ബൈബിളും റില്‍ക്കെയുടെ കവിതകളും

ബൈബിളും റില്‍ക്കെയുടെ കവിതകളും
സഹജരെ വെറുക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ പല കാരണങ്ങളുമുണ്ടാകാം. അപ്പോഴും ഓര്‍ക്കണം, അത് ഏറ്റവും വിലകുറഞ്ഞതും എളുപ്പമുള്ളതുമായ ഒരു തിരഞ്ഞെടുപ്പാണെന്ന്. പരസ്പരമുള്ള വിദ്വേഷം നമ്മെ എങ്ങോട്ടാണ് നയിക്കു ന്നത്? അത് ഭൂമിയെ വാസയോഗ്യമല്ലാത്ത ഒരു ഇടമാക്കി മാറ്റുകയാണ്.

'അടുത്താഴ്ച ജര്‍മ്മന്‍ പടയാളികള്‍ വരും. ഞങ്ങളെ ഇവിടെ നിന്നും കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. ബാഗ് ഒരുക്കണം. ബൈബിളും റില്‍ക്കെയുടെ Book of Hours ഉം Letters to a Young Poet ഉം വയ്ക്കാനുള്ള ഇടം അതില്‍ കണ്ടെത്തണം.' എറ്റി ഹില്ലേസുമ്മിന്റെ An Interrupted Life and Letters from Westerbork എന്ന കൃതിയില്‍ നിന്നുള്ള വരികളാണിത്. ഓഷ്‌വിറ്റ്‌സില്‍ കൊഴിഞ്ഞുവീണ സൗന്ദര്യമാണവള്‍. അവളുടെ ഡയറിയും കത്തുകളുമാണ് ഈ കൃതി. ഹോളണ്ടിലെ മിഡില്‍ ബര്‍ഗില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച അവള്‍ സ്വതന്ത്രവും അനിയന്ത്രിതവുമായ ജീവിതത്തില്‍ അഭിമാനം കൊണ്ടു. എങ്കിലും അവളുടെ ഉള്ളം സംഘര്‍ഷ ഭരിതമായിരുന്നു. അങ്ങനെയാണ് അവള്‍ പൗലോസപ്പോസ്തലന്റെ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തില്‍ ആകൃഷ്ടയാകുന്നത്. ചുറ്റും വിദ്വേഷത്തിന്റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോള്‍ അവള്‍ സ്‌നേഹത്തിന്റെ ഗീതകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു. ജര്‍മ്മന്‍ പടയാളികള്‍ വന്നുകഴിഞ്ഞു. മുന്നിലേക്കുള്ള യാത്ര സഹനത്തിലേക്കുള്ളതാണ്. കൂടെ വേണം സ്‌നേഹം പ്രഘോഷിക്കുന്ന രണ്ടു പുസ്തകങ്ങള്‍; ബൈബിളും റില്‍ക്കെയുടെ കവിതകളും.

ആംസ്റ്റര്‍ഡാമില്‍ നിന്നും ഓഷ്‌വിറ്റ്‌സിലേക്ക് നാടുകടത്തപ്പെട്ടിരുന്ന യഹൂദരുടെ ഇടത്താവളമായിരുന്നു വെസ്റ്റര്‍ബോര്‍ക്കിലെ തടങ്കല്‍ പാളയം. അവിടെവച്ച് എറ്റി എന്ന എസ്തര്‍ യഹൂദക്രൈസ്തവരായ പുരോഹിതരെയും കന്യാസ്ത്രീമാരെയും കണ്ടതായി ഒരു കത്തില്‍ കുറിക്കുന്നുണ്ട്. ആ കന്യാസ്ത്രീമാരുടെ കൂട്ടത്തില്‍ വിശുദ്ധ എഡിത്ത് സ്റ്റെയിനും അവളുടെ സഹോദരി റോസുമുണ്ടെന്നു പുസ്തകത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നു. ഒരു യുവ വൈദികനോട് അവള്‍ ചോദിച്ചു: 'ലോകത്തിന്റെ ഈ അവസ്ഥ കണ്ടിട്ട് താങ്കള്‍ക്ക് എന്തു തോന്നുന്നു?' അദ്ദേഹം ഒന്നും പറഞ്ഞില്ല, ശാന്തമായി അവളെത്തന്നെ നോക്കി നിന്നു. അന്ന് വൈകുന്നേരം അവള്‍ അദ്ദേഹത്തെ വീണ്ടും കണ്ടു, തന്റെ സഹവൈദികരോടൊപ്പം ജപമാല ചൊല്ലുന്നത്. അവള്‍ കുറിക്കുന്നു; 'ആശ്രമത്തിലായാലും ജയിലിലായാലും ഒരാള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം.' എന്നിട്ടവള്‍ ദൈവത്തിനോട് ചോദിക്കുന്നു; 'ഈ ഭൂമിയില്‍ എവിടെയെങ്കിലും, പ്രത്യേകിച്ച് ഈ വിഷമകരമായ സമയത്ത്, അങ്ങയ്ക്ക് സ്വയം പ്രകടിപ്പിക്കാന്‍ തോന്നുന്നുണ്ടോ?'

ചുറ്റുമുള്ള മനുഷ്യനൊമ്പരങ്ങളുടെ നൂലിഴകളില്‍ തന്റെ ആത്മഗതങ്ങള്‍ കൊരുത്തെടുക്കുന്ന കുറിപ്പുകളാണ് അവളുടെ ലേഖനങ്ങള്‍. എനിക്ക് ഗൃഹാതുരതകളില്ല, ഞാന്‍ ചെല്ലുന്നിടമെല്ലാം എന്റെ ഭവനമാണെന്ന് ഡയറിയില്‍ കുറിച്ചവള്‍ വെസ്റ്റര്‍ബോര്‍ക്കിലെ കാഴ്ചകളെയും അനുഭവത്തെയും കുറിച്ച് എഴുതുമ്പോള്‍ വെറുപ്പും കയ്പ്പും കലാപവും നിറഞ്ഞ ഏകപക്ഷീയമായ കഥ പറയുന്നില്ല. കാരണം, അവള്‍ക്കറിയാം ഒരു കലാപവും ഫലം കായ്ക്കുകയില്ലെന്നും, അതുപോലെ തന്നെ, വരികളില്‍ വെറുപ്പിന്റെ തന്മാത്രകള്‍ കുത്തിനിറച്ചുകൊണ്ടല്ല തന്റെ ധാര്‍മികരോഷത്തെ പ്രകടിപ്പിക്കേണ്ടതെന്നും.

സഹജരെ വെറുക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ പല കാരണങ്ങളുമുണ്ടാകാം. അപ്പോഴും ഓര്‍ക്കണം, അത് ഏറ്റവും വിലകുറഞ്ഞതും എളുപ്പമുള്ളതുമായ ഒരു തിരഞ്ഞെടുപ്പാണെന്ന്. പരസ്പരമുള്ള വിദ്വേഷം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? അത് ഭൂമിയെ വാസയോഗ്യമല്ലാത്ത ഒരു ഇടമാക്കി മാറ്റുകയാണ്. ചില കാര്യങ്ങള്‍ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുകയും മനസ്സറിഞ്ഞ് വിശ്വസിക്കുകയും ചെയ്യണം. അതില്‍ പ്രഥമമാണ് സ്‌നേഹം. എറ്റി ഹില്ലേസും കുറിക്കുന്നു; 'ബാലിശമായിരിക്കാം, പക്ഷേ ധാര്‍ഷ്ട്യത്തോടെ തന്നെ ഞാന്‍ വിശ്വസിക്കുന്നു, പൗലോസ് എന്ന യഹൂദന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ വിവരിച്ച സ്‌നേഹത്തിലൂടെ ഭൂമി വീണ്ടും കൂടുതല്‍ വാസയോഗ്യമാകും.'

'ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല' (1 കോറി 13:3).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org