സ്‌നേഹവും സ്വാതന്ത്ര്യവും

സ്‌നേഹവും സ്വാതന്ത്ര്യവും
Published on
  • ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M

'സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തങ്ങളും വരുന്നു, സമയം പാഴാക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല: എന്റെ നീണ്ട യാത്ര ഇതുവരെ അവസാനിച്ചിട്ടില്ല.' ഈയൊരു വാക്യത്തോടെയാണ് നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയായ A Long Walk to Freedom അവസാനിക്കുന്നത്. ഈ വാക്യത്തില്‍ നിന്നാണ് സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരനായ മണ്ട്‌ല ലംഗയുടെ Dare Not Linger: The Presidential Years എന്ന മണ്ടേലയുടെ ജീവചരിത്രം തുടങ്ങുന്നതും. മണ്ടേലയുടെ ആത്മകഥയുടെ ഉത്തരഭാഗമാണിത് (sequel). 1994 മുതല്‍ 1999 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിന്റെ ചരിത്രമാണ്. 2017 ലാണ് ഈ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്. ആത്മകഥ പോലെ ലളിതവും വൈകാരികവുമല്ല ഈ ജീവചരിത്രം. മണ്ടേലയുടെ കാഴ്ചപ്പാടിലൂടെ വര്‍ണ്ണവിവേചനത്തിനുശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ ആദ്യകാല ജനാധിപത്യ കാലഘട്ടത്തിന്റെ വിവരണമാണിത്. പതിനൊന്ന് അധ്യായങ്ങളാണ് മണ്ടേലയുടെ ആത്മകഥയ്ക്കുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ബാക്കിയുള്ള അധ്യായങ്ങള്‍ ഈ ജീവചരിത്രത്തിലാണുള്ളത്.

അത് പൂര്‍ത്തിയാക്കാന്‍ മണ്ട്‌ല ലംഗ ധാരാളം ഗവേഷണങ്ങളും അഭിമുഖങ്ങളും കുറിപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. ഒരു വിപ്ലവകാരിയില്‍ നിന്നും രാഷ്ട്രതന്ത്രജ്ഞനിലേക്കുള്ള മണ്ടേലയുടെ പരിണാമം മാത്രമല്ല ഈ പുസ്തകം ചിത്രീകരിക്കുന്നത്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ അധികാരം കൈകാര്യം ചെയ്യുന്ന ആ രാഷ്ട്രീയക്കാരന്റെ ചെറുത്തുനില്‍പ്പ് കൂടിയാണ്. വിഷയാധിഷ്ഠിതമായാണ് ഇതിലെ അധ്യായങ്ങള്‍ തിരിച്ചിരിക്കുന്നത്. താന്‍ നായകനായിരുന്ന ജനാധിപത്യവിപ്ലവത്തെ പ്രതിരോധിക്കുന്നതിനുളള അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. അത് വാക്കിലും പ്രവര്‍ത്തിയിലും സ്പഷ്ടവുമായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ ആഖ്യാനങ്ങളാല്‍ അടയാളപ്പെടുത്തിയതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയതന്ത്രം. ഒപ്പം സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷയുടെയും കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കുകയും ചെയ്തു.

ഒരാളെ അപമാനിക്കുക എന്നാല്‍ അയാളെ അനാവശ്യമായി ക്രൂരതയിലേക്ക് തള്ളിയിടുക എന്നതാണ്. ഇന്ന് രാഷ്ട്രീയം മാത്രമല്ല ഒരാളെ ഈ അവസ്ഥയിലേക്ക് തള്ളിയിടുന്നത്, മതവും അതിന്റെ ആചാരങ്ങളുമുണ്ട് എന്നതാണ് വാസ്തവം.

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഒരു ഭാഗമാകാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നാണ് മണ്ടേല കരുതുന്നത്. വ്യത്യസ്തനായ ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. പല ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ച് ശീലിച്ച ഒരു മനുഷ്യന്‍, കുറിപ്പുകള്‍ നോക്കാതെ പ്രസംഗിക്കുന്ന ഒരാള്‍, എല്ലാം വൃത്തിയായിരിക്കണമെന്ന് വാശിപിടിക്കുന്ന കര്‍ക്കശക്കാരന്‍. വര്‍ണ്ണവിവേചന കാലഘട്ടത്തിലെ പ്രസിഡണ്ടായിരുന്ന ഫ്രെഡറിക് ഡി ക്ലെര്‍ക്കുമായി മണ്ടേല നിഷ്‌കളങ്കമായ ഒരു ബന്ധം സൂക്ഷിച്ചിരുന്നുവെങ്കിലും, സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഒന്നിച്ചു പങ്കുവച്ചുവെങ്കിലും ചില നേരങ്ങളില്‍ അദ്ദേഹത്തിനോടു പോലും കര്‍ശനമായ മറുപടികള്‍ അദ്ദേഹം നല്‍കുന്നുണ്ട്. തെക്ക്കിഴക്കന്‍ പ്രവിശ്യയായ ക്വാസുലുനടാലിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനാകണമെന്ന് ആവശ്യപ്പെട്ട് ഡി ക്ലെര്‍ക്ക് മണ്ടേലയ്ക്ക് കത്തെഴുതിയപ്പോള്‍ അതിനു മറുപടിയായി അദ്ദേഹം കുറിക്കുന്നുണ്ട്: 'മനുഷ്യത്വരഹിതമായ വര്‍ണ്ണവിവേചന വ്യവസ്ഥിതിയുടെ പൈതൃകത്തെ നേരിടാന്‍ ഉപയോഗശൂന്യമായ മീറ്റിങ്ങുകള്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം നിങ്ങളുടെ വ്യക്തമായ സംഭാവന എന്താണ്? ഈ വ്യവസ്ഥിതിയുടെ സ്രഷ്ടാക്കളില്‍ ഒരാളായിരുന്നു നിങ്ങള്‍.'

ജീവചരിത്രത്തേക്കാള്‍ ഉപരി നെല്‍സണ്‍ മണ്ടേലയെ വായിക്കേണ്ടത് ആത്മകഥയിലൂടെയാണ്. ആത്മകഥകള്‍ വ്യക്തിനിഷ്ഠമാണ്, അതു കൊണ്ടുതന്നെ അഭിപ്രായങ്ങള്‍ പലതും വികലമാകാനാണ് സാധ്യത എന്ന കാരണത്താല്‍ അവ ഒഴിവാക്കുകയാണെങ്കില്‍ മണ്ടേലയുടെ ആത്മകഥയെ ആ ഗണത്തില്‍പ്പെടുത്തരുത്. കാരണം ഈ ആത്മകഥ വസ്തുനിഷ്ഠമാണ്. വ്യക്തിപര മായ വീക്ഷണത്തിലൂടെ ഒരു യാഥാര്‍ഥ്യത്തെയും ഇതിന്റെ രചയിതാവ് മാറ്റിമറിക്കുന്നില്ല. വര്‍ണ്ണവിവേചനത്തില്‍ അധിഷ്ഠിതമായി ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന് കീഴില്‍ മൂന്ന് പതിറ്റാണ്ടോളം ജയിലില്‍ കിടന്ന ഒരു വ്യക്തിയും കുടുംബവും അഭിമുഖീകരിച്ച സംഘര്‍ഷവും അതിജീവിച്ച പോരാട്ടവും ആത്മനിഷ്ഠമായ അനുഭവം മാത്രമല്ല, ഒരു ജനത നീന്തികടന്ന വെറുപ്പിന്റെ മഹാസമുദ്രം കൂടിയാണ്.

പതിനൊന്ന് ഭാഗങ്ങളായിട്ടാണ് A Long Walk to Freedom തിരിച്ചിരിക്കുന്നത്. രാഷ്ട്രീയമാണ് അന്തര്‍ലീനമായ പ്രമേയം. എങ്കിലും യുക്തിസഹവും ആര്‍ദ്രവുമാണ് ആഖ്യാനം. മണ്ടേലയുടെ എഴുത്തില്‍ വെറുപ്പില്ല. അതുകൊണ്ടുതന്നെ ഒരു സംഭവവും അദ്ദേഹം വികലമായി ചിത്രീകരിച്ചിട്ടില്ല. സംഭവങ്ങളെ വസ്തുനിഷ്ഠമായാണ് വിശകലനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ സിടെല്‍സ്‌കി എന്ന മണ്ടേലയുടെ സുഹൃത്ത് രാഷ്ട്രീയത്തെക്കുറിച്ച് ഒരു നിരീക്ഷണം നടത്തുന്നുണ്ട്: 'രാഷ്ട്രീയം മനുഷ്യനിലെ ഏറ്റവും മോശമായതിനെ പുറത്തുകൊണ്ടുവരും. കുഴപ്പങ്ങളുടെയും അഴിമതിയുടെയും ഉറവിടമാണത്. എന്തു വിലകൊടുത്തും അതില്‍ നിന്നും ഒഴിവാകണം.'

'ചതി' എന്നാണ് അഞ്ചാം ഭാഗത്തിന്റെ തലക്കെട്ട്. അവിടെ നിന്നും പിന്നീട് നീണ്ട ജയില്‍വാസത്തിലേക്കാണ് ആഖ്യാനം നമ്മെ നയിക്കുന്നത്. ഇവിടം മുതല്‍ ബാഹ്യഘടകങ്ങളില്‍ ഒന്നിലും തന്നെ രചയിതാവ് ശ്രദ്ധകൊടുക്കുന്നില്ല, മറിച്ച് തന്റെ ആന്തരിക സ്വഭാവത്തിന്റെ വികാസത്തിനാണ്. 'ജയില്‍ നിങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുക മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വം കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കും. എല്ലാവരും ഒരേ യൂണിഫോം ധരിക്കുന്നു, ഒരേ ഭക്ഷണം കഴിക്കുന്നു, ഒരേ സമയക്രമം പാലിക്കുന്നു. ആരുടെയും സ്വാതന്ത്ര്യമോ വ്യക്തിത്വമോ അംഗീകരിക്കാത്ത തികച്ചും ഒരു സ്വേച്ഛാധിപത്യ രാഷ്ട്രം പോലെയാണത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഇവ രണ്ടും തട്ടിയെടുക്കുന്നതിനെതിരെ പോരാടേണ്ടതുണ്ട്.'

ആത്മകഥയുടെ എട്ടാം ഭാഗത്തിന്റെ അവസാന താളുകളിലാണ് മണ്ടേല തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് പറയുന്നത്. നിസ്സഹായതയുടെ തുരുത്തില്‍ നില്‍ക്കുന്ന ഒരുവന്റെ നൊമ്പരം നിറഞ്ഞ ആത്മഗതങ്ങളാണവ. മണ്ടേല കുറിക്കുന്നു: 'അമ്മയുടെ മരണമാണ് ഒരു മനുഷ്യനെ പിന്നിലേക്ക് നോക്കാനും സ്വന്തം ജീവിതത്തെ വിലയിരുത്താനും ഇടയാക്കുന്നത്. അവളുടെ ബുദ്ധിമുട്ടുകള്‍, അവളുടെ ദാരിദ്ര്യം തുടങ്ങിയവ ഞാന്‍ തിരഞ്ഞെടുത്ത പാത ശരിയാണോ എന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു. അതായിരുന്നു എപ്പോഴുമുള്ള ആശയക്കുഴപ്പം. കുടുംബത്തിനേക്കാള്‍ ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം കൊടുത്ത എന്റെ തീരുമാനം ശരിയായിരുന്നോ?' അമ്മയും കുടുംബവുമാണ് വീടുവിട്ടിറങ്ങുന്ന മനുഷ്യപുത്രന്മാരുടെ ആത്മസംഘര്‍ഷം. സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള 'The Monk as a Man' എന്ന കൃതിയിലും ഏകദേശം ഇതുപോലെയുള്ള നൊമ്പരപ്പാടുകള്‍ കാണാന്‍ സാധിക്കും.

മണ്ടേലയുടെ 'A Long Walk to Freedom' സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട യാത്ര തന്നെയാണ്. ആ യാത്ര ആന്തരികവും ബാഹ്യവുമാണ്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള യാത്രയാണത്, അജ്ഞതയില്‍ നിന്നും അറിവിലേക്കുള്ള യാത്ര, വെറുപ്പില്‍ നിന്നും സ്‌നേഹത്തിലേക്കുള്ള യാത്ര. സ്‌നേഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥ കൂടിയാണ് ഈ പുസ്തകം. രാഷ്ട്രീയത്തില്‍ ജാഗ്രത വേണം, പക്ഷേ സ്‌നേഹത്തില്‍ ജാഗ്രത ഒരു പുണ്യമല്ല. അവിടെ വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വീകരിക്കാനും നിരസിക്കാനും ഉള്ള സ്വാതന്ത്ര്യം. അധികാരം രാഷ്ട്രീയത്തിലും സ്‌നേഹത്തിലും ഉണ്ട്. അപ്പോഴും ഓര്‍ക്കണം, നമുക്ക് നല്‍കിയിരിക്കുന്നതല്ല നമ്മളെ മറ്റൊരാളില്‍ നിന്നും വേര്‍തിരിക്കുന്നത്, നമുക്ക് ജന്മനാ ഉള്ളതില്‍ നിന്നും നമ്മള്‍ ഉണ്ടാക്കുന്നവയാണ്. രാഷ്ട്രീയം ആര്‍ജിച്ചെടുക്കുന്നതും സ്‌നേഹം ഉള്ളിലുള്ളതുമാണ്. രാഷ്ട്രീയമല്ല, സ്‌നേഹമാണ് നമ്മെ വ്യത്യസ്തരാക്കുന്നത്. സ്‌നേഹത്തിനു മാത്രമേ നമ്മെ മാറ്റാന്‍ സാധിക്കൂ. വെറുക്കാന്‍ പഠിച്ചവര്‍ക്ക് സ്‌നേഹിക്കാന്‍ പഠിക്കാനും പറ്റും. കാരണം, സ്‌നേഹം കൂടുതല്‍ സ്വാഭാവികമാണ്. വെറുപ്പിനേക്കാള്‍ ഹൃദയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്‌നേഹത്തിനു മാത്രമേ സാധിക്കൂ.

ഒരാളെ അപമാനിക്കുക എന്നാല്‍ അയാളെ അനാവശ്യമായി ക്രൂരതയിലേക്ക് തള്ളിയിടുക എന്നതാണ്. ഇന്ന് രാഷ്ട്രീയം മാത്രമല്ല ഒരാളെ ഈ അവസ്ഥയിലേക്ക് തള്ളിയിടുന്നത്, മതവും അതിന്റെ ആചാരങ്ങളുമുണ്ട് എന്നതാണ് വാസ്തവം. കാരണം, അധികാരം കയ്യിലുള്ളവര്‍ക്ക് അന്യരുടെ സ്വാതന്ത്ര്യം വച്ച് കളിക്കുന്നത് ഒരു രസമാണ്. അവര്‍ ഒരേസമയം അധികാരത്തിന്റെ അധിപരും തടവുകാരുമാണ്. അവര്‍ കരുതുന്നത് അവരിലാണ് സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ എന്നാണ്. ഇല്ല, അവരില്‍ അല്ല. പുറത്തേക്കു നടക്കാന്‍ ധൈര്യമുള്ളവരിലാണ് ആ താക്കോല്‍ ഇരിക്കുന്നത്. ആ നടത്തം ഒരു നീണ്ട നടത്തം ആയിരിക്കും. അതാണ് മണ്ടേലയുടെ 'A Long Walk to Freedom' എന്ന ആത്മകഥയുടെ ലാവണ്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org