സ്‌നേഹവും സ്‌നേഹിക്കുന്നവരും

സ്‌നേഹവും സ്‌നേഹിക്കുന്നവരും
സ്‌നേഹമില്ലാത്ത വൈവാഹിക ജീവിതത്തില്‍ ഒരു അപ്പവും ശരീരമായി മാറില്ല, ഒരു വീഞ്ഞും രക്തമാകുകയുമില്ല. പരസ്പരം പകുത്തു നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകും പലരും നമ്മുടെയും ജീവിതത്തില്‍നിന്ന്.

കഥാപാത്രങ്ങളാല്‍ നയിക്കപ്പെടുന്ന ചെറുകഥകള്‍; അതാണ് ആന്‍ഡ്രേ ഡ്യൂബസിന്റെ (Andre Dubus) കഥകളുടെ പ്രത്യേകത. നഷ്ടബോധം, വിശ്വാസവഞ്ചന, സഫലമാകാത്ത സ്വപ്നങ്ങള്‍ തുടങ്ങിയ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ പ്രമേയങ്ങളാകുന്ന ചെറു കഥകളുടെ സ്രഷ്ടാവാണ് അദ്ദേഹം. അസംസ്‌കൃതവും വേദനാജനകവുമായ വികാര വിചാരങ്ങളുടെ അതിപ്രസരണത്തില്‍ തകര്‍ന്നു വീണ വ്യക്തിത്വങ്ങളെയും കുടുംബത്തെയും മനോഹരമായി വരികളില്‍ തുന്നിച്ചേര്‍ക്കുന്ന കരവിരുത് കാണണമെങ്കില്‍ ഡ്യൂബസിന്റെ കൃതികള്‍ വായിക്കണം. ഏടുകളിലെ കഥാപാത്രങ്ങളുടെ നൊമ്പരങ്ങളില്‍ നിന്ന് ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു ഇടനാഴി പണിയുന്നുണ്ട് എഴുത്തുകാരന്‍. ദുഃഖവും നിരാശയും സ്ഥിരം അതിഥികളാകുന്നവര്‍ക്ക് ഡ്യൂബസിന്റെ കൃതികള്‍ സ്പര്‍ശിക്കും. അതിലെ കഥാപാത്രങ്ങളോട് ചിലപ്പോള്‍ സാമ്യം തോന്നും. കാരണം, ആധുനിക ജീവിതത്തിലെ അപചയത്തിന്റെ വര്‍ത്തമാന ചരിത്രമാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം തന്നെ.

ആന്‍ഡ്രേ ഡ്യൂബസിന്റെ പ്രശസ്തമായ ഒരു നോവലൈറ്റ് ആണ് Adultery എന്ന കൃതി. എങ്ങനെയാണ് എഡിത്തിന്റെ ഭര്‍ത്താവായ ഹാങ്ക് അലിസണ്‍ അവളെ വിവാഹമോചനത്തിലേക്ക് തള്ളിവിട്ടതെന്ന് വിശദമായി വിവരിക്കുന്ന കഥയാണത്. വികലമായ ദാമ്പത്യത്തിന്റെ ആഴമായ തലത്തെ ആത്മാര്‍ത്ഥവും വൈകാരികവുമായ ആഖ്യാനത്തിലൂടെയാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ 'സ്‌നേഹം', 'വിശ്വാസം', 'ഹൃദയം', 'ആത്മാവ്', 'ആര്‍ദ്രത' തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥം അന്വേഷിച്ചു നിഘണ്ടു തിരയേണ്ടി വരില്ല. കാരണം, ഡ്യൂബസിന്റെ ആഖ്യാനത്തില്‍ അവയുടെ തിളക്കം വര്‍ദ്ധിക്കുന്നതായി കാണാന്‍ സാധിക്കും.

അനിവാര്യമായ ദുരന്തത്തിലേക്ക് നീങ്ങുന്ന ദാമ്പത്യജീവിതത്തിന്റെ ചിത്രമാണ് Adultery എന്ന കഥ. ഒപ്പം എഡിത്ത് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ തിരിച്ചറിവിലേക്കുള്ള യാത്ര കൂടിയാണത്. മനസ്സിനെയും ആത്മാവിനെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള യഥാര്‍ത്ഥ ബന്ധമില്ലെങ്കില്‍ ഏറ്റവും എളുപ്പം തകര്‍ച്ച സംഭവിക്കാവുന്ന ഇടം ദാമ്പത്യമാണ്.

എഡിത്തും ഹാങ്കും പ്രണയിച്ചു വിവാഹിതരായവരാണ്. പക്ഷേ പിന്നീട് ഹാങ്കിന്റെ പ്രണയത്തിന്റെ ആഴം കുറയുന്നത് അവള്‍ തിരിച്ചറിയുന്നു. അവന്റെ ജീവിതത്തിലേക്ക് പല സ്ത്രീകളും കടന്നുവരുന്നത് അവള്‍ കാണുന്നു. അങ്ങനെ അവളും ഹാങ്കിന്റെ സുഹൃത്തായ ജാക്കുമായി അടുക്കുന്നു. ആ ബന്ധത്തില്‍ അവള്‍ക്ക് ഒരു കുറ്റബോധവുമില്ല. കാരണം, ഹാങ്കിന്റെ സ്ത്രീവിരുദ്ധതയും വിശ്വാസവഞ്ചനയും അവളെ അവനില്‍ നിന്നും കാതങ്ങളോളം മാനസികമായി അകറ്റി കഴിഞ്ഞിരിക്കുന്നു. പക്ഷെ കഥ പിന്നീട് പുരോഗമിക്കുന്നത് ജോറിച്ചി എന്ന പുരോഹിതനുമായി എഡിത്ത് ബന്ധം സ്ഥാപിക്കുന്നതിലേക്കാണ്. അവള്‍ അയാളോട് തന്റെ വ്യഭിചാര ദാമ്പത്യത്തെക്കുറിച്ച് സംസാരിക്കുന്നു. അവളുടെ അവസ്ഥയുടെ ഭയാനകതയിലേക്ക് അയാള്‍ അവളുടെ കണ്ണുകള്‍ തുറപ്പിക്കുന്നു. ജോ പിന്നീട് മാരകമായ രോഗാവസ്ഥയിലാകുന്നു. അയാളുടെ അവസാന നാളുകളില്‍ അവളുടെ സാന്നിധ്യം മാത്രമാണ് ഏക ആശ്വാസം. ജോറിച്ചിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം എത്രത്തോളം സുസ്ഥിരമാണെന്നും ഹാങ്കിന്റെ പ്രണയം എത്ര ചഞ്ചലമാണെന്നും അവള്‍ മനസ്സിലാക്കുന്നു. കഥയുടെ അവസാനം അവള്‍ മരണക്കിടക്കയിലെ ജോറിച്ചിയോട് വെളിപ്പെടുത്തുന്ന ഒരു കാര്യം ഹാങ്കിനെ വിവാഹമോചനം ചെയ്യാനുള്ള അവളുടെ തീരുമാനമാണ്.

എഡിത്തിന്റെ തീരുമാനത്തെ ആധുനിക കാലത്തിലെ ദാമ്പത്യ ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ഒരു ഇരുണ്ട പ്രഖ്യാപനമായി കരുതുന്നവരുണ്ട്. പക്ഷെ കഥ വികസിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ ആ വിവാഹമോചനം ഹൃദയശൂന്യതയ്‌ക്കെതിരായ സ്‌നേഹത്തിന്റെ വിജയമായി തോന്നും. മരണാസന്നനായ ജോറിച്ചിയുമായുള്ള സ്‌നേഹവും അനുഭവവും അവളെ ഒരു നിഗമനത്തിലെത്തിക്കുന്നുണ്ട്; സ്‌നേഹവും സ്‌നേഹിക്കുന്നവരുമാണ് ഏറ്റവും പ്രധാനം.

എഡിത്തുമായുള്ള ബന്ധത്തെ പ്രതി പൗരോഹിത്യം ഉപേക്ഷിച്ചവനാണ് ജോറിച്ചി. ആശ്വാസമാകേണ്ടിയിരുന്ന സൗഹൃദം കുറ്റബോധമായി അലട്ടാന്‍ തുടങ്ങിയപ്പോള്‍ ബലിപീഠത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അവന്‍. അപ്പോഴും കുര്‍ബാനയിലുള്ള വിശ്വാസം അവന് നഷ്ടപ്പെട്ടില്ല. പൗരോഹിത്യം ഉപേക്ഷിച്ചതിന് ശേഷം എല്ലാ ദിവസവും കുര്‍ബാനയ്ക്ക് പോകുകയും അത് സ്വീകരിക്കുകയും ചെയ്തു അവന്‍. അതിന് അവന്‍ പറയുന്ന ഒരു കാരണമുണ്ട്: 'പ്രണയത്തെപ്പോലെ വിശ്വാസത്തിനും ബുദ്ധിയുമായി ഒരു ബന്ധവുമില്ല. സ്പര്‍ശനത്തില്‍ സ്‌നേഹത്തെ തിരിച്ചറിയുന്നവര്‍ക്ക് കുര്‍ബാനയിലെ ദൈവത്തെയും അറിയാന്‍ കഴിയും. സ്‌നേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ അപ്പവും വീഞ്ഞും ശരീരവും രക്തവുമായി മാറുന്നത് അത്ഭുതമോ നിഗൂഢതയോ അല്ല, സ്വാഭാവികമാണ്. മനുഷ്യന്‍ സ്പര്‍ശനത്തിലൂടെ ദൈവത്തെ അറിയുന്നു. ദൈവഹൃദയത്തിലേക്കുള്ള മനുഷ്യഹൃദയത്തിന്റെ കുതിപ്പാണ് കുര്‍ബാന'.

തകര്‍ന്ന ബന്ധങ്ങളുടെ ആഖ്യാനതയിലാണ് ആന്‍ഡ്രേ ഡ്യൂ ബസ് പരിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള മനോഹരമായ ദൈവശാസ്ത്രം കുറിച്ചിടുന്നത്. ശരീരത്തിന്റെ തൃഷ്ണകളിലും സ്പര്‍ശന സുഖങ്ങളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യമാണ് കുര്‍ബാന. സ്‌നേഹത്തിന്റെ ശാരീരിക തലത്തിന് പരിശുദ്ധ കുര്‍ബാനയേക്കാള്‍ മനോഹരമായ ഒരു ദൈവീകതലം കല്പ്പിച്ചു കൊടുക്കാന്‍ സാധിക്കില്ല. സ്‌നേഹമില്ലാത്ത വൈവാഹിക ജീവിതത്തില്‍ ഒരു അപ്പവും ശരീരമായിമാറില്ല, ഒരു വീഞ്ഞും രക്തമാകുകയുമില്ല. പരസ്പരം പകുത്തു നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകും പലരും നമ്മുടെയും ജീവിതത്തില്‍നിന്ന്. ഹാങ്കിന്റെ ജീവിതത്തില്‍ നിന്നും എഡിത്ത് ഇറങ്ങിപ്പോയതുപോലെ. കാലഹരണപ്പെട്ട സങ്കല്പങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്കാണ് അവള്‍ ഇറങ്ങി പോകുന്നത്. ഇതെന്റെ ശരീരമാണ്, ഇതെന്റെ രക്തമാണ് എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തെ അതിന്റെ സങ്കീര്‍ണതയോടുകൂടി കൂടെയുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്.

'അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്' (മര്‍ക്കോ. 14:22).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org