വിശുദ്ധ ജെര്‍മെയിന്‍ കസിന്‍ (1579-1601) : ജൂണ്‍ 15

വിശുദ്ധ ജെര്‍മെയിന്‍ കസിന്‍ (1579-1601) : ജൂണ്‍ 15
Published on

ഫ്രാന്‍സില്‍ പൈബ്രാക് എന്ന സ്ഥലത്ത് ഒരു പാവം കര്‍ഷക കുടുംബത്തിലാണ് ജെര്‍മെയിന്‍ ജനിച്ചത്. ജന്മനാ ഒരു കൈയ്ക്ക് സ്വാധീനമുണ്ടായിരുന്നില്ല. കണ്ഠമാല എന്ന അസുഖവുമുണ്ടായിരുന്നു.

ദൈവത്തെ സ്‌നേഹിക്കാന്‍ പഠിക്കണമെങ്കില്‍, നമ്മള്‍ എപ്പോഴും ഒഴുക്കിനെതിരെ നീന്തണം; മനസ്സിനെ നിരന്തരം നിയന്ത്രിക്കുകയും വേണം.
വാഴ്ത്തപ്പെട്ട അന്ന എം. തൈഗി

അവളുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിക്കുകയും അച്ഛന്‍ പുനര്‍വിവാഹം നടത്തുകയും ചെയ്തു. രണ്ടാനമ്മ നിര്‍ദ്ദയയായിരുന്നു. അസുഖം പടരുമെന്നു പറഞ്ഞ് അവളെ ആടുകളുടെകൂടെ തൊഴുത്തിലാണ് ഉറങ്ങാന്‍ അനുവദിച്ചത്.

ആവശ്യത്തിനു ഭക്ഷണവും നല്‍കിയിരുന്നില്ല.
എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം നല്‍കിയിരുന്നു. എല്ലാത്തിലും ദൈവസാന്നിദ്ധ്യം അനുഭവിക്കാനുള്ള വരം ദൈവം അവള്‍ക്കു നല്‍കിയിരുന്നു.

അങ്ങനെ, വിശുദ്ധകുര്‍ബാനയിലും പരിശുദ്ധ കന്യകാമറിയത്തിലും അവള്‍ അഭയം തേടി.
ഗ്രാമത്തിലെ കുട്ടികളെ ഒരുമിച്ചുകൂട്ടുകയും അവര്‍ക്ക് ഈശോയുടെയും മറിയത്തിന്റെയും സ്‌നേഹത്തെപ്പറ്റി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.

രണ്ടാനമ്മ നല്‍കുന്ന തുഛമായ ഭക്ഷണത്തില്‍നിന്നു മിച്ചം വച്ച് തന്നെക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്ക് അവള്‍ നല്‍കിയിരുന്നു. 22-ാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ജെര്‍മെയിന്റെ ജീവിതവിശുദ്ധി ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.

1867 ജൂണ്‍ 29-ന് പോപ്പ് പയസ് IX ജെര്‍മെയിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 15-ന് പൈബ്രാക്കിലെ പള്ളിയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്താറുണ്ട്. അവിടെയാണ് ഈ വിശുദ്ധയുടെ ഇപ്പോഴും നശിക്കാത്ത ശരീരം സംസ്‌കരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org