
ഇറ്റലിയിലെ കാസ്റ്റല്‍നോവോയില്‍ അടിയുറച്ച ഈശ്വരവിശ്വാസികളായ മാതാപിതാക്കളില്‍ നിന്ന് 1811 ജനുവരി 11-ന് ജോസഫ് കഫാസ്സോ ജനിച്ചു. ബാലനായിരുന്നപ്പോള്‍ത്തന്നെ 'കൊച്ചു വിശുദ്ധന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമ്പത്തികമായി പിന്നോക്കമായിരുന്നെങ്കിലും വ്യത്യസ്ത കഴിവുകളും സാമര്‍ത്ഥ്യവും ഭക്തിയും ഉത്സാഹവുംകൊണ്ട് 22-ാമത്തെ വയസ്സില്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ടൂറിന്‍ സെമിനാരിയില്‍ അദ്ദേഹം പ്രീഫെക്ടും മോറല്‍ തിയോളജി പ്രൊഫസ്സറും അവസാനം റെക്ടറുമായി. 'ഇറ്റാലിയന്‍ വൈദികലോകത്തെ മുത്ത്' എന്നറിയപ്പെട്ടിരുന്ന ഫാ. കഫാസ്സോ രൂപത്തില്‍ കുറിയവനും അല്പം വിരൂപനുമായിരുന്നെങ്കിലും വൈദികര്‍ക്കു മാത്രമല്ല ടൂറിനിലെ ജനങ്ങള്‍ക്കെല്ലാം അദ്ദേഹം അനുഗ്രഹങ്ങളുടെ വിളനിലമായിരുന്നു. മഹാനായ വി. ജോണ്‍ ബോസ്‌കോയുടെ ആത്മീയ പിതാവായിരുന്ന ഫാ. കഫാസ്സോയുടെ പക്കല്‍, വൈദികരും ബിഷപ്പുമാരും രാജകുമാരന്മാരും തൊഴിലാളികളുമെല്ലാം കുമ്പസാരത്തിനും ആദ്ധ്യാത്മിക ഉപദേശങ്ങള്‍ക്കുമായി ഓടിയെത്തിയിരുന്നു.
ദരിദ്രരെയും അനാഥരെയും നിരാശ്രയരെയുമെല്ലാം സംരക്ഷിക്കുന്നതിനായി "ദൈവപരിപാലനാഭവന"ത്തിന് അടിസ്ഥാനമിട്ട വി. ജോസഫ് കൊട്ടെലെങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ ഫാ. കഫാസ്സോ ആകൃഷ്ടനായിരുന്നു.
1860 ജൂണ്‍ 23-ന് സെമിനാരി റെക്ടറായിരിക്കെ, ഫാ. ജോസഫ് കഫാസ്സോ അന്തരിച്ചു. 1895-ല്‍ ദൈവദാസനും 1947-ല്‍ വിശുദ്ധനുമായി പ്രഖ്യാപിക്കപ്പെട്ടു. വി. കഫാസ്സോയുടെ നാമകരണച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ എല്ലാ വൈദികരോടും അദ്ദേഹത്തില്‍നിന്നും പഠിക്കാന്‍ ആഹ്വാനം ചെയ്തു. "അക്ഷീണപരിശ്രമം, ക്ഷമ, അനുകമ്പ, എല്ലാറ്റിനുമുപരി നിരന്തരമുള്ള പ്രാര്‍ത്ഥന. ദൈവപരിപാലനയില്ലെങ്കില്‍ മനുഷ്യന്റെ എല്ലാ പ്രയത്‌നങ്ങളും നിഷ്ഫലമാണെന്ന് ഓര്‍മ്മിക്കണം. വൈദികരുടെ ശിക്ഷണത്തിനും വിശുദ്ധീകരണത്തിനുമായി ദൈവം പ്രത്യേകം നിയോഗിച്ച വ്യക്തിയായിരുന്നു വി. ജോസഫ് കഫാസ്സോ. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഇത്രയും വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു പുരോഹിതനില്ല. അദ്ദേഹം എല്ലാവരെയും ഒരുപോലെ വിശ്വസിച്ചു. ധനവാനെയും ദരിദ്രനെയും യുവാക്കളെയും വൃദ്ധരെയും പണ്ഡിതനെയും പാമരനെയുമെല്ലാം. പരസ്പരവിശ്വാസമുള്ള വൈദികരെയും ഒരു ജനതയെയും സഭയ്ക്കും രാജ്യത്തിനും നല്‍കാന്‍ ദൈവത്തിന്റെ മുമ്പാകെ അദ്ദേഹം മാദ്ധ്യസ്ഥ്യം വഹിക്കട്ടെ."