ഒരു ആത്മീയമതാത്മക സമൂഹത്തെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക്, അതിന്റെ ഉള്ളിലൂടെ കടന്നുപോകുന്നവര്‍ക്ക്, മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു പ്രതിസന്ധി എന്താണെന്നോ? അവിടത്തെ ഇച്ഛയുടെ പ്രതിസന്ധിയാണ് (the crisis of desire). ആഗ്രഹങ്ങളുടെ മരുഭൂമിയാണ് ആത്മീയതയെന്ന പൊതു കാഴ്ചപ്പാടില്‍ നിന്നും വിപരീതമായി, അവയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇന്നത്തെ എല്ലാ മതാത്മക സമൂഹവും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ സത്യത്തിന്റെ മറ്റൊരു ഭാഷ്യമാണ് ഫ്രാന്‍സിസ് നൊറോണയുടെ 'മുടിയറകള്‍' എന്ന നോവല്‍. വെളിച്ചമല്ല, ഇരുളാണ് നോവലിന്റെ പ്രമേയം. തമസ്സിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കുഞ്ഞാപ്പി, രായന്‍, മാമ്പള്ളിയച്ചന്‍, വില്‍സണച്ചന്‍, ജോസഫൈന്‍ സിസ്റ്റര്‍, മേബിള്‍ സിസ്റ്റര്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഞാറക്കടവു ഗ്രാമത്തില്‍ ഒരു കാര്‍മേഘമെന്നപോലെ പടര്‍ന്നു കയറുന്നതാണ് ആഖ്യാനം. വെളിച്ചം കഥയില്‍ ബലഹീനമാണ്. ഇരുളിനു മുന്‍പില്‍ അതിനു പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പതറുന്നു. ഇത്തിരിയോളം വെട്ടവുമായി വന്ന പല കഥാപാത്രങ്ങളെയും ഇരുള്‍ പതിയെ വിഴുങ്ങുന്നതും കാണാന്‍ സാധിക്കും.
'മുടിയറകള്‍' വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കു വന്ന ചിന്ത ഇതൊരു സ്പൂഫ് രചനയാണോ എന്നതാണ്. നര്‍മ്മമല്ല, പരിഹാസമാണ് വരികളുടെയിടയില്‍ ഒരു കറുത്തമാലാഖ എന്നപോലെ പറന്നു നടക്കുന്നത്.
മുടിയറകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കു വന്ന ചിന്ത ഇതൊരു സ്പൂഫ് രചനയാണോ എന്നതാണ്. നര്‍മ്മമല്ല, പരിഹാസമാണ് വരികളുടെയിടയില്‍ ഒരു കറുത്തമാലാഖ എന്നപോലെ പറന്നു നടക്കുന്നത്. താന്‍ ആയിരിക്കുന്ന മതാന്തരീക്ഷത്തിനുള്ളിലെ ചില മനസ്സിലാകായ്മകളെ പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി 2023 കാലയളവില്‍ പ്രസിദ്ധീകരിച്ച ഒരു നോവലാണിത്. 'കക്കുകളി' എന്ന തന്റെ കഥ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ച് ഒരു നാടകമായി മാറിയപ്പോള്‍ അതിനെതിരെ കത്തോലിക്കാ ലോകത്തില്‍ നിന്നും ഉയര്‍ന്ന മുറവിളികള്‍ക്ക് കാടുകയറിയ ഭാവനകളിലൂടെ ഗ്രന്ഥകാരന്‍ പ്രതികാരം ചെയ്യുകയാണോ എന്ന് ആദ്യം ഒന്നു സംശയിച്ചുവെങ്കിലും പിന്നീട് മനസ്സിലായി പ്രതികാരമല്ല, പരിഹാസമാണെന്ന്. 'അശരണരുടെ സുവിശേഷം' എന്ന കൃതിയിലൂടെ കത്തോലിക്കാ പൗരോഹിത്യത്തിന്റെയും സമര്‍പ്പിത ജീവിതത്തിന്റെയും സൗന്ദര്യത്തെ വരച്ചുകാട്ടിയ ആള്‍ ഇപ്പോള്‍ മുടിയറകള്‍ എന്ന കൃതിയിലൂടെ അവയെ ഒരു പരിഹാസ വിഷയമാക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഒരേ യാഥാര്‍ത്ഥ്യത്തിനുള്ളിലെ ഇരുളിനെയും വെളിച്ചത്തെയും തുറന്നു കാണിക്കാനായിരിക്കണം.
ഞാറക്കടവ് എന്ന ഭൂമികയിലെ പള്ളിമേടയും പാതിരികളും കന്യാസ്ത്രീ മഠവും കേരള കത്തോലിക്കാസഭയുടെ ഒരു ഹാസ്യാനുകരണമാണ്. വിശുദ്ധരെ സൃഷ്ടിക്കുന്ന ഇടം എന്നാണ് മുടിയറകള്‍ എന്ന പദത്തിന് ഗ്രന്ഥകാരന്‍ നല്‍കുന്ന അര്‍ത്ഥം. ഇരുളില്‍ വെളിച്ചത്തിന്റെ ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്നവരുടെയും അതില്‍ നിന്നും കുതറുന്നവരുടെയും ഭൂമികയാണത്. ഞാറക്കടവിലെ കന്യാസ്ത്രീ മഠമാണ് ഇരുളിന്റെ ഇടം. ആ ഇരുട്ടിനെ പൊതിഞ്ഞു നടക്കുന്ന ചില വെളിച്ചങ്ങള്‍. കന്യാസ്ത്രീമാര്‍. വിശുദ്ധിയാല്‍ മുടിധരിപ്പിക്കപ്പെടുമെന്നു സ്വപ്നം കാണുന്നവര്‍. കുഞ്ഞാപ്പിയും രായനും റോസയും എല്ലാം അതിനിടയില്‍ പെട്ടുപോകുന്ന ചില പൊള്ളുന്ന ജീവിതങ്ങള്‍ മാത്രമാണ്. തമസ്സിലെ വെളിച്ചത്തെ വ്യവസായമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് പാതിരിമാരെന്നു സ്ഥാപിച്ചെടുക്കാന്‍ ആഖ്യാതാവ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വിശുദ്ധ പദവിയിലേക്കുള്ള മാനദണ്ഡം കുടുംബ മഹിമയാണെന്നു പറഞ്ഞുകൊണ്ടാണ്, വല്ലാനം കടപ്പുറത്തുനിന്നുള്ള സിസ്റ്റര്‍ ഉഷയ്ക്കു പകരം പകലോമറ്റത്തെ ആബേലമ്മയെ ദൈവദാസി ആക്കാന്‍ മാമ്പള്ളിയച്ചന്‍ തീരുമാനിക്കുന്നത്. ആബേലമ്മ എന്ന കഥാപാത്രം മലയാളക്കരയുടെ അഭിമാന പുണ്യമായ അല്‍ഫോന്‍സാമ്മയുടെ ഹാസ്യാനുകരണമാണെന്നു കാണുമ്പോള്‍ ഇരുള്‍ ഉള്ളത് കഥയിലാണോ അതോ കഥാകാരന്റെ മനസ്സിലാണോ എന്ന ശങ്കയാണ്. ആത്മീയതയെ വ്യാപാരമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഞാറക്കടവിലെ പാതിരിമാരുടെ പരിശ്രമങ്ങളെ വര്‍ണിക്കുമ്പോള്‍ ഭരണങ്ങാനവും കൃപാസനവുമൊക്കെ അല്യൂഷന്‍സ് ആകുന്നുണ്ട്. റോസയുടെ അപ്പന്റെ മരുന്നുകട്ടില്‍ രായനെ കൊണ്ട് മോഷ്ടിപ്പിച്ച് അത് ആബേലമ്മയുടേതാണ് എന്ന പേരില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പാതിരിമാരുടെ കുടില തന്ത്രത്തെ തിരിച്ചറിഞ്ഞ റോസയുടെ നിര്‍വികാരതയോടെ നോവല്‍ അവസാനിക്കുമ്പോള്‍ 'ആര്‍ട്ടിസ്റ്റ് ബേബി ഇത്രയ്ക്കും ചീപ്പായിരുന്നോ?' എന്നു ഗ്രന്ഥകാരനോടു ചോദിക്കാനാണ് തോന്നിയത്.
എഴുതിക്കഴിഞ്ഞ ഒരു രചനയില്‍ ഗ്രന്ഥകാരനു സ്ഥാനമില്ല എന്നതാണല്ലോ വാദം. റൊളാന്‍ ബാര്‍ത്ത് (Roland Barthes) ആണ് അങ്ങനെയൊരു ചിന്ത അവതരിപ്പിച്ചത്. ഗ്രന്ഥകാരന്റെ ഉദ്ദേശമല്ല, വായനക്കാരന്റെ വ്യാഖ്യാനമാണ് രചനയ്ക്ക് അര്‍ത്ഥം നല്‍കുന്നത്. സമകാലിക കത്തോലിക്കാ സഭയെ ഒരു ഇരുണ്ട ഇടമായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഗ്രന്ഥകാരന്റെ ഉദ്ദേശത്തിനെ ശുദ്ധം എന്നൊന്നും വിശേഷിപ്പിക്കാന്‍ ഈയുള്ളവന് തോന്നുന്നില്ല. പുസ്തകത്തിന്റെ പുറംചട്ടയുടെ പേരില്‍ ആരൊക്കെയോ ഗ്രന്ഥകാരനെ വിമര്‍ശിച്ചപ്പോള്‍ സഭ എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ് എന്നുപറഞ്ഞു സ്വയം ഇരയായി പ്രദര്‍ശിപ്പിച്ച വ്യക്തിയാണ് ഈ എഴുത്തുകാരന്‍. പക്ഷേ ഈ കൃതിയില്‍ ആഖ്യാതാവായി നിറയുന്ന അദ്ദേഹം അവിടെ ഒരു ഇരയല്ല, വേട്ടക്കാരനാണ്. തന്റെ അസഹിഷ്ണ ഭാവനയെ കൂട്ടുപിടിച്ച്, പദങ്ങളില്‍ പ്രഹസനത്തിന്റെ പരികല്‍പ്പനകള്‍ ചാലിച്ച് അയാള്‍ വേട്ടയാടുന്നതു മറ്റാരെയുമല്ല, കേരളത്തിലെ കത്തോലിക്കാസഭയെ തന്നെയാണ്. എന്നിട്ടും ഞാനൊരു ഇരയാണെന്നു പറയാന്‍ സാധിക്കുന്ന ആ മനസ്സില്ലേ, അത് അപാരം തന്നെയാണ്.
'ആഗ്രഹത്തോടുകൂടിയുള്ള കാഴ്ചയാണ് ലോകത്തിലെ ഇടര്‍ച്ചകള്‍ക്കെല്ലാം കാരണം. ഒരുവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചാലും അത്തരം കാഴ്ചകളുടെ ശക്തി കെടാറില്ല. ഒരാളുടെ കണ്‍മുന്നില്‍ കാണുന്നത് മാത്രമല്ല കാഴ്ച. കണ്‍മുന്നിലുള്ളത് എന്താണെന്ന് അവന്റെ ഉള്ളം പറഞ്ഞു കൊടുക്കുന്നതുകൂടി ചേരുമ്പോഴാണ് കാഴ്ചയുടെ ആഴം രൂപപ്പെടുക' (p.154). ദൊരൈ എന്ന കഥാപാത്രത്തിന്റെ നാവിലാണ് കഥാകൃത്ത് മുകളിലെ വാചകങ്ങള്‍ വച്ചിരിക്കുന്നത്. ഈ വരികളില്‍ ഇച്ഛയുടെ പ്രതിസന്ധിയുണ്ട്. കത്തോലിക്കാസഭയിലെ ആ പ്രതിസന്ധിയെ ഒരു കറുത്ത ഹാസ്യമായി ചിത്രീകരിക്കുന്ന നൊറോണയുടെ മുടിയറകള്‍ പറയാന്‍ ശ്രമിക്കുന്നത് സഭയിലെ സമര്‍പ്പിതര്‍ അവരുടെ ജീവിതം മുഴുവന്‍ സ്‌നേഹത്തില്‍ ചെലവഴിക്കുന്നതിന്റെ അര്‍ഥം എന്താണെന്ന് അവര്‍ക്കറിയില്ലെന്നാണ്. അവര്‍ക്ക് ഇച്ഛയുടെയും സ്‌നേഹത്തിന്റെയും അര്‍ഥം അറിയില്ല. അതുകൊണ്ട് വിഷലിപ്തമാണ് അവരുടെ ആഗ്രഹങ്ങള്‍. അവരുടെ ബലഹീനതകള്‍ അവരെ മത്തുപിടിപ്പിക്കുന്നു. നിയമത്തിനും ഇച്ഛയ്ക്കും ഇടയിലുള്ള പിരിമുറുക്കത്തില്‍ പകരംവയ്ക്കാന്‍ ഒന്നുമില്ലാതെ ഹൃദയശൂന്യമായ കാപട്യത്താല്‍ അവര്‍ ആത്മീയതയെ വ്യാപാരമാക്കുന്നു.
മുടിയറകള്‍ എന്ന ഗ്രന്ഥത്തെയോ അതിന്റെ രചയിതാവിനെയോ കുറ്റപ്പെടുത്താനും വിധിക്കാനും ഞാനില്ല. ഒപ്പം അദ്ദേഹം വരികളുടെയിടയിലൂടെ ഒളിച്ചുകടത്തുന്ന ക്രൂരമായ വിമര്‍ശനത്തെ നിരാകരിക്കാനുമില്ല. അജ്ഞന്റെ ഭാവനയ്ക്ക് അലിവുണ്ടാകുകയില്ല എന്നത് പൊതു തത്വമാണ്. മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന പഴഞ്ചൊല്ല് എത്രയോ സത്യം! ശരിയാണ്, ഒരു വ്യതിചലനത്തെയാണ് നൊറോണ മുടിയറകളിലൂടെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്തുവും സഭയും തമ്മിലുള്ള വൈരുദ്ധ്യം! അവയ്ക്കിടയിലുള്ളത് ഇരുള്‍നിറഞ്ഞ ഒരു കിടങ്ങാണെന്നാണ് ഗ്രന്ഥകാരന്‍ പറഞ്ഞുവയ്ക്കുന്നത്. സ്‌നേഹത്തിനുമുകളില്‍ ആചാരങ്ങള്‍ കടന്നുവരുമ്പോള്‍ സമര്‍പ്പണവും ഉടമ്പടിയുമെല്ലാം കച്ചവടമാകുമെന്നത് സാര്‍വത്രിക സത്യമാണ്. സ്‌നേഹവും ആചാരങ്ങളും തമ്മിലുള്ള സംഘര്‍ഷം മതജീവിതത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് സാമൂഹിക ജീവിതത്തിലും വ്യാപിക്കും എന്നതിന്റെ തെളിവാണ് കഥാപാത്രങ്ങളായ കുഞ്ഞാപ്പിയുടെയും റോസയുടെയും ജീവിതം. മതത്തില്‍ കച്ചവടതൃഷ്ണ കടന്നുകൂടിയാല്‍ പിന്നെ അതു പരത്തുക വിഭ്രാന്തിയും ഭിന്നതയും മാത്രമായിരിക്കും. പക്ഷപാതവും അതിശയോക്തിയും ദയരാഹിത്യവും അതിനോടൊപ്പം എന്നും സഞ്ചരിക്കുകയും ചെയ്യും.
തൃഷ്ണയാണ് നൊമ്പരങ്ങളുടെ ഉറവിടം എന്ന ചിന്ത ഒരു മതാത്മക നൈതീകതയാണ്. അവിടെയാണ് ഇന്ദ്രീയനിഗ്രഹങ്ങളൊക്കെ പുണ്യമാകുന്നത്. പൗലോസപ്പോസ്തലന്‍ അനുഭവിച്ച സംഘര്‍ഷം ഇച്ഛയും നിയമവും തമ്മിലുള്ള സ്വരചേര്‍ച്ച ഇല്ലായ്മയായിരുന്നു. റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ തന്റെ ഇച്ഛയുടെ ഉള്ളില്‍ പടര്‍ന്നുകയറിയ ഇരുളിനെ ഓര്‍ത്ത് നൊമ്പരപ്പെടുന്ന പൗലോസിന്റെ ചിത്രമുണ്ട്. കൃപ കൊണ്ടാണ് അവന്‍ ഇച്ഛയെയും നിയമത്തെയും അതിജീവിക്കുന്നത്. അപ്പോഴും നമുക്കറിയാം, തൃഷ്ണ അതില്‍ തന്നെ ഒരു പാപമല്ല. തൃഷ്ണയുടെ അന്യോന്യത നമ്മള്‍ ആഗ്രഹിക്കുന്നത് നമ്മെ ആഗ്രഹിക്കുക എന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകത, തൃഷ്ണകളുടെ സ്വതന്ത്രമായ കണ്ടുമുട്ടലാണെന്നു മനസ്സിലാകും: ദൈവത്തിന്റെയും നമ്മുടെയും ആഗ്രഹങ്ങളുടെ കണ്ടുമുട്ടല്‍!
ദൈവമനുഷ്യ കണ്ടുമുട്ടലിന്റെ ആഘോഷമാണ് ആത്മീയത. ആ ആത്മീയതയുടെ ആചരണമാണ് മതം. ആ ആചരണത്തില്‍ സ്‌നേഹം ഇല്ലാതാകുമ്പോഴാണ് മതങ്ങള്‍ വ്യാപാരങ്ങളാകുന്നത്. അങ്ങനെയുള്ള മതാത്മകതയ്‌ക്കെതിരെയുള്ള ശബ്ദം പ്രവാചക ശബ്ദമാണ്. അപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്, ഒരു പ്രവാചകനും തമസ്സിനോട് കൂട്ടുകൂടിയവനായിരുന്നില്ല എന്നതാണ്. അവര്‍ പ്രഘോഷിച്ചത് ഇരുളിന്റെ സുവിശേഷമല്ല, പ്രകാശത്തിന്റെതാണ്. നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തികളെക്കാളും കണക്കുകൂട്ടലുകളെക്കാളും കരാറുകളെക്കാളും വിലയുള്ളവരാണ്, വലുതാണ്, മികച്ചവരാണ് എന്ന പ്രത്യാശയാണ് അവരുടെ പ്രഘോഷണം. ഗ്രന്ഥകാരന്റെ ചിന്തകള്‍ ഇനിയും ഉയരേണ്ടിയിരിക്കുന്നു. വ്യക്തമായി അന്വേഷിക്കാതെയോ പഠനം നടത്താതെയോ എഴുതിയിരിക്കുന്ന ഒരു രചനയെ പൈങ്കിളി എന്നുമാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കു. മുടിയറകളിലെ ഭാവനകള്‍ ബാലിശമാണ്. ആഴങ്ങള്‍ അറിയണമെങ്കില്‍ ഹൃദയങ്ങള്‍ ഉയരണം. Sursum Corda അതായത് ഹൃദയങ്ങള്‍ ഉയര്‍ത്തുവിന്‍ എന്നത് വിശുദ്ധ കുര്‍ബാനയിലെ ഏറ്റവും സുന്ദരമായ ആഹ്വാനമാണ്. അപ്പോള്‍ മറുപടിയായി നമ്മള്‍ പറയും Habemus ad Dominum, അതായത് കര്‍ത്താവിലേക്ക് ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു എന്ന്. അതെ, ഇത്തിരി കൂടി മുടിയറകളുടെ കൃത്തിന്റെ ഭാവനകള്‍ ഉയര്‍ന്നിരുന്നെങ്കില്‍ ചക്രവാളത്തിനു മുകളിലുള്ള കാഴ്ചകളും കാണാന്‍ സാധിക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇരുളിനു പകരം പ്രകാശം ആ പുസ്തകത്തിനു പ്രമേയമായിരുന്നേനെ.
അവസാനമായി, കത്തോലിക്കാ സഭയിലെ സമര്‍പ്പിത സഹോദരങ്ങളോട്: 'ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവു കൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.' (മത്താ 10:29-28)