ഡോ. ഫ്രാന്‍സിസ് കെ.എം.
ഇക്കണോമിക്‌സ് വിഭാഗം (റിട്ട.), സെന്റ് തോമസ് കോളേജ്, തൃശൂര്‍
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ മുതല്‍ മുടക്കാനുള്ള ഒരു സാധ്യതയാണ് ഈ പുതിയ കാര്‍ഷികനയം നല്കുന്നത്. കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണമാണ് സര്‍ക്കാര്‍ അവതരിപ്പിച്ച രണ്ട് ബില്ലുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഭാവിയില്‍ ഈ നയം കര്‍ഷകന് ഗുണകരമാകുമോ എന്ന് ചിന്തിക്കുന്നതിനു മുമ്പ് നിലവിലുള്ള അനീതികരമായ ചില ഘടനകളെ പ്രസ്തുത ബില്‍ നീക്കം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കണം. നിലവിലുള്ള കാര്‍ഷിക വിപണന സമ്പ്രദായങ്ങള്‍ അപര്യാപ്തമാണ് എന്ന കാര്യം നാം അംഗീകരിച്ചേ മതിയാകൂ. കര്‍ഷകന് അവന്റെ ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. എന്തുകൊണ്ട് വില ലഭിക്കുന്നില്ല.
ലാഭകരവും അഭിമാനകരവുമായ ഒരു തൊഴിലാണെന്ന് അവകാശപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ നിന്ന് പുറത്തു നില്‍ക്കുന്നവരാണ്. ഇന്ത്യയില്‍ 20% കര്‍ഷകരും 80% കര്‍ഷകരല്ലാത്തവരുമാണ്. കര്‍ഷകരല്ലാത്ത 80% പേര്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വില കൂടുതല്‍ നല്കണമെന്ന് ആഗ്രഹിക്കുന്നവരാണോ? ഏത് വസ്തുവിനും സേവനത്തിനും വില കൂടിയാല്‍ ജനങ്ങള്‍ സഹിക്കും. എന്നാല്‍ പാല്‍, മുട്ട, പച്ചക്കറികള്‍, പലവ്യജ്ഞനം മുതലായ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വില കൂടുന്നത് അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. വോട്ടുബാങ്ക് രാഷ്ട്രീയം ഭൂരിഭാഗം ജനങ്ങളുടെ വികാരങ്ങള്‍ക്ക് വിധേയമാകയാല്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ വില കുറയാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കുന്നത്.
ഏറ്റവും കൂടുതല്‍ അനിശ്ചിതത്വം (uncertainity and risk) നിലനില്ക്കുന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിലയും ലാഭവും ലഭിക്കേണ്ടത്. കാര്‍ഷിക മേഖലയിലെ വരുമാനത്തിനാണ് ഏറ്റവും കൂടുതല്‍ അനിശ്ചിതത്വമുള്ളത്. എന്നാല്‍ ഏറ്റവും കുറവ് ലാഭമുള്ളത് കാര്‍ഷിക മേഖലയിലാണ്. കര്‍ഷകന്റെ ഉല്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കാനുള്ള അവകാശത്തെ രാഷ്ട്രം പല തട്ടുകളിലായി നിലവില്‍ നിയന്ത്രിക്കുന്നുണ്ട്. പ്രസ്തുത തടസ്സങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം പുതിയ കാര്‍ഷിക നയത്തിനുണ്ട്. ഏതാണ് പ്രസ്തുത തടസ്സങ്ങള്‍.
കടലില്‍നിന്ന് മത്സ്യം പിടിക്കുന്നവനും കാര്‍ഷിക വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നവനും നേരിട്ട് കച്ചവടക്കാര്‍ക്ക് ഉല്പന്നങ്ങള്‍ വില്ക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ പലയിടത്തും ഇല്ല. കച്ചവടക്കാരനും ഉല്പാദകനുമിടയില്‍ അദൃശ്യനായി നില്‍ക്കുന്ന ചൂഷകരാണ് തരകന്മാര്‍ അഥവാ മണ്ടികള്‍.
തരകുകള്‍ അഥവാ മണ്ടികള്‍ കച്ചവടക്കാരുമല്ല, കര്‍ഷകരുമല്ല എങ്കിലും മാര്‍ക്കറ്റില്‍ ആര്‍ വില്‍ക്കണം? എങ്ങനെ വില്ക്കണം? ഏതു വിലയ്ക്കു വില്‍ക്കണം? ആര്‍ക്കു വില്ക്കണം? എന്ന് നിയന്ത്രിക്കുന്നത് മണ്ടികളാണ്. ഈ മണ്ടികളെ തരകുകളെ ഇല്ലായ്മ ചെയ്യുക എന്നതാണ് പുതിയ കാര്‍ഷിക ബില്ലിലെ ഒരു പ്രധാന വ്യവസ്ഥ. കേരളത്തിലും തരകുകള്‍ നിലനില്‍ക്കുന്നുണ്ട്.
ചില മേഖലകളില്‍ മണ്ടികളായി നിലനില്ക്കുന്നത് സര്‍ക്കാരാണ്. ഉദാഹരണമായി കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ലിറ്ററിന് എത്ര രൂപ നല്കണം എന്ന് നിര്‍ണ്ണയിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വര്‍ദ്ധനവാണ് ലക്ഷ്യം. എത്ര ശമ്പളമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പാലിന്റെ വില അഞ്ചുരൂപ കൂടിയാല്‍ പിറുപിറുക്കും. താങ്ങുവിലയും, തറവിലയും അല്ല കര്‍ഷകന് ആവശ്യം വിലയാണ്. രോഗാതുരമായ കാര്‍ഷിക വ്യവസ്ഥിതി നിലനില്ക്കുന്നുവെന്നതിന്റെ ലക്ഷണമാണ് താങ്ങുവില. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കേരളത്തിലെ ക്ഷീര കര്‍ഷകരേക്കാള്‍ കൂടുതല്‍ വില പാലിന് ലഭിക്കുന്നു. ഇതിന്റെ കാരണം സര്‍ക്കാര്‍ എന്ന ഇടനിലക്കാരന്‍ വില നിര്‍ണ്ണയത്തില്‍ ഇല്ലാത്തതാണ്. അവിടെ പാല്‍ വാങ്ങുന്ന അമൂല്‍ എന്ന സ്ഥാപനമാണ് വില നിര്‍ണ്ണയിക്കുന്നത്. കേരളത്തില്‍ മന്ത്രിസഭയാണ് പാലിന്റെ വില നിര്‍ണ്ണയിക്കുന്നത്.
മില്‍മ എന്നത് സര്‍ക്കാര്‍ സ്ഥാപനമാണ്. അമൂല്‍ എന്നത് സ്വതന്ത്ര സ്ഥാപനമാണ്. സര്‍ക്കാര്‍ തന്നെ കര്‍ഷകരെ വിലനിയന്ത്രണത്തിലൂടെ കൊള്ള ചെയ്യുന്നു.
നിലവിലുള്ള സംവിധാനമനുസരിച്ച് വളം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡി നല്കുന്നത്. ഇന്ത്യയിലുള്ള സ്വകാര്യമേഖലയിലേയും, പൊതുമേഖലയിലേയും വളം നിര്‍മ്മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്കും. പ്രസ്തുത സഹായം കര്‍ഷകനെയാണ് ലക്ഷ്യമാക്കുന്നത്. കര്‍ഷകന് ഈ സഹായം ലഭിക്കണമെങ്കില്‍ കമ്പനികള്‍ നല്കുന്ന വളം വാങ്ങാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ് – ഇതിനായി കൃഷിഭവനുകളില്‍ വരി നില്‍ക്കുകയും, അവിടുത്തെ ഉദ്യോഗസ്ഥരുടെ നിഷേധാത്മക വികാരങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകന്റെ ആത്മാഭിമാനമാണ് നഷ്ടപ്പെടുന്നത്. സബ്‌സിഡി നല്‌കേണ്ടത് ചെറുകിട കര്‍ഷകര്‍ക്ക് മാത്രമാണ്. വിന്‍കിട കര്‍ഷകര്‍ക്ക് നല്‌കേണ്ടത് വിലയാണ്. വന്‍കിട കര്‍ഷകര്‍ക്ക് വില ലഭിച്ചാല്‍ ഇടനിലക്കാരില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്കും വില ലഭിക്കും.
പുതിയ ബില്ലിലെ വ്യവസ്ഥയനുസരിച്ച് വളം നിര്‍മ്മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ല. അതിനു പകരം കര്‍ഷകര്‍ക്ക് വളം സബ്‌സിഡിയായി 5,000/- രൂപ രണ്ട് ഗഡുക്കളായി നേരിട്ട് നല്കും. ഇക്കാര്യം ഫലപ്രദമാണെങ്കില്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിക്കാന്‍ യൂറിയ തന്നെ ഉപയോഗിക്കണം എന്ന രീതി ഒഴിവാകും. ഏതു തരം വളം ഉപയോഗിക്കണമെന്ന തീരുമാനം കര്‍ഷകന് സ്വന്തമാകും. കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്കാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിലോ? അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് രാജ്യത്ത് പ്രതിപക്ഷ ആവശ്യം വരുന്നത്.
കാര്‍ഷിക ഉല്പന്നങ്ങളുടെ വില നിര്‍ണ്ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് തറവിലയും, താങ്ങുവിലയുമല്ല. പ്രത്യുത, ഇറക്കുമതിയും കയറ്റുമതിയുമാണ്. റബര്‍ ഇറക്കുമതി ചെയ്യാന്‍ അവകാശമുണ്ട് കയറ്റുമതി ചെയ്യാന്‍ അവകാശമില്ല. ടയര്‍ കമ്പനിക്കാരും, അവര്‍ നടത്തുന്ന പത്രങ്ങളും റബര്‍ കയറ്റുമതിയെ നിരുത്സാഹപ്പെടുത്തും. വ്യവസായികളുടെ ഏറ്റവും വലിയ ആവശ്യം കാര്‍ഷിക ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുക എന്നതണ്.
നെതര്‍ലാന്റ്, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍പ്പൊടിയും, പാലുല്പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പാല്‍പ്പൊടി ഇറക്കുമതി ചെയ്ത് കലക്കി പാലാക്കി പാക്കറ്റിലെത്തിക്കുന്നതാണ് കേരളത്തിലെ ജനങ്ങള്‍ കണികണ്ടുണരുന്ന നന്മ.
ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്പനയ്ക്കു വച്ചിട്ടുള്ള പാല്‍ ഉല്പന്നങ്ങളില്‍ പലതും ഇന്ത്യന്‍ കന്നുകാലികളുടേയൊ, ഇന്ത്യന്‍ കര്‍ഷകന്റെയോ ഉല്പാദന ഫലങ്ങളല്ല, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ കവറിലാക്കിയ ഉല്പന്നങ്ങളാണ്.
കാര്‍ഷിക വ്യവസ്ഥയെ ഇല്ലാതാക്കണമെങ്കില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ സ്വതന്ത്രമായ ഇറക്കുമതിയും നിയന്ത്രിതമായ കയറ്റുമതിയും മാത്രം മതി. എന്നാല്‍ കാര്‍ഷിക മേഖലയെ വളര്‍ത്തണമെങ്കില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ നിയന്ത്രിതമായ ഇറക്കുമതിയും അനിയന്ത്രിതമായ കയറ്റുമതിയും സാധ്യമാകണം. അന്തിമമായി ഉല്പന്നങ്ങളുടെ വിലയെ നിയന്ത്രിക്കുന്നത് ഇറക്കുമതിയും കയറ്റുമതിയുമാണ്. റബര്‍ കര്‍ഷകനെ ഇല്ലായ്മ ചെയ്യാന്‍ റബര്‍ ഇറക്കുമതി ചെയ്യുക, നാളികേര കര്‍ഷകനെ ഇല്ലായ്മ ചെയ്യാന്‍ പാംഓയില്‍ ഇറക്കുമതി ചെയ്യുക. ക്ഷീര കര്‍ഷകനെ ഇല്ലായ്മ ചെയ്യാന്‍ പാല്‍പ്പൊടി ഇറക്കുമതി ചെയ്യുക.
അതുകൊണ്ട് പുതിയ കാര്‍ഷികബില്ലുകള്‍ അന്തിമമായി കാര്‍ഷിക വ്യവസ്ഥയെ വളര്‍ത്തുമോ തളര്‍ത്തുമോ എന്നത് സര്‍ക്കാരിന്റെ വിദേശ വ്യാപാര നയത്തെ ആശ്രയിച്ചാണ്. കാര്‍ഷിക ഉല്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന സര്‍ക്കാര്‍, കര്‍ഷിക ഉല്പന്നങ്ങളുടെ വില ഉയര്‍ത്താനും, നിലനിര്‍ത്താനും നിരന്തരം ശ്രമിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ പുതിയ കാര്‍ഷികബില്ലുകള്‍ക്ക് കഴിയില്ല.