വിശുദ്ധ ബനഡിക്ട്  (480-547) : ജൂലൈ 11

വിശുദ്ധ ബനഡിക്ട്  (480-547) : ജൂലൈ 11
പ്രാര്‍ത്ഥിക്കുക; അദ്ധ്വാനിക്കുക
സെന്റ്‌ ബനഡിക്ട്‌

ഇറ്റലിയില്‍ ഉമ്പ്രിയായിലെ നഴ്‌സിയ എന്ന കൊച്ചുപട്ടണത്തിലാണ് ബനഡിക്ട് ജനിച്ചത്. ചെറുപ്പകാലം റോമില്‍ ചെലവഴിച്ചു. തന്റെ സഹപാഠികളുടെ അസന്മാര്‍ഗ്ഗിക ജീവിതം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. രാജ്യത്തിന്റെ അവസ്ഥയും പരിതാപകരമായിരുന്നു. കുത്തഴിഞ്ഞ ജീവിതരീതിയോടു പൊരുത്തപ്പെട്ടു പോകാന്‍ ബുദ്ധിമുട്ടു തോന്നിയ ബനഡിക്ട് പതിനാറാമത്തെ വയസ്സില്‍, എല്ലാം ഉപേക്ഷിച്ച് ഏകാന്തവാസത്തില്‍ അഭയം തേടാന്‍ തീരുമാനിച്ചു. അങ്ങനെ സുബിയാക്കോ മലയുടെ മുകളില്‍ ഒരു ഗുഹയില്‍ ഏകനായി സന്ന്യാസജീവിതം ആരംഭിച്ചു.

മൂന്നുവര്‍ഷംകൊണ്ട് അദ്ദേഹത്തിന്റെ മനസ്സും സ്വഭാവവും പാകപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെയും അത്ഭുതപ്രവര്‍ത്തനങ്ങളെയും പറ്റി കേട്ടറിഞ്ഞ അനേകര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. ശിഷ്യത്വം സ്വീകരിച്ചവരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്കായി പന്ത്രണ്ട് മൊണാസ്റ്ററികള്‍ സ്ഥാപിച്ചു. ഓരോന്നിലും പന്ത്രണ്ടു സന്ന്യാസിമാരും അവരില്‍നിന്നുതന്നെ ഒരു സുപ്പീരിയറുമാണ് ഉണ്ടായിരുന്നത്.

യുവാക്കള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം നല്‍കുന്നതിനായി ബനഡിക്ട് സ്‌കൂളുകളും ആരംഭിച്ചു. റോമില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും അനേകംപേര്‍ അദ്ദേഹത്തിന്റെ ഉപദേശം തേടി വന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ പ്ലാസിഡ് എന്ന ശിഷ്യന്റെ പിതാവ് മൊന്തെകാസ്സിനൊ എന്ന സ്ഥലം അദ്ദേഹത്തിനു ദാനമായി നല്‍കി. അതില്‍ എന്തോ ദൈവിക പദ്ധതിയുണ്ടെന്നു തോന്നിയ അദ്ദേഹം അതു സ്വീകരിച്ചു. ഇരുപത്തെട്ടു വര്‍ഷത്തിനുശേഷം 529-ല്‍ മൊന്തെ കാസ്സിനോയില്‍ ഒരു വലിയ ആശ്രമം പണിത് സുബിയാക്കോ മലയില്‍നിന്ന് താമസം അങ്ങോട്ടു മാറ്റി. യൂറോപ്പിന്റെ ആദ്ധ്യാത്മിക പുനരുത്ഥാനത്തിനു വഴിയൊരുക്കിയ ബനഡിക് ടൈന്‍ സഭയുടെ മദര്‍ഹൗസായിത്തീര്‍ന്നു മൊന്തെ കാസ്സിനോയിലെ ഈ ആശ്രമം. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ "യൂറോപ്പിന്റെ പിതാവ്" എന്നാണ് ബനഡിക്ടിനെ വിശേഷിപ്പിച്ചത്. പോപ്പ് പോള്‍ ആറാമന്‍ 1964 ഒക്‌ടോബര്‍ 24-ന് "യൂറോപ്പിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍" എന്നാണ് ബനഡിക്ടിനെ അഭിസംബോധന ചെയ്തത്.

റോമിന്റെയും നേപ്പിള്‍സിന്റെയും മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മൊന്തെ കസ്സീനോയിലെ ജീവിതം സുബിയാക്കോ മലമുകളിലെ ഏകാന്തവാസത്തില്‍നിന്നു വ്യത്യസ്തമായിരുന്നു. 526-ല്‍ സന്ന്യാസികളുടെ മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനത്തിനായി ചില നിയമസംഹിതകള്‍ക്ക് ബനഡിക്ട് രൂപം നല്‍കിയിരുന്നു. എല്ലാ പ്രായത്തിനും കാലാവസ്ഥയ്ക്കും പ്രദേശത്തിനും അനുയോജ്യമായ ആ നിയമാവലി പിന്നീട് പാശ്ചാത്യ സന്ന്യാസസഭകളുടെയെല്ലാം അടിസ്ഥാനതത്ത്വങ്ങളായി അംഗീകരിക്കപ്പെടുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന ഈജിപ്ഷ്യന്‍ രീതിക്കുപകരം, വ്യക്തികളുടെ കൂട്ടായ ജീവിതത്തിനും സന്തോഷകരമായ അനുസരണത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു ബനഡിക്ടിന്റെ നിയമാവലി. അടിമകളെക്കൊണ്ടു ചെയ്യിച്ചിരുന്ന കൈത്തൊഴിലുകള്‍ അഭിമാനത്തോടെ ഏറ്റെടുത്തു ചെയ്യാന്‍ സന്ന്യാസികള്‍ തയ്യാറായി. യുദ്ധം നശിപ്പിച്ച, താറുമാറായി ഉപേക്ഷിക്കപ്പെട്ടു കിടന്ന തരിശുഭൂമികള്‍ ഫലസമൃദ്ധമാക്കാന്‍ സന്ന്യാസികള്‍ മുന്നിട്ടിറങ്ങി.

അനുസരണയോടെ പണിയെടുത്തുകൊണ്ട് വേണും ആളുകള്‍ ദൈവത്തിങ്കലേക്ക് തിരികെച്ചെല്ലാന്‍. അനുസരണക്കേടിന്റെ അലസതകൊണ്ട് അവര്‍ ദൈവത്തില്‍നിന്ന് അകന്നുപോയിരുന്നു. ജോലിചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളും വേദനകളും അവര്‍ ദൈവത്തെപ്രതി സഹിക്കണം. ജോലി എന്തുമാകട്ടെ, ആവശ്യമാണ് പ്രധാനം. അലസനായ വ്യക്തിയുടെ ഹൃദയത്തില്‍ ദൈവം ഒരിക്കലും കൃപ ചൊരിയുകയില്ലെന്നു മനസ്സിലാക്കണം.

ജോലി പ്രാര്‍ത്ഥനയാണ്, "ഓപ്പൂസ് ദേയി". ദിവസത്തില്‍ ഓരോ നിമിഷത്തിലും ദൈവസാന്നിദ്ധ്യം നാം അനുഭവിച്ചറിയുന്നു. ആത്മാര്‍ത്ഥതയും ഉദ്ദേശ്യശുദ്ധിയുംകൊണ്ട് ജോലി വിശ്വാസപ്രഘോഷണവും ദൈവസ്തുതിയും ആരാധനയുമായി മാറുന്നു. ജോലിക്കു പുറമെ വ്യക്തിപരമായ പ്രാര്‍ത്ഥനയുമുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങളെടുക്കണം. ഒരു ആശ്രമത്തോടുതന്നെ ബന്ധപ്പെട്ട് ജീവിതം പൂര്‍ത്തിയാക്കുന്നു ദാരിദ്ര്യത്തെപ്പറ്റിയുള്ള പഴയ ഫ്രാന്‍സിസ്‌കന്‍ സങ്കല് പത്തില്‍നിന്നു വ്യത്യസ്തമായി ബനഡിക്‌ടൈന്‍ ആശ്രമങ്ങള്‍ സ്വയംപര്യാപ്തമാകണം എന്നായിരുന്നു വ്യവസ്ഥ. കൂടാതെ, പാവങ്ങളെയും രോഗികളെയും മറ്റുവിധത്തില്‍ കഷ്ടപ്പെടുന്നവരെയും സഹായിക്കുകയും വേണം. അപരിചിതര്‍ക്ക് അഭയം നല്‍കുകയും ചെയ്യണം.

സന്ന്യാസിമാര്‍ ഗ്രീക്ക്, റോമന്‍ ക്ലാസ്സിക്കുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും മാത്രമല്ല, ഇരുണ്ട കാലഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു വെളിച്ചമാകാന്‍ അവ പകര്‍ത്തി വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ബിഷപ്പുമാര്‍, ആശ്രമശ്രേഷ്ഠന്മാര്‍, പ്രഭുക്കന്മാര്‍, സാധാരണക്കാര്‍ എന്നീ ജീവിതത്തിന്റെ എല്ലാ മേഖലയിലുംപെട്ടവര്‍ ബനഡിക്ടിന്റെ ഉപദേശം തേടി എത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ശാന്തവും മാന്യവും നിഷ്പക്ഷവുമായ അഭിപ്രായങ്ങളും ജീവിതവീക്ഷണവും എല്ലാവരെയും തൃപ്തിപ്പെടുത്തിയിരുന്നു. അധികാരികള്‍ ആശ്രിതര്‍ക്കു പേടിസ്വപ്നമാകുകയല്ല വേണ്ടത്. അവരുമായി സൗഹൃദം സ്ഥാപിക്കുക. പാവങ്ങള്‍ക്ക് അദ്ദേഹം ദയാലുവായ ഒരു സംരക്ഷകനായിരുന്നു. ഗോത്തുകളുടെ രാജാവ് തോത്തില ഒരിക്കല്‍ മൊന്തെ കാസ്സിനോ സന്ദര്‍ശിച്ചു. ആ സന്ദര്‍ശനം അദ്ദേഹത്തെ അടിമുടി മാറ്റിയെന്നും സകല ക്രൂരതകളും അദ്ദേഹം അവസാനിപ്പിച്ചെന്നു ചരിത്രം.

547 മാര്‍ച്ച് 21-ന് ആശ്രമ ചാപ്പലില്‍ വച്ച് ബനഡിക്ട് മരിച്ചുവെന്ന് കരുതപ്പെടുന്നു. വി. കുര്‍ബാന സ്വീകരിച്ചശേഷം സ്വര്‍ഗ്ഗത്തിലേക്ക് കൈകളുയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയ അദ്ദേഹം സാവധാനം ജീവന്‍ വെടിയുകയായിരുന്നു. കാസ്സിനോയില്‍ സ്‌നാപകയോഹന്നാന്റെ നാമത്തിലുള്ള ഓറട്ടറിയില്‍ സഹോദരി വി. സ്‌കൊളാസ്റ്റിക്കയുടെ സമീപത്താണ് വി. ബനഡിക്ടിനെയും സംസ്‌കരിച്ചിരിക്കുന്നത്.

വൈദികനായില്ലെങ്കിലും അദ്ദേഹം സ്ഥാപിച്ച സന്ന്യാസസഭ 24 മാര്‍പാപ്പമാരെയും 4600 ബിഷപ്പുമാരെയും അയ്യായിരത്തിലേറെ വിശുദ്ധ രെയും സഭയ്ക്കും ലോകത്തിനും പ്രദാനം ചെയ്തു. ആരാധനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കും പുറമെ കലാപരവും ശാസ്ത്രീയവും കാര്‍ഷികവുമായി അദ്ദേഹം ലോകത്തിനു നല്‍കിയ സേവനങ്ങള്‍ അമൂല്യങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org