ആര്‍ച്ചുബിഷപ് ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍
ക്രിസ്മസ് നമുക്ക് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്നാണ് ദൈവം നമ്മുടെ കൂടെയാണ് എന്നത്. യേശുവിന്റെ ജനനവാര്‍ത്ത അറിയിച്ച ദൈവദൂതന്‍ പറഞ്ഞത് ഏശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ (ഏശ. 7:14) അവന്‍ 'എമ്മാനുവേല്‍' എന്ന് വിളിക്കപ്പെടുമെന്നാണ്. എമ്മാനുവേല്‍ എന്നാല്‍ ദൈവം നമ്മോടുകൂടെ എന്ന് അര്‍ഥം. മനുഷ്യനായി നമ്മുടെയിടയില്‍ വസിച്ച വചനമാണ് യേശു എന്ന് വി. യോഹന്നാനും നമ്മെ ഓര്‍മ്മിപ്പിക്കുന്നു (യോഹ. 1:14). മനുഷ്യരോടൊപ്പം ആയിരിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് യേശുവിന്റെ ജനനത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.
യേശു ഈ ലോകത്തിലേക്ക് വന്നത് വെറും മുപ്പത്തിമൂന്ന് വര്‍ഷത്തേക്ക് വേണ്ടിയല്ല മറിച്ച് നിരന്തരം നമ്മോടൊപ്പം ആയിരിക്കാനാണ്. മത്തായി 28:20-ല്‍ യേശു പറയുന്നു. 'ലോകാവസാനത്തോളം ഞാന്‍ നിങ്ങളോടു കൂടെയുണ്ടായിരിക്കും.' എന്നും കൂടെയായിരിക്കാന്‍ വേണ്ടിയാണ് യേശു ജനിച്ചത്. ഈ യേശു ഇന്നും നമ്മോടൊപ്പം ഉണ്ട്. വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, 'യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ് (ഹെബ്രാ. 13:8). അതിനാല്‍, യേശുവിന്റെ സാന്നിധ്യം ഇന്നും നമുക്ക് അനുഭവിക്കാന്‍ കഴിയും - രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്തിലേക്ക് വന്ന് മനുഷ്യരുടെയിടയില്‍ വസിച്ച യേശു ഇന്നും ഈ ലോകത്തില്‍ നമ്മോടൊപ്പം ആയിരിക്കുന്നു. ഈ സാന്നിധ്യം യേശു ലോകത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 'രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും' (മത്താ. 18:20).
യേശു ഈ ലോകത്തിലേക്ക് വന്നത് വെറും മുപ്പത്തിമൂന്ന് വര്‍ഷത്തേക്ക് വേണ്ടിയല്ല മറിച്ച് നിരന്തരം നമ്മോടൊപ്പം ആയിരിക്കാനാണ്.
കൂടെ വസിക്കുന്ന ദൈവം നമ്മുടെ വേദനകള്‍ അറിയുന്നവനും നമ്മുടെ കണ്ണീര്‍ തുടക്കുന്നവനും ആണ്. വേദനകളിലും കഷ്ടതകളിലും യേശുവിന്റെ സാന്നിധ്യം ഉണ്ട്. ബുദ്ധിമുട്ടുകളുടെ നാളുകളില്‍ നമ്മെ വിട്ടുപേക്ഷിക്കുന്ന സാന്നിധ്യമല്ല യേശുവിന്റെ സാന്നിധ്യം. എല്ലാ സന്ദര്‍ഭങ്ങളിലും കൂടെയായിരിക്കുന്ന സ്‌നേഹമാണ് യേശുവിന്റെ സ്‌നേഹം. വെളിപാട് 21:3-4 വചനങ്ങളില്‍ കൂടെയായിരിക്കുന്ന ദൈവം എന്താണ് നമുക്കുവേണ്ടി ചെയ്യുക എന്ന് വ്യക്തമാക്കുന്നു.
'സിംഹാസനത്തില്‍ നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു. ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടു കൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.' ദൈവം കൂടെ വസിക്കുന്നവര്‍ക്ക് പുതിയ ജീവന്‍ ലഭിക്കുന്നു. അവരുടെ ജീവിതത്തില്‍ നിന്ന് പഴയതെല്ലാം കടന്നുപോകും. അവര്‍ക്ക് പുതിയ ഒരു ജീവന്‍ ലഭിക്കും.
യേശുവിന്റെ ജനനം ലോകചരിത്രത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയതുപോലെ. യേശു കൂടെ വസിക്കുന്ന ഓരോ വ്യക്തിയുടെ ജീവിതത്തിലും വലിയ മാറ്റം ഉണ്ടാകും. യേശുവിന്റെ സാന്നിധ്യം ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും മാറ്റും. ഇന്ന് യേശുവിന്റെ സാന്നിധ്യം വളരെ ആവശ്യമുണ്ട്.
വെറുപ്പും വിദ്വേഷവും, വര്‍ധിച്ചുവരുന്ന യുദ്ധങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ ലോകത്തിന് യേശുവിന്റെ സാന്നിധ്യം വളരെയധികം ആവശ്യമുണ്ട്. സ്‌നേഹത്തിന്റെയും പന്തിയുടെയും സാന്നിധ്യമായ യേശു സാന്നിധ്യം ഇന്നത്തെ ലോകത്തിന്റെ അസ്വസ്ഥതകള്‍ക്കും ആശങ്കകള്‍ക്കും പരിഹാരമേകാന്‍ പര്യാപ്തമാണ്. അതിനാല്‍ ക്രിസ്മസ് ആഘോഷത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. യേശുവിന്റെ ജനനവാര്‍ത്ത ഇന്നും അങ്ങനെയാണ് സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്തയാകുന്നത് (ലൂക്കാ 2:10). ലോകത്തിന് പ്രത്യാശയും ആനന്ദവും നല്‍കുന്ന വാര്‍ത്തയാണത്. ദൈവം കൂടെയുണ്ട് എന്ന് ധൈര്യം നല്കുന്ന വാര്‍ത്തയാണത്. ഈ ക്രിസ്മസ് അവസരത്തില്‍ യേശുവിന്റെ സാന്നിധ്യം അനുഭവിക്കാനും അവന്റെ സാന്നിധ്യത്തിന്റെ ശക്തിയാല്‍ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാനും നമുക്ക് സാധിക്കട്ടെ.