Coverstory

എല്ലാം ദൈവത്തിന്റെ ഉപരിമഹത്വത്തിനായി : ഇഗ്നേഷ്യസ് ലയോളയുടെ പ്രേഷിതദർശനം - ഒരു ധ്യാനാത്മക വായന

മിഥുന്‍ ജെ ഫ്രാന്‍സിസ് SJ
  • ആമുഖം

ഒരു വിശുദ്ധന്റെ ജീവിതം വായിക്കുക എന്നാൽ കേവലം ഒരു ചരിത്രവസ്തുത പഠിക്കുക യല്ല. അതൊരു ക്ഷണം സ്വീകരി ക്കുകയാണ്. ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം അത്തര മൊരു ക്ഷണമാണ്. സ്വന്തം ഹൃദയത്തെ വായിക്കാൻ. യാഥാർത്ഥ്യത്തെ ദൈവത്തിന്റെ കണ്ണുകൾകൊണ്ട് നോക്കാൻ. ജീവിതത്തെത്തന്നെ ഒരു ദൗത്യ മായി ജീവിക്കാനുള്ള ക്ഷണം.

നൂറ്റാണ്ടുകൾക്കിപ്പുറവും ഈ ബാസ്ക് പ്രഭുകുമാരന്റെ ദർശനം ലോകമെമ്പാടുമുള്ള സഭകൾക്ക് വെളിച്ചമേകുന്നു. കാരണം ഇഗ്നേഷ്യസ് നമുക്ക് നൽകുന്നത് ഒരു നിയമ സംഹിതയോ ഒരു പ്രവർത്തന പദ്ധതിയോ മാത്രമല്ല. അതൊരു ഹൃദയവിശാലതയാണ്. ഒരു ദിശാബോധമാണ്. “ഉപരി” (അധിക/കൂടുതൽ/magis) എന്ന വാക്കിൽ ഒളിഞ്ഞിരിക്കുന്ന ഒരു ജീവിതരഹസ്യമാണ്.

  • ഒരു പീരങ്കിയുണ്ട വായിച്ചെടുത്ത മനുഷ്യൻ

1521-ലെ ഒരു വേനൽക്കാലം. പാംപ്ലോനയുടെ കോട്ട മതിലിൽ ഫ്രഞ്ചുപടയോട് വാശിയോടെ പൊരുതി നിൽക്കുകയായിരുന്നു ബാസ്ക് പ്രഭുകുമാരനായ ഇഞ്ഞിഗോ ലോപ്പെസ് ദെ ലയോള. യുദ്ധം ജയിക്കാൻ ഒരു സാധ്യതയുമില്ലാ ഞ്ഞിട്ടും കീഴടങ്ങാൻ അയാൾ കൂട്ടാക്കിയില്ല. അതിനു കാരണം അയാളുടെ സ്വപ്നങ്ങൾ തന്നെ യായിരുന്നു. കീർത്തിയുടെയും ആയുധത്തിന്റെയും പ്രഭുകന്യക മാരുടെ പ്രീതിയുടെയും സ്വപ്നങ്ങൾ. ഒരു കാൽ പൂർണ്ണ മായും തകർത്ത്, മറ്റേ കാലിന് ആഴത്തിൽ മുറിവേൽപ്പിച്ച് പാഞ്ഞെത്തിയ ആ പീരങ്കിയുണ്ട യഥാർത്ഥത്തിൽ തച്ചുടച്ചത് അദ്ദേഹത്തിന്റെ വലിയ സ്വപ്നങ്ങളെക്കൂടിയായിരുന്നു. ആ യുവാവിന്റെ ലോകത്തെ അത് നിലംപരിശാക്കി.

വേദനയോടെ കിടക്കയിൽ കിടക്കുമ്പോൾ വായിക്കാൻ എന്തെങ്കിലും വേണമെന്ന് അയാൾ ചോദിച്ചു. വീരസാഹ സിക കഥകളും പ്രണയകാവ്യ ങ്ങളും പ്രതീക്ഷിച്ച അയാൾക്ക് കിട്ടിയത് ക്രിസ്തുവിന്റെ ജീവിതവും വിശുദ്ധരുടെ ജീവ ചരിത്രവും നിറഞ്ഞ രണ്ട് ഗ്രന്ഥങ്ങൾ. മറ്റൊന്നും ഇല്ലാഞ്ഞതുകൊണ്ട് അയാൾ അവ വായിച്ചു.

വീരനായകനാകാൻ കൊതിച്ച ആ മനുഷ്യന്റെ ജീവിതം അവിടെ മറ്റൊരു കഥ യായി വഴിമാറുകയായിരുന്നു. ഇവിടെയാണ് ഇഗ്നേഷ്യൻ ആത്മീയതയുടെ ഉത്ഭവം. കാരണം ഇഞ്ഞിഗോ ഒരു കാര്യം കണ്ടെത്തി. ചില സ്വപ്നങ്ങൾ ഭാവനയിൽ ആസ്വദിക്കുമ്പോൾ അവ പിന്നീട് വരൾച്ചയും അസ്വസ്ഥതയും ബാക്കി വയ്ക്കുന്നു. മറ്റു ചില സ്വപ്നങ്ങൾ, ക്രിസ്തുവിനെ പിന്തുടരുന്നതിനെ ക്കുറിച്ചുള്ളവ, വായന കഴിഞ്ഞാലും ഹൃദയത്തിൽ ശാന്തിയും ആനന്ദവും ബാക്കിവയ്ക്കുന്നു. “തന്റെ ആത്മാവിൽ ഉണ്ടായ ഈ വ്യത്യാസത്തിലേക്ക്” [Aut 8] അയാൾ കണ്ണുതുറന്നു. അങ്ങനെ ആത്മാക്കളുടെ വിവേചനം (el discernimiento de los espíritus) പിറന്നു. ഇഗ്നേഷ്യസിന്റെ ഈ അനുഭവത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പറയുന്നത് ഇപ്രകാരമാണ്: “ആത്മാവിന്റെ ചലനങ്ങളെ വിവേചിച്ചറിയാനുള്ള താക്കോൽ അദ്ദേഹത്തിന് നൽകിയത് കാലമാണ്.”

ഇഗ്നേഷ്യസിന് ദൗത്യമെന്നാൽ ഒരു പ്രവൃത്തിയല്ല; അതൊരു ദിശാബോധമാണ്. അതൊരു ലക്ഷ്യമല്ല; അതൊരു മാനദണ്ഡമാണ്. ആ മാനദണ്ഡത്തിന് ഒരു പേരുണ്ട്. നാലക്ഷരങ്ങളിൽ ചുരുക്കിയ ഒരു ജീവിതരഹസ്യം Ad Maiorem Dei Gloriam, ദൈവത്തിന്റെ ഉപരി (അധിക/കൂടുതൽ) മഹത്വത്തിനായി.

ഇത് വെറുമൊരു മതപരിവർത്തനകഥയല്ല; മറിച്ച്, ഹൃദയചലനങ്ങളെ വായിക്കാൻ, യാഥാർത്ഥ്യത്തെ വായിക്കാൻ പഠിച്ച ഒരു മനുഷ്യന്റെ കഥയാണ്. മാൻറേസയിലെ ഗുഹയിൽ, കാർദോനെർ നദിക്കരയിൽ വെച്ച് ഒരു നിമിഷംകൊണ്ട് തന്നിലേക്ക് ഒഴുകിയിറങ്ങിയ ആ ദിവ്യപ്രകാശത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: “അത്രമേൽ ഉജ്ജ്വലമായ ഒരു വെളിച്ചം; ജീവിതത്തിൽ അതുവരെ പഠിച്ചതെല്ലാം ഒന്നിച്ചു ചേർത്താലും അതിനു തുല്യമാകില്ല” [Aut 30]. അതൊരു ദൈവശാസ്ത്രസിദ്ധാന്തമായിരുന്നില്ല; മറിച്ച്, ലോകത്തെയും അതിലെ എല്ലാ വസ്തുക്കളെയും പുതിയ കണ്ണുകൾകൊണ്ട് കാണാനുള്ള ഒരു കൃപയായിരുന്നു. ഈ പ്രേഷിതനെ, സ്വന്തം ഹൃദയത്തെ വായിച്ചറിഞ്ഞ ഈ വായനക്കാരനെ, പ്രേഷിതദർശനത്തിന്റെ ഈ മനുഷ്യനെ, ഇന്നത്തെ സഭ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. കാരണം, നാമും പലപ്പോഴും പ്രതാപത്തിന്റെയും സ്വാധീനത്തിന്റെയും വീരസാഹസിക കഥകൾക്ക് പിന്നാലെ പായുന്നവരാണ്. ഇവിടെ ഇഗ്നേഷ്യസ് നമ്മോട് ചോദിക്കുന്നു: ഇത്തരം കഥകൾ വായിച്ചുകഴിയുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ എന്താണ് അവശേഷിക്കുന്നത്? ആത്മാവിന്റെ ആനന്ദമോ അതോ വരൾച്ചയോ?

  • പ്രേഷിതചൈതന്യം ഒരു ദൗത്യമല്ല, മറിച്ച് ദൗത്യത്തിലേക്കുള്ള ലഭ്യതയാണ്

ഇഗ്നേഷ്യൻ പ്രേഷിതദൗത്യബോധത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ ഇതാണ്: വിദ്യാഭ്യാസമോ സാമൂഹികപ്രവർത്തനമോ ധ്യാനപ്രഭാഷണമോ - ഇവയിലേതെങ്കിലും ഒന്നാണ് ഈശോസഭക്കാരുടെ “ചൈതന്യം” (charism) എന്ന ധാരണ. യഥാർത്ഥത്തിൽ ഇഗ്നേഷ്യസിന് ദൗത്യമെന്നാൽ ഒരു പ്രവൃത്തിയല്ല; അതൊരു ദിശാബോധമാണ്. അതൊരു ലക്ഷ്യമല്ല; അതൊരു മാനദണ്ഡമാണ്. ആ മാനദണ്ഡത്തിന് ഒരു പേരുണ്ട്. നാലക്ഷരങ്ങളിൽ ചുരുക്കിയ ഒരു ജീവിതരഹസ്യം Ad Maiorem Dei Gloriam, ദൈവത്തിന്റെ ഉപരി (അധിക/കൂടുതൽ) മഹത്വത്തിനായി.

ഇവിടെ ആ “ഉപരി” അഥവാ “കൂടുതൽ” (maior, mas) എന്ന താരതമ്യപദമാണ് യഥാർത്ഥ ത്തിൽ ഈശോസഭയുടെ ആത്മാവ്. അതിനാൽ, ഓരോ ഈശോസഭാംഗത്തിനുമുള്ള നിയമമായി ഇഗ്നേഷ്യസ് ഇപ്രകാരം എഴുതി: “ജീവിതകാലം മുഴുവൻ, ആദ്യം ദൈവത്തെയും തുടർന്ന് അവിടത്തേക്കുള്ള വഴിയായ തന്റെ സഭയുടെ ജീവിതരീതിയെയും അവൻ കണ്മുന്നിൽ വയ്ക്കട്ടെ; ദൈവം അവനുവേണ്ടി മുന്നോട്ടുവയ്ക്കുന്ന ഈ ലക്ഷ്യത്തെ തന്റെ സർവ്വശക്തിയുമുപയോഗിച്ച് നേടാൻ അവൻ പരിശ്രമിക്കട്ടെ” [FI 1]. ഇവിടെ സഭയുടെ ജീവിതരീതിതന്നെ “അവിടത്തേക്കുള്ള വഴി” (camino hacia Él) ആയി മാറുകയാണ്. അതായത്, ദൗത്യം ദൈവത്തിലേക്കുള്ള വഴിയാണ്.

ദൈവസ്നേഹത്തിൽ വേരൂന്നി നിൽക്കുന്ന ഒരു വിദ്യാലയം, ഒരു ആശുപത്രി, ഒരു കാരുണ്യസംരംഭം, ഇവയെല്ലാം ദൈവത്തിന്റെ കരങ്ങളാണ്; അവിടുത്തെ കാരുണ്യം ലോകത്തിലേക്ക് ഒഴുകിയിറങ്ങുന്ന വാതിലുകളാണ്.

ഈ ഉൾക്കാഴ്ച നമ്മുടെ എല്ലാ സ്ഥാപനങ്ങളെയും വിശുദ്ധീകരിക്കുന്നു. ഒരു വിദ്യാലയമോ കലാലയമോ ഏതെങ്കിലുമൊരു പ്രസ്ഥാനമോ ദൈവത്തിലേക്കുള്ള വഴിയായി വർത്തിക്കുമ്പോൾ അത് വിശുദ്ധമായ ഒരു ദൗത്യമായി പരിണമിക്കുന്നു. ദൈവസ്നേഹത്തിൽ വേരൂന്നി നിൽക്കുന്ന ഒരു വിദ്യാലയം, ഒരു ആശുപത്രി, ഒരു കാരുണ്യസംരംഭം, ഇവയെല്ലാം ദൈവത്തിന്റെ കരങ്ങളാണ്; അവിടുത്തെ കാരുണ്യം ലോകത്തിലേക്ക് ഒഴുകിയിറങ്ങുന്ന വാതിലുകളാണ്. “ഉപരി” അല്ലെങ്കിൽ “കൂടുതൽ” എന്ന ആ പദം ഒരിക്കലും വാതിലുകൾ കൊട്ടിയടയ്ക്കാനുള്ളതല്ല; മറിച്ച്, അവയെ എക്കാലവും നവീകരിച്ച് നിലനിർത്താനും കൂടുതൽ ഫലദായകമാക്കാനുമുള്ള നിരന്തരമായൊരു ആഹ്വാനമാണ്.

ഇവിടെയാണ് “ഉപരി” അഥവാ “കൂടുതൽ” (Magis) എന്ന സങ്കല്പത്തിന്റെ സൗന്ദര്യം തെളിയുന്നത്. ദൈവത്തിനുവേണ്ടി നല്ല ഒരു കാര്യം ചെയ്തു എന്നതിൽ മാത്രം നാം സംതൃപ്തരാകേണ്ടതില്ല; മറിച്ച്, ലഭ്യമായവയിൽ ദൈവത്തിന്റെ ഉപരിമഹത്വത്തിന് ഏറ്റവുമധികം ഉതകുന്ന കാര്യമേതോ അതിലേക്ക് വളരാൻ നമുക്ക് സാധിക്കണം. ഇന്നലെ നല്ലതായിരുന്ന നമ്മുടെ പ്രവൃത്തിയെ ഇന്ന് കൂടുതൽ മികച്ചതാക്കാനും, കൂടുതൽ ജീവനുള്ളതാക്കാനും, കൂടുതൽ ആഴമുള്ളതാക്കാനും ഒരു ഈശോസഭാംഗം എപ്പോഴും തയ്യാറായിരിക്കണം. ഇതൊരിക്കലും അസ്വസ്ഥജനകമായ ഒരു ചോദ്യമല്ല; മറിച്ച്, സൃഷ്ടിപരമായ ഒരു ആഹ്വാനമാണ്. നമ്മുടെ ഓരോ സ്ഥാപനത്തോടും ഓരോ പദ്ധതിയോടും ഓരോ പാരമ്പര്യത്തോടും അത് സ്നേഹപൂർവ്വം ചോദിക്കുന്നു: “ഇവിടെ, ഈ സാഹചര്യത്തിൽ, ദൈവത്തെ കൂടുതൽ നന്നായി എങ്ങനെ സേവിക്കാം?” ഈയൊരു ചോദ്യമാണ് നമ്മുടെ വിദ്യാലയങ്ങളെയും ശുശ്രൂഷകളെയും എക്കാലവും യൗവനയുക്തവും ജീവസ്സുറ്റതുമായി നിലനിർത്തുന്നത്.

ഈശോസഭയുടെ 32-ാം സാർവ്വത്രിക സമ്മേളനം ഇത് വളരെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്: “ഈശോസഭയുടെ ഇന്നത്തെ ദൗത്യം വിശ്വാസത്തിന്റെ ശുശ്രൂഷയാണ്; നീതിയുടെ പ്രോത്സാഹനം അതിന്റെ ഒരു അനിവാര്യഘടകമായി (as an absolute requirement) അതിൽ ഉൾച്ചേർന്നിരിക്കുന്നു” [GC 32, 4:2]. ദൈവവുമായുള്ള മനുഷ്യന്റെ അനുരഞ്ജനത്തിന്റെ സ്വാഭാവിക ഫലമായി മനുഷ്യർ തമ്മിലുള്ള അനുരഞ്ജനവും അനിവാര്യമാണ്. നീതി എന്നത് പുറമെനിന്ന് കൂട്ടിച്ചേർക്കപ്പെട്ട ഒന്നല്ല; മറിച്ച്, അത് വിശ്വാസശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ്. സഭ ഇവിടെ പുതിയൊരു “പ്രത്യേക ദൗത്യം” പ്രഖ്യാപിക്കുകയല്ല ചെയ്യുന്നത്, മറിച്ച് വിശ്വാസവും നീതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അരക്കിട്ടുറപ്പിക്കുകയാണ്.

ദൈവവുമായുള്ള മനുഷ്യന്റെ അനുരഞ്ജനത്തിന്റെ സ്വാഭാവിക ഫലമായി മനുഷ്യർ തമ്മിലുള്ള അനുരഞ്ജനവും അനിവാര്യമാണ്. നീതി എന്നത് പുറമെ നിന്ന് കൂട്ടിച്ചേർക്ക പ്പെട്ട ഒന്നല്ല; മറിച്ച്, അത് വിശ്വാസ ശുശ്രൂഷയുടെ അവിഭാജ്യ ഘടക മാണ്. സഭ ഇവിടെ പുതിയൊരു “പ്രത്യേക ദൗത്യം” പ്രഖ്യാപിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, വിശ്വാസവും നീതിയും തമ്മിലുള്ള അഭേദ്യമായ ബന്ധ ത്തെ അരക്കിട്ടുറപ്പി ക്കുകയാണ്.

അതുകൊണ്ടുതന്നെ, ഒരു ഈശോസഭാംഗം പ്രവേശിക്കുന്നത് ജീവൻ നൽകുന്ന ഒരുതരം “അനിമേഷൻ” (Animation) പ്രക്രിയയിലേക്കാണ്; അതായത്, ഓരോ പ്രവൃത്തിയിലും ദൈവാത്മാവിനെ നിറയ്ക്കുന്ന, ഏതു യാഥാർത്ഥ്യത്തിനും പുതുജീവൻ പകരുന്ന ഒരു സവിശേഷ തലത്തിലേക്ക്. ഒരു കോളേജ് അധ്യാപകനായാലും, കുഷ്ഠരോഗാശുപത്രിയിലെ ശുശ്രൂഷകനായാലും, അഭയാർത്ഥി ക്യാമ്പിലെ പ്രവർത്തകനായാലും ദൗത്യം ഒന്നുമാത്രം: ദൈവത്തിന്റെ കൂടുതൽ മഹത്വം. പ്രവൃത്തികൾ മാറിയേക്കാം; എന്നാൽ ദിശ മാറുന്നില്ല. നാദാൽ എന്ന ആദ്യകാല ഈശോസഭാംഗം ഇത് സുന്ദരമായി പറഞ്ഞു: “ഈശോസഭയ്ക്ക് ലോകം മുഴുവൻ ഭവനമായിരിക്കണം” (Para la Compañía, todo el mundo le ha de ser casa). ഒരു ഇടവകയോ ആശ്രമമോ ഒരു നാടോ മാത്രമല്ല; ഈ ലോകം മുഴുവനാണ് ഒരു ഈശോസഭാംഗത്തിന്റെ ഭവനം. ഈശോസഭയുടെ നിയമങ്ങളിൽ ഇഗ്നേഷ്യസ് ഇതിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു: “ദൈവത്തിന് കൂടുതൽ സേവനവും ആത്മാക്കൾക്ക് കൂടുതൽ സഹായവും പ്രതീക്ഷിക്കപ്പെടുന്ന ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാനും അവിടെ ജീവിക്കാനും” [Con 304]. ഇവിടെ ആ “ഏതു ഭാഗത്തും” എന്ന പ്രയോഗത്തിൽ അതിരുകളില്ലാത്ത സന്നദ്ധത (availability) കുടികൊള്ളുന്നു. ഇതാണ് യഥാർത്ഥത്തിൽ ദൗത്യം: അതൊരു നിർദ്ദിഷ്ട സ്ഥലമല്ല, കേവലമൊരു പ്രവൃത്തിയുമല്ല; മറിച്ച്, എന്തിനും ഏതിനും തയ്യാറായുള്ള പൂർണ്ണമായ സന്നദ്ധതയാണ്.

  • ത്രിത്വത്തിന്റെ നോട്ടം - ദൗത്യം എവിടെ പിറക്കുന്നു

ഈശോസഭയുടെ ദൗത്യബോധം എന്നത് കേവലമൊരു തന്ത്രമോ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോ അല്ല. അതുപോലെതന്നെ, അതൊരു സാമൂഹിക വിശകലനത്തിന്റെ മാത്രം ഫലവുമല്ല. മറിച്ച്, ആ ദൗത്യം പിറവിയെടുക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ ഹൃദയത്തിൽ നിന്നാണ്. ഇത് മനസ്സിലാക്കാൻ, ആധ്യാത്മിക അഭ്യാസങ്ങളുടെ (Ejercicios Espirituales) രണ്ടാം വാരത്തിലെ ഏറ്റവും വിസ്മയകരമായ ധ്യാനത്തിലേക്ക് നാം കടക്കണം: മനുഷ്യാവതാരത്തെക്കുറിച്ചുള്ള ത്രിത്വധ്യാനം [EE 101-109].

ഇഗ്നേഷ്യസ് നമ്മോട് ഇപ്രകാരം ഭാവനയിൽ കാണാൻ ആവശ്യപ്പെടുന്നു: “പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ദിവ്യവ്യക്തികൾ, മനുഷ്യരാൽ നിറഞ്ഞുനിൽക്കുന്ന ഭൂമിയുടെ മുഴുവൻ പരപ്പിലേക്കും ഉരുളിമയിലേക്കും നോക്കിക്കാണുന്നു” [EE 102]. ഈ ധ്യാനത്തിന്റെ ദൃശ്യഭംഗി അപാരമാണ്. സ്വർഗ്ഗത്തിലിരുന്ന്, പിതാവും പുത്രനും പരിശുദ്ധാത്മാവും ഭൂമിയിലേക്ക് നോക്കുന്നു. അവർ കാണുന്നത് എന്താണ്? ചിലർ ജനിക്കുന്നു, ചിലർ മരിക്കുന്നു; ചിലർ ചിരിക്കുന്നു, ചിലർ കരയുന്നു; ചിലർ ആരോഗ്യവാന്മാർ, ചിലർ രോഗികൾ; ചിലർ യുദ്ധം ചെയ്യുന്നു, ചിലർ സമാധാനത്തിലാണ് [EE 106-108]. ഈ നോട്ടത്തിൽനിന്ന് ഒരു തീരുമാനം പിറക്കുന്നു. തുടർന്ന് പരിശുദ്ധ ത്രിത്വം ഇപ്രകാരം അരുളിച്ചെയ്യുന്നു: “നമുക്ക് മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കാം” (Hagamos redención del género humano) [EE 107].

ഈശോസഭയുടെ ദൗത്യബോധം എന്നത് കേവലമൊരു തന്ത്രമോ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോ അല്ല. അതുപോലെതന്നെ, അതൊരു സാമൂഹിക വിശകലനത്തിന്റെ മാത്രം ഫലവുമല്ല. മറിച്ച്, ആ ദൗത്യം പിറവിയെടുക്കുന്നത് പരിശുദ്ധ ത്രിത്വത്തിന്റെ ഹൃദയത്തിൽ നിന്നാണ്.

ദൈവശാസ്ത്രത്തിന്റെ അഗാധമായ ഒരു രഹസ്യം ഇവിടെ മറഞ്ഞിരിപ്പുണ്ട്: ഏതൊരു ദൗത്യവും പ്രാഥമികമായും ദൈവത്തിന്റെ ദൗത്യമാണ് - മിസിയോ ദേയി (Missio Dei). മനുഷ്യാവതാരം എന്നത് കേവലമൊരു മാനുഷിക പദ്ധതിയല്ല; മറിച്ച്, ലോകത്തിന്റെ വേദനകളിലേക്കുള്ള ത്രിലോകനാഥന്റെ കരുണാർദ്രമായ നോട്ടത്തിൽ നിന്നും, അവിടുത്തെ ഹൃദയത്തിൽ നിന്നും ഉറവെടുക്കുന്ന ഒരു കാരുണ്യപ്രവാഹമാണത്. 36-ാം സാർവത്രിക സമ്മേളനം ഇത് സ്പഷ്ടമായി പഠിപ്പിക്കുന്നു: “ഈശോസഭയുടെ ഹൃദയത്തിൽ കുടികൊള്ളുന്നത് അതിന്റെ അപ്പസ്തോലിക ദൗത്യമാണ്. ദൈവത്തിന്റെ ദൗത്യമായ ‘മിസിയോ ദേയി’യുടെ (Missio Dei) സേവനത്തിനും പിന്തുണയ്ക്കും വേണ്ടി മാത്രമാണ് സഭയുടെ ഭരണസംവിധാനം തന്നെ രൂപപ്പെട്ടത്.” [GC 36, 2:1]. ഒരു ഈശോസഭാംഗത്തിന്റെ ദൗത്യം എന്നത് അയാളുടെ സ്വന്തം കണ്ടെത്തലോ സൃഷ്ടിയോ അല്ല; മറിച്ച്, അത് പരിശുദ്ധ ത്രിത്വത്തിന്റെ ദൗത്യത്തിലുള്ള ഒരു പങ്കുചേരലാണ്. ലോകത്തെ ദൈവത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനാണ് അയാൾ വിളിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെയാണ് ഇഗ്നേഷ്യൻ ദൗത്യബോധത്തിന്റെ യഥാർത്ഥ വിപ്ലവം കുടികൊള്ളുന്നത്. വിജയത്തിന്റെയും ലാഭനഷ്ടങ്ങളുടെയും പ്രശസ്തിയുടെയും സുഖസൗകര്യങ്ങളുടെയും ലൗകികമായ കണ്ണുകൾകൊണ്ട് നാം ലോകത്തെ നോക്കിക്കാണുമ്പോൾ, ഒരുതരം യാഥാർത്ഥ്യങ്ങളെയാണ് നാം കാണുന്നത്. എന്നാൽ, ദൈവത്തിന്റെ കണ്ണുകളിലൂടെ - മുറിവേറ്റ മാനവികതയെയും, കരയുന്നവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും മാൻറേസയിലെ കാരുണ്യത്തിന്റെ വെളിച്ചത്തിൽ നോക്കിക്കാണമ്പോൾ - നാം ദർശിക്കുന്നത് തികച്ചും മറ്റൊന്നാണ്. 36-ാം ജനറൽ കോൺഗ്രിഗേഷൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “വിശ്വാസത്തിന്റെ കണ്ണുകളിലൂടെയും, ‘ദൈവസ്നേഹം കരസ്ഥമാക്കാനുള്ള ധ്യാനം’ (Contemplación para alcanzar amor) നമ്മെ അഭ്യസിപ്പിച്ച ദർശനത്തിലൂടെയും ഈ ലോകയാഥാർത്ഥ്യങ്ങളെ നാം നോക്കിക്കാണമ്പോൾ, ദൈവം ഈ ലോകത്തിൽ കർമ്മനിരതനായിരിക്കുന്നത് നാം ദർശിക്കുന്നു” [GC 36, 1:3].

ഇത് കേരളസഭ ഏറ്റുവാങ്ങേണ്ട ഒരു വലിയ പാഠമാണിത്. നമ്മുടെ ദൗത്യപ്രവർത്തനങ്ങൾ പിറവിയെടുക്കേണ്ടത് ത്രിത്വത്തിന്റെ നോട്ടത്തിൽ നിന്നായിരിക്കണം. ആദ്യം മുട്ടുകുത്തിനിന്ന് ദൈവത്തിന്റെ കണ്ണുകൾ നാം കടം വാങ്ങണം; എന്നിട്ട് ആ ദിവ്യദൃഷ്ടികൊണ്ട് കേരളത്തെ നോക്കിക്കാണണം. അപ്പോൾ നമ്മുടെ കൺമുന്നിൽ തെളിയുന്ന കേരളം - അതിഥി ത്തൊഴിലാളികളുടെയും, ആദിവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും, യഥാർത്ഥ വിശ്വാസത്തിൽനിന്ന് അകന്നുപോകുന്ന യുവജനങ്ങളുടെയും, കേവലം ബാഹ്യാനുഷ്ഠാനങ്ങളുടെ പിന്നാലെ പോകുന്ന മനുഷ്യരുടെയും, ദുരന്തമുഖത്തുനിൽക്കുന്ന പശ്ചിമഘട്ടത്തിന്റെയും കേരളമാണ്. അതൊരു പുതിയ അനുരഞ്ജനത്തിന്റെ വിളി കൂടിയാണ്.

  • അമ്മയും മതിലും — ദാരിദ്ര്യത്തിന്റെ യഥാർത്ഥ വായന

ഇനി നാം കടക്കുന്നത് ഏറ്റവും ആഴമേറിയതും, എന്നാൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു വിഷയത്തിലേക്കാണ്: ദാരിദ്ര്യം. ഇഗ്നേഷ്യൻ ദാരിദ്ര്യം ഒരിക്കലും അപ്പസ്തോലിക ദൗത്യത്തെ ദരിദ്രമാക്കുന്ന ഒന്നല്ല എന്ന് ആദ്യമേ തന്നെ വ്യക്തമാക്കട്ടെ. എല്ലാം ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യുകയോ, ലഭ്യമായതിൽ വെച്ച് ഏറ്റവും മോശമായത് തിരഞ്ഞെടുക്കുകയോ ആണ് ദാരിദ്ര്യം എന്നൊരു തെറ്റായ ധാരണ നമ്മുടെ സഭകളിലും സന്യാസസമൂഹങ്ങളിലും ഇന്നും ഒളിഞ്ഞിരിപ്പുണ്ട്. ദൗത്യപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഇല്ലാതാക്കുന്നതാണ് ദാരിദ്ര്യമെന്ന ഈ ചിന്ത, യഥാർത്ഥത്തിൽ ഇഗ്നേഷ്യൻ ദർശനങ്ങളുടെ അപകടകരമായ ഒരു ദുർവ്യാഖ്യാനമാണ്.

ഇഗ്നേഷ്യസിനെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ്: അമ്മയും മതിലും. 36-ാം ജനറൽ കോൺഗ്രിഗേഷനിൽ പങ്കെടുത്ത ഈശോസഭാംഗങ്ങളോട് ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറയുകയുണ്ടായി: “ഇഗ്നേഷ്യസിനെ സംബന്ധിച്ചിടത്തോളം, ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രണ്ട് താക്കോൽ പദങ്ങളാണിവ. ദാരിദ്ര്യം അമ്മയും മതിലുമാണ് (la pobreza es madre y muro). ദാരിദ്ര്യം ജീവൻ നൽകുന്നു, അതുകൊണ്ട് അതൊരു അമ്മയാണ്; അത് ആത്മീയജീവിതത്തിനും വിശുദ്ധിയുടെ ജീവിതത്തിനും അപ്പസ്തോലിക ജീവിതത്തിനും ജന്മം നൽകുന്നു. അതൊരു മതിലുമാണ്, കാരണം അത് നമ്മെ സംരക്ഷിക്കുന്നു”.

ഈശോസഭയുടെ നിയമങ്ങളിൽ (ഇഗ്നേഷ്യസ് ദാരിദ്ര്യത്തെ വിളിക്കുന്നത് “സന്യാസത്തിന്റെ ഉറപ്പുള്ള മതിൽ” (firme muro de la religión) എന്നാണ് [Con 553]; കൂടാതെ, ദാരിദ്ര്യത്തെ ഒരു അമ്മയായി സ്നേഹിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു [Con 287]. അമ്മ, മതിൽ എന്നീ രണ്ട് സങ്കല്പങ്ങളും ഒരു ഈശോസഭാംഗത്തിന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്നതാണ്; അല്ലാതെ അത് അദ്ദേഹത്തിന്റെ ദൗത്യത്തെ ബാധിക്കുന്നതല്ല. ദാരിദ്ര്യം അയാളുടെ ഹൃദയത്തിന് അമ്മയും, ആത്മാവിന് മതിലുമാണ്. അത് അയാളെ അധികാരമോഹത്തിൽനിന്നും സുഖസൗകര്യങ്ങളോടുള്ള ആസക്തിയിൽനിന്നും സ്വാർത്ഥതയിൽനിന്നും സംരക്ഷിച്ചു നിർത്തുന്നു.

36-ാം ജനറൽ കോൺഗ്രിഗേഷൻ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്: വെനീസിലെ ആദ്യ കൂട്ടാളികൾ അനുഭവിച്ച ദാരിദ്ര്യം “സൃഷ്ടിപരതയ്ക്ക് (creatividad) ജന്മം നൽകുന്നതും, ദൈവവിളിയോട് ഉത്തരം നൽകാനുള്ള നമ്മുടെ സന്നദ്ധതയെ പരിമിതപ്പെടുത്തുന്ന സാഹചര്യങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കുന്നതുമായ ദാരിദ്ര്യമായിരുന്നു. കുറഞ്ഞ വിഭവങ്ങൾകൊണ്ട് കൂടുതൽ ലളിതമായി എങ്ങനെ ജീവിക്കാം എന്ന് നിരന്തരം ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ദാരിദ്ര്യം” [GC 36, 1:6]. ഇവിടെ ദാരിദ്ര്യം എന്നത് തികച്ചും വ്യക്തിപരമായ ഒരു ജീവിതശൈലിയാണ്; ഒരിക്കലും ദൗത്യത്തിന്റെ ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയല്ല.

ഇഗ്നേഷ്യൻ ദർശനത്തിന്റെ യഥാർത്ഥ സൗന്ദര്യം കുടികൊള്ളുന്നത് ഇവിടെയാണ്: വ്യക്തിയുടെ ജീവിതശൈലി ലളിതമായിരിക്കണം; എന്നാൽ അയാളുടെ ദൗത്യം ലോകത്തിലെ ഏറ്റവും മികച്ചതുമായിരിക്കണം. ഒരു ഈശോസഭാംഗം ലളിതമായ വസ്ത്രം ധരിച്ച്, ലളിതമായ ഭക്ഷണം കഴിച്ച്, ലളിതമായ ഒരു മുറിയിൽ ജീവിക്കുന്നവനാകണം. പക്ഷേ, അയാൾ നേതൃത്വം നൽകുന്ന വിദ്യാലയം ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം; അയാൾ നടത്തുന്ന ആശുപത്രി ഏറ്റവും മികച്ച ചികിത്സ നൽകുന്നതാകണം; അയാൾ രചിക്കുന്ന പുസ്തകം ചിന്തയിൽ ഏറ്റവും ആഴമുള്ളതുമായിരിക്കണം. ഒറ്റനോട്ടത്തിൽ ഇതൊരു വൈരുദ്ധ്യമായി തോന്നാമെങ്കിലും, ഇതാണ് ഇഗ്നേഷ്യൻ ദർശനത്തിന്റെ അടിസ്ഥാന യുക്തി.

  • എന്തു കൊണ്ടാണിങ്ങനെ?

കാരണം, ഈ ദൗത്യം ദൈവത്തിന്റെ അധിക മഹത്വത്തിനു വേണ്ടിയുള്ളതാണ്. ദൈവത്തിന് നൽകുന്നത് ഒരിക്കലും മോശപ്പെട്ടതാകാൻ ഇഗ്നേഷ്യസ് അനുവദിക്കില്ല. ദൈവത്തിനുവേണ്ടി നാം ചെയ്യുന്നതെന്തും ‘മയോർ’ (maior - കൂടുതലായുള്ളത്), അതായത് ഏറ്റവും മികച്ചത് തന്നെ ആയിരിക്കണം. ഒരു ദരിദ്രന്റെ കുഞ്ഞ് പഠിക്കുന്ന വിദ്യാലയം, സമ്പന്നന്റെ കുഞ്ഞ് പഠിക്കുന്ന വിദ്യാലയത്തേക്കാൾ എന്തുകൊണ്ട് മോശമാകണം? ഇവിടെ ഇഗ്നേഷ്യൻ ദാരിദ്ര്യം സാമൂഹികനീതിയായി രൂപാന്തരപ്പെടുകയാണ്: ദരിദ്രന് എപ്പോഴും ഏറ്റവും മികച്ചത് തന്നെ ലഭിക്കണം.

“ഇവിടെ, ഈ സാഹചര്യത്തിൽ, ദൈവത്തെ കൂടുതൽ നന്നായി എങ്ങനെ സേവിക്കാം?” ഈയൊരു ചോദ്യമാണ് നമ്മുടെ സ്ഥാപനങ്ങളെയും പദ്ധതികളെയും പാരമ്പര്യങ്ങളെയും എക്കാലവും യൗവനയുക്തവും ജീവസ്സുറ്റതുമായി നിലനിർത്തേണ്ടത്.

രക്തസാക്ഷിയായ ഈശോസഭാ ദൈവശാസ്ത്രജ്ഞൻ ഇഗ്നാസിയോ എലക്കൂറിയ ഇതിനെ “ദാരിദ്ര്യത്തിന്റെ നാഗരികത” (civilización de la pobreza) എന്നാണ് വിളിച്ചത്; “സമ്പത്തിന്റെ നാഗരികതയ്ക്ക്” (civilización de la riqueza) തികച്ചും വിപരീതമായ ഒന്ന്. ഇതൊരിക്കലും ദാരിദ്ര്യത്തെ മഹത്വവൽക്കരിക്കലല്ല; മറിച്ച്, സമ്പത്ത് കുന്നുകൂട്ടുക എന്നത് മാത്രം ജീവിതലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥിതിക്ക് പകരം, പങ്കുവയ്ക്കലിനെയും മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ എല്ലാവർക്കും ഉറപ്പാക്കുന്നതിനെയും കേന്ദ്രബിന്ദുവാക്കുന്ന ഒരു പുതിയ നാഗരികതയാണത്. കേരളസഭയുടെ വിദ്യാലയങ്ങളും ആശുപത്രികളും മറ്റ് പ്രേഷിതസ്ഥാപനങ്ങളും ഈ മഹത്തായ ദർശനത്തിന്റെ സാക്ഷ്യങ്ങളായി മാറട്ടെ. വ്യക്തിജീവിതത്തിൽ ലളിതമായ ജീവിതശൈലി പുലർത്തുമ്പോഴും, അവർ നൽകുന്ന ദൗത്യം ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം. ഇഗ്നേഷ്യൻ ദാരിദ്ര്യത്തെ നമ്മുടെ സ്ഥാപനങ്ങളുടെ ഗുണനിലവാരക്കുറവായി നമുക്ക് ഒരിക്കലും തെറ്റിദ്ധരിക്കാതിരിക്കാം. നമ്മുടെ ദൗത്യം, വിശേഷിച്ചും ദരിദ്രർക്കുവേണ്ടി നാം ചെയ്യുന്ന സേവനങ്ങൾ ഏറ്റവും മികച്ചതാകട്ടെ. അതുമാത്രമാണ് ദൈവത്തിന്റെ അധികമഹത്വത്തിന് (Ad majorem Dei gloriam) ഏറ്റവും അനുയോജ്യമായത്.

  • ഉപസംഹാരം

ഒരു പീരങ്കിയുണ്ട തീർത്ത മുറിവിലൂടെ ജീവിതത്തെ വായിച്ചെടുത്ത ആ മനുഷ്യനിൽനിന്ന് ഒരു പുതിയ ലോകവീക്ഷണം പിറവിയെടുത്തു. സ്വന്തം ഹൃദയചലനങ്ങളെ തിരിച്ചറിയാൻ പഠിച്ചവൻ, ലോകത്തെ ദൈവത്തിന്റെ കണ്ണുകൾകൊണ്ട് നോക്കിക്കാണാൻ ശീലിച്ചു; ദൗത്യമെന്നാൽ കേവലമൊരു പ്രവൃത്തിയല്ല, മറിച്ച് അതിരുകളില്ലാത്ത സന്നദ്ധതയാണെന്ന് അവൻ കണ്ടെത്തി; ദാരിദ്ര്യമെന്നത് ഒരു ഇല്ലായ്മയല്ല, മറിച്ച് അത് അമ്മയും മതിലുമാണെന്ന് തിരിച്ചറിഞ്ഞു. ഈ നാല് പടവുകളും വിരൽചൂണ്ടുന്നത് ഒരൊറ്റ ബിന്ദുവിലേക്കാണ്: Ad Maiorem Dei Gloriam (ദൈവത്തിന്റെ ഉപരിമഹത്വത്തിലേക്ക്). ഇതൊരിക്കലും ഈശോസഭയുടെ മാത്രം കുത്തകയല്ല; മറിച്ച് ഓരോ ക്രിസ്ത്യാനിക്കും, ഓരോ സഭാസ്ഥാപനത്തിനും, ഓരോ ദൗത്യപ്രവർത്തകനും മുന്നിലുള്ള തുറന്ന ക്ഷണമാണ്. നാം ചെയ്യുന്ന കർമ്മങ്ങൾ ദൈവത്തിലേക്കുള്ള വഴിയായി മാറുമ്പോൾ അത് വിശുദ്ധീകരിക്കപ്പെടുന്നു. നാം ചെയ്യുന്നത് കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ അത് ജീവസ്സുറ്റതാകുന്നു. നാം ചെയ്യുന്നത് ത്രിത്വത്തിന്റെ കരുണാർദ്രമായ നോട്ടത്തിൽ നിന്നും പിറവിയെടുക്കുമ്പോൾ അത് നൂറുമേനി ഫലം പുറപ്പെടുവിക്കുന്നു.

നമ്മുടെ വിദ്യാലയങ്ങൾ ദൈവത്തിലേക്കുള്ള മനോഹരമായ വഴികളാകട്ടെ. നമ്മുടെ ആശുപത്രികളും കാരുണ്യസംരംഭങ്ങളും അവിടുത്തെ സാന്ത്വനസ്പർശമാകട്ടെ. നമ്മുടെ ജീവിതം ലളിതവും ദൗത്യം ഏറ്റവും മികച്ചതുമാകട്ടെ. ദരിദ്രന് നാം നൽകുന്നത് ലോകത്തിലെ ഏറ്റവും നല്ലതുതന്നെ ആകട്ടെ. ഒടുവിൽ, ഇഗ്നേഷ്യസ് നമ്മോട് ചോദിക്കുന്ന അതേ ചോദ്യത്തിലേക്ക് തന്നെ നാം മടങ്ങുന്നു: ഈ വായന കഴിയുമ്പോൾ നിങ്ങളുടെ ഹൃദയത്തിൽ എന്താണ് ബാക്കിനിൽക്കുന്നത്? ആ ശാന്തിയും ആനന്ദവും - അതുതന്നെയാണ് ദൈവാത്മാവിന്റെ അടയാളം.

ആ ദിശയിലേക്ക് നമുക്ക് നടക്കാം. Ad Maiorem Dei Gloriam.

വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് (1811-1868) : ആഗസ്റ്റ് 2

സഭാപ്രസംഗകൻ - Chap.5

കേരള ബഡ്ജറ്റ് 2026: യുവജനങ്ങളുടെ കൊഴിഞ്ഞുപോക്കിന് തടയിടുമോ?

പ്രഭു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 84]