടും ഈ ഭൂമിയില്‍ ജീവിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇതു സാധിക്കാത്ത ഒരു അരക്ഷിതാവസ്ഥ, അരാജകത്വം ഇവ നടമാടുന്ന ഒരവസ്ഥ വര്‍ഗീയത മൂലം ഉണ്ടാകുന്നു. അതു പരിഹരിക്കപ്പെടേണ്ടതുതന്നെയാണ് എന്നതാണ് എന്റെ ബോദ്ധ്യം.

ക്രിസ്ത്യാനികള്‍ ക്കിടയില്‍ വര്‍ഗീയത വര്‍ദ്ധിക്കുന്നു എന്ന ആരോപണമുണ്ട്. അതിനെ എങ്ങനെ കാണുന്നു? ക്രൈസ്തവര്‍ വര്‍ഗീയവാദികളാകുന്നുണ്ടോ?

സമുദായബോധം വളരെ കുറവുള്ള ഒരു സമൂഹമായിരുന്നു ക്രൈസ്തവര്‍. അത് കുറച്ചൊക്കെ കെട്ടിപ്പടുക്കേണ്ടതാണ് എന്നു തോന്നിയിട്ടുണ്ട്. ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം എന്നു പറയാറുണ്ടല്ലോ. എന്നാല്‍ മറ്റു സമൂഹങ്ങള്‍ ഇനി നമുക്കാവശ്യമില്ല എന്നു ചിന്തിക്കാന്‍ തുടങ്ങുന്നതോടെ ഇതു വഴിതെറ്റാന്‍ തുടങ്ങും. എല്ലാവരേയും വളര്‍ത്താന്‍ വേണ്ടി നാം ഒന്നാകെ രംഗത്തിറങ്ങുന്നു എന്ന തരത്തിലുള്ള സ്വത്വബോധം വളരെ ശ്ലാഘനീയമാണുതാനും.

തലശ്ശേരിയില്‍ നിന്നു മാനന്തവാടി രൂപതയിലേക്കുള്ള ഈ നിയോഗമറിഞ്ഞപ്പോള്‍ എന്താണു ആദ്യം തോന്നിയത്?

മാനന്തവാടി രൂപതയിലേക്കു വരുന്നതിനെ ദൈവം ഏല്‍പിക്കുന്ന നിയോഗമായി മാത്രം കാണുന്നു. അങ്ങനെ ഒരു നിയോഗമേല്‍പിക്കുന്ന ദൈവം അതു നിറവേറ്റാനുള്ള കൃപയും തരും എന്നതാണ് ഇന്നുവരെയുള്ള എന്റെ ജീവിതബോദ്ധ്യം.

1958 ഏപ്രില്‍ 20-ന് താരാമംഗലം കുര്യാച്ചന്‍-അന്നക്കുട്ടി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായി പാലാ രൂപതയിലെ മൂഴൂര്‍ ഇടവകയിലാണ് അലക്‌സച്ചന്‍ ജനിച്ചത്. തലശ്ശേരി അതിരൂപതയിലെ പാത്തന്‍പാറ ഇടവക യിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. സ്‌കൂള്‍ പഠനത്തിന് ശേഷം അലക്‌സച്ചന്‍ 1973-ല്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയിലെ തത്വ ശാസ്ത്ര ദൈവശാസ്ത്ര പഠനത്തിനു ശേഷം 1983 ജനുവരി 1-ന് പാത്തന്‍പാറ ഇടവകയില്‍ വച്ച് അന്നത്തെ തലശ്ശേരി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ പിതാവില്‍നിന്ന് പുരോഹിതപട്ടം സ്വീകരിച്ചു.

ഏതാനും വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്ക് ശേ ഷം 1986 മുതല്‍ 1992 വരെ റോമില്‍ ഉപരിപഠനം നടത്തി അവിടെയുള്ള ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1993 മുതല്‍ 1995 വരെ വടവാതൂര്‍, മംഗലപ്പുഴ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. തുടര്‍ന്ന് വടവാതൂര്‍ സെമിനാരി യില്‍ സ്ഥിരം അധ്യാപകനായി. വടവാതൂര്‍ തന്നെ 2005 മുതല്‍ 2010 വരെ വൈസ് റെക്ടറും 2010 മുതല്‍ 2015 വരെ റെക്ടറും ആയി പ്രവര്‍ത്തിച്ചു. 2016 മുതല്‍ 2022 മെയ് വരെ തലശ്ശേരി അതിരൂപതയുടെ പ്രോട്ടോ സിന്‍ച്ചെല്ലുസ് ആയിരുന്നു. അതിനുശേഷം മാടത്തില്‍ ഇടവകയുടെ വികാരിയായി നിയമിക്കപ്പെട്ടു.

''മാനന്തവാടി രൂപതയുടെ മാതൃരൂപതയായ തലശ്ശേരി അതിരൂപതയിലെ വൈദികനായ ബഹുമാനപ്പെട്ട അല ക്‌സ് താരാമംഗലം അച്ചനാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വളരെ വിസ്തൃതവും കേരള കര്‍ണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നതുമായ മാനന്ത വാടി രൂപത വിഭജിച്ച് കര്‍ണ്ണാടകയില്‍ ഭദ്രാവതി, മണ്ഡ്യ എന്നീ രണ്ടു രൂപതകള്‍ നേരത്തെതന്നെ സ്ഥാപിതമായി. അതിലൂടെ മാനന്തവാടി മെത്രാന്‍ എന്ന നിലയില്‍ എന്റെ ജോലിഭാരം കുറഞ്ഞു എന്നത് വാസ്തവമാണ്. അതേ സമ യം രൂപതാദ്ധ്യക്ഷന്റെ അടിയന്തിര ശ്രദ്ധയും സാന്നിദ്ധ്യ വും ആവശ്യമുള്ള ജോലികളും സാഹചര്യങ്ങളും അനു ദിനം വര്‍ദ്ധിച്ചുവരികയാണ്. അതുപോലെ ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആനുകാലിക സാഹചര്യങ്ങളും നമ്മള്‍ പുതിയതായി തുടങ്ങിക്കൊണ്ടിരിക്കുന്ന നൂതനങ്ങ ളായ പല പദ്ധതികളും അത്ര മെച്ചമല്ലാത്ത എന്റെ ആരോ ഗ്യസ്ഥിതിയും എല്ലാം പരിഗണിച്ചപ്പോള്‍ മേല്‍പ്പട്ട ശുശ്രൂ ഷ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവും ആകാന്‍ ഒരു സഹായമെത്രാന്‍ വരുന്നത് ഉപകാരപ്രദമായിരിക്കും എന്ന് ബോധ്യപ്പെട്ടതിനാലാണ് ആ വഴിയില്‍ ആലോചന വന്ന ത്. പുതിയ സഹായമെത്രാന്റെ മേല്‍പ്പട്ട ശുശ്രൂഷ നമ്മുടെ രൂപതയ്ക്ക് അനുഗ്രഹപ്രദമാകട്ടെ.''

മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?

ഈ രൂപതയില്‍ എന്തൊക്കെയാണു ചെയ്യാന്‍ കഴിയുക എന്നത് രൂപതാദ്ധ്യക്ഷനോടും വൈദികഗണത്തോടും സമര്‍പ്പിതസമൂഹത്തോടും ദൈവജനത്തോടും ഒപ്പം ഇരുന്നു പഠിക്കേണ്ട ഒരു വിഷയമാണ്. അതിനുള്ള ഒരു മനസ്സാണ് കരുപ്പിടിപ്പിച്ചിരിക്കുന്നത്. അതിനുശേഷം ഈ നാടിനെയും ജനത്തെയും സഹായിക്കുന്നതിനുള്ള പദ്ധതികളില്‍ ഒരു ഘടകമാകണം എന്നതുതന്നെയാണ് എന്റെ സ്വപ്നം. ഈ പുതിയ നിയോഗത്തെ കൂടുതല്‍ വിസ്തൃതമായ കര്‍മ്മകാണ്ഡം തുറന്നു തരുന്ന ദൈവനിയോഗമായി ഞാന്‍ കാണുന്നു. കൂടുതല്‍ വ്യക്തികള്‍ക്ക്, കൂടുതല്‍ സംരംഭങ്ങള്‍ക്കു സംലബ്ധമാകാനുള്ള ദൈവനിയോഗം.

കുറെക്കാലം സെമിനാരി അദ്ധ്യാപകനായിരുന്നല്ലോ. വൈദികപരിശീലന രംഗത്തു എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?

കാലോചിതമായ മാറ്റങ്ങള്‍ വൈദികപരിശീലനരംഗത്തു വരുത്തുന്നുണ്ട്. ഇനിയും അതു തുടര്‍ന്നുകൊണ്ടിരിക്കണം എന്നതാണ് എന്റെ അഭിപ്രായം.

സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡും ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വവും ആഗോളസഭയില്‍ എന്തു മാറ്റമാണു ണ്ടാക്കാന്‍ പോകുന്നത്?

ശുഭകരമായ മാറ്റങ്ങളുണ്ടാകും എന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്