ജനാധിപത്യവും സിനഡാലിറ്റിയും

ജനാധിപത്യവും സിനഡാലിറ്റിയും
2022-23 കാലഘട്ടത്തില്‍ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമായ 'വിവസ്ത്രം വികൃതം ഭാരതം' എന്ന ഫാ. മാത്യു കിലുക്കന്റെ പുസ്തകത്തെ മുന്‍നിറുത്തിയുള്ള ആലോചനകള്‍.

ഭാരതീയ ജനാധിപത്യ സമൂഹത്തില്‍ ക്രൈസ്തവ ശിഷ്യത്വത്തിന് എന്ത് സ്ഥാനമാണുള്ളത്? ആരോഗ്യകരമായ ഒരു ജനാധി പത്യം സാധ്യമാകാന്‍ എന്തൊക്കെ, എങ്ങനെയൊക്കെ നമ്മള്‍ ക്ക് സംഭാവന നല്‍കാം? എന്നീ ചോദ്യങ്ങള്‍ക്കുള്ള വസ്തുനിഷ്ഠമായ ഉത്തരവും ആത്മനിഷ്ഠമായ അവബോധവുമാണ് മാത്യു കിലുക്കനച്ചന്റെ 'വിവസ്ത്രം വികൃതം ഭാരതം' എന്ന പുസ്തകം. ജീവന്‍ ബുക്‌സ് ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022-23 കാലഘട്ടത്തില്‍ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് ഗ്രന്ഥം. അതിലെ വരികളെ 'പ്രവചനാത്മകം' എന്നു നിര്‍വചിക്കുന്നതിനേക്കാള്‍ 'മുന്നറിയിപ്പുകള്‍' എന്നായിരിക്കും ഉത്തമം. കാരണം അതാത് കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, അപചയങ്ങളുടെ വിശകലനവും വിശദീകരണവും മാത്രമല്ല ആ വരികള്‍, അതിലുപരി എഴുത്തുകാരന്റെ ക്രൈസ്തവികമായ നൈതികതയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാടിന്റെ പ്രകാശനം കൂടിയാണ്. അതില്‍ രാഷ്ട്രമീംമാസയുടെ ആത്മീയതയും സാമൂഹ്യശാസ്ത്രത്തിന്റെ പ്രായോഗികതയും ഉണ്ട്. വിശ്വാസവും രാഷ്ട്രീയവും തമ്മിലുള്ള ശക്തമായ ബന്ധം ഉണ്ട്. അതുകൊണ്ടുതന്നെ ഇനി നമ്മള്‍ ധ്യാനിക്കേണ്ടത് അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു തന്നെയാണ്. കാരണം വിശ്വാസികള്‍ പൗരന്മാരാണ്.

രാഷ്ട്രം ഒരു മ്യൂസിയമല്ല എന്നു പറഞ്ഞത് ഫ്രാന്‍സിസ് പാപ്പയാണ്. രാഷ്ട്രീയവും മതപരവുമായ വ്യത്യസ്തതകളെ ചേര്‍ത്തുനിര്‍ത്തിയുള്ള സ്ഥിരമായ ഒരു നിര്‍മ്മാണ പ്രക്രിയയാണത്. ആ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വിപരീതമായി ഒരു ഭാഷ, ഒരു മതം, ഒരു പാര്‍ട്ടി, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പകര്‍ന്ന് ഏകാധിപത്യ രീതികളിലേക്ക് നീങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെയും, ഫാസിസത്തിന്റെ ജനിതക ഗുണം പേറുന്ന മലയാളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെയും, സംഭാഷണമാണു സിനഡാത്മകതയുടെ ചൈതന്യമെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത കേരള കത്തോലിക്ക സഭയുടെയും പ്രതിസന്ധികളുടെ വ്യക്തമായ ലിഖിത ചിത്രമാണ് ഈ പുസ്തകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആത്മീയ മേഖലയിന്മേലുള്ള ക്രൈസ്തവ കാഴ്ചപ്പാടാണത്. ഒരു നൈതികസ്വരം. എന്താണ് ജനാധിപത്യവും സഭാസംവിധാനവും കടന്നുപോകുന്ന പ്രതിസന്ധികള്‍? കിലുക്കനച്ചന്‍ പറയുന്നു; ഭരണസംവിധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂര്‍വം മായിച്ചുകളയുന്ന സ്മരണകളും ന്യൂനപക്ഷങ്ങളുടെ നിലവിളികളുമാണെങ്കില്‍ സഭയില്‍ സംഭവിക്കുന്നത് സംവാദത്തിന്റെ സൗഹൃദപാതയിലേക്ക് പരിപാകം ചെയ്യപ്പെട്ട സിനഡാലിറ്റിയനുഭവത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നതാണ്. കാലഹരണപ്പെട്ട വാചാടോപത്തിലേക്കല്ല ഇനി നമ്മള്‍ മടങ്ങിപോകേണ്ടത്. വ്യത്യസ്ത സ്വരം ഉയര്‍ത്തുന്നവരെ ഒരു വശത്തേക്കു മാറ്റിനിര്‍ത്തി പ്രശ്‌നം പരിഹരിക്കാം എന്നതുമല്ല ഇനി നമ്മള്‍ സങ്കല്‍പ്പിക്കേണ്ടത്. എല്ലാത്തിനും ഉത്തരമായി ഒരൊറ്റ ആത്മീയരാഷ്ട്രീയ പാരമ്പര്യം മതി എന്ന ഫാസിസ ചിന്താഗതിയെ ചെറുത്തുനില്‍ക്കാനുള്ള ആര്‍ജവമാണ് നമുക്കുവേണ്ടത്.

ഇരുന്നുറോളം താളുകളുള്ള ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചോദ്യം ഉണരും; ഇനി ഞാന്‍ എന്തു ചെയ്യണം? നല്ലൊരു സമയത്തിനായി കാത്തിരിക്കണോ, അതോ നിലവിലുള്ള വെല്ലുവിളികളെ നേരിടണമോ? വ്യക്തമാണ് പുസ്തകം നല്‍കുന്ന ഉത്തരം: വേര്‍പിരിയാനുള്ള കാരണങ്ങളെ വെവ്വേറെ തിരയുന്ന ഈ സത്യാനന്തരകാലത്ത് സഹവര്‍ത്തിത്വത്തിന്റെ സത്യത്തെ നമുക്ക് ചരിത്രമാക്കാം. ഓര്‍ക്കുക, എല്ലാ പൗരന്മാരുടെയും സജീവ പങ്കാളിത്തമില്ലാതെ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് അസാധ്യമാണ്. അപ്പോള്‍ ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ അത് തുടങ്ങേണ്ടത് സഭാസംവിധാനങ്ങളുടെ ഉള്ളില്‍ നിന്നുതന്നെയാണ്. അവിടെയാണ് സിനഡാലിറ്റി ഒരു വിഷയമാകുന്നത്. ഏകദേശം 50 ലേഖനങ്ങളുള്ള ഈ പുസ്തകത്തില്‍ ഒന്നോ രണ്ടോ ലേഖനങ്ങളില്‍ മാത്രമാണ് ഫ്രാന്‍സിസ് പാപ്പയും സഭയുമൊക്കെ കടന്നുവരുന്നത്. ബി ജെ പി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചും അതിനുമുമ്പില്‍ നിസംഗ്ഗ മൗനംപാലിക്കുന്ന സഭാഗാത്രരെയുമെല്ലാം പുസ്തകം വ്യക്തമായി തുറന്നു കാണിക്കുന്നുണ്ട്. എങ്കിലും സഭാസംവിധാനത്തിലേക്ക് വിരല്‍ചൂണ്ടുന്നത് ഒരേയൊരു ലേഖനമാണ്. അത് മുപ്പത്തിരണ്ടാമത്തെ അധ്യായമാണ്. 'സംഭാഷണങ്ങളെ ആര്‍ക്കാണ് ഭയം' എന്നാണ് അതിന്റെ തലക്കെട്ട്. വിഷയം സിനഡാലിറ്റിയാണ്. സന്ദേശം വളരെ വ്യക്തമാണ്: സഭയ്ക്കുള്ളിലെ സിനഡാലിറ്റിയിലൂടെ മാത്രമേ ഇനി നമുക്ക് വര്‍ത്തമാന ചരിത്രത്തെ വായിക്കാനും വിവേചനാധികാരത്തോടെ അതില്‍ ഇടപെടാനും സാധിക്കു. എന്താണ് സിനഡാലിറ്റി? സഭയുടെ ജീവിതത്തിലും ദൗത്യത്തിലും എല്ലാ ദൈവജനങ്ങളുടെയും പങ്കാളിത്തം ചര്‍ച്ചയിലൂടെയും വിവേചനത്തിലൂടെയും ഉറപ്പാക്കുക എന്നതാണ്. അവിടെ ക്ലെരിക്കലിസത്തിന് സ്ഥാനമില്ല. പൗരോഹിത്യ രാഷ്ട്രീയവും അവിടെ നിലനില്‍ക്കില്ല. 'ദൈവജനം' എന്ന സഭയുടെ 'ജനകീയ' സ്വഭാവത്തിന് ഊന്നല്‍ കൊടുത്താല്‍ മാത്രമേ ഇനി സഭയ്ക്ക് ജനാധിപത്യത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കൂ.

ജനാധിപത്യം കേന്ദ്രവിഷയമായ ഈ പുസ്തകത്തില്‍ എന്തുകൊണ്ട് സിനഡാലിറ്റിയെ കുറിച്ചൊരു ലേഖനം? എന്തിനാണ് സഭയ്ക്കുള്ളില്‍ ഇത്രയും വിശാലമായ ഒരു ഇടപെടലിന്റെ ആവശ്യകത? പുറത്തു സംഭവിക്കുന്നത് തന്നെയാണ് അകത്തും സംഭവിക്കുന്നത് എന്ന ധ്വനി ആ ഒറ്റ ലേഖനത്തിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന പ്രതികരണവേദിയായി ചുരുങ്ങാതെ സാമൂഹ്യ സാംസ്‌കാരികവേദിയെ സമ്പന്നമാക്കുന്ന ഒരു സൗഹൃദ ഇടമായി സഭ ഇനിയും വളരേണ്ടിയിരിക്കുന്നു. ഭയം, അവിശ്വാസം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ അനിതരസാധാരണമെന്ന നിലയില്‍ വളരുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. അവയെല്ലാംകൂടി മലിനമാക്കുന്നത് രാഷ്ട്രീയത്തെയും വിശ്വാസത്തെയുമാണ്. അതിലുപരി അവ പകര്‍ന്നു നല്‍കുന്ന സൗന്ദര്യബോധത്തെയും നൈതികതയെയും കൂടിയാണ്. അത് ജനാധിപത്യത്തെയും സഭാസംവിധാനത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഫാസിസത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ബി ജെ പി ഭരണത്തെപോലും പലരും ദൈവശാസ്ത്രപരമായി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയുള്ളവര്‍ക്കാണ് മണിപ്പൂരും സ്റ്റാന്‍ സാമിയും ഒന്നും ഒരു വേദനയാകാത്തത്.

അതിനാല്‍ നമ്മള്‍ പലപ്പോഴും പറയുന്നതുപോലെ ജനാധിപത്യത്തിന്റെ ശത്രു ഏകാധിപത്യം മാത്രമല്ല, അത് ഭയം, വെറുപ്പ്, ഭീഷണി, സാമൂഹിക ബന്ധങ്ങളുടെ വിള്ളല്‍, സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ബോധമില്ലായ്മ എന്നിവയാണ്. അങ്ങനെ വരുമ്പോഴാണ് സമൂഹത്തില്‍ പരസ്പരം വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നത്. അവിടെ സഭ നിശബ്ദമാകാന്‍ പാടില്ല. സമൂഹത്തിനോട് ഒന്നും പറയാനില്ല എന്നത് ഒരു ഓപ്ഷന്‍ ആയി കരുതരുത്. രാജ്യത്തിന്റെ പൊതു ഭാവിയെക്കുറിച്ച് ഉച്ചത്തില്‍ ചിന്തിക്കാനും സഭയ്ക്ക് പൈതൃകമായി ലഭിച്ചിരിക്കുന്ന സുവിശേഷമൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍, അവകാശങ്ങള്‍, കടമകള്‍, എന്നിവയെ പങ്കുവയ്ക്കാനും സാധിക്കണം. രാഷ്ട്രീയത്തില്‍ കത്തോലിക്ക സഭയുടെ ശക്തി അതിന്റെ കത്തോലികതയാണ്. അതായത് അതിന്റെ സാര്‍വത്രികതയും എല്ലാം തകരുന്നതായി തോന്നുന്നിടത്തു നിന്ന് ചിതറിക്കിടക്കുന്ന കഷണങ്ങളെ ഒരുമിച്ച് ചേര്‍ക്കാനുമുള്ള അതിന്റെ കഴിവുമാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കത്തോലികതയെ തിരിച്ചുപിടിക്കാനാണ് കിലുക്കനച്ചന്‍ വരികളുടെയിടയിലൂടെ നമ്മളോട് ആഹ്വാനം ചെയ്യുന്നത്.

ഈ കുറിപ്പിന്റെ ആരംഭത്തിലുള്ള ചോദ്യത്തിലേക്ക് നമുക്ക് തിരികെ പോകാം. ഭാരതീയ ജനാധിപത്യ സമൂഹത്തില്‍ ക്രൈസ്തവ ശിഷ്യത്വത്തിന് എന്ത് സ്ഥാനമാണുള്ളത്? കിലുക്കനച്ചന്റെ കാഴ്ചപ്പാടില്‍ അതൊരു ദൗത്യമാണ്. ഒന്ന്, ഫാസിസത്തിന്റെ പ്രയോക്താക്കള്‍ മായിക്കാന്‍ ശ്രമിക്കുന്ന ചരിത്രത്തെ പ്രതിരോധിക്കുക. രണ്ട്, വര്‍ഗീയതയുടെ പേരില്‍ തകര്‍ന്ന ബന്ധങ്ങളുടെയും വിശ്വാസവഞ്ചനയുടെയും മുറിവുകള്‍ ഉണക്കുക. ഇവ എങ്ങനെ സാധ്യമാകും? ഒരു സിനഡല്‍ പ്രക്രിയയിലൂടെ മാത്രമേ സാധിക്കൂ. കാരണം, വരാനിരിക്കുന്ന ഭാരതീയ സാഹചര്യത്തില്‍ സിനഡാലിറ്റിയിലൂടെ വളര്‍ന്നുവന്ന ഒരു ദൈവജനത്തിന് മാത്രമേ ജനാധിപത്യത്തിന്റെ പ്രതിബദ്ധതയെയും ഏകാധിപത്യത്തിന്റെ മാനങ്ങളെയും വിവേചിച്ചറിയാന്‍ സാധിക്കു. അങ്ങനെ ചിന്തിക്കുമ്പോള്‍ 'വിവസ്ത്രം വികൃതം ഭാരതം' എന്ന ഈ ഗ്രന്ഥം ഒരു ചൂണ്ടുവിരലാണ്, സമൂഹത്തിനും സഭയ്ക്കും.

'നന്മ പ്രവര്‍ത്തിച്ചുകൊണ്ടു നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണു ദൈവഹിതം. നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുവിന്‍. എന്നാല്‍, സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്. മറിച്ച്, ദൈവത്തിന്റെ ദാസരെപ്പോലെ ജീവിക്കുവിന്‍. എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്‍; നമ്മുടെ സഹോദരരെ സ്‌നേഹിക്കുവിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിക്കുവിന്‍' (1 പത്രോ. 2:15-17).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org