ഭിന്നാഭിപ്രായങ്ങള്‍ക്കുള്ളിലെ വിശുദ്ധി

ഭിന്നാഭിപ്രായങ്ങള്‍ക്കുള്ളിലെ വിശുദ്ധി
ആത്മീയതയിലെ അസഹിഷ്ണുതയായിരുന്നു സഭയിലെ ഇരുണ്ട കാലഘട്ടത്തിന്റെ പ്രത്യേകതയെങ്കില്‍ ആ അസഹിഷ്ണുതയെ അനുപമമായി കരുതുന്ന ഒരു നവ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഭൂരിപക്ഷത്തിന്റെ വിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അഭിപ്രായങ്ങളെ പ്രമാണങ്ങളാക്കി മാറ്റുവാന്‍ കൊതിക്കുന്ന ഒരു വിശ്വാസപരിസരം സഭയ്ക്കുള്ളിലും രാഷ്ട്രീയത്തിലും സംജാതമായിരിക്കുകയാണ്.

അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തോടൊപ്പം പ്രാധാന്യമുള്ളതാണ് അഭിപ്രായവ്യത്യാസം എന്ന മൗലികതയും. അതുകൊണ്ടാണ് പൗലോസപ്പോസ്തലന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നത് ഒരു ആവശ്യമാണെന്ന് പറയുന്നത്. 'Oportet et haereses esse' എന്നാണ് ലത്തീന്‍ വിവര്‍ത്തനം. 'ഹെരസി' എന്ന പദത്തിനെയാണ് 'ഭിന്നിപ്പ്' എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 'പാഷണ്ഡത' എന്നാണ് ആ പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. പക്ഷെ അത് പാഷണ്ഡത അല്ല ഭിന്നാഭിപ്രായം മാത്രമാണെന്നാണ് വ്യാഖ്യാനം. വചനഭാഗം ഇങ്ങനെയാണ്: 'നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്' (1 കോറി. 11:19).

ആദിമകാല ക്രൈസ്തവരുടെ പൊതുവായുള്ള ഒരു മനോഭാവമാണ് ഈ വരികളില്‍ തെളിഞ്ഞു കിടക്കുന്നത്. സഭയുടെ തുടക്കം മുതല്‍ ഭിന്നിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ ഭിന്നിപ്പുകളില്‍ നിന്നുമാണ് വ്യക്തമായ തീരുമാനങ്ങളിലേക്ക് സഭ നടന്നടുക്കുകയും ചെയ്തിട്ടുള്ളത്. ഭിന്നിപ്പിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് എ ഡി 325 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ആദ്യ സൂനഹദോസ് വിളിച്ചുകൂട്ടുന്നത്. നിഖ്യാ സൂനഹദോസ് ആണത്. അതില്‍ നിന്നാണ് കത്തോലിക്കാ വിശ്വാസത്തിന് ഒരു പ്രാമാണിക രൂപം ലഭിച്ചത്. വിശ്വാസവും ആത്മീയതയും സാമൂഹിക സ്ഥിരതയെ തുരങ്കംവെക്കാന്‍ തുടങ്ങുന്നുവെന്ന് കണ്ടപ്പോഴാണ് ചക്രവര്‍ത്തി അങ്ങനെയൊരു സൂനഹദോസ് വിളിച്ചത്. അതില്‍ നിന്നാണ് വ്യത്യസ്തതകളുടെ സങ്കലനമായ വിശ്വാസപ്രമാണം നമ്മള്‍ക്ക് ലഭിക്കുന്നത്. അപ്പോഴും ഓര്‍ക്കണം, അതൊരു യാഥാസ്ഥിതികതയുടെ വിജയമല്ലായിരുന്നു എന്ന കാര്യം.

ഏകദേശം പതിനൊന്നാം നൂറ്റാണ്ടില്‍ എത്തിയപ്പോഴാണ് ക്രൈസ്തവികതയില്‍ ഭിന്നാഭിപ്രായങ്ങള്‍ പാഷണ്ഡതകളായി മാറാന്‍ തുടങ്ങിയത്. അങ്ങനെ അഭിപ്രായവ്യത്യാസം ഉള്ളവരെല്ലാവരും പാഷണ്ഡികളായി. വ്യത്യസ്തമായ അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും അനുസരണക്കേടായി നിര്‍വചിക്കാനാണ് അന്ന് മതത്തെ പ്രസ്ഥാനമായി കരുതിയവര്‍ ഇഷ്ടപ്പെട്ടത്. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്; എവിടെയാണ് പാഷണ്ഡികളുടെ സ്ഥാനം? സഭയ്ക്കുള്ളിലാണോ, പുറത്താണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്നുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. യാഥാസ്ഥിതികരെന്ന് സ്വയം കരുതിയ ചിലര്‍ അവര്‍ക്ക് നല്‍കിയ നിര്‍വചനം സഭയ്ക്കുള്ളിലെ ശത്രുക്കളെന്നാണ്. അങ്ങനെയാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളവരെ പുറത്തുള്ളവരേക്കാള്‍ അപകടകാരികളായി ചിലര്‍ കരുതാന്‍ തുടങ്ങിയത്. അങ്ങനെയുള്ളവര്‍ പ്രസ്ഥാനത്തിന് തുരങ്കം വയ്ക്കും എന്നാണ് അവരുടെ പക്ഷം. ആ പക്ഷത്തില്‍ നിന്നാണ് ഇന്‍ക്വിസിഷന്റെ ചരിത്രം തുടങ്ങുന്നത്. ശത്രുക്കളോട് ക്ഷമിക്കുക എന്ന സുവിശേഷ പാഠമല്ലായിരുന്നു ഈ ചരിത്രത്തിന്റെ പിന്നാമ്പുറത്ത് ഉണ്ടായിരുന്നത്, രാജതന്ത്രത്തിന്റെ കൗടില്യം മാത്രമായിരുന്നു. അത് ആത്മീയതയും യുദ്ധകലയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളുടെ തുടക്കം കുറിക്കലായിരുന്നു. നിലപാടുകളുടെ പേരില്‍ പച്ചയ്ക്ക് കത്തിക്കപ്പെട്ടവരുടെ ഒരു നീണ്ട നിരയാണ് പിന്നീട് ചരിത്രം നമ്മുടെ മുന്നിലേക്ക് വയ്ക്കുന്നത്. ബ്രഷ്യയിലെ അര്‍ണോള്‍ഡ്, ലിയോണിലെ വാള്‍ഡ്, ബൊഹീമിയയിലെ വില്‍ഹേംമീന എന്ന രാജകുമാരി, ജെറാര്‍ഡ് സേഖരെല്ലി, നോവാരയിലെ ഡോള്‍സീനോ, സുന്ദരി എന്നറിയപ്പെട്ട മാര്‍ഗരീത്ത, ദി മിറര്‍ ഓഫ് സിംബിള്‍ സോള്‍സ് എന്ന കൃതിയെഴുതിയ മര്‍ഗരീറ്റ് പൊറിറ്റ്, ഫ്രാന്‍സിനെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ജോവാന്‍ ഓഫ് ആര്‍ക്ക്, ചെക്ക് ദൈവചിന്തകനായ ജോഹാന്നസ് ഹുസ്, ചിന്തകനും ബൈബിള്‍ പണ്ഡിതനുമായ ജോണ്‍ വൈക്ലിഫ്... ആത്മീയ പരിസരത്തിനുള്ളില്‍ ഭിന്നാഭിപ്രായത്തിന്റെ പേരില്‍ അഗ്‌നിക്കിരയാക്കപ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണിത്. അവര്‍ക്കെല്ലാവര്‍ക്കും ചാര്‍ത്തികൊടുത്ത ഒരു പേരുണ്ടായിരുന്നു; പാഷണ്ഡികള്‍. സഭയ്ക്കുള്ളില്‍ ഉറച്ചുനിന്നുകൊണ്ട് ഒരു പുനരുദ്ധാരണത്തിന്റെ ആവശ്യകതയ്ക്കായി ഇറങ്ങിത്തിരിച്ചവരായിരുന്നു അവര്‍. അവരുടെ സ്വരങ്ങള്‍ മുഴങ്ങി കേട്ടാല്‍ വിശ്വാസത്തിന്റെ പ്രാമാണികതയില്‍ കോട്ടം തട്ടുക മാത്രമല്ല, അധികാരത്തിന്റെ നിലനില്‍പ്പിനു പോലും വെല്ലുവിളിയായി മാറും എന്ന് കണ്ടപ്പോഴാണ് വിയോജിപ്പുകളും ഭിന്നാഭിപ്രായങ്ങളുമെല്ലാം അനുസരണക്കേടായി മാറിയത്. അസഹിഷ്ണുതയുടെ പാരമ്യമായിരുന്നു ആ കാലഘട്ടം. അതുകൊണ്ടാണ് പാഷണ്ഡത ഒരു പ്രതിപാദ്യ വിഷയമാകുന്ന ദി പ്രാഗ് സെമിറ്ററി എന്ന കൃതിയില്‍ 'ചരിത്രത്തെ ഒരു ദുസ്വപ്‌നമെന്ന്' ഉമ്പര്‍ത്തോ ഏക്കോ വിശേഷിപ്പിക്കുന്നത്.

ആത്മീയതയിലെ അസഹിഷ്ണുതയായിരുന്നു സഭയിലെ ഇരുണ്ട കാലഘട്ടത്തിന്റെ പ്രത്യേകതയെങ്കില്‍ ആ അസഹിഷ്ണുതയെ അനുപമമായി കരുതുന്ന ഒരു നവകാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഭൂരിപക്ഷത്തിന്റെ വിചാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അഭിപ്രായങ്ങളെ പ്രമാണങ്ങളാക്കി മാറ്റുവാന്‍ കൊതിക്കുന്ന ഒരു വിശ്വാസപരിസരം സഭയ്ക്കുള്ളിലും രാഷ്ട്രീയത്തിലും സംജാതമായിരിക്കുകയാണ്. എന്തിനെയും ഏതിനേയും യാഥാസ്ഥിതിക മനഃസ്ഥിതിയോടെ വ്യാഖ്യാനിക്കുകയും ആത്മീയതയുടെ വിശാലമായ ചക്രവാളത്തെ കുടുസു മുറികളില്‍ അടച്ചിടുവാനുമാണ് അവര്‍ ശ്രമിക്കുന്നത്. പലതിനെയും മുറുകെ പിടിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സാഹോദര്യമാണ് എന്ന കാര്യം അവര്‍ അറിയുന്നില്ല. നിന്നോട് തെറ്റ് ചെയ്തു നടന്നു നീങ്ങുന്നവന്‍ നിന്റെ ശത്രുവല്ല, സഹോദരനാണ് എന്ന് പഠിപ്പിച്ചത് സുവിശേഷമാണ് (മത്താ. 18:15-17). അവനെ നേടുന്നതിനു വേണ്ടിയാണ് അവന്‍ മാത്രമായിരിക്കുമ്പോള്‍ ആ തെറ്റ് അവന് ബോധ്യപ്പെടുത്താന്‍ ഗുരുനാഥന്‍ പറയുന്നത്. അതൊരു പരിശ്രമമാണ്. ആ പരിശ്രമത്തില്‍ പരാജയപ്പെടുമ്പോഴാണ് സാക്ഷികളെയും കൂട്ടത്തെയും കൂടെ ചേര്‍ക്കേണ്ടത്. എന്നിട്ടും പരാജയപ്പെടുമ്പോഴാണ് ആ സഹോദരന്‍ നിനക്ക് വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ എന്ന് ഗുരു പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം? നിന്റെ അനുകമ്പയും ആര്‍ദ്രതയും ആവശ്യമുള്ളവരാണ് അവര്‍ എന്നാണ്. കാരണം, ഗുരുനാഥന് അവരോട് അനുകമ്പയും ആര്‍ദ്രതയും മാത്രമാണ് ഉണ്ടായിരുന്നത്. നിന്നെ ശ്രവിക്കാത്തവന്‍ നിന്റെ അനുകമ്പയുടെ പാത്രമാകണം എന്നതാണ് സുവിശേഷവ്യാഖ്യാനം. ആ വ്യാഖ്യാനത്തില്‍ യാഥാസ്ഥിതികതയുടെ കടുംപിടുത്തം ഇല്ല. വ്യത്യസ്തതകളെ മാനിച്ചുകൊണ്ടുള്ള ചേര്‍ത്തുനിര്‍ത്തല്‍ മാത്രമാണ്.

അയക്കപ്പെട്ടവരാണ് അപ്പോസ്തലന്മാര്‍. വ്യക്തികളുടെമേല്‍ ഒരു അധികാരവും യേശു അവര്‍ക്ക് നല്‍കുന്നില്ല എന്നതാണ് ആ അയക്കപ്പെടലിന്റെ പ്രത്യേകത. സകല പിശാചുക്കളുടെമേലും രോഗങ്ങള്‍ സുഖപ്പെടുത്താനുമുള്ള അധികാരവും ശക്തിയുമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത് (മ ത്താ. 10:5-15, മര്‍ക്കോ. 6:7-13, ലൂക്കാ 9:16). വ്യക്തികളുടെമേല്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന കഴിവ് ശുശ്രൂഷയുടെ ദാനമാണ്. അതുകൊണ്ടാണ് തങ്ങളുടെ ഇടയില്‍ ആരാണ് വലിയവരെന്ന് തര്‍ക്കിച്ച അപ്പസ്‌തോലന്മാരോട് ഒരു കുഞ്ഞിനെപ്പോലെയാകാന്‍ അവന്‍ കല്‍പ്പിക്കുന്നത്. അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനങ്ങള്‍ക്ക് വശംവദരായി കടന്നുവന്ന സെബദിപുത്രന്മാരോടും അവരോട് മുറുമുറുപ്പ് തോന്നിയ മറ്റ് അപ്പസ്‌തോലന്മാരോടുമായി യേശു പറയുന്നുണ്ട് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്ന്.

പെസഹാവ്യാഴത്തില്‍ പൗരോഹിത്യം സ്ഥാപിതമായെങ്കില്‍ അതിനുള്ളിലെ ആധികാരികതയായി അധികാരത്തിന്റെ താന്‍പോരിമയെയല്ല, ശുശ്രൂഷയുടെ കാലുകഴുകലിനെയാണ് യേശു ഉയര്‍ത്തി കാണിക്കുന്നത്. ശുശ്രൂഷ എന്നത് കല്‍പ്പനകള്‍ അനുസരിച്ചുകൊണ്ടുള്ള നാലുകെട്ടിനുള്ളിലെ ഒരു ജീവിതവുമല്ല. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചുവന്ന യുവാവില്‍ യേശു കണ്ട കുറവ് ശുശ്രൂഷയില്ലാത്ത ആത്മീയ ജീവിതമായിരുന്നു. അത് നമ്മെ സമൃദ്ധിയുടെ സുവിശേഷത്തിലേക്ക് നയിക്കുക മാത്രമേ ചെയ്യൂ. അത് അധികാരത്തെ ആര്‍ഭാടമായി കരുതി നാലുകെട്ടിനുള്ളിലെ സുഖസുഷുപ്തിയില്‍ ഒതുങ്ങിക്കൂടാന്‍ മാത്രമേ നമ്മെ സഹായിക്കൂ. അതല്ല യേശു വിഭാവനം ചെയ്യുന്ന ശിഷ്യത്വവും അധികാരവും, പുറത്തേക്കുള്ള ഇറങ്ങിത്തിരിക്കലാണത്. നിന്നോട് തെറ്റ് ചെയ്തവനെ തേടി കണ്ടെത്തി അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള ആര്‍ജ്ജവമാണത്. സംഭാഷണത്തില്‍ നിന്നുമാണ് ശുശ്രൂഷ ആരംഭിക്കുന്നത്. സംവദിക്കുവാനും സംസാരിക്കുവാനും ധൈര്യപ്പെടാത്ത അധികാരികളാണ് തങ്ങള്‍ക്ക് ലഭിച്ച വിളിയെ അധികാരത്തിന്റെ നാല് ചുവരുകളില്‍ ഒതുക്കി നിര്‍ത്തുന്നത്. അവര്‍ സുവിശേഷത്തിലെ ധനികനായ യുവാവിനെ പോലെയാണ്. കല്‍പ്പനകളും നിയമങ്ങളും അവര്‍ പാലിക്കുന്നുണ്ട്, പക്ഷേ ശുശ്രൂഷയുടെ പാതയിലേക്ക് ഇറങ്ങി വരാന്‍ അവര്‍ക്ക് ധൈര്യമില്ല. അങ്ങനെയുള്ളവര്‍ ഭിന്നാഭിപ്രായങ്ങളെ ഭയക്കും. ആ ഭയം അവരെ സൂചിക്കുഴയുടെ മുന്നില്‍ വിഷണ്ണനായി നില്‍ക്കുന്ന ഒട്ടകത്തെ പോലെയാക്കും. അവര്‍ അകത്ത് പ്രവേശിക്കുകയുമില്ല, സ്വന്തം ചുമലിലെ ഭാരം എടുത്ത് മാറ്റുകയുമില്ല. എന്നിട്ട് അവര്‍ ഇതര ചിന്തകളെയും കാഴ്ചപ്പാടുകളെയും പാഷണ്ഡതയെന്ന് വിളിച്ച് വിഭജനത്തിന്റെ വിടവുകള്‍ക്ക് നീളവും വീതിയും കൂട്ടും.

സിനഡാത്മകത എന്ന ചിന്തയിലൂടെ അധികാരത്തിന് പുതിയൊരു നിര്‍വചനം നല്‍കുവാനാണ് ഫ്രാന്‍സിസ് പാപ്പ ശ്രമിക്കുന്നത്. അത് ഒന്നിച്ചുള്ള ഒരു യാത്ര മാത്രമല്ല, പരസ്പരമുള്ള സംഭാഷണവും ശ്രവണവും കൂടിയാണ്. പരസ്പരം കണ്ടുമുട്ടാനും സംവദിക്കാനും ശ്രവിക്കാനും ഇനിയും മനസ്സുവെക്കാത്ത രീതിയിലുള്ള ഒരു യാത്രയ്ക്കാണ് നമ്മള്‍ ഉദ്യമിക്കുന്നതെങ്കില്‍ അത് മറ്റൊരു ഇരുണ്ട കാലഘട്ടത്തിലേക്ക് മാത്രമേ നമ്മെ നയിക്കു. അവിടെ വിശ്വാസത്തിന്റെ പേരില്‍ ആരെയും പച്ചയ്ക്ക് കത്തിക്കുകയില്ലായിരിക്കാം, ആരും പാഷണ്ഡികളായി മുദ്രകുത്തപ്പെടുകയുമില്ലായിരിക്കാം. കാരണം, അന്ന് വിശ്വാസം തന്നെ ഉണ്ടായിരിക്കണമെന്നില്ല. ഓര്‍ക്കുക, ഇന്നത്തെ മനുഷ്യത്വമാണ് നാളത്തെ വിശുദ്ധിയും വിശ്വാസവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org