
അയാള്‍ തോക്കെടുത്ത്, തിരനിറച്ച്, ഉള്‍ക്കടലിന്റെ ആകാശത്തേക്ക് ഉന്നംവച്ച്, ട്രിഗര്‍ വലിച്ചു. ബുള്ളറ്റ് ഇരുട്ടിലേക്ക് ഒരു നീണ്ട ചൂളം വിളിയോടെ കുതിച്ചു. തുറന്ന കടലിലെവിടെയോ അത് പോയി പതിച്ചു.
'അവര്‍ അത് ദൂരെനിന്ന് കാണില്ല. അല്ലേ, അച്ഛാ?'
'ആര്?'
'ആരെങ്കിലും.'
'ഇല്ല. ദൂരെനിന്നും കാണില്ല.'
'നമ്മള്‍ ഇവിടെയുണ്ടെന്ന് ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്.'
'നല്ലവരെയാണോ നീ ഉദ്ദേശിക്കുന്നത്?'
'അതെ. നമ്മള്‍ ഇവിടെയുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ മതിയായിരുന്നു.'
'ആരോട്?'
'അറിയില്ല.'
'ദൈവത്തെപ്പോലെ ആരോടെങ്കിലും?'
'അതെ. ദൈവത്തെപ്പോലെ ആരോടെങ്കിലും.'
കോര്‍മാക് മക്കാര്‍ത്തിയുടെ മാസ്റ്റര്‍പീസായ The Road എന്ന നോവലിലെ നിരവധി ഡയലോഗുകളില്‍ ഒന്നാണിത്. ലോകം വലിയൊരു ദുരന്തത്തിലൂടെ കടന്നു പോയതിനു ശേഷമുള്ള അവസ്ഥാന്തരീക്ഷമാണ് കഥയുടെ പശ്ചാത്തലം. ശൈത്യക്കാലത്തെ കൊടും തണുപ്പില്‍ പരസ്പരം വേട്ടക്കാരായി മാറിയിരിക്കുന്ന മനുഷ്യരുടെ ഇടയിലൂടെ അതി ജീവനത്തിനായി യാത്ര നടത്തുന്ന ഒരു അച്ഛന്റെയും മകന്റെയും കഥ. തണുത്തുറഞ്ഞ ഇരുണ്ട ലോകത്തില്‍ അച്ഛനും മകനും ഒരു തീനാളമായി മാറുന്നതാണ് കഥാതന്തു. അതുകൊണ്ട് തന്നെ ഈ നോവലില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന പദം Fire ആണ്. തീ ഒരു പ്രതീകാത്മക കഥാപാത്രമാണ്. നോക്കുക, ആ അച്ഛനും മകനും തമ്മിലുള്ള സംഭാഷണ ശകലം: 'എല്ലാം ശരിയാകും, അല്ലേ അച്ഛാ?'
'അതെ. എല്ലാം ശരിയാകും. മോശമായ ഒന്നും നമുക്ക് സംഭവിക്കാന്‍ പോകുന്നില്ല.'
'അത് ശരിയാണ്, നമ്മുടെ കൈയില്‍ തീയുണ്ടല്ലോ.'
'അതെ. നമ്മുടെ കൈയില്‍ തീയുണ്ട്.'
വ്യത്യസ്തമെന്ന് തോന്നുന്ന രണ്ടു യാഥാര്‍ത്ഥ്യങ്ങളെ ഒന്നിപ്പിക്കുന്നവയാണ് പ്രതീകങ്ങള്‍ (symbols). പ്രതീകാത്മകമായ ഒരു ജീവിവര്‍ഗ്ഗമുണ്ടെങ്കില്‍ അത് മനുഷ്യന്‍ മാത്രമാണ്. എന്തെന്നാല്‍ അവനു മാത്രമേ ഭൗതികമായ പലതിലും അതിന്റെ ആത്മീയമായ മറുഭാഗത്തെ സന്നിവേശിപ്പിക്കാന്‍ സാധിക്കു. അതുകൊണ്ടാണ് 'I love you' എന്ന ഒരു ശബ്ദം എന്റെ നാവില്‍നിന്നും വരുമ്പോള്‍ അത് അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നത് വെറും ഒരു തരംഗം മാത്രമല്ലാതിരിക്കുന്നത്. അത് എന്റെ പ്രണയിനിയുടെ കണ്ണുകളില്‍ മിഴിവും നല്‍കുന്നുണ്ട്.
എരിഞ്ഞു ചാമ്പലാകാത്ത കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിന്റെ ദൃശ്യം പുറപ്പാടിന്റെ പുസ്തകത്തിലുള്ളത് ദൈവം സ്വയം വെളിപ്പെടുത്തുന്ന നിമിഷത്തിലാണ്. അതൊരു പ്രതീകമാണ്. ഭൗമീകവും ദൈവീകവും ഒന്നായി തീരുന്നതിന്റെ പ്രതീകം. ഭൗമീകമായ എല്ലാത്തിലും ദൈവികമായ ഒരു തലമുണ്ട്. ദൈവികമായ ആ തലം അദൃശ്യമാണ്. എന്നാല്‍ ഉള്ളില്‍ പ്രകാശമുള്ളവന് ആ ദൈവീകതയെ ദര്‍ശിക്കാന്‍ പറ്റും.
മക്കാര്‍ത്തിയുടെ നോവലിന്റെ അവസാനം മരിക്കുന്നതിനു മുന്‍പ് അച്ഛന്‍ തന്റെ മകന്റെ ഉള്ളിലെ തീയെ വെളിപ്പെടുത്തി കൊടുക്കുന്നുണ്ട്.
'നീ തീയുമായിട്ട് പോകണം.'
'എനിക്കറിയില്ല അതെങ്ങനെയെന്ന്.'
'ഇല്ല, നിനക്കറിയാമത്.'
'തീ, അത് ഉള്ളതാണോ?'
'അതെ, അത് സത്യമാണ്'
'എവിടെയാണത്? എവിടെയാണെന്ന് എനിക്കറിയില്ല.'
'ഇല്ല, നിനക്കറിയാം. അത് നിന്റെ ഉള്ളിലുണ്ട്. അത് എപ്പോഴും നിന്നിലുണ്ടായിരുന്നു. എനിക്കത് കാണാം.'
സ്‌നേഹമില്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ പ്രതീകാത്മകമായ തലത്തെ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കില്ല. മനുഷ്യന്‍ ശരീരവും മനസ്സും മാത്രമല്ല, അതിനുമപ്പുറത്ത് നമുക്ക് കാണാന്‍ സാധിക്കാത്ത ഒരു യാഥാര്‍ഥ്യമുണ്ട്. അതു കാണണമെങ്കില്‍ ഉള്ളില്‍ തീ വേണം. എരിഞ്ഞു ചാമ്പലാകാത്ത കത്തി ജ്വലിക്കുന്ന മുള്‍പ്പടര്‍പ്പ് പോലെ. നമ്മിലെ ദൈവികതയാണ് ഈ തീ. ഉള്ളിലെ ഈ അഗ്‌നി അണഞ്ഞാല്‍ പിന്നെ ഉണ്ടാകുക ഭൗതികതയില്‍ ആശ്രയിച്ചു കൊണ്ടുള്ള വിധി തീര്‍പ്പുകള്‍ മാത്രമായിരിക്കും. എന്റെ സഹജീവികള്‍ എനിക്ക് ദൃശ്യമാകാത്ത ദൈവികമായ ഒരു യാഥാര്‍ത്ഥ്യത്തിന്റെ കാണപ്പെടുന്ന പ്രതീകമാണെന്ന ബോധം അവരിലുണ്ടാകില്ല. അങ്ങനെയുള്ളവര്‍ ശാസ്ത്രത്തിന്റെ പേരും പറഞ്ഞു സഹജരുടെ വേദനകളുടെ നടുവിലിരുന്ന് കാകദൃഷ്ടിയില്‍ വിരാജിച്ചു കൊണ്ട് നിഷേധാത്മകതകള്‍ വിളമ്പി കൊണ്ടിരിക്കും. തലയില്‍ നിറയെ ബുദ്ധിയും ഹൃദയത്തില്‍ മുഴുവന്‍ അന്ധ കാരവും ഉള്ളവരായിരിക്കും അവര്‍. കവികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രണയികള്‍ക്കും ദൈവികമായ ഒരു അഗ്‌നി ഉള്ളിന്റെ ഉള്ളില്‍ ഉണ്ടാകുമ്പോള്‍, ബുദ്ധി ജീവികള്‍ എന്ന് സ്വയം കരുതുന്ന ചിലര്‍ക്ക് ആ തീയുടെ ഒരു തരി പോലും ഉണ്ടാകുകയില്ല. ആ ബുദ്ധിജീവികളാണ് വലിയ ദുരന്തത്തിന്റെ മുമ്പിലിരുന്ന് പോലും വെറുപ്പിന്റെ വമനങ്ങള്‍ സഹജരുടെ മേല്‍ ചൊരിയുന്നത്. അവരെ സൂക്ഷിക്കണം. നരകാഗ്‌നിയുടെ ശേഷിപ്പുകളാണവര്‍. അവര്‍ പൈശാചികതയുടെ പ്രതീകങ്ങളാണ്.
ഉള്ളില്‍ തീയും വഹിച്ചുകൊണ്ടു നടക്കുന്ന മക്കാര്‍ത്തിയുടെ അച്ഛനെയും മകനെയും ത്രിത്വത്തിലെ രണ്ട് വ്യക്തിത്വങ്ങളുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ആത്മാവിന്റെ പ്രതീകമാകുന്ന അഗ്‌നി ദൈവാനുഭവത്തെ ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നു. നമ്മുടെ ഉള്ളിലെ തീയുടെ ബഹിര്‍സ്ഫുരണം ഒരു പ്രതീക്ഷയാണ്, ആരെങ്കിലുമൊക്കെ നമ്മെ കാണുന്നുണ്ടാകും എന്ന പ്രതീക്ഷ.
അതെ, ദൈവം നമ്മെ ശ്രദ്ധിക്കുന്നുണ്ട്. മറ്റൊരു നോവലില്‍മക്കാര്‍ത്തി ഇതിനെക്കുറിച്ച് പറയുന്നുണ്ട്; 'അവന്‍ നമ്മെ ശ്രദ്ധിക്കുന്നുണ്ട്. ഇല്ലായിരുന്നെങ്കില്‍ ഒരു ദിവസം പോലും അതിജീവിക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ല' (Outer Dark). ഇതാണ് വിശ്വസിക്കുന്നവരുടെ ഉറപ്പ്.
പക്ഷേ ആത്മീയമായ ഒരു തിരിച്ചറിവ് ഇല്ലെങ്കില്‍ അതായത് ഉള്ളില്‍ സ്‌നേഹമെന്ന തീ ആളിക്കത്തുന്നില്ലെങ്കില്‍ വീണ്ടും നമ്മള്‍ പണിതുയര്‍ത്താന്‍ പോകുന്നത് ആ പഴയ ലോകം തന്നെയായിരിക്കും. The Road എന്ന നോവലിലെ ആ മകന്‍ ഉള്ളില്‍ ആളിക്കത്തുന്ന തീയുമായി നവ ലോകത്തിലേക്ക് നടന്നടുക്കുന്നത് പോലെ ഒരു നവ ആത്മീയതയുടെ അഗ്‌നിയും പേറി നമ്മളും മുന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു.
'നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടു വീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു' (റോമാ 8:26).