ചരിത്രത്തിലെ സഭ

സഭയും ഫ്യൂഡലിസവും

ഫാ. സേവി പടിക്കപ്പറമ്പില്‍

ഒമ്പതാം നൂറ്റാണ്ടോടെ ആരംഭിച്ച വ്യവസ്ഥിതിയാണ് ഫ്യൂഡലിസം. വ്യക്തികളും കുടുംബങ്ങളും സ്വകാര്യ സ്വത്ത് കൈവശമാക്കുകയും ഉപയോഗിക്കുകയും ചെയ്തതിലൂടെ ആരംഭിച്ചതാണിത്. വലിയ പ്രദേശങ്ങളുടെയും എസ്റ്റേറ്റുകളുടെയും ഉടമകളായ പ്രഭുക്കൾ രാജാക്കന്മാരുമായി നടത്തിയ ധാരണകളിൽ നിന്നാണ് ഫ്യൂഡലിസം ശക്തിപ്രാപിക്കുന്നത്. പ്രഭുക്കന്മാർക്കും അവരുടെ സ്വത്തിനും രാജാവ് സംരക്ഷണം നൽകിയിരുന്നു. ഇതിന് പകരമായി പ്രഭുക്കന്മാർ രാജാക്കന്മാരോട് വിധേയത്വം പ്രഖ്യാപിക്കുകയും അവർക്ക് സൈനിക സഹായം നൽകുകയും ചെയ്തിരുന്നു. പ്രഭുക്കന്മാർക്ക് രാജാവിന്റെ ഉപദേശക സമിതിയിൽ അംഗത്വം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. കുടുംബത്തിന്റെ സ്വത്ത് പാരമ്പര്യമായി ലഭിക്കുന്നതാണെങ്കിലും രാജാവ് ഈ ഭൂമി ഔദ്യോഗികമായ ചടങ്ങിൽ വെച്ച് പ്രഭുവിന് നൽകിയിരുന്നു. വലിയ പ്രഭുക്കന്മാരുടെ കീഴിൽ ചെറിയ ഭൂവുടമകളായ പ്രഭുക്കന്മാരും ഉണ്ടായിരുന്നു. ഈ പ്രഭുക്കന്മാർക്ക് അവരുടെ പ്രദേശങ്ങളിൽ നികുതി പിരിക്കുന്നതിനും അവകാശം രാജാവ് നൽകിയിരുന്നു. 

കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്നത് സാധാരണ മനുഷ്യരാണ്. ചിലർ ഈ ഭൂപ്രദേശങ്ങളിൽ തന്നെയാണ് താമസിച്ചിരുന്നത്. ഈ സാധാരണ മനുഷ്യർക്ക് വലിയ അവകാശങ്ങളോ ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. കൃഷിയിടം വിൽക്കുമ്പോൾ പണി ചെയ്തിരുന്നവരെയും കൈമാറിയിരുന്നു. 

ഈ ഫ്യൂഡൽ വ്യവസ്ഥിതിയിൽ സഭ എങ്ങനെയാണ് കടന്നുവരുന്നത്? 

കോൺസ്റ്റന്റെന്റൈൻ ചക്രവർത്തിക്കു ശേഷം സഭയും ധാരാളം സ്വത്തുക്കൾ സ്വന്തമാക്കിയിരുന്നു. രൂപതകളും സന്യാസ ആശ്രമങ്ങളും വലിയ ഭൂപ്രദേശങ്ങളുടെ ഉടമകളായി. സഭ സാധാരണ പാവപ്പെട്ട തൊഴിലാളികളായ മനുഷ്യരിൽ നിന്ന് അകലുകയും രാജാക്കന്മാരും പ്രഭുക്കന്മാരുമായ വരേണ്യ വിഭാഗത്തോട് ചേരുകയും ചെയ്തു. രൂപതകളുടെ മെത്രാന്മാർ പ്രഭുക്കളെപ്പോലെ സ്ഥാനമുള്ളവരായി. മെത്രാന്മാർ സൈനിക വിഭാഗങ്ങളുടെ ഉടമകളായി രാജാവിനെ യുദ്ധങ്ങളിൽ സഹായിച്ചു. രാജാക്കന്മാർക്ക് പ്രിയപ്പെട്ടവരെ മെത്രാന്മാരായി നിയമിച്ചു. മെത്രാന്മാർക്ക് സഭാ കാര്യങ്ങളെക്കാൾ ഭൗതിക ഭരണത്തിൽ താത്പര്യം വളർന്നു. സഭയുടെ ആത്മീയശുശ്രൂഷകൾ അവഗണിക്കപ്പെട്ടു. 

ഈ കാലഘട്ടങ്ങളിലാണ് യൂറോപ്പിൽ സ്വകാര്യ ദേവാലയങ്ങൾ ആരംഭിച്ചത്. ഉന്നത പ്രഭു കുടുംബങ്ങൾ അവരുടെ സ്ഥലത്ത് പള്ളികൾ പണിയുകയും തങ്ങൾക്ക് പ്രിയപ്പെട്ടവരെ അവിടെ പുരോഹിതരായി നിയമിക്കുകയും ചെയ്തു. ഈ പള്ളികളുടെ ഉടമസ്ഥാവകാശം അതത് കുടുംബങ്ങൾക്കായിരുന്നു. രൂപതാ മെത്രാന് വലിയ നിയന്ത്രണങ്ങൾ ഈ ദേവാലയങ്ങളുടെമേൽ ഉണ്ടായിരുന്നില്ല. 

മധ്യയുഗത്തിലെ സഭയെ ഇരുണ്ടതാക്കി മാറ്റിയതിന് ഈ ഫ്യൂഡൽ സംവിധാനം കാരണമായിട്ടുണ്ട്. സഭയുടെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് അകലുകയും സഭ സമ്പന്നമാകുകയും ചെയ്തു. ഇത് ഏതാണ്ട് പത്തൊൻപതാം നൂറ്റാണ്ടുവരെ തുടരുകയും സഭയുടെ പല പ്രതിസന്ധികൾക്കും കാരണമാകുകയും ചെയ്തു.

രാജ്ഞിയായ മേരി : ആഗസ്റ്റ് 22

🐛 ശലഭങ്ങൾക്ക് പഴയ ഓർമ്മകൾ കാണുമോ?🦋✨

സ്വാഗതം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 85]

നിലാവിന്റെ വീട് - 18