തുറവാണ് മിഷന്‍

തുറവാണ് മിഷന്‍
  • 'ഒന്നിച്ചിരുന്ന് സ്വപ്‌നങ്ങള്‍

  • പങ്കുവയ്ക്കുന്നവര്‍ക്കും

  • തനിച്ചിരുന്ന് കണ്ണീര്‍

  • വാര്‍ക്കുന്നവര്‍ക്കും

  • ഒരുപോലെ കുളിരു പകരണം'

  • ടി.ജെ. അനഘ, 'കാലമാപിനി'

അവസാനം ഭയവും ആശയകുഴപ്പവുമായി നില്‍ക്കുന്ന പതിനൊന്ന് ശിഷ്യന്മാരും ചെറിയൊരു ഗണം വിശ്വസ്തരും ധീരരുമായ സ്ത്രീകളും മാത്രം അവശേഷിച്ചു. ഏകദേശം മൂന്നുവര്‍ഷകാലയളവോളം പലസ്തീനായിലെ പാതകളില്‍ യേശുവിനെ അനുഗമിച്ചവരാണവര്‍. ഒരു കാര്യം വ്യക്തമാണ്, അവന്‍ പഠിപ്പിച്ചതൊന്നും അവര്‍ക്ക് മനസ്സിലായിട്ടില്ലായിരുന്നു. എങ്കിലും അവനെ അവര്‍ സ്‌നേഹിച്ചു. അങ്ങനെയാണ് ഒലീവ് മലയില്‍ അവനോടൊപ്പം ഇപ്പോള്‍ അവര്‍ എത്തിയിരിക്കുന്നത്. രംഗം മര്‍ക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായമാണ്. നസ്രായനുമായുള്ള ശിഷ്യരുടെ അവസാനത്തെ കണ്ടുമുട്ടലാണത്. ലോകത്തെയും സുവിശേഷത്തെയും അവരുടെ കരങ്ങളില്‍ ഭരമേല്‍പ്പിച്ചു കൊണ്ടാണ് അവന്‍ യാത്രയാകുന്നത്. ഈ കണ്ടുമുട്ടലിനെ കുറിച്ച് മത്തായിയുടെ സുവിശേഷം വിവരിക്കുമ്പോള്‍ ഒരു കാര്യം പറയുന്നുണ്ട്; 'അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു' (28:17). ആരാധനയുടെയും സംശയത്തിന്റെയും തുലാസില്‍ അവന്‍ തന്റെ സുവിശേഷത്തെ ചേര്‍ത്തുവയ്ക്കുന്നു. അല്പസമയം കഴിഞ്ഞാല്‍ അവന്‍ സ്വര്‍ഗാരോഹണം ചെയ്യും. സംശയത്തിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കുകയാണ്. ഇനിയും വിശദീകരിക്കാനോ വ്യക്തമാക്കാനോ അവന്‍ നില്‍ക്കുകയില്ല. അവനറിയാം, വിശ്വാസത്തിലെ സംശയം ലോകത്തിലെ ദരിദ്രരെപ്പോലെയാണ്; അവര്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകും.

നിരക്ഷരരായ പതിനൊന്നു മുക്കുവരുടെ ദാരിദ്ര്യത്തിനുമേലാണ് അവന്‍ സുവിശേഷത്തെ ഭരമേല്പിക്കുന്നത്. അവരോടൊപ്പം ഒരുമിച്ചു കണ്ട സ്വപ്‌നമാണ് അവന്‍ കൈമാറുന്നത്. പുതിയ ലോകത്തിനായുള്ള മാര്‍ഗരേഖയാണത്. ബുദ്ധിജീവികളുടെ താത്വിക വിചാരങ്ങളല്ലായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ സംശയംപേറുന്ന അവരുടെ കരങ്ങളില്‍ അവന്‍ ആ സത്യമേല്‍പ്പിക്കുന്നു. മുടന്തനെ നടക്കാന്‍ വിളിക്കുന്നത് പോലെയായിരുന്നു അത്. പിച്ചവച്ച് നടക്കാനല്ല. ലോകത്തിന്റെ എല്ലാ ഊടുവഴികളിലൂടെയും ആത്മധൈര്യത്തോടെ നടക്കാനുള്ള വിളിയായിരുന്നു അത്. ഒരു കടുകുമണിയുടെ, ഒരു നുള്ള് ഉപ്പിന്റെ, ഇത്തിരിയോളമുള്ള പുളിമാവിന്റെ, മലമുകളില്‍ സ്ഥാപിച്ച വിളക്കിന്റെ നിയോഗം പോലെയായിരുന്നു ആ വിളി. അതെ, സുവിശേഷമാണ് അവരുടെ കരങ്ങളിലേക്ക് അവന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അത് നിശ്ശബ്ദമായി പടരാന്‍ തുടങ്ങും, ഒരു കുളിര്‍ക്കാറ്റിലലിഞ്ഞ സുഗന്ധം പോലെ. അവര്‍ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളില്‍ അത് പ്രത്യാശയുടെ നാളം കത്തിക്കും.

പോകുക, നിങ്ങള്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പകര്‍ന്നു കൊടുക്കുക, ജീവിതത്തിന്റെ ദൈവീകതയെ പഠിപ്പിച്ചു കൊടുക്കുക, ദൈവത്തിന്റെ സുന്ദരമായ മുഖത്തെ അവര്‍ക്ക് കാണിച്ചുകൊടുക്കുക. ഇതാണ് മിഷന്‍ അഥവാ പ്രേഷിതത്വം.

ദൈവത്തിന്റെ ആര്‍ദ്രതയുടെ ആഖ്യാനമാണ് സുവിശേഷം. ഏറ്റവും സുന്ദരമായ ഒരു ആശയസംഹിതയല്ല അത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമല്ല. മെച്ചപ്പെട്ട രാഷ്ട്രീയതയോ ദൈവശാസ്ത്രമോ പോലുമല്ല അത്. യേശു എന്ന ചരിത്ര പുരുഷനും അവന്റെ ജീവിതവുമാണത്.

അവന്‍ പറയുന്നു; 'ജ്ഞാനസ്‌നാനം നല്‍കുവിന്‍.' എന്താണത്? ഇനി കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ദൈവത്തിനെ നല്‍കുക എന്നതാണ്. അവരെ സ്വര്‍ഗത്തിന്റെ നനവുള്ളവരാക്കുക. ജീവജലത്തിന്റെ ഉറവയിലേക്ക് അവരെ കൂട്ടിക്കൊണ്ടു വരുക. അതിരാവിലെ നദിയിലോ തടാകത്തിലോ സമുദ്രത്തിലോ മുങ്ങിയെഴുന്നേറ്റ് ഈറനണിഞ്ഞുകൊണ്ട് പ്രഭാത വെളിച്ചത്തിലേക്ക് നടന്നു കയറുന്നവരെപ്പോലെ ദൈവത്തിലേക്ക് അവരെ നടത്തിക്കൊണ്ടുവരുക. ലോകത്തെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സ്‌നേഹവും സ്വാതന്ത്ര്യവും ആര്‍ദ്രതയും നീതിയും കൊണ്ട് നിര്‍മ്മലമാക്കുക. ഇതാണ് ശിഷ്യരുടെ ദൗത്യവും പ്രഘോഷണവും. ഇവ തന്നെയാണ് സകല ക്രൈസ്തവരുടെയും ഉത്തരവാദിത്വം. അതെ, പ്രഘോഷിക്കുവാനാണ് അവന്‍ പറയുന്നത്. സംഘടിക്കാനോ പ്രധാന സ്ഥാനങ്ങള്‍ വഹിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടാനോ ഒന്നുമല്ല. ലളിതമായി പ്രഘോഷിക്കുക. എന്ത്? സുവിശേഷമെന്ന ദൈവസ്‌നേഹത്തെ.

ദൈവത്തിന്റെ ആര്‍ദ്രതയുടെ ആഖ്യാനമാണ് സുവിശേഷം. ഏറ്റവും സുന്ദരമായ ഒരു ആശയസംഹിതയല്ല അത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമല്ല. മെച്ചപ്പെട്ട രാഷ്ട്രീയതയോ ദൈവശാസ്ത്രമോ പോലുമല്ല അത്. യേശു എന്ന ചരിത്ര പുരുഷനും അവന്റെ ജീവിതവുമാണത്. മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയും ദൈവീകതയുടെ ആര്‍ദ്രതയുമാണത്. ആ സുവിശേഷത്തിന്റെ പ്രഘോഷണമാണ് മിഷന്‍ അഥവാ പ്രേഷിതത്വം. അതു സാധ്യമാകണമെങ്കില്‍ നമ്മള്‍ നമ്മുടെ സ്വാര്‍ത്ഥശീലങ്ങളില്‍ നിന്നും നിഷ്‌ക്രിയത്വത്തില്‍ നിന്നും വിരസതയുടെ നാലുകെട്ടുകളില്‍ നിന്നും പുറത്തു കടക്കണം. അത് നമ്മെ മറ്റുള്ളവരെ കണ്ടുമുട്ടാനും അവരെ അഭിമുഖീകരിക്കാനും പ്രേരിപ്പിക്കും. യേശു വിഭാവനം ചെയ്യുന്ന സര്‍ഗാത്മകതയിലേക്ക് നമ്മള്‍ നമ്മുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ചേര്‍ത്തുവയ്ക്കും. അങ്ങനെ നമ്മള്‍ മറ്റുള്ളവരില്‍ യേശുവിന്റെ മുഖം തിരിച്ചറിയും. പുതിയ മുഖങ്ങള്‍, പുതിയ സംസ്‌കാരങ്ങള്‍, പുതിയ ബുദ്ധിമുട്ടുകള്‍, പുതിയ ആവശ്യങ്ങള്‍ പുതുമയുള്ള സഭയായി പിന്നീട് പരിണമിക്കും.

പ്രേഷിതത്വത്തിന് ഒരു ഹൃദയം ആവശ്യമാണ്; മറ്റുള്ളവരുടെ നന്മ കാംക്ഷിക്കുന്ന ഹൃദയം. അപ്പോള്‍ നമ്മള്‍ മാനുഷികതയെ മാനിക്കും. സ്വര്‍ഗോത്മുഖമായ മാനുഷികത നമ്മുടെ ചിന്തകള്‍ക്കും കരങ്ങള്‍ക്കും ശക്തിയും ബലവും നല്‍കും. അവ നമ്മുടെ ഹൃദയ വിചാരങ്ങളെ ഒരു പകല്‍സ്വപ്‌നമായി അവശേഷിപ്പിക്കാതെ ചരിത്രമായി, ഓര്‍മ്മയായി, സമൂഹമായി മാറ്റും. നമ്മുടെ കരങ്ങള്‍ വീണുപോയവരെ ഉയര്‍ത്തും, ദുഃഖിതരുടെ കണ്ണീരുകളെ കരുണയോടെ തുടയ്ക്കും, പ്രാര്‍ത്ഥനയില്‍ അവരെ ചേര്‍ത്തു നിര്‍ത്തും. അങ്ങനെ നമ്മള്‍ നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായും നിസ്സഹായരുടെ നിലവിളിയായും പ്രശ്‌നബാധിതരുടെ പ്രതിബദ്ധതയായും കൃപ ലഭിച്ചവരുടെ കൃതജ്ഞതയായും മാറും. അതുകൊണ്ടാണ് മറ്റുള്ളവരുടെ സന്തോഷത്തെയും ദുഃഖത്തെയും സ്വന്തമാക്കി മാറ്റുന്ന സ്വര്‍ഗീയ ആല്‍ക്കെമിയാണ് മിഷന്‍ എന്ന് പറയുന്നത്. ജപമാലയിലെ മുത്തുകളെ സ്പര്‍ശിക്കുന്നതുപോലെ മറ്റുള്ളവരുടെ ജീവിതത്തെ ആദരവോടുകൂടി തൊടുന്ന ആത്മീയ പ്രവര്‍ത്തിയാണത്.

മിഷന്‍ എന്നാല്‍ നമ്മുടെ അഹത്തില്‍ നിന്നുള്ള പുറത്തു കടക്കലും സഹജരുടെ ജീവിതത്തിലേക്കുള്ള സൗമ്യമായ പ്രവേശനവും ജ്ഞാനസ്‌നാനത്തിലൂടെയുള്ള അവരുടെ പുനര്‍ജനനവുമാണ്. ആദ്യം വേണ്ടത് അഹത്തിന്റെ സ്വാര്‍ത്ഥതയില്‍ നിന്നും പുറത്തു കടക്കാനുള്ള ആര്‍ജവമാണ്. അതിന് യേശുവിന്റെ നിശ്വാസമാകുന്ന പരിശുദ്ധാത്മാവ് നമുക്ക് ശക്തി നല്‍കും. ആ സഹായകന്‍ ഈ നിമിഷംവരെ നമ്മള്‍ നടത്തിയിട്ടുള്ള ബന്ധങ്ങള്‍, ആശയങ്ങള്‍, അറിവുകള്‍, പ്രവര്‍ത്തനങ്ങള്‍, അജപാലനങ്ങള്‍ പോലും മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യക്തിപരമായ പരിമിതികളെ തിരിച്ചറിയാനും സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകളെ അതിജീവിക്കാനും നമ്മെ പ്രാപ്തരാക്കും.

പുറത്തേക്ക് ഇറങ്ങാന്‍ നമുക്ക് സാധിക്കണം. അത് ചെറിയ കാര്യങ്ങളില്‍ പോലും മറഞ്ഞിരിക്കുന്ന സ്വാര്‍ത്ഥതയെ അതിജീവിക്കാന്‍ നമ്മെ സഹായിക്കും. തുറവാണ് സഭയുടെ മിഷന്‍. എപ്പോഴും തുറന്നു കിടക്കുന്ന ഒരു പള്ളി പോലെ എല്ലാ സങ്കടങ്ങളെയും നൊമ്പരങ്ങളെയും നമ്മള്‍ക്കും സ്വീകരിക്കാനും വിശുദ്ധീകരിക്കാനും സാധിക്കണം. സഞ്ചരിക്കുന്ന ദേവാലയമാണ് ഓരോ പ്രേഷിതനും. അവന്‍ അഹത്തിന്റെ സ്വാര്‍ത്ഥതയില്‍ നിന്നും പുറത്തു കടന്നവനാണ്. അവന്‍ ഭൂമിയുടെ എല്ലാ കോണുകളിലും തിരുസക്രാരിയെ ദര്‍ശിക്കും. ജീവിതത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കും. അവനില്‍ പരാതിയോ പരിഭവമോ ഉണ്ടാകില്ല. അന്ധകാരത്തെയോ മരണത്തെയോ അവന്‍ ഭയപ്പെടില്ല. കാരണം, ക്രിസ്തുവെന്ന വലിയ മരത്തിന്റെ തണലില്‍ വിശ്രമിക്കുന്നവനാണവന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org