
എങ്ങനെ ഒരു മതഭ്രാന്തനെ ചികിത്സിക്കാം. How to Cure a Fanatic? ഇസ്രായേലി എഴുത്തുകാരനും ചിന്തകനും സമാധാനവാദിയുമായ ആമോസ് ഓസിന്റെ കൃതിയുടെ പേരാണിത്. Cure എന്ന പദത്തിനെ ചികിത്സിക്കാം എന്നോ സുഖപ്പെടുത്താം എന്നോ വിവര്‍ത്തനം ചെയ്യാവുന്നതാണ്. എങ്ങനെയായാലും മതഭ്രാന്തിന്റെ ശമനമാണ് എഴുത്തുകാരന്‍ വിഭാവനം ചെയ്യുന്നത്. നവംബര്‍ 10, 11 തീയതികളില്‍ പൂനെയില്‍ വച്ച് നടന്ന കത്തോലിക്ക ബൈബിള്‍ പണ്ഡിതന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ യാത്രാമധ്യേ വായിക്കാന്‍ കൈയില്‍ കരുതിയതാണ് ഈ ചെറുകൃതിയെ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷമാണ് പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം.
'ഹൈപ്പര്‍ ഇന്റലക്ച്വല്‍' എന്ന് നിസ്സംശയം വിളിക്കാവുന്ന ചിന്തകനാണ് ആമോസ് ഓസ്. വര്‍ഗ, വര്‍ണ്ണ, ജാതി, മതത്തെ ആസ്പദമാക്കി പക്ഷംചേര്‍ന്ന് നിലപാട് സ്വീകരിക്കുന്ന ഒരെഴുത്തുകാരനല്ല അദ്ദേഹം. മുഖം നോക്കാതെ പിന്തുണയ്ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഇങ്ങനെയുള്ള സ്വഭാവഗുണങ്ങള്‍ സാംസ്‌കാരിക രംഗത്ത് പരിമിതമായി കൊണ്ടിരിക്കുകയാണ്. യഹൂദരും പലസ്തീനികളും തങ്ങളനുഭവിച്ച കഷ്ടപ്പാടുകളുടെ മുകളില്‍ ഇരുന്നുകൊണ്ട് സ്വയം ഇരയായി ചിത്രീകരിച്ച് സ്വന്തം പക്ഷത്തെ പ്രതിരോധിക്കുന്ന പ്രവൃത്തിയാണ് ഇന്നേവരെ ചെയ്തുകൊണ്ടിരിക്കുന്നത്. ഓസ് അതില്‍ നിന്നും വ്യത്യസ്തനാണ്. ശക്തമായ യാഥാര്‍ത്ഥ്യബോധമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത് ഒരു കൂട്ടര്‍ മാത്രമല്ല സത്യത്തിന്റെ അവകാശിയെന്നും മറുപക്ഷത്തെ ഒഴിവാക്കാനുളള അവകാശം ആരും അര്‍ഹിക്കുന്നില്ലായെന്നും.
മണ്ണിനും മക്കള്‍ക്കും വേണ്ടി ആയുധമെടുക്കുന്നവരുണ്ട്. അവരെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ന്യായീകരിക്കാവുന്നതാണ്. പക്ഷെ, സ്വയം നീതിമാന്മാരെന്ന് കരുതുന്ന മതഭ്രാന്തന്മാരുടെ ആയുധം കൊണ്ടുള്ള പേക്കൂത്തുകളെ ആര്‍ക്ക് ന്യായീകരിക്കാന്‍ സാധിക്കും? ആര്‍ക്കും സാധിക്കില്ല. പുസ്തകം ചര്‍ച്ച ചെയ്യുന്നത് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷമാണ്. പക്ഷേ വിഷയം ഓരോ സമൂഹവും അഭിമുഖീകരിക്കുന്ന കാര്യം തന്നെയാണ്. ഇസ്രായേലിലെ യഹൂദരും പലസ്തീനിലെ അറബികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ടുള്ള കാര്യത്തെയാണ് ഓസ് ഈ പുസ്തകത്തിലെ രണ്ട് അധ്യായങ്ങളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നത്.
"Between Right and Right.' രണ്ട് ശരികളുടെ ഇടയില്‍. ഇതാണ് ആദ്യ അധ്യായത്തിന്റെ തലക്കെട്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിലെ ഇരുപക്ഷങ്ങളെയും നല്ലതും ചീത്തയും ആയി തരംതിരിക്കുന്നത് അനുചിതമാണ്. കാരണം ഈ സംഘര്‍ഷം ശരിയും തെറ്റും തമ്മിലല്ല, ശരിയും ശരിയും തമ്മിലാണ്. ഈ രണ്ട് ശരികള്‍ക്കും വളരെ ശക്തവും ആഴമേറിയതുമായ അവകാശവാദങ്ങളുണ്ട്. ഈ രണ്ടു കൂട്ടര്‍ക്കും മണ്ണുമായി അഗാധമായ ബന്ധമുണ്ട്. ദേശമാണ് ഈ സംഘര്‍ഷത്തിന്റെ ഹൃദയഭാഗം. ഒരേ ദേശത്തെയാണ് രണ്ടു കൂട്ടര്‍ക്കും മാതൃരാജ്യമായി വേണ്ടതും. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതല്ല ഈ സംഘര്‍ഷം. ഇത്, ആമോസ് ഓസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, റിയല്‍ എസ്റ്റേറ്റിന്റെ കാര്യമാണ്. അതിലുപരി രണ്ട് ഇരകള്‍ തമ്മിലുള്ള സംഘര്‍ഷമാണിത്. രണ്ടു കൂട്ടരും യൂറോപ്പിന്റെ ഇരകളാണ്. അറബ് ലോകത്തെ കോളനിവല്‍ക്കരിക്കുകയും ചൂഷണം ചെയ്യുകയും അവരുടെ സംസ്‌കാരത്തെ ചവിട്ടിമെതിക്കുകയും ഒരു കളിസ്ഥലമാക്കി മാറ്റുകയും ചെയ്ത അതേ യൂറോപ്പ് തന്നെയാണ് യഹൂദരോട് വിവേചനം കാട്ടുകയും പീഡിപ്പിക്കുകയും വംശഹത്യ നടത്തുകയും ചെയ്തത്. അതേ ഇരകള്‍ ഇപ്പോള്‍ പരസ്പരം വേട്ടക്കാരുടെ വേഷം ധരിക്കുമ്പോള്‍ യൂറോപ്പ് അവരെ നോക്കി മുതലക്കണ്ണീര്‍ പൊഴിക്കുകയാണ്.
വിട്ടുവീഴ്ച എന്നത് ജീവിതമാണ്. വിട്ടുവീഴ്ചയുടെ വിപര്യായം ആദര്‍ശവാദമോ ഭക്തിയോ ഒന്നുമല്ല, മതഭ്രാന്തും മരണവും മാത്രമാണ്. ഏതെങ്കിലും രീതിയില്‍ ഇസ്രായേലിന്റെയും പലസ്തീനിന്റെയും പക്ഷത്തില്‍ നിന്നും വിട്ടുവീഴ്ച ഉണ്ടാകുമെന്ന് ഓസ് പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഈ സംഘര്‍ഷത്തെയും യുദ്ധത്തെയും സമാധാനമാക്കി മാറ്റാന്‍ സാധിക്കുമെന്ന പ്രത്യാശ അദ്ദേഹത്തിനുണ്ട്. സ്‌നേഹത്തിനുവേണ്ടിയല്ല, സമാധാനത്തിനുവേണ്ടിയാണ് എഴുത്തുകാരന്‍ നിലകൊള്ളുന്നത്. ഈ രണ്ടു ജനവിഭാഗങ്ങള്‍ പരസ്പരം സ്‌നേഹിക്കുമെന്ന് അദ്ദേഹത്തിന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ പരസ്പരം സമാധാനത്തില്‍ ജീവിക്കാന്‍ സാധിക്കും. നല്ല അയല്‍ക്കാരെ പോലെ. അതുകൊണ്ടാണ് "Make Peace, Not Love' എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഈ യുദ്ധമുഖത്ത് സ്‌നേഹത്തിന്റെ പര്യായങ്ങളായ സാഹോദര്യം, അനുകമ്പ, ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളല്ല, നീതി, സാമാന്യബുദ്ധി, അതിലുപരി ഭാവന എന്നിവയാണ് വേണ്ടത്. മറ്റുള്ളവരെ സങ്കല്പിക്കാനുള്ള കഴിവാണ് ഭാവന. അങ്ങനെ വരുമ്പോള്‍ അവരുടെ ചര്‍മ്മത്തിനുള്ളില്‍ നമുക്ക് നമ്മെത്തന്നെ കാണാന്‍ സാധിക്കും. അങ്ങനെയുള്ള ഭാവനയ്ക്ക് മാത്രമേ ഏതു സംഘര്‍ഷത്തെയും പരിഹരിക്കാന്‍ സാധിക്കൂ. തന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവന് ഈ ഭൂമിയുമായി ചരിത്രപരവും വൈകാരികവുമായ ബന്ധമുണ്ടെന്ന് സങ്കല്പിക്കാന്‍ സാധിക്കാത്ത കാലംവരെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് ഒരു പരിഹാരവും ഉണ്ടാവുകയില്ല. ദസ്തയേവ്‌സ്‌കിയന്‍ കൃതികളില്‍ കാണുന്നതുപോലെ ഇരുകൂട്ടരും നഷ്ടപ്പെട്ട സഹോദരങ്ങളെപ്പോലെ പരസ്പരം കെട്ടിപ്പിടിച്ച് കരയുമെന്ന് പ്രതീക്ഷിക്കേണ്ട. അവരുടെ ഇടയില്‍ ഒരു ഹണിമൂണ്‍ ഉണ്ടാകുമെന്ന് സ്വപ്‌നം കാണുകയും വേണ്ട. മറിച്ച് ന്യായവും നീതിയുക്തവുമായ ഒരു ഡിവോഴ്‌സ് ആണ് പ്രതീക്ഷിക്കേണ്ടത്.
'എങ്ങനെ ഒരു മതഭ്രാന്തനെ ചികിത്സിക്കാം.' ഇതാണ് രണ്ടാം അധ്യായത്തിന്റെ തലക്കെട്ട്. എങ്ങനെ മതഭ്രാന്തിനെ ചികിത്സിക്കാം എന്നത് മാത്രമല്ല ഇവിടത്തെ വിഷയം, എങ്ങനെ അതിനെ ഉള്‍ക്കൊള്ളാം എന്നതും കൂടിയാണ്. മതഭ്രാന്ത് എന്നത് മതത്തിന്റെ മാത്രം ഒരു വിഷയമല്ല. ഇതുപോലെയുള്ള ഭ്രാന്ത് എല്ലാ തലങ്ങളിലുമുണ്ട്. ഇസ്ലാമിക മതമൗലികവാദികളും തീവ്ര പരിസ്ഥിതി പ്രവര്‍ത്തകരും ജിഹാദികള്‍ക്കെതിരെ വാളെടുക്കുന്ന കുരിശുയുദ്ധക്കാരുമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ ഭ്രാന്ത് ഉള്ളവര്‍ തന്നെയാണ്. ജീവന് മുകളില്‍ വിശ്വാസത്തിനോ നീതിക്കോ ബോധ്യങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കുന്നവര്‍ മതഭ്രാന്തന്മാരായി മാറാം. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മതഭ്രാന്തും പ്രായോഗികതയും, മതഭ്രാന്തും ബഹുസ്വരതയും, മതഭ്രാന്തും സഹിഷ്ണുതയും തമ്മിലുള്ള സംഘര്‍ഷമാണ്.
നമ്മള്‍ വിട്ടുവീഴ്ചയില്ലാത്തവരും ആത്മാഭിമാനികളുമായി മാറുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സഹജനെ സങ്കല്പിക്കാനുള്ള കഴിവാണ്. അങ്ങനെ വരുമ്പോഴാണ് 'ഞാനല്ല, നീയാണ് മാറേണ്ടത്' എന്നുള്ള വാദങ്ങളൊക്കെ കടന്നുവരുന്നത്. മതഭ്രാന്തിന്റെ തുടക്കമാണത്. എല്ലാ മതങ്ങളുടെ ആരംഭത്തിലും ഈ ഭ്രാന്തും ഉണ്ടായിരുന്നിരിക്കണം. വിട്ടുവീഴ്ചയില്ലാത്ത നീതിബോധത്തിലാണ് അതിന്റെ വിത്ത് ഉറങ്ങിക്കിടക്കുന്നത്. അത് പിന്നീട് ഒരു ബാധയായി പടര്‍ന്ന് വളരും.
നല്ല ശതമാനം മതഭ്രാന്തന്മാരും വികാരജീവികളായിരിക്കും. സ്വന്തം മരണത്തെക്കുറിച്ച് മധുരമനോഹരമായി അവര്‍ പ്രസംഗിക്കും. ഈ ലോകത്തെ അവര്‍ നിന്ദിക്കും. എന്നിട്ട് സ്വര്‍ഗത്തിനുവേണ്ടി അവര്‍ പലതും കച്ചവടം ചെയ്യും. ആ കച്ചവടത്തില്‍ നിഷ്‌കളങ്കരുടെ രക്തത്തിന് ഒരു വിലയും ഉണ്ടാവുകയില്ല. എല്ലാവരെയും ഒരു കുടക്കീഴിലാക്കാന്‍ വേണ്ടി അവര്‍ പലതും വാദിക്കും. തങ്ങ ളൊഴിച്ച് ബാക്കിയുള്ളവരെല്ലാം കുറവുള്ളവരാണ് എന്ന നിര്‍ബന്ധ ബുദ്ധിയാണ് മതഭ്രാന്ത്. അങ്ങനെയുള്ളവര്‍ നിസ്വാര്‍ത്ഥ ജീവികളായിരിക്കും. വലിയ പരോപകാരിയുമായിരിക്കും. അവരുടെ കൂടെ നിന്നാല്‍ അവര്‍ കഴുത്തോളം സ്‌നേഹിക്കും, അല്ലെങ്കില്‍ അവര്‍ കഴുത്തറുക്കും. ഓര്‍ക്കുക, മതഭ്രാന്ത് തുടങ്ങുന്നത് ഭവനത്തില്‍ നിന്നാണ്.
എങ്ങനെ മതഭ്രാന്തിനെ ചികിത്സിക്കാം? ഭാവന കൊണ്ട് അതിനെ ചികിത്സിക്കാന്‍ സാധിക്കും എന്നാണ് ആമോസ് ഓസ് പറയുന്നത്. സാഹിത്യങ്ങള്‍ക്ക് മതഭ്രാന്തിനെ ചികിത്സിക്കാന്‍ സാധിക്കും. എല്ലാ ഭ്രാന്തും ഒന്നുകില്‍ ട്രാജഡി അല്ലെങ്കില്‍ കോമഡി ആയി മാറാം എന്ന സന്ദേശം ഷേക്‌സ്പിയറിലുണ്ട്. ഒരു മതഭ്രാന്തനും ഒരിക്കലും സന്തോഷവാനോ സംതൃപ്തനോ ആയിരിക്കുകയില്ല. ഒന്നുകില്‍ അയാള്‍ മരിച്ചവനായിരിക്കും അല്ലെങ്കില്‍ അവന്‍ ഒരു തമാശയായിരിക്കും. കാഫ്കയുടെ കൃതികള്‍ വായിക്കുക. നമ്മള്‍ എത്ര നിഷ്‌കളങ്കരാണെങ്കിലും ഇരുട്ടും പ്രഹേളികയും പരിഹാസവും ജീവിതത്തിന്റെ ഭാഗമാണെന്ന് അവ തുറന്നു കാണിക്കും. സാഹിത്യാവബോധവും കാവ്യാത്മകതയും ഇല്ലാത്തവരും മനസ്സിനെ ശുദ്ധമായ ഭാവനകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തവരുമാണ് നല്ല ശതമാനം മതഭ്രാന്തന്മാര്‍.
നര്‍മ്മബോധമാണ് മതഭ്രാന്തിനുള്ള മറ്റൊരു പ്രതിവിധി. മതഭ്രാന്തര്‍ കളിയാക്കുന്നവര്‍ ആയിരിക്കും, നര്‍മ്മബോധമുള്ളവരായിരിക്കില്ല. അവരുടെ പ്രസംഗങ്ങളില്‍ മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യങ്ങള്‍ ഉണ്ടാകും, നര്‍മ്മം ഉണ്ടാകില്ല. നര്‍മ്മത്തിന്റെ പ്രത്യേകത അതിന് നമ്മെ തന്നെ നോക്കി ചിരിക്കാനുള്ള കഴിവുണ്ട് എന്നതാണ്. നര്‍മ്മം ആപേക്ഷികമാണ്. നര്‍മ്മമുണ്ടെങ്കില്‍ മറ്റുള്ളവര്‍ നമ്മെ കാണുന്നതുപോലെ നമുക്ക് നമ്മെ കാണാന്‍ സാധിക്കും. നിങ്ങളെത്ര നീതിമാനാണെന്ന് വിചാരിച്ചാലും നര്‍മ്മം നിങ്ങളിലെ അനീതിയെ തുറന്നു കാണിക്കും. അല്പം തമാശ മതി, നിങ്ങള്‍ മറച്ചു വച്ചിരിക്കുന്ന പലതിനെയും തുറന്നു കാണിക്കാന്‍.
നമ്മളാരും ഒറ്റപ്പെട്ട ദ്വീപുകള്‍ അല്ല. നമ്മള്‍ ഉപദ്വീപുകളാണ്. പകുതി ഭൂപ്രദേശത്തോടു ചേര്‍ന്ന്, പകുതി സമുദ്രത്തിന് അഭിമുഖമായി നില്‍ക്കുന്ന ഉപദ്വീപുകള്‍. നമ്മുടെ ഒരു പകുതി കുടുംബം, സൗഹൃദം, സംസ്‌കാരം, പാരമ്പര്യം, രാജ്യം, ലൈംഗികത, ഭാഷ എന്നിവയോട് ചേര്‍ന്നിരിക്കുമ്പോഴും മറുപകുതി കടലിനെ അഭിമുഖീകരിക്കാന്‍ തുറവിയോടെയിരിക്കുകയാണ്. നമ്മെ ഓരോരുത്തരെയും ഒരു ഡാര്‍വീനിയന്‍ ദ്വീപാക്കി മാറ്റുന്ന എല്ലാ മത, സാമൂഹിക, രാഷ്ട്രീയ ചിന്തകളെയുമാണ് നമ്മള്‍ ശത്രുവായി കരുതേണ്ടത്. നല്ല അയല്‍ക്കാരെ സൃഷ്ടിക്കാത്ത രാക്ഷസ ചിന്തകളെ സാഹിത്യഭാവനകൊണ്ടും നര്‍മ്മബോധം കൊണ്ടും നേരിടാന്‍ നമുക്ക് സാധിക്കണം. മനുഷ്യാവസ്ഥ ഉപദ്വീപാവസ്ഥയാണ്. നര്‍മ്മബോധം, അപരനെ സങ്കല്പിക്കാനുള്ള കഴിവ്, നമ്മുടെ ഓരോരുത്തരുടെയും ഉപദ്വീപാവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എന്നിവയ്ക്കും മാത്രമേ ഇന്നത്തെ മതഭ്രാന്തന്‍ ജനിതകത്തിനെതിരെ ഭാഗികമായെങ്കിലും പ്രതിരോധം ഉയര്‍ത്താന്‍ സാധിക്കൂ.
'അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തു കയില്ല. യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം' (ഏശയ്യാ 2:45).