ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ മനോഹാരിതയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളും ഒട്ടും പുതുമയില്ലാത്തതായിരിക്കും മലയാളിക്ക്. അതുപോലെതന്നെയാണ് ഒരു വൈദികന്റെ ഹൃദയത്തിനകത്തുനിന്നും ദൈവസഭയുടെ സുവിശേഷം അവിടെയുള്ള ജനതയിലേക്കെത്തിക്കുന്നതിന്റെ അനുഭവങ്ങള്‍ കേള്‍ക്കുന്നതും. ഫാ. ലിജു കല്ലൂര്‍, കേരളത്തിലെ എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരു സി എം ഐ പുരോഹിതനാണ്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ബോട്‌സ്വാനയിലെ ഒരു മിഷനറി വൈദികനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണ ആഫ്രിക്കയുടെ ഹൃദയഭാഗത്തുള്ള ഒരു സ്വതന്ത്രരാജ്യമായ ബോട്‌സ്വാന, സമാധാനപരമായ ജനാധിപത്യ ഭരണത്തെയും ശക്തമായ സാമൂഹിക സാംസ്‌കാരിക പൈതൃകത്തെയും കൊണ്ടു പ്രശസ്തമാണ്. അതേസമയം, ക്രൈസ്തവ വിശ്വാസത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും ഭാഗമായി വ്യത്യസ്ത അനുഭവങ്ങളും ഈ മണ്ണിനു പറയാനുണ്ട്. ഫാ. ലിജു കല്ലൂരിന്റെ മിഷന്‍ ജീവിതം, സാംസ്‌കാരിക അതിരുകള്‍ കടന്ന് ഒരു വൈദികന്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍, ബോട്‌സ്വാനയിലെ സഭയുടെ സംഭാവനകള്‍, അവിടെയുള്ള വിശ്വാസികളുടെ ജീവിതം ഇതെല്ലാം സംബന്ധിച്ചുള്ള ഓര്‍മ്മകളാണ് ഈ അഭിമുഖത്തില്‍ കടന്നുവരുന്നത്. ഒരു മലയാളി വൈദികന്‍ ആഫ്രിക്കന്‍ മണ്ണില്‍ അനുഭവിച്ച ദൈവാനുഭവങ്ങളും വൈദിക ദൗത്യത്തിന്റെ അന്തസ്സും പങ്കുവയ്ക്കുകയാണ് ഈ അഭിമുഖത്തില്‍...
ഒരു ദശകത്തിലേറെയായി അച്ചന്‍ ബോട്സ്വാനയില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്നു. മിഷനിലേക്ക് തിരിയുവാനുള്ള പ്രചോദനത്തെപ്പറ്റി പറയാമോ?
സെമിനാരി ജീവിത പരിശീലനം ഈ ഒരു മിഷന്‍ ശൈലിയിലേക്ക് നീങ്ങാന്‍ എന്നെ സഹായിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ സി എം ഐ കൊച്ചി പ്രൊവിന്‍സില്‍ പെട്ട വൈദികനാണ്. 1996-ലാണ് ഞാന്‍ സെമിനാരിയില്‍ ചേരുന്നത്. തിയോളജി പരിശീലനമാണ് മിഷനിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പായത്. സമന്വയ അഥവാ മിഷന്‍ തിയോളജി എന്നറിയപ്പെടുന്ന പ്രത്യേക പരിശീലന പദ്ധതി മിഷനറിയിലേക്കുള്ള ആഭിമുഖ്യത്തില്‍ വളര്‍ത്തുകയായിരുന്നു. ജഗദല്‍പുര്‍, ഋഷികേശ്, ബാംഗ്ലൂര്‍, ഭോപ്പാല്‍ തുടങ്ങിയ വ്യത്യസ്തമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലുമായിട്ടായിരുന്നു ഞങ്ങളുടെ തിയോളജി പരിശീലനം. വ്യത്യസ്തമായ മനുഷ്യരെ കാണുകയും സംസ്‌കാരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തപ്പോള്‍ തന്നെ വിശ്വാസത്തിന്റെ സാധ്യതയും വൈവിധ്യവും അനുഭവിച്ചറിയാന്‍ ഇടവന്നു. ഈയൊരു പരിശീലനമായിരിക്കണം എന്നെ വിശാലമായ മിഷന്‍ സാധ്യതകളിലേക്ക് പ്രവേശിക്കാന്‍ പ്രചോദിപ്പിച്ചത്.
ബോട്സ്വാനയില്‍ ആദ്യമായി എത്തുമ്പോഴുള്ള സാഹചര്യങ്ങള്‍ എപ്രകാരമായിരുന്നു എന്ന് വിവരിക്കാമോ?
എനിക്ക് ഈ മിഷന്‍ ലഭിക്കുമ്പോള്‍ ആ രാജ്യത്തെപ്പറ്റി ചുരുങ്ങിയ അറിവുപോലും ഉണ്ടായിരുന്നില്ല. 2008-ല്‍ അജപാലന ശുശ്രൂഷയ്ക്കായി അവിടെ എത്തിയപ്പോള്‍ രൂപത വൈദികരായി ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. സ്വാന അഥവാ സെത് സ്വാന എന്ന ഭാഷയാണ് അവിടെ ഉപയോഗിച്ചിരുന്നത്. ശക്തമായ ഒരു നാടോടിഗോത്രസംസ്‌കാരം നിലവിലിരുന്നെങ്കിലും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തോടെ പാശ്ചാത്യ സംസ്‌കാരത്തിന്റെ ജീവിതശൈലി അവിടെയും കടന്നുവരികയായിരുന്നു. എങ്കിലും പൊതുവേ ആത്മാര്‍ഥതയും സമാധാന പ്രിയവുമുള്ളവരാണ് അവിടത്തെ ജനങ്ങള്‍.
ബോട്സ്വാനയില്‍ ക്രിസ്തീയ വിശ്വാസം ഉടലെടുത്ത സാഹചര്യം എങ്ങനെയായിരുന്നു?
ഏതാണ്ട് നൂറു വര്‍ഷത്തിന്റെ ചരിത്രമാണ് ക്രൈസ്തവികതയ്ക്ക് ഈ രാജ്യത്ത് പറയാനുള്ളത്. 1966-ല്‍ സ്വതന്ത്രമാകുന്നതുവരെ സൗത്ത് ആഫ്രിക്ക എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ബെറ്റ്‌സൂണ ലാന്‍ഡ് എന്ന പേരിലാണ് ഈ രാജ്യം അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യന്‍ രാജ്യമായിരിക്കെ തന്നെ പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങള്‍ കൂടുതലുള്ള ഈ രാജ്യത്ത് ക്രിസ്തുമതം ആരംഭിക്കുന്നത് ഡേവിഡ് ലിവിങ്സ്റ്റണ്‍ എന്ന ലണ്ടന്‍ മിഷനറിയിലൂടെയാണ്. ഒബ്ലെറ്റ്‌സ് ഓഫ് മേരി മാഗ്‌നറ്റ് ഇമ്മാക്യുലേറ്റ്
(O M I) എന്ന സന്യാസസഭാംഗങ്ങളാണ് ഇവിടെ കത്തോലിക്ക സഭയ്ക്കു തുടക്കമിട്ടത്. ഇന്നു രാജ്യ ജനസംഖ്യയുടെ 5% കത്തോലിക്കരാണ്. എങ്കിലും പൂര്‍വിക മത പാരമ്പര്യങ്ങള്‍ ഇന്നും ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്
ബോട്‌സ്വാനയിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ താങ്കള്‍ക്ക് ലഭിച്ചിരുന്ന മിഷന്‍ പ്രവര്‍ത്തനം എന്തായിരുന്നു ?
പ്രധാനമായും അജപാലനപരമായ ആവശ്യങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ, വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ സാധിക്കുമെങ്കില്‍ അതിന്റെ സാധ്യത പരിശോധിക്കാനും ഒരു നിര്‍ദേശമുണ്ടായിരുന്നു. കാരണം അവിടുത്തെ കത്തോലിക്ക വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും നമ്മുടെ കീഴിലല്ല. അഥവാ ഗവണ്‍മെന്റു കൂടി ഉള്‍പ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് നമുക്കു സ്വന്തമായ ഒരു വിദ്യാഭ്യാസ സേവന സംവിധാനം രൂപീകരിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.
2012-ല്‍ ഞാനീ രാജ്യത്തേക്ക് പോകാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 2012 സി എം ഐ സഭയില്‍ ജനറല്‍ ഗ്ലോബല്‍ മിഷന്‍ എന്ന ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട് കൂടുതല്‍ മിഷന്‍ സെന്ററുകള്‍ ഏറ്റെടുക്കുക എന്നത് സഭയുടെ കാരിസത്തിന്റെ ഭാഗമായി മാറി. അതനുസരിച്ചാണ് ഞങ്ങള്‍ പുറത്ത് ആഫ്രിക്കയില്‍ മിഷനുകള്‍ സ്വീകരിക്കുന്നത്. അങ്ങനെ ഒരു മുഖം കൂടി ഇതിനുണ്ട്.
ഞങ്ങള്‍ രണ്ട് സി എം ഐ വൈദികര്‍ അവിടെ ചെന്നതിനുശേഷം ഏഴു മാസം ഭാഷ പഠിക്കാനായി ചെറിയ ഗ്രാമങ്ങളിലേക്ക് അയയ്ക്കപ്പെടുകയും ഏഴു മാസങ്ങള്‍ക്കുശേഷം ഒരു വര്‍ഷത്തേക്ക് അസിസ്റ്റന്റ് വികാരിമാരായി ജോലി ചെയ്യുകയും അതിനുശേഷം വിവിധ ഇടവകകളിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
ഇന്ന് അവിടുത്തെ മിഷന്‍ നേരിടുന്ന പ്രതിസന്ധികള്‍ ഏതൊക്കെയാണ്?
നമുക്ക് അവിടെ രണ്ടു രൂപതകളും വിവിധ ദേവാലയങ്ങളും ഉണ്ടെങ്കിലും വിശ്വാസപരിശീലനം എന്നത് വളരെ വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടു ന്നുണ്ട്. അവിടുത്തെ വിശ്വാസപരിശീലനം കൂദാശകളുടെ സ്വീകരണത്തിന്റെ ഭാഗമായി ചുരുങ്ങിപ്പോയിട്ടുണ്ട്. നമ്മള്‍ക്ക് പരിചയമുള്ള വിശ്വാസപരിശീലനത്തിന്റെ ഒരു സംവിധാനം അവര്‍ക്കില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ പല വിശ്വാസസത്യങ്ങളും അവര്‍ക്ക് അന്യമാണ്. വചനസന്ദേശത്തിനിടയില്‍ യോനാ പ്രവാചകനെ പറ്റി പറഞ്ഞപ്പോള്‍ അവര്‍ക്ക് അതാരാണെന്നുപോലും അറിയാന്‍ പറ്റാത്ത ഒരു സ്ഥിതിയുണ്ട്. വിശുദ്ധരെ അറിയാത്ത സ്ഥിതിയുണ്ട്. ഇതു മാറണമെങ്കില്‍ കൂദാശകളുടെ ഒരുക്കത്തില്‍ മാത്രം വിശ്വാസപരിശീലനത്തെ ചുരുക്കാതെ വലിയ വിശ്വാസപരിശീലന പദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. മറ്റൊരു പ്രതിസന്ധി ക്രിസ്തീയ സമൂഹത്തിന്റെ സാമൂഹിക മൂല്യാധിഷ്ഠിത ജീവിതവുമായി ബന്ധപ്പെട്ടാണ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പാശ്ചാത്യ സംസ്‌കാരത്തിലൂടെ കടന്നുവന്ന അയഞ്ഞ ജീവിതത്തിന്റെയും സ്വാധീനങ്ങള്‍ക്കെതിരെ അജപാലനപരമായ വലിയ പരിശ്രമങ്ങള്‍ ഇന്ന് രാജ്യം സഭയില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഭാവിയിലെ വിശ്വാസസമൂഹത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാന്‍ പോന്നതാണ്.